കോഴിക്കോട് സാഹിത്യനഗരത്തിന്റെ ലോഗോ തയ്യാറാക്കിയത് ചിത്രകലാ അധ്യാപകനായ ശ്യാം സുന്ദര്‍. യുനെസ്‌കോയുടെ 'സാഹിത്യ നഗരം' എന്ന ശ്രേഷ്ഠ പദവി നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട് മാറുമ്പോള്‍ ലോഗോ മാര്‍ക്കിനായി ഒരു ഡിസൈന്‍ മത്സരം കോഴിക്കോട് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടത്തിയതില്‍ നിന്നാണ് മികച്ച ലോഗോ തിരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍, കോഴിക്കോട് IIMK യിലെ ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി എന്നിവരടങ്ങുന്ന ജൂറി മെമ്പേഴ്‌സ് തിരഞ്ഞെടുത്ത ലോഗോ യുനെസ്‌കോ അംഗീകരിച്ചതോടെയാണ് ശ്യാം സുന്ദര്‍ രൂപകല്പന ചെയ്ത ലോഗോ ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടത്. തൃശൂര്‍ കുന്നംകുളത്തിനടുത്തുള്ള എയ്യാല്‍ സ്വദേശിയായ ശ്യാം സുന്ദര്‍ മലപ്പുറം മങ്കട ഗവ. ഹൈസ്‌കൂള്‍ ചിത്രകലാ അധ്യാപകനാണ്. ഇതിനോടകം നിരവധി ലോഗോ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. 

To advertise here,

'സാഹിത്യനഗരം എന്ന കണ്‍സെപ്റ്റ് രണ്ടുനാലുദിവസം മനസ്സിലിട്ട് കൊണ്ടുനടന്നു. ലോഗോയ്ക്കായി ഒരു സ്പാര്‍ക്ക് കിട്ടുന്നതുവരെ കണ്‍സെപ്റ്റ് മനസ്സില്‍ കൊണ്ടുനടക്കുന്നത്് ശീലമാണ്. കുറേയെണ്ണം വരച്ചുനോക്കി. ഒന്നും ശരിയായില്ല. കോഴിക്കോടുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വീഡിയോകളും കണ്ടു. ഞാന്‍ പഠിച്ചത് കോഴിക്കോടായിരുന്നു. നാടിന്റെ ചരിത്രവും സാഹിത്യപ്രാധാന്യവും ഏതാനും വരകളിലൂടെ എങ്ങനെ സാധ്യമാക്കും എന്നുള്ളതായിരുന്നു പ്രധാന ടാസ്‌ക്. വാസ്‌കോഡഗാമ കപ്പലിറങ്ങിയ ചരിത്രം, കല്ലായി, മിഠായിത്തെരുവ്, ബേപ്പൂര്‍, മണ്‍മറഞ്ഞുപോയ സാഹിത്യകാരന്മാര്‍.. തുടങ്ങി കോഴിക്കോടിനെ മൊത്തത്തില്‍ ഒരു ലോഗോയിലേക്ക് പ്രവേശിപ്പിക്കണം. ഒരു ഐക്കണില്‍ത്തന്നെ രണ്ട് അര്‍ഥങ്ങള്‍ വരുന്ന രീതിയില്‍ ലോഗോ ഡിസൈന്‍ ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു. പേനയുടെ നിബ്ബില്‍ തെളിയുന്ന കപ്പല്‍, കടലിന്റെ ഓളം കൊണ്ട് പുസ്തകത്താളുകളാക്കാം, കെട്ടിടങ്ങളെ പുസ്തകഷെല്‍ഫുകളാക്കാം...ആ സങ്കല്പത്തില്‍ ഒരുപാട് സ്‌കെച്ചുകള്‍ ചെയ്തുനോക്കി. ആദ്യമാദ്യം ഒന്നും തൃപ്തി തന്നിരുന്നില്ല. ഒരുപാട് വരകള്‍ വന്നതുകൊണ്ട് ആകെ ആശയക്കുഴപ്പം വരുന്നതുപോലെയൊക്കെ തോന്നിച്ചു. കുറച്ചുകൂടി ലളിതമാക്കാം എന്നു തീരുമാനിച്ചുകൊണ്ട് സ്‌കെച്ചുകളെല്ലാം മാറ്റി വരച്ചു. അങ്ങനെ ഓരോ സ്‌കെച്ചിലും ലോഗോ തെളിഞ്ഞുവരുന്നതായി തോന്നി. പിന്നീട് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പെര്‍ഫെക്ടാക്കി സാഹിത്യനഗരത്തിന്റെ ലോഗോ സമര്‍പ്പിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരമായി കോഴിക്കോടിനെ പ്രഖ്യാപിക്കുമ്പോള്‍ ലോഗോ രൂപകല്‍പന ചെയ്ത് അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.' - ശ്യാം സുന്ദര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.