തിരുവനന്തപുരം: അവസാനം പുറത്തിറങ്ങിയ നോവല്ലെകള്‍ ചേര്‍ന്ന പുസ്തകം ഏറ്റുവാങ്ങിയ ദിവസമാണ് കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂര്‍ അന്ത്യയാത്രയായത്. പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥ കാണാതെയും. 'കമല്‍ഹാസന്‍ അഭിനയിക്കാതെ പോയ ഒരു സിനിമ' എന്ന പുസ്തകത്തിന്റെ 10 പ്രതികള്‍ പ്രസാധകരില്‍നിന്ന് അദ്ദേഹം ചോദിച്ചുവാങ്ങുകയായിരുന്നു.
ബുധനാഴ്ച സന്ധ്യ കഴിഞ്ഞ് പുസ്തകം ലഭിച്ച കാര്യം അദ്ദേഹം ശബ്ദസന്ദേശത്തിലൂടെ ബന്ധപ്പെട്ടവരെ അറിയിച്ചു. പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ സമീപവാസിയായ സുഹൃത്തിന് ഒപ്പിട്ടുനല്‍കുന്ന പതിവുണ്ടായിരുന്നു. ബുധനാഴ്ചയും അതു തെറ്റിച്ചില്ല. രാത്രിയോടെ പുസ്തകം കൈമാറി അദ്ദേഹം മുറിയിലേക്കു മടങ്ങി. അവസാനത്തെ നിദ്രയിലേക്കായിരുന്നു ആ മടക്കം. ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരമായ 'ചന്നം പിന്നം' ആണ് പുറത്തിറങ്ങാനുള്ള പുസ്തകം. കോട്ടയത്തെ ഒരു പ്രസാധകശാലയില്‍ പുസ്തകത്തിന്റെ അവസാനവട്ട രൂപകല്‍പ്പനയ്ക്കായി സതീഷ് ബാബു നേരിട്ടു പോയിരുന്നു. ഒരാഴ്ച മുന്‍പാണ് അതു പൂര്‍ത്തിയാക്കി മടങ്ങിയത്. അച്ഛന്‍ വാസുദേവന്‍ നമ്പൂതിരിയും അമ്മ പാര്‍വതിയും തൃശ്ശൂരിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച അവരെ കാണാന്‍ അങ്ങോട്ടുള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. തൃശ്ശൂരില്‍ നല്‍കാനാണ് പുസ്തകങ്ങള്‍ ചോദിച്ചുവാങ്ങിയത്. നല്ല പനിയുള്ളതിനാല്‍ മരുന്നുകഴിച്ചു കിടക്കുമെന്നും ബുധനാഴ്ച രാത്രി അയച്ച ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. 'നേരത്തേ പുറത്തിറക്കിയ കഥാസമാഹാരത്തിന്റെ എല്ലാ കോപ്പികളും കിട്ടിയിട്ടില്ല. എഴുത്തുകാര്‍ക്കുള്ള കോപ്പി എത്തിക്കാന്‍ ശ്രമിക്കണം. പനിയായതിനാല്‍ ഉപ്പിട്ട കുറച്ചു കഞ്ഞി കുടിച്ചിട്ട് ഒരു മണിക്കൂര്‍ ഉറങ്ങണം' -സതീഷ് ബാബുവിന്റെ അവസാന വാക്കുകള്‍ നിദ്രയിലേക്കുള്ള പടിയിറക്കത്തിന്റെ സൂചനകള്‍ ഉള്ളതുപോലെയായിരുന്നു.
Content Highlights: Satheeshbabu Payyannur, Obituary
Published: 25 Nov 2022, 01:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented