തിരൂര്‍: രാമായണം കേവലം ഒരു ഹൈന്ദവ ഇതിഹാസമല്ലെന്ന് കവി സച്ചിദാനന്ദന്‍. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന 'ബഹുസ്വരതയും മതേതരത്വവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വവാദികള്‍ തുളസീദാസിന്റെ രാമായണം പ്രചരിപ്പിക്കുന്നു. ഓരോ ഭാഷയിലും അനേകം രാമയണങ്ങളുണ്ടെങ്കിലും തുളസീദാസിന്റെ രാമായണം മാത്രമാണ് ഇന്നത്തെ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. വര്‍ണവ്യവസ്ഥയെയും മനുസ്മൃതിയെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് തുളസീദാസിന്റെ രാമായണം. ഭക്തകവികളും സൂഫി കവികളും ബ്രാഹ്‌മണ്യത്തെ എതിര്‍ത്തവരാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ജനാധിപത്യം ധനാധിപത്യത്തിന് വഴിമാറുകയാണെന്ന് അധ്യക്ഷപ്രസംഗം നടത്തിയ എം.എന്‍. കാരശ്ശേരി അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളുടെയും പുരോഹിതന്‍മാര്‍ പറയുമ്പോള്‍ മിണ്ടാതിരിക്കുക എന്നതാണ് രാഷ്ട്രീയക്കാരുടെ രീതി. മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും സ്ത്രീവിരുദ്ധമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഇരകളെ ശിക്ഷിക്കുകയാണ് -കാരശ്ശേരി പറഞ്ഞു. ബഹുസ്വരതയ്ക്കും മതേതരത്വത്തിനുമെതിരേ ശക്തമായ അതിക്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യക്ക് കൃത്രിമമായ ഭൂതകാലത്തെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് ഒരിക്കല്‍ പുറത്താക്കിയ ചെങ്കോലിനെ പാര്‍ലമെന്റില്‍ തിരിച്ചുകൊണ്ടുവന്നതെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മരണമണി മുഴങ്ങിയെന്നും ഇന്ത്യയെ രക്ഷിക്കാന്‍ ജനാധിപത്യബോധമുള്ള പൗരന്‍മാര്‍ക്കേ കഴിയുകയുള്ളൂവെന്നും രണ്ടാം സെഷനില്‍ അധ്യക്ഷനായ കഥാകൃത്ത് വൈശാഖന്‍ പറഞ്ഞു.
വര്‍ഗീയതയുടെ പടര്‍ച്ച ആശങ്കയുണ്ടാക്കുന്നുവെന്നും ഹിന്ദുത്വത്തിന്റെ ദൈനംദിനവത്കരണത്തിനെതിരേ ജാഗരൂകരാകണമെന്നും നിരൂപകന്‍ കെ.പി. മോഹനന്‍ പറഞ്ഞു. മുസ്‌ലിം വിരുദ്ധതയുണ്ടാക്കി ഹിന്ദു ഏകീകരണമുണ്ടാക്കാന്‍ സവര്‍ക്കര്‍ ശ്രമിച്ചുവെന്നും മതേതരശക്തികളുടെ ഉദാസീനതയും മാറിനില്‍ക്കലുമാണ് ഹിന്ദുവര്‍ഗീയത എന്ന വിഷവൃക്ഷം വളരാന്‍ ഇടയാക്കിയതെന്നും ഫാസിസത്തിനെതിരേ ജനങ്ങളുടെ വലിയ ഐക്യനിര കെട്ടിപ്പടുക്കണമെന്നും കവി പി.എന്‍. ഗോപീകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വിവിധ സെഷനുകളിലായി അഡ്വ. എം. വിക്രംകുമാര്‍, എസ്. കമല്‍നാഥ്, എം. ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: Thunjan utsavam, K. Satchidanandan, Thunjan parambu, Thirur
Published: 18 Feb 2024, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented