കോട്ടയം: മലയാള സാഹിത്യത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയം ചുങ്കം ഉലകംതറ വീട്ടില്‍ െപ്രാഫ. മാത്യു ഉലകംതറ(91) അന്തരിച്ചു. ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനായിരുന്ന അദ്ദേഹം. 'ക്രിസ്തുഗാഥ' എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. കെ.വി. സൈമണ്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി ഇരുപതിലേറെ സാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്.

To advertise here,

സിറോ മലബാര്‍സഭയുടെ പരമോന്നത ബഹുമതിയായ 'സഭാതാരം' ലഭിച്ചിട്ടുണ്ട്. തേവര എസ്.എച്ച്. കോളജില്‍ മൂന്ന് പതിറ്റാണ്ട് മലയാള അധ്യാപകനായിരുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ ഓണററി െപ്രാഫസറായിരുന്നു. ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള, എം.ജി. സര്‍വകലാശാലകളില്‍ ചീഫ് എക്‌സാമിനര്‍, എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, പാഠപുസ്തക സമിതിയംഗം, ഓറിയന്റല്‍ ഫാക്കല്‍റ്റി, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ ശാസ്ത്രം, വിമര്‍ശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അന്‍പതോളം കൃതികള്‍ രചിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍, പാലാ നാരായണന്‍ നായര്‍, സിസ്റ്റര്‍ മേരി ബനീഞ്ഞ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ കൃതികള്‍ക്ക് എഴുതിയ അവതാരികകളും ശ്രദ്ധേയമാണ്.

ഭാര്യ: ത്രേസ്യാമ്മ (റിട്ട.പ്രഥമാധ്യാപിക സെന്റ്. അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍, അരൂര്‍) വെച്ചൂച്ചിറ പുത്തേട്ട് കുടുംബാംഗം. മക്കള്‍: ജിയോ, ജിമ്മി, ജോയ്സ് (ഇന്‍ഷുറന്‍സ് സര്‍വേയര്‍), ജാസ്മിന്‍ (അധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂള്‍ അതിരമ്പുഴ). മരുമക്കള്‍: മായ റിട്ട. അധ്യാപിക കെ.എം.എച്ച്.എം. ഹൈസ്‌കൂള്‍ കരുളായി, നിലമ്പൂര്‍ തച്ചേരില്‍ (വൈപ്പിന്‍), ആലീസ് റിട്ട.അധ്യാപിക മേനാംപറമ്പില്‍ (ചേര്‍ത്തല), ബിന്ദു പുളിക്കല്‍ (അയ്യമ്പള്ളി), തോമസുകുട്ടി (റിട്ട.അണ്ടര്‍സെക്രട്ടറി കണിയാംകുന്നേല്‍ ചെറുവാണ്ടൂര്‍). സംസ്‌കാരം ശനിയാഴ്ച 10-ന് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിസെമിത്തേരിയില്‍.