ന്യൂഡല്‍ഹി: മലയാളത്തിലെ ഈവര്‍ഷത്തെ കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം എഴുത്തുകാരി പ്രിയ എ.എസ്. ഏറ്റുവാങ്ങി. മലയാളവിഭാഗത്തില്‍ 'പെരുമഴയത്തെ കുഞ്ഞിതളുകള്‍' എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഈ നോവല്‍ മികച്ച ബാലസാഹിത്യ നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയിട്ടുണ്ട്.

To advertise here,

ഡോ. പോള്‍ മണലില്‍, ബി.എസ്. രാജീവ്, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങുന്ന കേന്ദ്ര ജൂറിയാണ് മലയാളത്തിലെ മികച്ച ബാലസാഹിത്യ കൃതിയെ തിരഞ്ഞെടുത്തത്.

'പെരുമഴയത്തെ കുഞ്ഞിതളുകള്‍ക്ക്' പുറമെ ആനത്തം പിരിയത്തം (വിനോയ് തോമസ്), അഭിമന്യുവിന്റെ തൊപ്പി (വി. ദിലീപ്), അമ്പിളിപ്പൂതം (വി.ആര്‍. സുധീഷ്), ഡോ. രാധാകൃഷ്ണന്‍; തത്വചിന്തകനായ രാഷ്ട്രപതി (കുര്യാസ് കുമ്പളക്കുഴി), കാരയ്ക്കാ മിഠായികള്‍ (റാഫി നീലങ്കാവില്‍), കഥയല്ല ജീവിതം തന്നെ (പള്ളിയറ ശ്രീധരന്‍), കുഞ്ഞനാന (കെ.ആര്‍. വിശ്വനാഥന്‍), നുണയത്തി (രേഖ കെ.), സ്വാഗതം ചിന്നൂ (സി.രാധാകൃഷ്ണന്‍) എന്നീ കൃതികളും പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആകെ 23 ഭാഷകളില്‍ ബാലസാഹിത്യപുരസ്‌കാരം സമ്മാനിച്ചു.

പുരസ്‌കാരം കുസാറ്റിന് സമര്‍പ്പിക്കുന്നു

പുരസ്‌കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് പ്രിയ എ.എസ്. 'മാതൃഭൂമി'യോട് പറഞ്ഞു. ജോലി ചെയ്തിരുന്ന കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലയ്ക്കാണ് (കുസാറ്റ്) പുരസ്‌കാരം സമര്‍പ്പിക്കുന്നത്. കുസാറ്റിലെ സേവനകാലത്ത് പ്രളയമുണ്ടായപ്പോള്‍ അവിടത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞതിന്റെ അനുഭവത്തില്‍നിന്നാണ് പെരുമഴയത്തെ കുഞ്ഞിതളുകള്‍ രചിക്കാനിടയായത്. പ്രളയ ദുരിതാശ്വാസ ക്യാമ്പിലെ കാഴ്ചകളും ജീവിതവുമാണ് നോവലായി മാറിയത്. കുസാറ്റില്‍ ദുരിതാശ്വാസ ക്യാമ്പ് നടത്തിയില്ലായിരുന്നെങ്കില്‍ ഈ നോവല്‍ പിറക്കുമോയെന്നുതന്നെ സംശയമാണെന്നും പ്രിയ പറഞ്ഞു. ബിരുദവിദ്യാര്‍ഥിയായ മകന്‍ തന്‍മോയ്ക്കൊപ്പമാണ് പ്രിയ എ.എസ്. പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയത്.