തിരുവനന്തപുരം: മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ എ. ചന്ദ്രശേഖർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന ചലച്ചിത്രപഠനഗ്രന്ഥത്തിന്റെ പ്രകാശനം നിരൂപകനും മാധ്യമപ്രവർത്തകനുമായ ഡോ. പി.കെ. രാജശേഖരൻ നിർവഹിച്ചു. ചലച്ചിത്രപ്രവർത്തകയും മാധ്യമപ്രവർത്തകയും അധ്യാപികയുമായ വിധു വിൻസെന്റ് പുസ്തകം ഏറ്റുവാങ്ങി.

To advertise here,

സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസുമായി സഹകരിച്ച് തിരുവനന്തപുരം കെ.എസ്.ഐ.ഡി.സിക്കു സമീപം വെള്ളയമ്പലം വിസ്മയാസ് മാക്‌സിൽ വെച്ച് നടത്തിയ പ്രകാശനച്ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ചലച്ചിത്രപുരസ്‌കാരജേതാവ് കേരള സർവകലാശാല മലയാളവിഭാഗം റിസർച്ച് അസോസിയേറ്റ് ഡോ. നൗഫൽ മറിയം ബളാത്തൂര് പുസ്തകം പരിചയപ്പെടുത്തി.

കേരള സർവകലാശാല മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ടി.കെ. സന്തോഷ് കുമാർ, സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ചെയർമാൻ പ്രദീപ് പനങ്ങാട്, ഗ്രന്ഥകാരൻ എ. ചന്ദ്രശേഖർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പിആർഒ റാഫി പൂക്കോം എന്നിവർ സംസാരിച്ചു.

210 രൂപയാണ് പുസ്തകത്തിന്റെ വില. 35 വർഷത്തോളം മാധ്യമപ്രവർത്തകനായ ഗ്രന്ഥകാരനായ എ. ചന്ദ്രശേഖർ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ, പത്മരാജൻ ട്രസ്റ്റ് എന്നിവയുടെ സെക്രട്ടറിയുമാണ്. അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാമത്തെ ഗ്രന്ഥമാണിത്.