
തിരുവനന്തപുരം: പുസ്തകപ്രേമികള്‍ക്കും പഠിതാക്കള്‍ക്കും എന്നും ആശ്രയമാണ് പാളയത്തിന്റെ നിരത്തുകളിലെ പഴയ പുസ്തകവില്‍പനശാലകള്‍. എന്നാല്‍, ഈ പുസ്തകങ്ങളും നടത്തിപ്പുകാരും ഇനി അധികനാള്‍ ഇവിടെയുണ്ടാകില്ല. അവരെ ഒഴിപ്പിക്കുകയാണ്. റോഡിന് വീതികൂട്ടുന്നതാണ് കാരണം. പകരം മറ്റൊരുസ്ഥലത്ത് പുനരധിവാസവും പറഞ്ഞിട്ടില്ല.
പാളയം പബ്ലിക് ലൈബ്രറി മുതല്‍ നന്ദാവനം റോഡുവരെ 30 കടകളുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ റോഡ് വീതികൂട്ടലിന്റെ ഭാഗമായാണ് ഇവരെ ഒഴിപ്പിക്കുന്നത്.
ഡിസംബര്‍ 20-നാണ് കച്ചവടക്കാര്‍ക്ക് ആദ്യ നോട്ടീസ് നല്‍കിയത്. പിന്നീട് നാലുതവണ മുന്നറിയിപ്പു നല്‍കി. നിലവില്‍ തടസ്സങ്ങളില്ലാതെ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാലും ഏതുനിമിഷവും ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥയാണ്.
മൂന്ന് പതിറ്റാണ്ടുകാലമായി കച്ചവടം ചെയ്യുന്നവരുണ്ട്. വലിയ പുസ്തകശേഖരമുണ്ടിവിടെ. കുറഞ്ഞവിലയില്‍ ലഭ്യമാകുന്നതിനാല്‍ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സഹായകവുമാണ്. ടെന്റ് കെട്ടിയാണ് കച്ചവടം.
പബ്ലിക് ലൈബ്രറി, കേരള സര്‍വകലാശാല, നഗരത്തിലെ പ്രധാന കോളേജുകള്‍, പരിശീലനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം പാളയത്തായത് കച്ചവടം കൂടാനിടയാക്കുന്ന പ്രധാന ഘടകമാണ്. കച്ചവടക്കാര്‍ക്കായി മറ്റൊരിടം ഒരുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കെ.ആര്‍.എഫ്.ബി. പറയുന്നു. നടപ്പാത മുഴുവനായും ഇന്റര്‍ലോക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കാനുള്ളത്. കച്ചവടക്കാരെ മാറ്റുന്നതും പുതിയ ഇടം അവര്‍ക്കായി ഒരുക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി നഗരസഭാ അധികൃതര്‍ അറിയിച്ചു.
തണലില്‍ തളിര്‍ത്ത പുസ്തകക്കൂനകള്‍
പാളയം ലൈബ്രറിയുടെ വശങ്ങളിലുള്ള വലിയ മരങ്ങളുടെ തണലില്‍ തളിര്‍ത്ത പുസ്തകക്കൂനകളാണിത്.
മരത്തണലില്‍ സമാധാനമായി പുസ്തകങ്ങള്‍ തിരയാനും പലപ്പോഴും ലൈബ്രറികളില്‍ കിട്ടാത്തവ കുറഞ്ഞ ചെലവില്‍ വാങ്ങാനും കഴിയുന്നയിടം. നവീകരണപ്രവര്‍ത്തനങ്ങള്‍ വികസനത്തിന് അനിവാര്യമാണെന്നും പുസ്തകക്കടകള്‍ നിലനിര്‍ത്തിക്കൊണ്ട് പാതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും വായനക്കാര്‍ പ്രതികരിച്ചു.
Content Highlights: Thiruvananthapuram Palayam books stores
Published: 19 Mar 2024, 05:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented