പറവൂര്‍( എറണാകുളം): സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനും ടീകോമിന് നഷ്ടപരിഹാരം നല്‍കാനുമുള്ള നീക്കം നിരവധി കാരണങ്ങള്‍ കൊണ്ട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതു സംബന്ധിച്ച് എല്‍.ഡി.എഫിലോ പ്രതിപക്ഷത്തോടോ ചര്‍ച്ച ചെയ്തില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. നിലവിലുള്ള കരാറുകളെ ലംഘിച്ചു കൊണ്ടാണ് ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2005-ല്‍ എം.ഒ.യു വച്ചപ്പോള്‍ അഞ്ച് വര്‍ഷം, ഏഴ് വര്‍ഷം, പത്ത് വര്‍ഷം എന്നീ കാലയളവുകളില്‍ എന്താണ് ടീകോം ചെയ്യേണ്ടെന്നതു സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. പത്ത് വര്‍ഷം കഴിയുമ്പോള്‍ 90,000 പേര്‍ക്ക് തൊഴില്‍ നല്‍കണമെന്നതായിരുന്നു ധാരണ, സതീശന്‍ പറഞ്ഞു. 

To advertise here,

അഞ്ച് വര്‍ഷമാകുമ്പോള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതില്‍ നിന്നും എത്ര കുറച്ചാണോ ടീകോം നല്‍കുന്നത് അതില്‍ ഓരോ തൊഴിലിനും 6000 രൂപ നഷ്ടപരിഹരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അത്തരം വ്യവസ്ഥ പത്ത് വര്‍ഷവും ഉണ്ടായിരുന്നു. 2007-ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഈ വ്യവസ്ഥകള്‍ മാറ്റി. എന്നാല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിലെ 7, 11 വ്യവസ്ഥകള്‍ അനുസരിച്ച് എന്തെങ്കിലും വീഴ്ച ടീകോമിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ സര്‍ക്കാരിന്റെ എല്ലാ മുതല്‍മുടക്കും ചെലവഴിച്ച പണവും ടീകോമില്‍ നിന്നും ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നെന്നും സതീശന്‍ പറഞ്ഞു. 

2007-ല്‍ സര്‍ക്കാരുണ്ടാക്കിയ കരാര്‍ പ്രകാരം ടീകോം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. എട്ടു വര്‍ഷത്തിനിടയില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള എന്തു സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഭൂമി കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ടീകോമിനോട് നഷ്ടപരിഹാരം ചോദിച്ചാല്‍ അത് വ്യവഹാരത്തിലേക്ക് പോകുമെന്ന് ഭയന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് ആരും അറിയാതെ മന്ത്രിസഭാ യോഗത്തില്‍ പാസാക്കി ഭൂമി വില്‍ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്, സതീശന്‍ പറഞ്ഞു.

ഒരുകാരണവശാലും ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ലെന്നും സതീശന്‍ പറഞ്ഞു. ഭൂമി പെട്ടന്ന് വേറെ ആര്‍ക്കോ കൊടുക്കുന്നതിനു വേണ്ടിയാണ് ഈ തിടുക്കം. അതിനു വേണ്ടിയാണ് ഈ പണി മുഴുവന്‍ ചെയ്തത്. എന്തിനാണ് ടീകോമിന് പണം നല്‍കുന്നതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ആദ്യം മറുപടി പറയട്ടെ. പല മന്ത്രിമാര്‍ക്കോ കക്ഷികള്‍ക്കോ ഇതേക്കുറിച്ച് അറിയില്ല. ഇതൊക്കെ പൊതുസമൂഹം കൂടി അറിയേണ്ടതാണ്. പദ്ധതി ഇങ്ങനെ അവസാനിപ്പിക്കാനാണെങ്കില്‍ കരാറില്‍ എന്തിനാണ് വ്യവസ്ഥകള്‍ എഴുതി വച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ച് ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നത് അംഗീകരിക്കാനാകില്ല.  പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള കാരണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള ഏകപക്ഷീയമായ നീക്കം സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

എ.ഡി.എം നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഒളിക്കാനുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും സതീശന്‍ പറഞ്ഞു.  യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ അഞ്ച് തവണയാണ് ഇടിമുറിയില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചത്. എന്നിട്ടും പ്രതികളെ അറസ്റ്റു ചെയ്തോയെന്നും സതീശന്‍ ആരാഞ്ഞു. ശിശുക്ഷേമ സമിതിയിലാണ് രണ്ടര വയസുള്ള കുട്ടിയോട് ക്രൂരത കാട്ടിയത്. പാര്‍ട്ടി ബന്ധുക്കളെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുകയാണ്. മൂന്നു തവണ പുറത്താക്കപ്പെട്ട സി.പി.എം നേതാവിന്റെ ഭാര്യയെ വീണ്ടു തിരിച്ചെടുത്തു. അവരാണ് രണ്ടര വയസുള്ള കുട്ടിയോട് ക്രൂരത കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രാനുമതി വാങ്ങി വന്നാലും കെ. റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.. കെ റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് പുനരധിവാസത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും സര്‍ക്കാരിന് പ്രതിപക്ഷം നല്‍കുന്ന പിന്തുണ പുനരാലോചിക്കേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു.