ലോകവായനക്കാരെ ആകര്‍ഷിച്ച ഇതിഹാസകൃതി ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ 'വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്‌' (ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍) വെബ്‌സീരീസാകുന്നു എന്ന വാര്‍ത്ത ആദ്യമായി പുറത്തുവരുന്നത്‌ 2019-ലാണ്. 'വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്‌' എന്ന നോവലിനെക്കുറിച്ച് ഒരിക്കലെങ്കിലും പറഞ്ഞുകേള്‍ക്കാത്തവര്‍ വിരളമായിരിക്കും. വെബ്‌സീരീസ് വരുന്ന വാര്‍ത്ത പുസ്തകം വായിച്ചവരില്‍ ആകാംക്ഷയുണ്ടാക്കിയപ്പോള്‍ പുസ്തകം വായിക്കാത്ത പലരിലും സീരീസ് ഇറങ്ങുമ്പോള്‍ കാണണമെന്ന പ്രതീക്ഷയ്ക്ക് വകയൊരുക്കിയിരുന്നു. 

To advertise here,

നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന 'വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ്സോളിറ്റിയൂഡ്‌ 'എന്ന സീരീസ് ഈ വര്‍ഷം അവസാനത്തോടെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് വിവരം. ബുധനാഴ്ചയാണ് നെറ്റ്ഫ്‌ളിക്‌സ് ടീസര്‍ പുറത്തുവിട്ടത്. 

16 എപ്പിസോഡുകളായി വരുന്ന 'വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്' സംവിധാനം ചെയ്യുന്നത് ലോറാ മോറ, അലക്‌സ് ഗാര്‍സിയ ലോപ്പസ് എന്നിവരാണ്. 

1967-ല്‍ സ്പാനിഷ് ഭാഷയിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. കൊളംബിയ പശ്ചാത്തലമാക്കി സ്പാനിഷ് ഭാഷയില്‍ തന്നെയാണ് സീരീസും ചിത്രീകരിച്ചിരിക്കുന്നത്. 

മക്കോണ്ടോ എന്ന സാങ്കല്‍പിക ഗ്രാമത്തിലെ ബുവെന്‍ഡിയ കുടുംബത്തിന്റെ 7 തലമുറകളുടെ കഥയാണ് നോവല്‍ പറയുന്നത്. പുസ്തകം 1982-ല്‍ മാര്‍ക്കേസിനെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരുന്നു.