ഷാര്‍ജ: മലയാളം പറഞ്ഞും പഠിപ്പിച്ചും 39 വര്‍ഷത്തെ പ്രവാസജീവിതത്തില്‍ നിന്നും മുരളി മംഗലത്ത് മടങ്ങുന്നു. ഭാഷയുടെ സൗന്ദര്യം നല്ല മലയാളത്തിലൂടെ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല പ്രവാസികള്‍ക്കിടയിലുമെത്തിച്ചു തൃശ്ശൂരിലെ ഈ വലപ്പാട്ടുകാരന്‍. എഴുതിയും പ്രസംഗിച്ചും യുഎഇയിലെ ഒട്ടേറെ വേദികളില്‍ മലയാളികളുടെ പ്രിയപ്പെട്ട മുരളി മാഷായി അദ്ദേഹം നിറഞ്ഞുനില്‍ക്കുകയും ചെയ്തു. അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂളിലെ മലയാളം അധ്യാപനത്തില്‍ നിന്നാണ് മുരളി മംഗലത്ത് പ്രവാസം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്നത്.

To advertise here,

1987 ജൂണ്‍ 17-നായിരുന്നു മുരളി മംഗലത്ത് ആദ്യമായി മുംബൈ വഴി യുഎഇയിലെത്തിയത്. അതേ വര്‍ഷം സെപ്റ്റംബറില്‍ ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ മലയാളം അധ്യാപകനായി ചുമതലയേറ്റു. പിന്നീട് വകുപ്പ് മേധാവിയായി 2015-ലാണ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നിന്നും സേവനം അവസാനിപ്പിക്കുന്നത്. 2015- മുതല്‍ നീണ്ട 10 വര്‍ഷമായിരുന്നു അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ കുട്ടികളെ മലയാളം പഠിപ്പിച്ചത്. കൂടാതെ ദുബായ് അല്‍ മിഹാദ് കോളേജ്, അജ്മാന്‍ സിറ്റി കോളേജ് എന്നിവിടങ്ങളിലും ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും ക്ലാസ്സെടുത്തു. കേരളത്തിലെയും ഗള്‍ഫിലെയും സിബിഎസ്ഇ മലയാളം അധ്യാപകര്‍ക്കായി ഓണ്‍ലൈനിലൂടെ നിരന്തരം ക്ലാസ്സെടുക്കുകയും ചെയ്യുന്നുണ്ട്.

യുഎഇയിലെ മാധ്യമങ്ങളിലൂടെ നല്ല മലയാളവും മലയാള കാവ്യങ്ങളും പ്രവാസികള്‍ക്ക് പരിചയപ്പെടുത്താനും മുരളി മംഗലത്ത് സമയം കണ്ടെത്തി. യുഎഇയിലെ സാംസ്‌കാരിക കൂട്ടായ്മകള്‍ ഒരുക്കുന്ന പരിപാടികളില്‍ അദ്ദേഹത്തിന്റെ ഭാഷാശുദ്ധിയോടെയുള്ള പ്രസംഗങ്ങള്‍ പ്രസിദ്ധമാണ്. കേരള സാംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷന്‍ ചാപ്റ്ററുകള്‍ സംഘടിപ്പിക്കുന്ന കവിതാ മത്സരങ്ങളില്‍ വിധികര്‍ത്താവും വിദഗ്ധ സമിതി അംഗമായും പ്രവര്‍ത്തിക്കുകയും ചെയ്തു. പാം, റോട്ടറി ക്ലബ്, കെഎംസിസി തുടങ്ങിയവയുടെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് മുരളി അര്‍ഹനാവുകയും ചെയ്തു.

പ്രസംഗംപോലെ എഴുത്തിലും അദ്ദേഹം ശോഭിച്ചു. 2005-ല്‍ ആദ്യപുസ്തകമായ 'ആദ്യാക്ഷരം' പുറത്തിറങ്ങി. ഡോ.എം.എന്‍. കാരശ്ശേരി ആയിരുന്നു അവതാരിക എഴുതിയത്. വലപ്പാട്ട് കവി കുഞ്ഞുണ്ണിമാഷിന്റെ വീട്ടുമുറ്റത്ത് എം.എന്‍. വിജയനായിരുന്നു ആദ്യപുസ്തകം പ്രകാശനം ചെയ്തത്. പ്രണയവും മാതൃത്വവും ചേര്‍ന്ന പ്രണയമൊഴികള്‍ എന്ന മുരളിയുടെ മറ്റൊരു പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കൂടാതെ അമ്മുവിന്റെ ചേട്ടായി, ഇത്തിരി തൈരും ഒരു കുബൂസും, ജലത്തിന് പറയാനുള്ളത്, ലൈലാ മജ്നു, കലഹിക്കുന്ന വാക്കുകള്‍ (വിവര്‍ത്തനം) തുടങ്ങിയവയുടെയും രചയിതാവാണ്.

അമ്മുവിന്റെ ലോകം എന്ന കൃതി ഉടനെ പുറത്തിറക്കും. നോമ്പിനെക്കുറിച്ചുള്ള 120 കവിതകളുടെ സമാഹാരമായ 'സുകൃതക്കടല്‍' കൂടി പ്രസിദ്ധീകരണത്തിന് തയ്യാറായിക്കഴിഞ്ഞു. പ്രവാസി എഴുത്തുകാര്‍ക്കുള്ള മാര്‍ഗദര്‍ശികൂടിയാണ് അദ്ദേഹം. എങ്ങനെ ഭാഷാശുദ്ധിയോടെ എഴുതണമെന്നും യുവ എഴുത്തുകാര്‍ക്ക് മുരളി മംഗലത്ത് പറഞ്ഞുകൊടുക്കുന്നു. കൂടുതല്‍ എഴുതിയും പറഞ്ഞും മലയാളത്തിന്റെ മഹത്വം മാതൃനാട്ടിലും മറ്റുള്ളവരിലെത്തിക്കാനാണ് ആഗ്രഹമെന്നും മുരളി മംഗലത്ത് പറഞ്ഞു.