
കോഴിക്കോട്: എം.ടി ഒരിക്കല്‍ എഴുതി- 'വര്‍ഷങ്ങളേ ഒന്നു മാറിനില്‍ക്കൂ, ഓര്‍മ്മകളുടെ അസ്ഥിമാടം ഒന്നുകണ്ടുകൊള്ളട്ടെ...' എന്നാല്‍ മാറിനിന്നതേ ഇല്ല, ഒരു നിമിഷംപോലും മലയാളിയുടെ മനസ്സില്‍നിന്ന് എം.ടി. വാസുദേവന്‍നായര്‍ എന്ന പ്രിയ എഴുത്തുകാരന്. എഴുത്തായും വാക്കുകളായും ചലച്ചിത്രമായും അദ്ദേഹം മനസ്സുകളില്‍ നിറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹമില്ലാത്ത ആദ്യ ജന്മദിനമാണ് ചൊവ്വാഴ്ച. 1933 ജൂലായ് പതിനഞ്ചിനാണ് എം.ടി. ജനിച്ചത്. ജീവിച്ചിരുന്ന കാലത്തെ പ്രത്യേകതകളൊന്നും ഇല്ലാതെയായിരുന്നു ഈ ദിനം കടന്നുപോയിരുന്നത്. പിറന്നാള്‍സദ്യ പോലും ഉണ്ടിരുന്നത് കര്‍ക്കടകത്തിലെ ഉത്രട്ടാതി നാളിനെത്തുന്ന ജന്മനാളിലാണ്. നവതിയിലെത്തിയപ്പോള് മാത്രമാണ് അതിന് ഒരു മാറ്റമുണ്ടായത്. അന്ന് ജന്മദിനം മുതല്‍ പിറന്നാള്വരെ ആഘോഷങ്ങളുണ്ടായി.
എം.ടി കാലത്തിന്റെ കാല്‍പ്പാടുകള്‍ പ്രകാശനം
ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മാതൃഭൂമി ഒരു ജന്മദിനസമ്മാനം സമര്‍പ്പിക്കും. കണ്ടുമതിവരാത്ത അദ്ഭുതമായി, മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.കെ. സന്തോഷ് വര്‍ഷങ്ങളോളം കൂടെനടന്ന് പകര്‍ത്തിയ അദ്ദേഹത്തിന്റെ അത്യപൂര്‍വ ഫോട്ടോകളും കുറിപ്പുകളുമടങ്ങിയ പുസ്തകമാണ് ചൊവ്വാഴ്ച പുറത്തിറങ്ങുന്നത്.
'എം.ടി - കാലത്തിന്റെ കാല്‍പ്പാടുകള്‍' എന്ന പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. ഫോട്ടോകളിലൂടെ എം.ടി.യുടെ മൂന്നുപതിറ്റാണ്ട് കാലത്തെ ജീവിതം പറയുന്നതാണ് പുസ്തകം.
എം.ടി.യുടെ വിവിധ കാലങ്ങള്‍, പ്രിയപ്പെട്ട ഇടങ്ങള്‍, ഇഷ്ടങ്ങള്‍, സൗഹൃദങ്ങള്‍, എഴുത്ത്, സിനിമ എന്നിവയെല്ലാം ചിത്രങ്ങളായി നമുക്ക് മുന്നില്‍ പിന്നെയും തെളിയുന്നു. ചിരിയുള്പ്പെടെ ആ മുഖത്ത് അപൂര്‍വമായി മാത്രം മിന്നിമറഞ്ഞിരുന്ന ഭാവങ്ങളും പുസ്തകത്തിലുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കെ.പി. കേശവമേനോന് ഹാളില്‍ നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് അധ്യക്ഷനാവും. കെ. ജയകുമാര്‍, എം.ടി.യുടെ മകള്‍ അശ്വതി വി. നായര്‍ക്ക് നല്കി പുസ്തകം പ്രകാശനം ചെയ്യും.
Content Highlights: mt vasudevan nair birth anniversary kk santhosh book release
Published: 15 Jul 2025, 09:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented