കാഞ്ഞങ്ങാട്: 'മൂന്നുവര്‍ഷം മുന്‍പത്തെ ഒരുദിവസം. ബഷീര്‍ മാഷിനൊപ്പം (കാലിക്കറ്റ് സര്‍വകലാശാല മുന്‍ മലയാളം അധ്യാപകനും എം.ടി.യുടെ സന്തതസഹചാരിയുമായ ഡോ. എം.എം. ബഷീര്‍) കോഴിക്കോട്ടുള്ള എം.ടി.യുടെ ഫ്ളാറ്റിലേക്കു പോകുന്നതുവരെ ഇങ്ങനെയൊരു പ്രയത്‌നം സ്വപ്നത്തില്‍പ്പോലുമുണ്ടായിരുന്നില്ല. എം.ടി. അവിടെ ഇരിക്കുകയായിരുന്നു. ആ കാല്‍തൊട്ട് വണങ്ങാന്‍ ബഷീര്‍ മാഷ് പറയുന്നു. ഇതെന്താ ഒരു പുതിയ കാര്യം പോലെ. എത്രയോ കാലമായി എം.ടി.ക്കൊപ്പമുള്ള തന്നോട് എന്തിനാണ് ഇങ്ങനെയൊരു കാര്യം ആവശ്യപ്പെടുന്നത്. മനസ്സില്‍ ചിന്തകള്‍ കോറിയിടുന്നതിനിടെ മാഷിന്റെ സ്വരം വീണ്ടും. 'തൊട്ടുവന്ദിക്കൂ'. കാല്‍തൊട്ട് വന്ദിച്ച് നിവര്‍ന്നപ്പോഴേക്കും മാഷ് പറയുന്നു, 'നീ എം.ടി.യുടെ ജീവിതമെഴുതണം'. 'ഞാനോ' ആശ്ചര്യപ്പെട്ടുളള ചോദ്യത്തെ തടഞ്ഞ് നിന്നെക്കൊണ്ടേ കഴിയൂ എന്ന് മാഷിന്റെ മറുപടി. എല്ലാം കേട്ടിരുന്ന എം.ടി. ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. അതേക്കുറിച്ച് കൂടുതലൊന്നും പറയാതെ മടങ്ങി. പിന്നീട് എം.ടി. സംസാരിക്കുമ്പോഴൊക്കെ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നു. ജീവിതവഴികളിലെ ഏടുകളുണ്ടായിരുന്നു അതില്‍. അപ്പോഴാണ് എംടി. കൂടി എടുത്ത തീരുമാനമായിരുന്നു ബഷീര്‍ മാഷ് പറഞ്ഞതെന്ന് ബോധ്യപ്പെടുന്നത്. പിന്നീട് ഓരോ ദിവസവും ഒന്നരമണിക്കൂറോളം എം.ടി. പറയും. അതെല്ലാം ഞാന്‍ കുറിച്ചിടും.- മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന എം.ടി.യുടെ ജീവചരിത്രഗ്രന്ഥം എഴുതിത്തീര്‍ത്തതിന്റെ അനുഭവം പറയുകയായിരുന്നു എഴുത്തുകാരന്‍ ഡോ. കെ. ശ്രീകുമാര്‍.

To advertise here,

കാഞ്ഞങ്ങാട് 'മാതൃഭൂമി ബുക്സി'ല്‍ അവതാരക ധന്യാ കീപ്പേരിയുടെയും വായനക്കാരുടെയും ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ശ്രീകുമാര്‍ മനസ്സ് തുറന്നത്. 1008 പേജുള്ള പുസ്തകമാണ് ഇറങ്ങുന്നത്. എം.ടി.യുടെ ജീവിതത്തിലെ എല്ലാ ഏടുകളും അപൂര്‍വ രേഖകളും അത്യപൂര്‍വമായ ഫോട്ടോകളുമുള്‍പ്പെടുത്തിയിറങ്ങുന്ന പുസ്തകം അടുത്തമാസം 13-ന് (എം.ടി.യുടെ ജന്മദിനമായ കര്‍ക്കടത്തിലെ ഉത്രട്ടാതി നാള്‍) കോഴിക്കോട്ട് പ്രകാശനം ചെയ്യും.

placeholder
കെ. ശ്രീകുമാർ എം.ടി ജീവചരിത്രാനുഭവങ്ങൾ പങ്കുവെക്കുന്നു

മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്‍ അധ്യക്ഷനായി. വി.വി. പ്രഭാകരന്‍, ദിവാകരന്‍ വിഷ്ണുമംഗലം, എം.കെ. ഗോപകുമാര്‍, ഗോപി മുളവന്നൂര്‍, കൊടക്കാട് ദാമോദരന്‍, സന്തോഷ് മനിയേരി, സുഹാസ് കൃഷ്ണന്‍, കെ. ധനേഷ്, ജയന്തി, സരസ്വതി, ശോഭനന്‍ എന്നിവര്‍ സംസാരിച്ചു.