കൊച്ചി: പുസ്തകങ്ങളുടെയും ജനങ്ങളുടെയും ഇടയില്‍ ജീവിച്ചപ്പോഴും ഇങ്ങനെയൊരു അസുലഭ നിമിഷം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഏറ്റവും ആനന്ദകരം-ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് കണ്ട ശേഷം പ്രൊഫ. എം.കെ. സാനു ഇത് പറഞ്ഞപ്പോള്‍ അതൊരു ആഗ്രഹ സഫലീകരണ നിമിഷം കൂടിയായി. ഐ.എന്‍.എസ്. വിക്രാന്ത് കാണണമെന്ന പ്രൊഫ. എം.കെ. സാനുവിന്റെ ആഗ്രഹം സുരേഷ് ഗോപിയാണ് നിറവേറ്റിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.55-ഓടെയാണ് സുരേഷ് ഗോപിയും എം.കെ. സാനുവും ഉള്‍പ്പെടുന്ന സംഘം കപ്പല്‍ശാലയിലെത്തിയത്. പടിക്കെട്ടുകള്‍ കയറിത്തുടങ്ങിയെങ്കിലും പിന്നീട് ലിഫ്റ്റിലൂടെയാണ് എം.കെ. സാനുവിനെ കപ്പലിലേക്ക് എത്തിച്ചത്. കമാന്‍ഡിങ് ഓഫീസര്‍ വിദ്യാധര്‍ ഹാര്‍ക്കെയുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.

To advertise here,

ഒന്നര മണിക്കൂര്‍ കപ്പലില്‍ ചെലവഴിച്ചു. 4.30-ഓടെ മടങ്ങാറാകുമ്പോള്‍ കമാന്‍ഡിങ് ഓഫീസറുടെ വാക്കുകള്‍ - 'അങ്ങയെ പോലൊരാള്‍ 97-ാം വയസ്സില്‍ കപ്പല്‍ സന്ദര്‍ശിക്കുമ്പോള്‍ അത് ഞങ്ങള്‍ക്കൊരു പ്രചോദനമാണ്, ശക്തിയാണ്'.

വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചശേഷമാണ് എം.കെ. സാനു അത് കാണണമെന്ന ആഗ്രഹം സുരേഷ് ഗോപിയോട് പ്രകടിപ്പിച്ചത്. സുരേഷ് ഗോപി പ്രധാനമന്ത്രിയെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു. അങ്ങനെയാണ് വെള്ളിയാഴ്ച കപ്പല്‍ സന്ദര്‍ശിച്ചത്. സി.ജി. രാജഗോപാല്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി വേണു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.