താനൊരു രാഷ്ട്രീയപ്രവർത്തകനല്ലെന്ന് എം.കെ. സാനു തിരിച്ചറിഞ്ഞിരുന്നു. തന്റെ കർമമണ്ഡലം സാംസ്‌കാരികമേഖലയാണെന്ന് അദ്ദേഹം മനസ്സിലാക്കി. പക്ഷേ, അടുപ്പമുള്ളവരുടെ നിർബന്ധത്തിനുവഴങ്ങി അദ്ദേഹം ഒരിക്കൽ രാഷ്ട്രീയക്കാരന്റെ കുപ്പായവും ധരിച്ചു.
സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസിന്റെ നിർബന്ധത്തിനുവഴങ്ങി അദ്ദേഹം 1987-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എറണാകുളത്തെ സ്ഥാനാർഥിയായി. സിപിഎമ്മിന് ബാലികേറാമലയായിരുന്ന എറണാകുളം നിയമസഭാമണ്ഡലം ആദ്യമായി കൈവശപ്പെടുത്തുന്നത് പ്രൊഫ. എം.കെ. സാനുവിനെ സ്വതന്ത്രവേഷത്തിൽ രംഗത്തിറക്കിയാണ്. കോൺഗ്രസിലെ എ.എൽ. ജേക്കബ് കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം പിടിക്കാൻ, സർവസമ്മതനായ ഒരു സ്വതനന്ത്രനെ നിർത്താനാണ് സിപിഎം തീരുമാനിച്ചത്. അങ്ങനെയാണ് വലിയ ശിഷ്യസമ്പത്തുള്ള, അന്നത്തെ പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റായിരുന്ന എം.കെ. സാനുവിലേക്ക് സ്ഥാനാർഥിത്വം എത്തുന്നത്. പാർട്ടി തീരുമാനിച്ച് കാര്യങ്ങൾ പറഞ്ഞെങ്കിലും സാനുവിന് താത്പര്യക്കുറവുണ്ടായിരുന്നു. എറണാകുളത്തെ മുതിർന്ന നേതാക്കളായ എം.എം. ലോറൻസും വി.ബി. ചെറിയാനും ആവശ്യവുമായി എത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവിൽ ഇ.എം.എസിന്റെ വിളിവന്നു. അതോടെ അദ്ദേഹം ഇഷ്ടമില്ലെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങിത്തിരിച്ചു.
പ്രിയപ്പെട്ട സാനുമാസ്റ്ററിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ശിഷ്യഗണങ്ങൾ എറണാകുളം മണ്ഡലത്തിലെത്തി പ്രചാരണപ്രവർത്തനം നടത്തി. തോപ്പിൽഭാസിയും മലയാറ്റൂർ രാമകൃഷ്ണനുമടക്കമുള്ള ഒട്ടേറെ തലമുതിർന്ന സാംസ്‌കാരിക പ്രവർത്തകരും അന്ന് മണ്ഡലത്തിൽ പ്രചാരണത്തിനായി വന്നു.
രാഷ്ട്രീയഭേദമെന്യേ വോട്ടുകൾ കിട്ടുമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടൽ ശരിയായി. കോൺഗ്രസ് വിമതനായി എവറസ്റ്റ് ചമ്മിണി രംഗത്തിറങ്ങുകകൂടി ചെയ്തതോടെ എം.കെ. സാനുവിന് 10,032 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനായാസ വിജയം കൈവരിക്കാനായി.
നിയമസഭയിൽ എത്തിയ സാനുവിന് സഹസാമാജികരിൽനിന്ന് വലിയ ബഹുമാനമാണ് കിട്ടിയത്. സാനുമാസ്റ്റർ എഴുന്നേറ്റാൽ സഭ ശാന്തമായി ആ വാക്കുകൾക്കായി കാതോർത്തു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതോടൊപ്പം സാംസ്‌്കാരിക പ്രവർത്തനങ്ങളിലും ഇടപെട്ടിരുന്ന അദ്ദേഹത്തിന് വലിയ തിരക്കുള്ള നാളുകളായിരുന്നു അത്. അതേസമയം, രാഷ്ട്രീയപ്രവർത്തനം തനിക്ക് ചേർന്ന പണിയല്ലെന്ന് എംഎൽഎയായപ്പോൾ അദ്ദേഹം മനസ്സിലാക്കി. രാഷ്ട്രീയത്തിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് ഉറപ്പിച്ച അദ്ദേഹം പിന്നെ ആ വഴിക്ക് പോയില്ല.
Content Highlights: M.K. Sanu's Unexpected Foray into Politics
Published: 03 Aug 2025, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented