
പാരീസ്: ചെക് റിപ്പബ്ലിക്കിന്റെ ഏറ്റവും പ്രശസ്തമായ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ഫ്രാന്‍സ് കാഫ്ക സമ്മാനം മിലന്‍ കുന്ദേരയ്ക്ക്. സമ്മാനം 'അതിയായ സന്തോഷത്തോടെ' സ്വീകരിച്ചതായി കാഫ്കയുടെ ആരാധകനായ കുന്ദേര പറഞ്ഞു. ജന്മനാട്ടിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് അനഭിമതനായി നാടുവിട്ട് നാല്‍പ്പതാണ്ടിലേറെയായി പ്രവാസിയായിക്കഴിയുന്ന കുന്ദേരയ്ക്ക് ചെക് പൗരത്വം പുനഃസ്ഥാപിച്ചുകിട്ടിയത് കഴിഞ്ഞകൊല്ലമാണ്.
ചെക് സംസ്‌കാരത്തിന് കുന്ദേര നല്‍കിയ 'സമാനതകളില്ലാത്ത സംഭാവനയ്ക്കുള്ള' ബഹുമതിയാണ് സമ്മാനമെന്ന് ഫ്രാന്‍സ് കാഫ്ക സൊസൈറ്റി ചെയര്‍മാന്‍ വ്‌ലാദിമിര്‍ സെലെസ്നി പറഞ്ഞു. ഫ്രാന്‍സ് കാഫ്ക സൊസൈറ്റിയും പ്രാഗ് നഗരവും ചേര്‍ന്നു നല്‍കുന്നതാണ് 10,000 ഡോളറിന്റെ (7.35 ലക്ഷം രൂപ) സമ്മാനം.
'പ്രാഗ് വസന്ത'ത്തിനുശേഷമുള്ള ചെക്കോസ്ലൊവാക്യയില്‍ സോവിയറ്റ് യൂണിയന്‍ നിയന്ത്രിച്ച ഭരണകൂടത്തിന് അനഭിമതനായി നാടുവിടേണ്ടിവന്ന കുന്ദേര 1975 മുതല്‍ ഫ്രാന്‍സിലാണു താമസം. കമ്യൂണിസത്തിന്റെ നവീകരണത്തിനായി ശബ്ദമുയര്‍ത്തി, പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട അദ്ദേഹം ദീര്‍ഘകാലം അധികാരികള്‍ക്ക് വെറുക്കപ്പെട്ടവനായിരുന്നു. 'ചിരിയുടെയും മറവിയുടെയും പുസ്തകം' (ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്) പ്രസിദ്ധീകരിച്ചതോടെ 1979-ല്‍ പൗരത്വം റദ്ദാക്കപ്പെട്ടു. ചെക് പ്രസിഡന്റ് ഗുസ്താഫ് ഹൂസാക് 'മറവിയുടെ പ്രസിഡന്റാ'യിരുന്നു അതില്‍. 1981-ല്‍ കുന്ദേര ഫ്രഞ്ച് പൗരനായി.
'പ്രാഗ് വസന്ത'ത്തിന്റെ പശ്ചാത്തലത്തില്‍ ത്രികോണ പ്രണയകഥ പറഞ്ഞ 'ദ അണ്‍ബെയറബിള്‍ ലൈറ്റ്നസ് ഓഫ് ബീയിങ്' (1984) കുന്ദേരയെ അന്താരാഷ്ട്ര താരമാക്കിയപ്പോള്‍, എണ്‍പതുകളുടെ അവസാനംവരെ ചെക്കോസ്ലൊവാക്യയില്‍ അതിനു നിരോധനമായിരുന്നു. 1988-ല്‍ 'ഇമോര്‍ട്ടാലിറ്റി'യും കൂടിയെഴുതി ചെക് ഭാഷയിലുള്ള എഴുത്ത് അദ്ദേഹം നിര്‍ത്തി. പിന്നെയെല്ലാമെഴുതിയത് ഫ്രഞ്ചിലായിരുന്നു.
2008-ല്‍ സാഹിത്യത്തിനുള്ള ചെക് ദേശീയപുരസ്‌കാരം ലഭിച്ചിട്ടും അദ്ദേഹം നാട്ടിലേക്കു പോയില്ല. ജന്മനഗരമായ ബര്‍ണോ 2009-ല്‍ ഓണററി പൗരത്വം നല്‍കിയിട്ടും ഗൗനിച്ചില്ല. കഴിഞ്ഞകൊല്ലം ഫ്രാന്‍സിലെ ചെക് സ്ഥാനപതി പാരീസിലെത്തി ചെക്കോസ്ലൊവാക്യന്‍ പൗരത്വം പുനഃസ്ഥാപിച്ചുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറി. വൈകാതെ തന്റെ പുസ്തകശേഖരമെല്ലാം കുന്ദേര ബര്‍ണോയിലെ മൊറാവിയന്‍ ലൈബ്രറിക്കു നല്‍കി. തന്റെ ഏറ്റവുംപുതിയ നോവല്‍ ചെക്കിലേക്കു പരിഭാഷപ്പെടുത്താനുള്ള അനുമതിയും ഇക്കൊല്ലം ആദ്യം നല്‍കി. 1993-ലാണ് ഇതിനുമുമ്പ് നോവല്‍ പരിഭാഷയ്ക്ക് അദ്ദേഹം അനുവാദം നല്‍കിയത്.
Content Highlights: Milan Kundera receives Franz Kafka prize
Published: 24 Sept 2020, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented