കോഴിക്കോട്: നോവലിസ്റ്റും കഥാകൃത്തും മലയാളിയുടെ സാമൂഹിക -രാഷ്ട്രീയ മേഖലകളിലേക്ക് തുറന്ന സാംസ്‌കാരികജാഗ്രതയുമായ സാറാ ജോസഫും മുന്‍ആരോഗ്യമന്ത്രിയും സക്രിയമായ പൊതുജീവിതത്തിലൂടെ കേരളീയര്‍ക്കാകമാനം റോള്‍ മോഡലുമായ കെ.കെ. ശൈലജയും ഒരു വേദിയില്‍ ഒന്നിച്ചിരുന്നാല്‍ എന്തൊക്കെയായിരിക്കും അവര്‍ സംസാരിക്കുക, പങ്കുവെക്കുക? ഫെബ്രുവരി എട്ടുമുതല്‍ 11 വരെ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തില്‍ അരങ്ങേറുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മലയാളിയുടെ ഈ രണ്ട് വിശിഷ്ടവ്യക്തിത്വങ്ങള്‍ ഒന്നിച്ചിരിക്കും, സംവദിക്കും.

To advertise here,

ഓഷോ രജനീഷിന്റെ സെക്രട്ടറിയും രജനീഷപുരത്തിന്റെ ഔദ്യോഗിക വക്താവുമെല്ലാമായിരുന്ന മാ ആനന്ദ് ഷീല ഓഷോ രജനീഷിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് അതിസൂക്ഷ്മമായ വ്യക്ത്യനുഭവമാകുന്നു. ഒരു വിസ്മയകഥപോലെ മാത്രമേ രജനീഷിനൊപ്പമുള്ള അവരുടെ ജീവിതം കേട്ടിരിക്കാന്‍ സാധിക്കൂ. ഇത്തവണത്തെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ തന്റെ ജീവിതവും ഓഷോ അനുഭവങ്ങളും പറയാന്‍ മാ ആനന്ദ് ഷീല എത്തുന്നു.

ബൃഹദ്‌നോവലുകളിലൂടെ മലയാളിയെ പലപല കാലത്തിലേക്ക് സഞ്ചരിപ്പിച്ചയാളാണ് സി. രാധാകൃഷ്ണന്‍. പാട്ടുകളിലൂടെയും കവിതകളിലൂടെയും മലയാളിയെ മോഹിപ്പിച്ച കെ. ജയകുമാറുമായാണ് അരോത്സവത്തില്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നത്. കലയിലെ രാഷ്ട്രീയശരി എത്രത്തോളം ശരിയാണ് എന്ന വിഷയത്തിലാണ് സുനില്‍ പി. ഇളയിടം ഇത്തവണ സംസാരിക്കുന്നത്. ലോകസിനിമയിലേക്കുള്ള മലയാളിദൂരത്തെക്കുറിച്ച് സംസാരിക്കാന്‍ '2018' എന്ന സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്റണി എത്തും.

placeholder
സാറാ ജോസഫ്, സി. രാധാകൃഷ്ണന്‍, ശാരദക്കുട്ടി | ഫോട്ടോ: മാതൃഭൂമി

'കേരളത്തിനെന്നാണ് ഒരു പെണ്‍ മുഖ്യമന്ത്രി ഉണ്ടാവുക' എന്ന ചോദ്യം കാലങ്ങളായി ആവര്‍ത്തിക്കപ്പെടുന്നതാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് എഴുത്തുകാരി ശാരദക്കുട്ടി, അഡ്വ. എ. ജയശങ്കര്‍, ജെബി മേത്തര്‍, അഡ്വ. ഗീനാകുമാരി എന്നിവരാണ്.

നടനും സംവിധായകനും പുതിയകാല തമിഴ് സിനിമയുടെ വക്താവുമായ സമുദ്രക്കനി മലയാളിക്കും ഏറെ പരിചിതനാണ്. തന്റെ സിനിമാസങ്കല്പങ്ങളെക്കുറിച്ചും തമിഴ് സിനിമയുടെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെക്കുറിച്ചും സംസാരിക്കാന്‍ സമുദ്രക്കനി അക്ഷരോത്സവത്തിലെത്തുന്നു.

ബുക്കര്‍ സമ്മാനത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നൈജീരിയന്‍ എഴുത്തുകാരനാണ് ചിഗോസി ഒബാമ. ഇക്കിഗായ് എന്ന ലോക പ്രശസ്ത പുസ്തകത്തിലൂടെ പ്രസിദ്ധനായ എഴുത്തുകാരനാണ് ഫ്രാന്‍സെസ്സ് മിറാസ്. രണ്ടുപേരും അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സവിശേഷസാന്നിധ്യമാവും.

ഇന്ത്യന്‍ പുസ്തകപ്രസാധകരംഗത്തെ രണ്ട് വലിയ വ്യക്തിത്വങ്ങളാണ് ഡേവിഡ് ദാവീദാറും മലയാളി യായ വി.കെ. കാര്‍ത്തികയും. രണ്ടുപേരും ഇത്തവണത്തെ അക്ഷരോത്സവത്തിലെ സാന്നിധ്യങ്ങളാണ്. മര്‍മം പോകുന്ന നര്‍മത്തെക്കുറിച്ച് സംസാരിക്കാന്‍ എം.എന്‍. കാരശ്ശേരിയും ജ്ഞാനസ്‌നാനത്തിന്റെ നിത്യ ചൈതന്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യും എത്തും.

നടിയും യാത്രാവോഗറുമായ ഷെഹനാസ് ട്രെഷറിയുമായുള്ള സംവാദം എപ്പോഴും വിവാദങ്ങള്‍ കൂടിയാവാറുണ്ട്. തന്റെ ശക്തമായ നിലപാടുകളുമായി ഷെഹനാസ് അക്ഷരോത്സവത്തിലെത്തുന്നു. വിനോദസഞ്ചാരത്തിന്റെ നവചക്രവാളങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസും കേരളത്തിന്റെ ഖജനാവിനെക്കുറിച്ച് സംസാരിക്കാന്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലും ഇത്തവണ അന്താരാഷ്ട്ര അക്ഷരോത്സവത്തിലുണ്ടാവും. ടി. പത്മനാഭനുമായി സംസാരിക്കാന്‍ എം.എ. ബേബിയും എം. മുകുന്ദനുമായി സംസാരിക്കാന്‍ മന്ത്രി എം.ബി. രാജേഷും അക്ഷരോത്സവത്തിലെത്തും. ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയാവസ്ഥയെക്കുറിച്ച് സംസാരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യായ ഡെറിക് ഒബ്രയാന്‍ എത്തുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക.