കനകക്കുന്ന്: വലിയതോതില്‍ വിറ്റ് പോവുന്നു എന്നതുകൊണ്ടു മാത്രം ഒരു പുസ്തകത്തെ ഉദാത്ത സാഹിത്യ സൃഷ്ടിയെന്ന് പറയാനാവില്ലെന്ന് എഴുത്തുകാരന്‍ പ്രഭാവര്‍മ. എന്തെഴുതിയാലും സാഹിത്യമാവുന്നു എന്നതിനപ്പുറം അത് എങ്ങനെ വായനക്കാര്‍ സ്വീകരിക്കുന്നുവെന്നതിലാണ് കാര്യം. ഏറ്റവും നല്ല പാനീയം എന്നു പറയന്നുത് പാലാണ്. പക്ഷെ അത് അധികം വിറ്റ് പോവുന്നില്ല. അതേ അവസരത്തില്‍ ഇവിടെ ഏറ്റവും അധികം വിറ്റ് പോവുന്നത് മദ്യമാണ്. അതുകൊണ്ട് മദ്യമാണ് ഏറ്റവും നല്ല പാനീയം എന്ന് പറയാന്‍ കഴിയില്ലല്ലോ? അതുപോലെയാണ് സാഹിത്യത്തിന്റെ കാര്യവും വില്‍പ്പനയില്‍ മാത്രമല്ല കാര്യം.

To advertise here,

വായന മരിക്കുന്നുവെന്ന് എത്രയോ കാലം മുതല്‍ക്കെ കേട്ടുതുടങ്ങിയതാണ്. എന്നാല്‍, വായന മരിക്കുന്നുവെന്ന് പറഞ്ഞവരെല്ലാമാണ് മരിച്ചുപോവുന്നത്. സാങ്കേതിക ജ്ഞാനത്തിലെ മാറ്റം വായനയിലും വന്നിട്ടുണ്ട് എന്നതാണ് സത്യം. അത് വായനയുടെ സ്വഭാവത്തെയും മാറ്റിമറിച്ചു. കൂടുതല്‍ ഇ വായന ഉണ്ടായി. ഇ ലൈബ്രറികള്‍ പോലുള്ളവ ഉണ്ടായി. അതാണ് വായനയില്‍ സംഭവിച്ചത്. 

അതുവരെ പുസ്തകത്തിലേക്കെത്താത്തവരിലേക്ക് പുസ്തകത്തിലെ അറിവ് പുതിയ സാങ്കേതിക വിദ്യയിലൂടെ എത്തിയിരിക്കുകയാണ്. സാഹിത്യ ചരിത്രത്തിലെ ഓരോ ഘട്ടത്തിലും ഭാവുകത്വപരമായ പരിണാമങ്ങളുണ്ടായിക്കൊണ്ടിരിക്കും. സാങ്കേതികവിദ്യ വലിയ തോതില്‍ മുന്നേറിയതോടെ അത് നമ്മുടെ വായനാസമൂഹത്തിന്റെ മനസ്സില്‍ തന്നെ അതുവരെയുണ്ടായിട്ടില്ലാത്ത വിസ്‌ഫോടനങ്ങളുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് ലോകത്തിന്റെ ഏത് മൂലയിലുമുണ്ടാകുന്ന മാറ്റങ്ങളും ഇവിടെയും പ്രതിഫലിക്കുന്നത്.

പുതിയ കാലത്ത് ഭാഷ വലിയ വെല്ലുവിളിയാണ് എഴുത്തുകാരിലുണ്ടാക്കുന്നത്. കാരണം അവരുടെ കയ്യിലുള്ള പദങ്ങള്‍ കുറഞ്ഞ് വരികയാണ്. ഈ പദങ്ങള്‍ കൊണ്ടാണ് പുതിയ കാലത്തെ ഭാവങ്ങളെ ആവിഷ്‌കരിക്കേണ്ടത്. അതിന് എന്താണ് വഴിയെന്ന് ആലോചിക്കുമ്പോഴാണ് പുതിയ സങ്കേതത്തിന്റെ പിറവി ഭാഷയിലും സാഹിത്യത്തിലും സംഭവിക്കുന്നത്. ഇത് പുതിയ കാലത്തെ എഴുത്തുകാര്‍ക്ക് കുറച്ചുകൂടി കാര്യങ്ങളെ എളുപ്പമാക്കുന്നുണ്ട്. ഒരുപക്ഷെ പുതിയ കാലത്തെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വേഗം വിറ്റ് പോവുന്നതിനുള്ള ഒരു കാരണവും ഇതായിരിക്കാം.

കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കൊണ്ട് നോവല്‍ സാഹിത്യത്തില്‍ വന്ന പ്രധാന മാറ്റമെന്നത് അതില്‍ കുറെ കൃത്രിമത്വം കടന്നുവന്നിട്ടുണ്ട് എന്നതാണ്. അതായത് അസംബ്ലിങ്ങിന്റേതായ സാഹത്യം വന്നു. കുറച്ച് ഇന്റര്‍നെറ്റില്‍ നിന്നുമെടുക്കുന്നു, കുറച്ച് ചരിത്ര കൃതിയില്‍ നിന്നോ മറ്റ് ചരിത്ര പുസ്തകത്തില്‍ നിന്നോ എടുക്കുന്നു. അല്ലെങ്കില്‍ മറ്റ് ഇന്റര്‍വ്യൂകളില്‍ നിന്നെടുക്കുന്നു,  ഇങ്ങനെ പലയിടത്തു നിന്നായെടുക്കുന്ന സാധനങ്ങളെ ഒരുമിച്ച് ചേര്‍ത്ത് പുതിയ ഒരു സാഹിത്യമുണ്ടാക്കുന്ന സാഹചര്യമുണ്ട്. അങ്ങനെ സാഹിത്യത്തില്‍ ഒരു കൃത്രിമത്വം വരുന്നു. അതുവരെ മണ്ണില്‍ നിന്നും മനസ്സില്‍ നിന്നും വന്ന സാഹിത്യങ്ങള്‍ ഇത്തരം സാഹിത്യങ്ങള്‍ക്ക് വഴിമാറുന്നുണ്ട്. ഇത് സാഹിത്യത്തിന്റെ ശ്രേഷ്ടതയെ അടയാളപ്പെടുത്തുന്നുണ്ട് എന്നൊന്നും പറയാന്‍ പറ്റില്ല.