കൊച്ചി: ''നിന്റെ പ്രണയംകൊണ്ട് കവിതയ്ക്ക് ഇലകള്‍ മുളയ്ക്കുന്നു, മനസ്സില്‍ പച്ചപ്പ് പരക്കുന്നു
കവിത മരമാണ്...''

To advertise here,

പ്രണയം ഒരാല്‍ബം എന്ന പുസ്തകത്തില്‍ വി.എം. ഗിരിജ എഴുതിയ വരികള്‍ പോലെയാണ് ചില നേരങ്ങളില്‍ കവിത ഒരു മരമായി നമ്മുടെയെല്ലാം മനസ്സില്‍ സ്വപ്നങ്ങളുടെ വേരുകള്‍ ആഴ്ത്തുന്നത്. എഴുത്തിന്റെ പൂക്കള്‍ തേടിയുള്ള യാത്രകളെല്ലാം പലപ്പോഴും എത്തുന്നത് ഒരു അക്ഷരപ്പുരയിലായിരിക്കും. കാക്കനാടിന്റെ മണ്ണില്‍ 'മാതൃഭൂമി' ഒരുക്കുന്ന അക്ഷരപ്പുരയുടെ വാതിലുകള്‍ തുറക്കുന്ന നേരത്ത് എത്രയോ മനസ്സുകളിലാകും പുതിയ സ്വപ്നങ്ങളുടെ പൂവുകള്‍ ഇതള്‍ വിടരുന്നത്. ആ നേരത്തിനായി കാത്തിരിക്കുന്ന ഒരുപാടുപേരുടെ കൂട്ടത്തില്‍ തന്നെയാണ് എഴുത്തുകാരി വി.എം. ഗിരിജയുടെ സ്വപ്നങ്ങളും കാത്തിരിക്കുന്നത്.

കാക്കനാട് 'മാതൃഭൂമി'യുടെ പുസ്തകശാല വരുമ്പോള്‍ അമ്മ എന്ന പ്രിയപ്പെട്ട മുഖമാണ് ഗിരിജയുടെ മനസ്സില്‍ ആദ്യം തെളിയുന്നത്. ''പുതിയൊരു പുസ്തകം തുറക്കുമ്പോള്‍ മൂക്കിലേക്ക് ഒഴുകിയെത്തുന്ന സുന്ദരമായൊരു മണമുണ്ട്. അത് അനുഭവിച്ചുതന്നെ അറിയേണ്ട ഒന്നാണ്. പരപ്പനങ്ങാടിയിലുള്ള എന്റെ അമ്മയെ കാണാന്‍ പോകുമ്പോള്‍ ഇപ്പോഴും ഞാന്‍ സമ്മാനമായി കൊണ്ടുപോകാറുള്ളത് പുസ്തകങ്ങളാണ്. 94 വയസ്സായ അമ്മ ഇപ്പോഴും വായിക്കാന്‍ ഒരുപാടിഷ്ടമുള്ള ആളാണ്. ഇനി അമ്മയെ കാണാന്‍ പോകുമ്പോള്‍ കാക്കനാടുള്ള മാതൃഭൂമി ബുക്സ്റ്റാളില്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങിപ്പോകാമല്ലോ. പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സുന്ദരമായ സമ്മാനങ്ങളിലൊന്നു തന്നെയാണ് പുസ്തകങ്ങള്‍'' - ഗിരിജയുടെ വാക്കുകളില്‍ സ്വപ്നങ്ങള്‍ പൂത്തു.

പുസ്തകങ്ങളെ എന്നും സ്നേഹിക്കുന്ന ഗിരിജയ്ക്ക് താന്‍ താമസിക്കുന്ന മണ്ണായ കാക്കനാട്ട് പുതിയൊരു പുസ്തകശാല വരുന്നത് അനുഗ്രഹം പോലൊരു അനുഭവമാണ്. ''പട്ടാമ്പി കോളേജില്‍ പഠിക്കുന്ന കാലത്ത് അധികം പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാതിരുന്നതിനാല്‍ കൂട്ടുകാര്‍ വാങ്ങിയ പുസ്തകം ഞാന്‍ നോട്ട്ബുക്കില്‍ പകര്‍ത്തിയെഴുതിയിരുന്നു. പിന്നെ ജോലി കിട്ടിയശേഷം കുമാരനാശാന്റെയും വൈലോപ്പിള്ളിയുടെയും മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരെയായി കുറേ പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി. ഇപ്പോള്‍ വീട്ടില്‍ എന്റെയും ഭര്‍ത്താവ് സി.ആര്‍. നീലകണ്ഠന്റെയും വകയായി 4000-ത്തിലേറെ പുസ്തകങ്ങളുണ്ട്. ആ കൂട്ടത്തിലേക്ക് മാതൃഭൂമി ബുക്സിന്റെ പുതിയ ഇടത്തില്‍നിന്നുള്ള പുസ്തകങ്ങള്‍ കൂടി വരുമ്പോഴും നിറഞ്ഞ സന്തോഷം മാത്രം'' - ഗിരിജ പറയുന്നു.

ഗിരിജയെപ്പോലെ ഒരുപാടുപേരുടെ സന്തോഷമാണ് ഏപ്രില്‍ 30-ന് പൂവണിയാന്‍ കാത്തിരിക്കുന്നത്. മാതൃഭൂമി ബുക്സിന്റെ കാക്കനാട് ഷോറൂം തുറക്കപ്പെടുമ്പോള്‍ പുസ്തകങ്ങളോടുള്ള പ്രണയം പൂക്കുന്ന മനസ്സുമായി അവരെല്ലാം വന്നണയും. ആ നേരത്ത് നമുക്ക് ആഗ്രഹിക്കാം, നിന്റെ പ്രണയം കൊണ്ട് കവിതയ്ക്ക് ഇലകള്‍ മുളയ്ക്കട്ടെ!