കൊച്ചി: അറിയാതെ ഇപ്പോഴും ഇടയ്ക്കിടെ തോമസ് മാഷ് 'ഷേര്‍ളീ' എന്ന് നീട്ടിവിളിക്കും. ആ വിളി കേള്‍ക്കാന്‍ വാതിലിനു പിന്നില്‍ പ്രിയസഖി ഇല്ലെന്ന് പിന്നീടാണ് ഓര്‍ക്കുക. അപ്പോഴേക്കും മാഷിന്റെ കണ്ണുകള്‍ നിറയും. ഒരു വര്‍ഷം മുന്‍പാണ് കെ.വി. തോമസിന്റെ ഭാര്യ ഷേര്‍ളി ലോകത്തോട് വിട പറഞ്ഞത്. അപ്രതീക്ഷിതമായ ആ വേര്‍പാടിനോട് പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.
എല്ലാ ദിവസവും രാത്രി മാഷ് ഷേര്‍ളിയെ കുറിച്ചുള്ള കുറിപ്പുകളെഴുതി. സ്‌നേഹം ചാലിച്ച കുറിപ്പുകള്‍... അതെല്ലാം ചേര്‍ത്തുവെച്ച് ഒരു പുസ്തകമാക്കി. 'പ്രിയസഖി ഷേര്‍ളി' എന്ന പേരിലുള്ള ആ സ്‌നേഹക്കുറിപ്പുകള്‍ ഷേര്‍ളിയുടെ ഒന്നാം ചരമ വാര്‍ഷികദിനമായ ബുധനാഴ്ച പ്രകാശിതമാകും.
രാജ്യമൊട്ടാകെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ സഖിയായ ഷേര്‍ളിയായിരുന്നുവെന്ന് പറയാന്‍ തോമസ് മാഷ് ഒരിക്കലും മടി കാണിച്ചിട്ടില്ല. മലപോലെ വന്ന പ്രതിസന്ധികളെ മഞ്ഞായി ഉരുക്കിമാറ്റിയത് ആ സാന്നിധ്യമായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളിലും ഷേര്‍ളിയുടെ പങ്ക് ചെറുതായിരുന്നില്ല. അതുള്‍പ്പെടെ തന്റെ രാഷ്ട്രീയ ജീവിതവും മാഷ് കുറിക്കുന്നുണ്ട്. ഓര്‍ക്കാപ്പുറത്താണ് പ്രിയ സഖിയെ അദ്ദേഹത്തിനു നഷ്ടമാകുന്നത്.
'യഥാര്‍ഥത്തില്‍ രോഗി ഞാനായിരുന്നു. ഞാന്‍ ദിവസവും കഴിക്കേണ്ട മരുന്നുകളെടുത്തുവയ്ക്കുന്നതും ഡോക്ടറോട് കാര്യങ്ങള്‍ പറയുന്നതും ഷേര്‍ളിയായിരുന്നു. യാത്ര ദുരേക്കാണെങ്കില്‍, കഴിയുന്നത്ര അവര്‍ എന്നോടൊപ്പം കൂടും. കഴിയാതെ വന്നാല്‍, മരുന്നുകളുടെ കാര്യം ഒപ്പമുള്ള സഹായിയെ ഏല്‍പ്പിക്കും. ഇടയ്ക്കിടെ സഹായിയെ വിളിച്ച് മരുന്ന് കൃത്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തും' - മാഷ് പറയുന്നു.
അദ്ദേഹത്തിന് വളരെ വലിയ സുഹൃദ് വലയമാണുള്ളത്. ആ ബന്ധങ്ങളിലൊന്നും രാഷ്ട്രീയ ത്തിന്റെ വേര്‍തിരിവുകളില്ല. ഈ ബന്ധങ്ങളിലൊക്കെ ഊഷ്മളതയുടെ മധുരം ചേര്‍ത്തത് ഷേര്‍ളിയായിരുന്നു. അടുത്ത് പരിചയമുള്ളവര്‍ക്കെല്ലാം അവര്‍ 'ഷേര്‍ളി ചേച്ചി'യായിരുന്നു. വിശന്നുവരുന്നവര്‍ക്കെല്ലാം അവര്‍ ഭക്ഷണം വിളമ്പി. ഫ്രഞ്ച് ചാരക്കേസ് മാഷിനെ തളര്‍ത്തിയ കാലം. വിവരമറിഞ്ഞ പാടേ മാഷ് തളര്‍ന്നു. ഏതുസമയത്തും അറസ്റ്റുണ്ടാകുമെന്ന ഭീതി. പക്ഷേ, ഷേര്‍ളി തളര്‍ന്നില്ല.
'എന്നെ ഷേര്‍ളി ചേര്‍ത്തുനിര്‍ത്തി. ഒന്നും സംഭവിക്കില്ലെന്ന് ആശ്വസിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് ഞാന്‍ വരുമ്പോള്‍ അഭിഭാഷകനെയും കൂട്ടി ഷേര്‍ളി വിമാനത്താവളത്തില്‍ നില്‍ക്കുന്നു. ഒരു സ്ത്രീയും കാട്ടാത്ത ധൈര്യത്തോടെ അവര്‍ എനിക്ക് കാവലാളായി' - മാഷ് പറയുന്നു.
എട്ട് തിരഞ്ഞെടുപ്പുകളിലാണ് കെ.വി. തോമസ് മത്സരിച്ചത്. എല്ലാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയിലും പ്രശ്‌നമുണ്ടായിരുന്നു. ഒരേസമയം പാര്‍ട്ടിയോടും എതിരാളിയോടും പോരാടണം. അക്കാലത്തെല്ലാം തിരഞ്ഞെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സമാന്തരമായ ഒരു സംവിധാനമുണ്ടാക്കി മേല്‍നോട്ടം വഹിച്ചത് ഷേര്‍ളിയായിരുന്നു.
പ്രിയസഖിയെക്കുറിച്ചുള്ള പുസ്തകത്തിന് അവതാരിക എഴുതിയത് എ.കെ. ആന്റണിയാണ്. 'എന്റെ പെങ്ങള്‍' എന്നാണ് അതിന്റെ തലക്കെട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് കുമ്പളങ്ങി സെയ്ന്റ് പീറ്റേഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം മുന്‍ എംപി കെ. മുരളീധരന്‍ പ്രകാശനം ചെയ്യും.
Content Highlights: K V Thomas's book release
Published: 06 Aug 2025, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented