തിരുനെല്ലി: പി. വത്സലയുടെ ശ്രദ്ധേയമായ 'നെല്ല്' നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ കുറുമാട്ടിയും (രാഗിണി-70) കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍നിന്ന് വിടവാങ്ങി. തിരുനെല്ലി പോത്തുമൂല കോളനിയിലെ മകള്‍ വെള്ളയുടെ വീട്ടിലായിരുന്നു അന്ത്യം. എഴുപതുകളില്‍ തിരുനെല്ലിയിലെത്തുന്ന കാലംമുതല്‍ പി. വത്സലയുടെ കൂട്ടുകാരിയായിരുന്നു രാഗിണി. ഈ സൗഹൃദം പിന്നീട് ആഴമുള്ളതായി മാറി.
അടിയജീവിതത്തിന്റെ കഥകളും അനുഭവങ്ങളുമെല്ലാം കഥാകാരിയുമായി അവര്‍ പങ്കുവെച്ചിരുന്നു. പി. വത്സല 'നെല്ല്' എഴുതിയപ്പോഴും കുറുമാട്ടി എന്ന കഥാപാത്രവും അനശ്വരമായി മാറുകയായിരുന്നു.
രാമു കാര്യാട്ട് 'നെല്ല്' പിന്നീട് സിനിമയാക്കിയപ്പോഴും കുറുമാട്ടിയുടെ വേഷം ചെയ്യാന്‍ നിട്ടറി കോളനിയിലെ 'കുറുമാട്ടി'യെ വിളിച്ചിരുന്നു. അന്ന് സിനിമയില്‍ വേഷമിടാന്‍ പോയില്ലെങ്കിലും രാഗിണിയുടെ സാരിയും ആഭരണങ്ങളുമെല്ലാം സിനിമയിലേക്ക് രാമു കാര്യാട്ട് കൊണ്ടുപോയിരുന്നു. പിന്നീട് പി. വത്സലയുമായുള്ള അവരുടെ സൗഹൃദം കഥാകാരിയുടെ മരണംവരെയും തുടര്‍ന്നിരുന്നു.
മണ്ണും മഴയും മനുഷ്യനും പ്രണയവുമെല്ലാം ഇഴപിരിഞ്ഞ ഈ നാടിന്റെ ചൂടും ചൂരുമെല്ലാം പി. വത്സല ആവാഹിച്ചത് കുറുമാട്ടിയിലൂടെയായിരുന്നു. നെല്‍പ്പാടത്തിന്റെ കരയില്‍ ചൂട്ടുമായി ഉറക്കമൊഴിച്ചിരിക്കുന്ന കാവല്‍പ്പുരകളും അതിനോടുചേര്‍ന്ന ജീവിതങ്ങളുടെയും ആഴവും പരപ്പുമുള്ള അനുഭവങ്ങളെ കുറുമാട്ടിയിലൂടെ വത്സല ടീച്ചര്‍ വരച്ചെടുത്തു. അടിയാളരുടെ ജീവിതകഥകള്‍ പറഞ്ഞുപറഞ്ഞ് അവര്‍ കഥാപാത്രമായിമാറി. ടീച്ചറുടെ കൈപിടിച്ച് തിരുനെല്ലിയിലെ കഥകള്‍ പറഞ്ഞു. കഥാകാരി ഓര്‍മയായി ഒരുമാസം പിന്നിട്ടപ്പോള്‍ അവര്‍ക്കുപിന്നാലെ കുറുമാട്ടിയും യാത്രയായി.
പി. വത്സല എഴുപതുകളില്‍ തിരുനെല്ലിയിലേക്ക് എത്തിയതുമുതല്‍ കുറുമാട്ടിയും ടീച്ചറുടെ കൂട്ടുകാരിയായിരുന്നു. ജന്മിത്തറവാടുകളിലും വയലുകളിലുമെല്ലാം തൊഴിലെടുത്തുതുടങ്ങിയ കാലത്തായിരുന്നു കുറുമാട്ടിക്ക് തിരുനെല്ലിയിലേക്ക് വിരുന്നെത്തിയ വത്സല ടീച്ചറെ കൂട്ടുകാരിയായി കിട്ടുന്നത്. തിരുനെല്ലിക്ക് പുറത്തുനിന്നുമുള്ള ഒരു നാടിനെ പരിചയപ്പെടാന്‍കൂടിയാണ് അവര്‍ വത്സല ടീച്ചറുടെ കൈപിടിച്ചത്. അന്ന് കോളനിയെന്ന പേരൊന്നുമില്ല. എല്ലാം മന്റുകള്‍ മാത്രം. മന്റ് എന്നാല്‍, അടിയോരുടെ കുടിലുകള്‍. ഈ കുടിലിന് ചുറ്റുമാണ് 'നെല്ലി'ലെ കഥാപാത്രങ്ങള്‍ ജീവിച്ചതും മരിച്ചതുമെല്ലാം.

രാഗിണി പറഞ്ഞ കഥകളില്‍നിന്നാണ് 'നെല്ലി'ലെ അടിയാളജീവിതങ്ങളുടെ പൊരുള്‍ വത്സല ടീച്ചര്‍ ഗ്രഹിച്ചെടുത്തത്. സ്‌കൂള്‍ രജിസ്റ്ററില്‍ മാത്രമുണ്ടായിരുന്ന രാഗിണി എന്ന പേര് എപ്പോഴോ മാഞ്ഞുപോയി. അങ്ങനെ ഈ അടിയാത്തിപ്പെണ്ണ് തിരുനെല്ലിയുടെയും കുറുമാട്ടിയായി മാറുകയായിരുന്നു. ഏറ്റവും ഒടുവില്‍ പി. വത്സല തിരുനെല്ലിയിലെത്തിയിരുന്നപ്പോഴും തന്റെ 'കുറുമാട്ടി'യെ കണ്ടിരുന്നു.
ജീവിതഗന്ധിയായ നോവലിനും സിനിമയ്ക്കും ഊടുംപാവും നല്‍കിയ ഗ്രാമത്തിന്റെ ഒരു കോണില്‍ ജീവിതസായാഹ്നത്തില്‍ വിശ്രമത്തിലായിരുന്നു, കുറുമാട്ടി. ഏറ്റവുമൊടുവില്‍ കഴിഞ്ഞമാസം 'മാതൃഭൂമി' ആഴ്ചപ്പതിപ്പുമായി ജീവിതവിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. പി. വത്സലയെന്ന കൂട്ടുകാരിയുടെ വിയോഗത്തില്‍ ഏറെ സങ്കടങ്ങളും പറഞ്ഞിരുന്നു.
കുറച്ചുകാലമായി അസുഖബാധിതയായിരുന്ന രാഗിണി മകളുടെവീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭര്‍ത്താവ്: പരേതനായ കരിയന്‍. മക്കള്‍: ദേവി, വെള്ള. മരുമക്കള്‍: പരേതനായ കരിയന്‍, മാരന്‍.
കഥകളെയും കഥാപാത്രങ്ങളെയും ബാക്കിയാക്കി വത്സല ടീച്ചറും വൈകാതെ കുറുമാട്ടിയും അരങ്ങൊഴിയുമ്പോള്‍ ഇവിടെ കൂമന്‍കൊല്ലിയും താഴ്വാരങ്ങളും മാത്രം ബാക്കിയാകുന്നു.
Content Highlights: Kurumatti, P. Valsala, Nellu, Obituary, Mathrubhumi
Published: 02 Jan 2024, 02:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented