കോഴിക്കോട്: യുനെസ്‌കോ സാഹിത്യനഗരമായി തിരഞ്ഞെടുത്ത കോഴിക്കോടിന് ഇനി ഈ പദവി സ്വന്തം. ഞായറാഴ്ച വൈകീട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് മാറി. 

To advertise here,

സാഹിത്യനഗരം അവസരങ്ങളുടെ അനന്തസാധ്യതകളാണ് തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ നഗരത്തിന്റെ നൂറ്റാണ്ടുകളായുള്ള ചരിത്രത്തിനുകൂടി അവകാശപ്പെട്ടതാണ് ഈ നേട്ടം. അത് കാത്തുസൂക്ഷിക്കാന്‍ പറ്റണം. പദവിയെ ക്രിയാത്മകമായി, സാമ്പത്തികവികസനത്തിനും ടൂറിസം സാധ്യതകള്‍ക്കുമായി ഉപയോഗിക്കാന്‍ കഴിയണം -മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായരുടെ വീട്ടിലെത്തി മന്ത്രിയും മേയര്‍ ഡോ. ബീനാ ഫിലിപ്പും ചേര്‍ന്ന് സമ്മാനിച്ചു.

placeholder
കോഴിക്കോട് കോർപ്പറേഷന്റെ വജ്രജൂബിലി പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് മന്ത്രി എം.ബി. രാജേഷും മേയർ ഡോ. ബീനാ ഫിലിപ്പും ചേർന്ന് കൊട്ടാരംറോഡിലെ വസതിയായ ‘സിത്താര’യിലെത്തി സമർപ്പിക്കുന്നു. കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം.

ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ആനക്കുളം സാംസ്‌കാരികനിലയത്തെ സാഹിത്യനഗരകേന്ദ്രമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രഖ്യാപിച്ചു.

എല്ലാ വര്‍ഷവും ജൂണ്‍ 23-ന് സാഹിത്യനഗരദിനമായി ആഘോഷിക്കാനും ആറ് വിഭാഗങ്ങളിലായി സാഹിത്യനഗര പുരസ്‌കാരം നല്‍കാനും തീരുമാനിച്ചതായും മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. കവി പി.കെ. ഗോപി, കില അര്‍ബന്‍ ചെയര്‍ ഡോ. അജിത് കാളിയത്ത്, എന്‍.ഐ.ടി. ആര്‍ക്കിടെക്ചര്‍ പ്ലാനിങ് മേധാവി ഡോ. സി. മുഹമ്മദ് ഫിറോസ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവര്‍ സംസാരിച്ചു.

2023 ഒക്ടോബര്‍ 31-നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. 

മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക, സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.