മലപ്പുറം: നിയമസഭയിൽ താൻ തയ്യാറാക്കിവെച്ച കുറിപ്പ് അടിച്ചുമാറ്റി ഷാഫി പറമ്പിൽ പ്രസംഗിച്ചുവെന്ന വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ 'വ്യാകരണമില്ലാത്ത ജീവിതം' എന്ന ആത്മകഥയിലാണ് അനുഭവം പങ്കുവെക്കുന്നത്. 

To advertise here,

നിയമസഭാ ചെയർമാൻമാരുടെ പാനലിൽ അംഗമായിരുന്ന കെ.എൻ.എ. ഖാദർ സ്പീക്കറുടെ കസേരയിൽ ഇരിക്കുമ്പോഴാണ് സംഭവം. ആഭ്യന്തര വകുപ്പിനെക്കുറിച്ച് പ്രസംഗിക്കാനായി കുറിപ്പ് തയ്യാറാക്കി എത്തിയതായിരുന്നു അദ്ദേഹം. അതിനിടെ സ്പീക്കർ പുറത്തുപോയപ്പോൾ ആ കസേരയിൽ ഇരിക്കേണ്ടിവന്നു. പ്രസംഗത്തിനുള്ള കുറിപ്പ് സീറ്റിൽ വെച്ചാണ് പോയത്.

അന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെയും പ്രസംഗിക്കാൻ വിളിച്ചു. ഷാഫി പ്രസംഗിച്ച് തുടങ്ങിയപ്പോൾ പല പോയിന്റുകളും തന്റെ കുറിപ്പിലുള്ളതാണെന്ന് മനസ്സിലായി. ഷാഫിയുടെ കൈയിൽ നീണ്ട കടലാസുകെട്ടും കണ്ടു. താൻ സീറ്റിലേക്ക് മടങ്ങിയപ്പോൾ ഷാഫി ഓടി വന്ന് ''ഇതാ സാറിന്റെ കുറിപ്പ്. ഇനി എനിക്കിത് വേണ്ട.'' എന്നുപറഞ്ഞു ചിരിച്ചുവെന്നും ആത്മകഥയിൽ ഖാദർ വെളിപ്പെടുത്തുന്നു.

മാതൃഭൂമി സീനിയർ കറസ്പോണ്ടന്റ് ഫഹ്‌മി റഹ്‌മാനി രചന നിർവഹിച്ച പുസ്തകം ഏപ്രിൽ 30-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പ്രകാശനം ചെയ്തത്. പ്രസംഗം അടിച്ചുമാറ്റിയ കഥ സതീശൻ പറഞ്ഞപ്പോൾ സദസ്സിലും ചിരി പടർത്തി. ഷാഫിക്കെതിരേ സതീശന്റെ ഒളിയമ്പ് എന്ന രീതിയിലും അത് പ്രചരിച്ചിരുന്നു.

'അത് ഷാഫി പറമ്പിൽ അടിച്ചുമാറ്റി' എന്ന അധ്യായത്തിലെ പ്രസക്ത ഭാഗങ്ങൾ;

'സ്പീക്കറുടെ അഭാവത്തിൽ സഭാസമ്മേളനങ്ങൾ നിയന്ത്രിക്കാൻ ചെയർമാൻമാരുടെ പാനലുണ്ടാകും. എല്ലാ പാർട്ടിയിൽനിന്നുള്ളവരെയും അതിലേക്ക് തിരഞ്ഞെടുക്കും. പലതവണ എനിക്കും ചെയർമാനായി ഇരിക്കാൻ അവസരം കിട്ടി.

പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരുന്ന കാലത്ത് രസകരമായ ഒരനുഭവമുണ്ടായി. സ്പീക്കർ നിയമസഭയിലില്ല. ഞാനാണ് സ്പീക്കറുടെ കസേരയിൽ. നിയമസഭ നിയന്ത്രിക്കുന്നതിനിടെ അംഗങ്ങളെ പ്രസംഗിക്കാൻ വിളിക്കുകയാണ്. അന്ന് എനിക്കും പ്രസംഗമുണ്ടായിരുന്നു. വിഷയം നന്നായി പഠിച്ച് കുറിപ്പുമായി പോയാലേ എനിക്ക് പ്രസംഗിക്കാൻ കഴിയൂ. എ ഫോർ കടലാസ് നീളത്തിൽ രണ്ടായി മടക്കിയാണ് കുറിപ്പ് തയ്യാറാക്കുക. കോടതിയിൽ കേസ് നടത്താൻ പോകുമ്പോൾ കിട്ടിയ ശീലമാണത്. എളുപ്പത്തിൽ മറിച്ചെടുത്ത് ഓരോരോ പോയിന്റുകളായി പറയാം. അങ്ങനെത്തന്നെയാണ് നിയമസഭയിലും പോയിരുന്നത്.

ആഭ്യന്തര വകുപ്പിനെക്കുറിച്ചാണ് നിയമസഭയിൽ സംസാരിക്കാനുള്ളത്. കേരളത്തിൽ ഇടതു സർക്കാർ വന്നതിനുശേഷമുണ്ടായ പോലീസ് അതിക്രമങ്ങളും വീഴ്ചകളും എണ്ണിപ്പറയണം. അതിനായി ലൈബ്രറിയിൽ പോയി പത്രഫയലുകൾ പരിശോധിച്ച് തീയതിസഹിതം കുറിച്ചെടുത്തിരുന്നു. ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയും വീഴ്ചയും ബോദ്ധ്യപ്പെടുത്തണം. ആ കുറിപ്പ് സീറ്റിലെ മേശയുടെ അകത്തേക്കായി വെച്ചു. അതിനിടെയാണ് സ്പീക്കർ പുറത്തേക്കു പോയതും ആ കസേരയിൽ ഇരിക്കേണ്ടിവന്നതും.

പ്രസംഗിക്കാനായി പലരെയും വിളിച്ചു. ഒരാൾ കോൺഗ്രസിലെ ഷാഫി പറമ്പിലാണ്. ഷാഫി പ്രസംഗിച്ച് തുടങ്ങിയപ്പോൾ പല പോയിന്റുകളും ഞാൻ കുറിച്ചുവെച്ചതാണല്ലോ എന്നുതോന്നി. സൂക്ഷിച്ചുനോക്കിയപ്പോൾ ഷാഫിയുടെ കൈയിൽ നീണ്ട കടലാസുകെട്ടുണ്ട്. അതിൽ നോക്കിയാണ് പല പോയിന്റുകളും പറയുന്നത്. തീയതി ക്രമമനുസരിച്ച് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൾ വിളിച്ചുപറയുകയാണദ്ദേഹം. ഞാനെഴുതിവെച്ച അതേ പോയിന്റുകൾ ഷാഫി എങ്ങനെ പറയുന്നു? കൈയിലുള്ളത് എന്റെ കുറിപ്പുതന്നെയാണോ എന്നൊരു സംശയം.

എന്റെ സീറ്റിന് കുറച്ചപ്പുറത്തായിരുന്നു ഷാഫിയുടെ ഇരിപ്പിടം. സ്പീക്കർ വന്നപ്പോൾ ഞാൻ സീറ്റിലേക്ക് മടങ്ങി. അപ്പോഴേക്കും ഷാഫി ഓടി വന്നുപറഞ്ഞു:
''ഇതാ സാറിന്റെ കുറിപ്പ്. ഇനി എനിക്കിത് വേണ്ട.''
എന്തു പണിയാണ് കാണിച്ചതെന്ന് ഞാൻ ചോദിച്ചു.
''ഹേയ്, സാറിന് വേറെയും പറയാമല്ലോ. അതിനുള്ള മരുന്നുണ്ടല്ലോ!'' ഷാഫി ചിരിച്ചുകൊണ്ട് പറഞ്ഞു. എനിക്കും ചിരി വന്നു.