പേരാമ്പ്ര (കോഴിക്കോട്): കവി ടി.പി. രാജീവനൊപ്പം നടന്ന വീട്ടുമുറ്റത്തുകൂടി, നരയംകുളത്തെ ഗ്രാമവഴികളിൽ ഒരിക്കൽക്കൂടി ഇസ്രയേൽ കവി അമീർ ഓർ നടന്നു. തൊട്ടടുത്ത് വെള്ളിയൂരിൽപ്പോയി ക്ഷേത്രോത്സവത്തിലെ തിറ കണ്ടു. ചുമരിൽ ഇസ്രയേലിൽ ഒന്നിച്ചുപങ്കെടുത്ത കവിതാഫെസ്റ്റിവലിന്റെ ഫോട്ടോ... എല്ലാം വീട്ടിലുണ്ട്. കോഫി നൽകി സ്വീകരിക്കാൻ രാജീവൻ മാത്രമില്ല. രാജീവൻ ലോകം വിട്ടുപോയപ്പോൾ അവസാനമായി പൂക്കളർപ്പിച്ച് വിടചൊല്ലാൻ അമീറുമുണ്ടായിരുന്നു. അതിനുശേഷം വീണ്ടും കേരളത്തിലെത്തിയപ്പോൾ രണ്ടാഴ്ച നരയംകുളത്തെ രാജീവന്റെ വീട്ടിലും തങ്ങി.

To advertise here,

പുതിയൊരു നോവലിന്റെ രചനയിൽ സ്വസ്ഥമായി എഴുതാൻ കൂടിയായിരുന്നു ഈ വരവ്. വിവിധ നാടുകളിലെ സാഹിത്യകാരൻമാരുടെ സംഗമകേന്ദ്രമാകുന്ന ഇടം. ടി.പി. രാജീവന് വീടിനെപ്പറ്റി ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു. അമീർ വീട്ടിലേക്ക് വീണ്ടുമെത്തുമ്പോൾ ആ മോഹം സഫലമാകുന്നത് രാജീവൻ അകലങ്ങളിൽനിന്ന് കാണുമായിരിക്കും. പേരാമ്പ്രയിൽ നടന്ന യുവകലാസാഹിതി കിത്താബ് ഫെസ്റ്റിലെ പ്രതിരോധകവിതകളുടെ കവിയരങ്ങിലും മുഖ്യാതിഥിയായി എത്തി അമീർ കവിതചൊല്ലിയിരുന്നു. രാജീവന്റെ കവിതകൾ അമീർ ഹിബ്രുവിലേക്ക് മൊഴിമാറ്റിയിരുന്നു. പുറപ്പെട്ടുപോകുന്ന വാക്കെന്ന രാജീവന്റെ കൃതിയിൽ അമീറിന്റെ കവിതകളുടെ മലയാള മൊഴിമാറ്റവും കാണാം. സാഹിത്യോത്സവത്തിൽ തുടങ്ങിയ സൗഹൃദം പിന്നീട് വളർന്നു. എട്ടോളംതവണ കേരളത്തിലേക്ക് അമീർ എത്തിയപ്പോഴെല്ലാം സൗഹൃദം പുതുക്കി. ഒരിക്കൽ രാജീവന്റെ ക്ഷണപ്രകാരം മുത്തപ്പൻഉത്സവത്തിന് പോയതും അദ്ദേഹത്തിന്റെ ഓർമയിലുണ്ട്. ഗ്രാമീണസംസ്കാരം, മനുഷ്യബന്ധങ്ങൾ, മിത്തുകൾ എന്നിവയെല്ലാം അമീറിന്റെ എഴുത്തുകളിൽ തെളിയാറുണ്ട്. മഹാഭാരതത്തിലെ കഥകൾ മൊഴിമാറ്റിയിട്ടുമുണ്ട്. ഭഗവദ്‌ഗീതയും ഹിബ്രുവിലേക്ക് മൊഴിമാറ്റാനുള്ള എഴുത്തിലാണിപ്പോൾ.

കവിതയെന്നത് കലാപംതന്നെയാണ് അമീറിന്. എത് സംഘടനയുടെയും ഭരണകൂടത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രചാരണത്തിനുവേണ്ടി മാത്രമുള്ള എഴുത്ത് സാഹിത്യത്തെ വ്യഭിചരിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. പുതിയ യാഥാർഥ്യത്തെ ആവിഷ്‌കരിക്കുന്നവരാണ് സാഹിത്യകാരൻമാർ. അത് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. -അമീർ പറഞ്ഞു. ഇസ്രയേലിലും പലസ്തീനിലും സമാധാനവും സ്നേഹവും കാംക്ഷിക്കുന്ന വലിയവിഭാഗമുണ്ടെങ്കിലും വിദ്വേഷത്തിന്റെ പ്രചാരകരായ മറ്റൊരു വിഭാഗവുമുണ്ടെന്ന് സമീപകാലസംഭവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ കവിതയുടെ പ്രോത്സാഹനത്തിനായി ഹെലിക്കൺ പോയട്രി സൊസൈറ്റിയുടെ സ്ഥാപകൻകൂടിയാണ് അമീർ ഓർ. കവിതകളുടെ വിവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അറബിക്, ഹിബ്രു ഹെലിക്കൻ പോയട്രി സ്‌കൂളിനും രൂപംനൽകിയിട്ടുണ്ട്. ‘സമാധാനത്തിന് വേണ്ടി കവികൾ’ എന്ന യു.എൻ. പ്രോജക്ടിന്റെ നാഷണൽ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. അമ്പതിൽപ്പരം ഭാഷകളിൽ അദ്ദേഹത്തിന്റെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 67-ാം വയസ്സിലും സാഹിത്യത്തിനായുളള സമർപ്പിതജീവിതം അമീർ തുടരുകയാണ്.