സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്റെ ആത്മകഥ ഈ മാസം പുറത്തിറങ്ങും. 'ഇതാണെന്റെ ജീവിതം' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ മാതൃഭൂമി ബുക്‌സാണ് പുറത്തിറക്കുന്നത്. ഒക്ടോബര്‍ 20-നാണ് പുസ്തകം വിപണിയിലെത്തുക. തന്റെ ആത്മകഥ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുമെന്ന് ഈ വര്‍ഷത്തെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ വെച്ച് ഇ.പി. പ്രഖ്യാപിച്ചിരുന്നു.

To advertise here,

കേരളം ഏറ്റവും ചര്‍ച്ച ചെയ്ത രാഷ്ട്രീയജീവിതങ്ങളിലൊന്നാണ് ഇ.പി. ജയരാജന്റേത്. കെഎസ്എഫ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ജയരാജന്‍ പോലീസിന്റേയും രാഷ്ട്രീയ എതിരാളികളുടേയും ആക്രമണങ്ങള്‍ക്കും വിധേയനായിരുന്നു.

ഡിവൈഎഫ്‌ഐ യുടെ ആദ്യ അഖിലേന്ത്യാ അധ്യക്ഷനായ ഇ.പി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം, എല്‍ഡിഎഫ് കണ്‍വീനര്‍, സംസ്ഥാനത്തെ മന്ത്രി എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചിരുന്നു. ഇത്രയേറെ രാഷ്ട്രീയപാരമ്പര്യമുള്ള നേതാവിന്റെ ആത്മകഥയെ കേരളം ഏറെ താത്പര്യത്തോടെയാണ് കാത്തിരിക്കുന്നത്.  

ഇ.പി. ജയരാജന്റെ ആത്മകഥ വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 290 രൂപ വിലയുള്ള പുസ്തകം പ്രീഓര്‍ഡര്‍ ചെയ്യുമ്പോള്‍ 232 രൂപയ്ക്ക് ലഭിക്കും.

'ഇതാണെന്റെ ജീവിതം' പുസ്തകം പ്രീഓര്‍ഡര്‍ ചെയ്യാം

ആത്മകഥാവിവാദം

ഇ.പി. ജയരാജന്റെ ആത്മകഥയിലെ ചില ഭാഗങ്ങളെന്ന മട്ടില്‍ ചില വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം വന്‍ വിവാദമാണ് ഉണ്ടായത്. 'കട്ടന്‍ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരില്‍ മറ്റൊരു പ്രസാധകരാണ് പുസ്തകം പുറത്തിറക്കുന്നത് എന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം. പ്രകാശന തീയതി വരെ നിശ്ചയിച്ച ശേഷം പിന്നീട് അത് മാറ്റിവെക്കുകയും ചെയ്തിരുന്നു.

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ ചൂടില്‍ നില്‍ക്കുന്ന വേളയിലാണ് സിപിഎമ്മിനെ വെട്ടിലാക്കിക്കൊണ്ട് ഇ.പിയുടെ ആത്മകഥയിലേതെന്ന മട്ടിലുള്ള വിവാദഭാഗങ്ങള്‍ പുറത്തുവന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയപ്പോള്‍ പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ല, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ദുര്‍ബലമാണ്, പാലക്കാട്ടെ സരിന്റെ സ്ഥാനാര്‍ഥിത്വം ശരിയാണോ എന്ന് കാലം തെളിയിക്കും തുടങ്ങിയ കാര്യങ്ങളാണ് ജയരാജന്റേതെന്ന പേരില്‍ പുറത്തുവന്ന ആത്മകഥാഭാഗങ്ങളിലുണ്ടായിരുന്നത്.

എന്നാല്‍ ഇതെല്ലാം അന്ന് ഇ.പി. ജയരാജന്‍ നിഷേധിക്കുകയും പ്രസാധകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇ.പിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദാണ് കേസ് അന്വേഷിക്കുന്നത്.