തിരൂര്‍: ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ രൂപംകൊണ്ട കൃതികളുടെ വിശേഷങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയും പുരുഷാധിപത്യത്തിനെതിരേയുള്ള പ്രതിഷേധവുമെല്ലാം ചര്‍ച്ചചെയ്ത് തുഞ്ചന്‍ ഉത്സവ സെമിനാര്‍. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തുഞ്ചന്‍ ഉത്സവത്തില്‍ നടത്തിയ 'സ്ത്രീ: എഴുത്തും പ്രതിരോധവും' എന്ന സെമിനാറാണ് സ്ത്രീ രാഷ്ട്രീയം ചര്‍ച്ചചെയ്തത്.

To advertise here,

സ്ത്രീ എന്തെങ്കിലും നേടിയെടുത്തിട്ടുണ്ടെങ്കില്‍ അത് പ്രതിരോധത്തിലൂടെയാണെന്ന് സെമിനാറില്‍ രാവിലത്തെ സെഷനില്‍ അധ്യക്ഷതവഹിച്ച എം.ഡി. രാധിക പറഞ്ഞു.

അഹിംസാത്മകമായ സമരത്തിലൂടെയും നിയമയുദ്ധങ്ങളിലൂടെയുമാണത്. എഴുത്തിന്റെ അധികാരി പുരുഷനാണെന്നും സ്ത്രീകള്‍ സാഹിത്യലോകത്തേക്ക് വരേണ്ടയെന്നും പറഞ്ഞ കാലത്തെ പ്രതിരോധത്തിലൂടെ മാറ്റിയെടുത്തുവെന്നും രാധിക പറഞ്ഞു.

മനുഷ്യര്‍ മനുഷ്യരെ കാണുന്നത് പല കള്ളികളിലും തലങ്ങളിലുമായിട്ടാണെന്ന് എച്ച്മുക്കുട്ടി അഭിപ്രായപ്പെട്ടു. ദളിത് സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ചൂഷണമനുഭവിക്കുന്നത്. ജീവിതത്തില്‍ ഏറ്റുവാങ്ങിയ ഭീകരമായ പീഡനങ്ങളുടെ അനുഭവങ്ങളിലൂടെ കടന്നുപോയതാണ് എഴുതാന്‍ പ്രചോദനമായത് -എച്ച്മുക്കുട്ടി പറഞ്ഞു.

ഭ്രാന്തിയെന്ന് മുദ്രകുത്തി പടിക്ക് പുറത്താക്കിയതായിരുന്നു മതമേലധികാരികളില്‍നിന്ന് തനിക്കുലഭിച്ച ഏറ്റവും വലിയ ശിക്ഷയെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു. ഭ്രാന്തില്ലെന്ന് തെളിയിക്കുകയായിരുന്നു എഴുത്തിലൂടെ ചെയ്തതെന്നും അവര്‍ പറഞ്ഞു. 

സ്ത്രീകള്‍ ആത്മകഥകള്‍ എഴുതാന്‍ മുന്നോട്ടുവരുന്നില്ല. തുറന്നെഴുതാന്‍ പേടിയായതിനാല്‍ അവര്‍ കഥയോ നോവലോ ആണ് കൂടുതല്‍ എഴുതുന്നത് -സിസ്റ്റര്‍ ജെസ്മി നിരീക്ഷിച്ചു. എഴുത്ത് സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനംകൂടിയാണെന്ന് സ്മിത കെ. നായര്‍ പറഞ്ഞു. ബീന മേലഴിയും സംസാരിച്ചു.

തൊഴിലിടങ്ങള്‍ ആണധികാരത്തിന്റെ ഇടങ്ങളായി മാറിയെന്നും സ്ത്രീകളിപ്പോള്‍ ഗാലറിയുടെ പിന്തുണയില്ലാത്ത കളിക്കാരെപ്പോലെയായെന്നും രണ്ടാംസെഷനില്‍ അധ്യക്ഷയായ ടി.വി. സുനീത അഭിപ്രായപ്പെട്ടു. ജിസ ജോസ്, അഡ്വ. പി.എം. ആതിര, ശ്രീദേവി അരവിന്ദ്, രജനി സുബോധ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ 'നവംബറിന്റെ നഷ്ടം' സിനിമ പ്രദര്‍ശിപ്പിച്ചു. അനില്‍ കോവിലകം ആമുഖഭാഷണം നടത്തി. പാര്‍വതി രവിഘണ്ഡശാലയും സംഘവും ഭരതനാട്യവും അവതരിപ്പിച്ചു.