ന്യൂഡല്‍ഹി: സംഗീതജ്ഞയും കലാഗവേഷകയും എഴുത്തുകാരിയും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയുമായ  ഡോ. ലീലാ ഓംചേരി (94) അന്തരിച്ചു. ബുധാനാഴ്ച വൈകിട്ടോടെ ഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ നേരിട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ക്ലാസിക്കല്‍ കലാരൂപങ്ങളെക്കുറിച്ചുള്ള നിരവധി ഗവേഷണഗ്രന്ഥങ്ങളുടെ  രചയിതാവാണ്. പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍.എന്‍. പിള്ളയാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീദീപ് ഓംചേരി (ഡി.സി.എം. ശ്രീറാം കണ്‍സോളിഡേറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍), ദീപ്തി ഓംചേരി ഭല്ല (ഡല്‍ഹി സര്‍വകലാശാല സംഗീത വിഭാഗം റിട്ട. പ്രൊഫസര്‍). 

To advertise here,

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകളായി 1929 മേയ് 31-നാണ് ജനനം. പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്‍ സഹോദരനാണ്. കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സോപാനസംഗീതം, നാടന്‍ പാട്ടുകള്‍, നൃത്തം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി.യും നേടി. 

കേരളത്തിന്റെ പരമ്പരാഗത സംഗീതത്തിന് രാജ്യത്തിനുപുറത്ത്  അംഗീകാരം നേടിക്കൊടുക്കാന്‍ ലീലാ ഓംചേരിയുടെ പ്രയത്‌നങ്ങള്‍ സഹായിച്ചു. സോപാന സംഗീതത്തിനു പുറമെ തേവാരം പാട്ടുകള്‍, കൃഷ്ണനാട്ടം, കഥകളി സംഗീതവും ലീല ഓംചേരിയുടെ പഠനവിഷയങ്ങളായി. ഓണപ്പാട്ടുകളെയും മറ്റു ജനകീയ ഗാനങ്ങളെയും കുറിച്ചും ഗവേഷണം നടത്തി. 'അഭിനവ സംഗീതം', 'പദവും പാദവും', 'കേരളത്തിലെ ലാസ്യരചനകള്‍' തുടങ്ങി അനേകം പുസ്തകങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്. 

കേരളത്തിലെ ലാസ്യരചനകള്‍, ദ ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക്, ഗ്ലീനിങ്‌സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട്, സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്‌സ്(അഞ്ച് ഭാഗം), ലീലാഞ്ജലി (ചെറുകഥാസമാഹാരം) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ഇതില്‍ കേരളത്തിലെ ലാസ്യരചനകള്‍, ദ ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് എന്നിവയില്‍ ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം സഹലേഖികയായിരുന്നു. 

2009-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1990-ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്,  യു.ജി.സി.യുടെ നാഷണല്‍ അസോസ്യേറ്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.