കേരള സാഹിത്യ അക്കാദമിയുടെ സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ ക്ഷണം ലഭിച്ചില്ലേയെന്ന് എന്നുചോദിച്ച് പലരും വിളിക്കുന്നതായി ദീപാ നിശാന്ത്. കഴിഞ്ഞ തവണ താന്‍ പങ്കെടുത്തിരുന്നുവെന്നും ഇത്തവണ തന്നെ നീക്കിനിര്‍ത്തിയതായി കരുതുന്നില്ലെന്നും, അതില്‍ വേവലാതിയില്ലെന്നും ദീപാ നിശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താന്‍ അര്‍ഹിക്കുന്നതിലും ആഗ്രഹിച്ചതിലും എത്രയോ ഇരട്ടി ഇടങ്ങള്‍ വന്നുചേര്‍ന്നുവെന്നും എഴുതിയില്ലെങ്കില്‍ മരിക്കും എന്ന സ്വത്വസംഘര്‍ഷം ഇല്ലെന്നും ദീപാ നിശാന്ത് പറയുന്നു. 

To advertise here,

ദീപാ നിശാന്തിന്റെ ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

സാഹിത്യഅക്കാദമി ഇന്ന് മുതല്‍ ആഗസ്റ്റ് 21 വരെ സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടോ? ബ്രോഷറില്‍ കണ്ടില്ലല്ലോ? സാഹിത്യ അക്കാദമിക്ക് എന്നോടെന്തെങ്കിലും നീരസമുണ്ടോ? എന്നൊക്കെയന്വേഷിച്ച് പലരും വിളിക്കുന്നുണ്ട്. മെസേജ് അയയ്ക്കുന്നുണ്ട്. 

കഴിഞ്ഞ തവണ പങ്കെടുത്തിരുന്നു. ഇത്തവണ ഇല്ല. അതൊരു നീക്കിനിര്‍ത്തലായൊന്നും കരുതുന്നില്ല. അവസരസമത്വം ഉറപ്പാക്കുക എന്നത് ഒരു സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ തവണ ഇല്ലാതിരുന്നവര്‍ ഇത്തവണ വരട്ടെ. അതൊരു തുല്യനീതിനിര്‍വഹണത്തിന്റെ കൂടി ഭാഗമായേ കരുതുന്നുള്ളൂ. ഇനി അതല്ല നീക്കിനിര്‍ത്തിയതാണെങ്കില്‍ അതില്‍ പ്രത്യേകിച്ചൊരു വേവലാതിയുമില്ല. 

 അര്‍ഹിക്കുന്നതിലും ആഗ്രഹിച്ചതിലും എത്രയോ ഇരട്ടി ഇടങ്ങള്‍ ലഭിച്ചിട്ടുണ്ട്. വായനക്കാരെയും ലഭിച്ചിട്ടുണ്ട്. എന്നേക്കാള്‍ മികച്ച എത്രയോ എഴുത്തുകാര്‍ ഇന്നാട്ടിലുണ്ട് എന്ന ബോധ്യത്തില്‍ തന്നെയാണ് സഞ്ചാരം. നാളെ ഇതൊന്നുമില്ലെങ്കിലും ജീവിക്കും. ഞാനെഴുതിയില്ലെങ്കില്‍ മലയാളസാഹിത്യം ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴുമെന്ന ഭയമൊന്നും തല്‍ക്കാലമില്ല. 'എഴുതിയില്ലെങ്കില്‍ മരിക്കും!' എന്ന സ്വത്വസംഘര്‍ഷവുമില്ല.

 വായനക്കാരുള്ളതുകൊണ്ടു മാത്രം നിലനില്‍ക്കുന്ന ഒരാളാണ് ഞാന്‍. വളരെ വിശാലമായ ലോകം. വളരെച്ചെറിയൊരു ഭാഷ. അതില്‍ തീരെച്ചെറിയൊരു എഴുത്തുകാരി. സാഹിത്യത്തെ സംബന്ധിച്ച ഒരു സിദ്ധാന്തവും എന്റെ പുസ്തകങ്ങളിലില്ല. പക്ഷേ അവ നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു. വിമര്‍ശിക്കപ്പെട്ടു. പഴിക്കപ്പെട്ടു. പരിഹസിക്കപ്പെട്ടു. എല്ലാം സന്തോഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്ന നേട്ടം ആ പുസ്തകങ്ങള്‍ വഴി, കുറേ മനുഷ്യരുമായി പാരസ്പര്യത്തിന്റെ പറുദീസകള്‍ നിര്‍മ്മിച്ചിട്ടുണ്ട് എന്നതു മാത്രമാണ്.

ഗിരിശൃംഗങ്ങള്‍ പോലെ ഉയര്‍ന്നുനില്‍ക്കുന്ന, സമുദ്രം പോല്‍ വിശാലമായ, മരുഭൂമി പോലെ പരന്നുകിടക്കുന്ന സാഹിത്യ പരമ്പരയിലെ മഹാരഥര്‍ക്കിടയില്‍ ഇങ്ങേയറ്റത്തെ ഒരു ചെറുകണ്ണി മാത്രമാണ് ഞാന്‍. 

'കൊള്ളാന്‍ വല്ലതുമൊന്നുകൊടുക്കാ-
നില്ലാതിലൊരു പുല്‍ക്കൊടിയും
ഉദയക്കതിരിനെ മുട്ടും മാനവ
ഹൃദയപ്പനിനീര്‍പൂന്തോപ്പില്‍ '- 
എന്ന മട്ടിലൊരു പുല്‍ക്കൊടി! 

ഭൂമിയില്‍ ഏതു പുല്‍ക്കൊടിക്കും അവയുടേതായ ചില ജന്മദൗത്യങ്ങളുണ്ട്. അതൊരുപക്ഷേ, ഒരു മഞ്ഞുതുള്ളിയെ ചുമക്കുന്ന ദൗത്യമാകാം. ഒരു കുഞ്ഞുപുഴുവിന് അഭയമരുളുന്ന ദൗത്യമാകാം.

ആല്‍മരങ്ങള്‍ക്കും മുക്കുറ്റിപ്പൂക്കള്‍ക്കും അവരവരുടേതായ ജന്മദൗത്യമുണ്ടെന്ന ബോധ്യത്തിലാണ് മുന്നോട്ടു പോകുന്നത്.

ആഗസ്റ്റ് 17 മുതല്‍ 21 വരെ നടക്കുന്ന സാഹിത്യോത്സവത്തിന് എല്ലാ ഭാവുകങ്ങളും.