'എണ്‍പത്തിയൊമ്പത് ആകുമ്പോഴത്തേക്കും ഹിന്ദുത്വവാദികള്‍ അവരുടെ വലിയ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഒരു വലിയ അപകടം കേരളത്തിലേക്ക് വരുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് അന്ന് ഞങ്ങള്‍ മനുസ്മൃതി കത്തിക്കുന്നത്. അത് ഒരു പ്രത്യയശാസ്ത്രസമരമായിരുന്നു. തമ്മില്‍ പിരിഞ്ഞുപോയ സഖാക്കളായിരുന്നു കെ. വേണുവും രാമചന്ദ്രനും. അന്ന് വൈക്കത്ത് ഞങ്ങള്‍ പോസ്റ്ററൊട്ടിച്ചു- വര്‍ഗസമരമോ വര്‍ണ സമരമോ? വര്‍ണസമരത്തില്‍ ഉറച്ചുനിന്നു. ജാത്യാധിഷ്ഠതമാണ് കേരളം എന്ന യാഥാര്‍ഥ്യം മറികടക്കേണ്ടതിന്റെ വലിയ ആവശ്യം അന്ന് ഉയര്‍ന്നുവന്നിരുന്നു. അങ്ങനെയാണ് മനുസ്മൃതി കത്തിക്കുന്നത്.'' -ദില്ലി ദാലി പോഡ്കാസറ്റിനുവേണ്ടി എസ്. ഗോപാലകൃഷ്ണനുമായി നടത്തിയ അഭിമുഖത്തില്‍ കെ.എം സലിംകുമാര്‍ മുനസ്മൃതി കത്തിക്കാനിടയായ സംഭവത്തെ ഓര്‍ത്തെടുക്കുന്ന് ഇങ്ങനെയാണ്. സമരവീര്യങ്ങളുടെ, ദളിത് സമത്വപോരാട്ടങ്ങളുടെ ഒരു അധ്യായം കൂടി ഇന്നു കണ്ണടയ്ക്കുകയാണ്. കെ.എം സലിംകുമാര്‍ എന്ന ദളിത് ചിന്തകന്‍ ഇനി ജീവിക്കുന്നത് തന്റെ തലമുറകള്‍ക്കു കൈമാറിയ പുസ്തകങ്ങളിലൂടെയും ആശയങ്ങളിലൂടെയും ആദര്‍ശ പോരാട്ടങ്ങളിലൂടെയുമായിരിക്കും. അതിജീവനത്തിന്റെ ഏഴരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം യാത്രയാവുന്നത്. തന്റെ സമൂഹത്തിന് ദിശാസൂചിയായി, ജാതിവിവേചനം കേരളത്തില്‍ ഒരിക്കലും വേരാഴ്ന്നിറങ്ങാതിരിക്കാന്‍ തന്റെ ബൗദ്ധികതയും സാംസ്‌കാരികതയും എതിര്‍ശബ്ദമായി ഉപയോഗിച്ച സലിം കുമാര്‍ ഓര്‍മയാവുമ്പോള്‍ പ്രൊഫ. കുഞ്ഞാമനും കെ.കെ കൊച്ചിനും പിന്നാലെ ദളിത്ബൗദ്ധികതയുടെ ഒരു അധ്യായം കൂടി അടയുകയാണ്. 

To advertise here,

ഇടുക്കി തൊടുപുഴ വെള്ളിയാമറ്റം കുന്നത്ത് മാണിക്യന്റെയും കോതയുടെയും മകനായി 1949 മാര്‍ച്ച് പത്തിനാണ് സലിം കുമാറിന്റെ ജനനം. നാളിയാനി ട്രൈബല്‍ എല്‍.പി സ്‌കൂള്‍, പൂച്ചപ്ര, അറക്കുളം യു.പി സ്‌കൂള്‍, മൂലമറ്റം ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. ബിരുദവിദ്യാര്‍ഥിയായിരിക്കേയാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുന്നത്. കേരളത്തിലെ നക്‌സല്‍ മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ രണ്ടുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവര്‍ഷക്കാലം ജയില്‍വാസമനുഭവിച്ചു. 

ജയില്‍മോചന്തതിനുശേഷമാണ് കേരളത്തിലെ പിന്നോക്ക ജാതിക്കാരുടെ സാമൂഹിക-സാമ്പത്തിക അരക്ഷിതാവസ്ഥയെക്കുറിച്ച് അദ്ദേഹം കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതും പിന്നോക്കവിഭാഗങ്ങളുടെ ശാക്തീകരണത്തിനായി തന്റെ മുഴുവന്‍ സമയവും നീക്കിവെക്കുന്നതും. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989-ല്‍ മനുസ്മൃതി ചുട്ടെരിച്ച് ദളിത് ശാക്തീകരണത്തിലും അംബേദ്കറൈറ്റ് പ്രസ്ഥാനത്തിലും മുന്നണിപ്പോരാളിയായി. അധഃസ്ഥിത നവോത്ഥാന മുന്നണി സംസ്ഥാന കണ്‍വീനര്‍, ദളിത് ഐക്യസമിതി സംസ്ഥാന കണ്‍വീനര്‍, കേരള ദളിത് മഹാസഭ സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. രക്തപതാക മാസികയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നെഗ്രിറ്റിയൂഡ് എന്ന പംക്തി എഴുതിയിരുന്നു. 

സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും, ദളിത് പ്രത്യയശാസ്ത്രവും സമുദായവത്ക്കരണവും ഭൂമിയുടെ ജാതിയും രാഷ്ട്രീയവും തുടങ്ങി അനവധി പുസ്തകങ്ങള്‍ എഴുതി. 'കടുത്ത' എന്ന പേരില്‍ എഴുതിയ ആത്മകഥ പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാനിരിക്കേയാണ് മരണം സംഭവിച്ചത്. ന്യൂമോണിയ ബാധിതനായി എറണാകുളം സ്വകാര്യ ആശുപത്രിയില്‍ കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.