മാളിയേക്കൽ മറിയുമ്മ, പി. ജയരാജൻ
ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് മുസ്ലിം സമുദായം പുറംതിരിഞ്ഞു നിൽക്കുന്ന കാലത്ത് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മാളിയേക്കല്‍ മറിയുമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മുതിര്‍ന്ന സി.പി.എം. നേതാവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി. ജയരാജന് സംസാരിക്കുന്നു.
തലശ്ശേരിയിലെ മാളിയേക്കല്‍ കുടുംബം തലശ്ശേരി നഗരമേഖലയില്‍ മാത്രമല്ല, മലബാര്‍ മേഖലയില്‍ത്തന്നെ പ്രധാനപ്പെട്ട കുടുംബമാണ്. വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടുവന്ന കുടുംബം എന്ന നിലയില്‍ കേരളചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പേരാണ് മാളിയേക്കല്‍ മറിയുമ്മയുടേത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ പൊതുവേ ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തോടും പൊതുവിദ്യാഭ്യാസത്തോടും പുറം തിരിഞ്ഞുനിന്ന കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ. പൊതുവിദ്യാഭ്യാസം വേണ്ട, മതവിദ്യാഭ്യാസം മതി എന്നും ഇംഗ്ലീഷ് വിദ്യാഭ്യാസം ഹറാമാണ് എന്നുമുള്ള നിലപാട് കൈക്കൊണ്ടിരുന്ന സമൂഹത്തില്‍ നിന്നും ഒരു പെണ്‍കുട്ടി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി മുന്നോട്ട് വരിക എന്നത് അക്കാലത്ത് അപൂര്‍വമായി സംഭവിച്ച ഒന്നുമാത്രമാണ്. വിദ്യാഭ്യാസത്തിലൂടെ വിപ്ലവം നടത്തിയ മറിയുമ്മയുടെ വിയോഗം വ്യക്തിപരമായി വേദനയുളവാക്കുന്നതാണ്.
കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് മാളിയേക്കല്‍ മറിയുമ്മയ്ക്കുള്ളത്. സാമൂഹികമായി വളരെ ഉയര്‍ന്ന ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്നു അവര്‍. കുടുംബസംഗമങ്ങളിലെല്ലാം അവര്‍ പങ്കെടുക്കുമായിരുന്നു. അത്തരത്തില്‍ ഒരു കുടുംബസംഗമത്തിന്റെ ഭാഗമായിട്ടാണ് മറിയുമ്മയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ മറിയുമ്മയുടെ വീട്ടില്‍ പോയി. സ്വാതന്ത്ര്യസമരകാലം തൊട്ട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടാണ് മാളിയേക്കല്‍ കുടുംബം പ്രവര്‍ത്തിച്ചിരുന്നത്. ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥിയായി ഞാന്‍ മത്സരിച്ചപ്പോള്‍ അവര്‍ എന്നെ പിന്തുണച്ചു. അവരുടെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു.
പുരോഗമനാശയങ്ങളെ മറിയുമ്മ ചേര്‍ത്തു പിടിച്ചിരുന്നു. മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ നവോത്ഥാനത്തിനായി പ്രധാനപ്പെട്ട ഇടപെടല്‍ അവര്‍ നടത്തിയിരുന്നു. മറിയുമ്മയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വിമന്‍സ് സൊസൈറ്റി പ്രവര്‍ത്തിച്ചത് സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു. സമൂഹം എങ്ങോട്ടാണ് പോകുന്നത് എന്ന കൃത്യമായ നിരീക്ഷണം മറിയുമ്മയ്ക്കുണ്ടായിരുന്നു. സംരംഭങ്ങളിലൂടെ സ്ത്രീകളുടെ ഉന്നമനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വിമന്‍സ് സൊസൈറ്റിയ്ക്ക് മുന്‍കയ്യെടുത്തത്.
വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ അവര്‍ നിരന്തരം പരിശ്രമിച്ചു. മുസ്ലീം സമുദായത്തിന്റെ സാംസ്കാരികമായ അഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ട് സാംസ്കാരികസംഘടനകള്‍ രൂപീകരിച്ചപ്പോള്‍ ആ വേദികളിലെല്ലാം മറിയുമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. തലശ്ശേരിയിലെ മുസ്ലീം സമുദായം പണ്ട് കാലം തൊട്ടേ വിദ്യാഭ്യാസപരമായിട്ട് നല്ല നിലയില്‍ മുന്നോട്ടു വന്നവരാണ്. അതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള വ്യക്തിത്വമാണ് മറിയുമ്മയുടേത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..