മൈസൂരു: ദസറ ഉദ്ഘാടനത്തിന് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്താഖിനെ നിശ്ചയിച്ചതില്‍ എതിര്‍പ്പുമായി ബിജെപി. കര്‍ണാടകത്തില്‍നിന്നുള്ള ആദ്യ ബുക്കര്‍ പ്രൈസ് ജേതാവാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്താഖ്.

To advertise here,

ദസറ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്രഖ്യാപിച്ചത്. മതവിശ്വാസമില്ലാത്ത ഒരാള്‍ മതപരമായ ചടങ്ങ് ഉദ്ഘാടനംചെയ്യുന്നത് ശരിയല്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം.

ചാമുണ്ഡേശ്വരീദേവിക്ക് പൂജ അര്‍പ്പിച്ച് ആരംഭിക്കുന്ന ദസറയ്ക്ക് അവരെ ഉദ്ഘാടനത്തിന് നിശ്ചയിച്ചത് സ്വീകാര്യമല്ലെന്ന് മൈസൂരു മുന്‍ എംപി പ്രതാപ് സിംഹ പറഞ്ഞു. സാഹിത്യപരിപാടികള്‍ക്ക് അധ്യക്ഷയാകാന്‍ അവര്‍ക്ക് കഴിയും. പക്ഷേ, ദസറയ്ക്ക് അധ്യക്ഷയാകാന്‍ കഴിയില്ല. വിശ്വാസമില്ലാത്തയാള്‍ ദസറ ഉദ്ഘാനംചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതാപ് സിംഹ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം തീര്‍ത്തും അനുചിതമാണെന്ന് മുന്‍മന്ത്രിയും ബിജെപി എംഎല്‍സിയുമായ സി.ടി. രവി പറഞ്ഞു. തീരുമാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയും എതിര്‍പ്പറിയിച്ചു.

ചാമുണ്ഡേശ്വരിയോട് ബഹുമാനമാണെന്ന് ബാനു മുഷ്താഖ് പ്രതികരിച്ചു. ദസറയെ സംസ്ഥാന ഉത്സവമായാണ് കണക്കാക്കുന്നത്. ചാമുണ്ഡേശ്വരിയെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും പരാമര്‍ശിക്കുന്നതും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് തനിക്കും അമ്മ പ്രിയപ്പെട്ടതാകുന്നത്. ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.