ന്യൂഡല്‍ഹി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. വിവിധ ഭാഷകളില്‍നിന്നായി 24 എഴുത്തുകാരാണ് പുരസ്‌കാരം നേടിയത്. ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരത്തിനര്‍ഹമായ കൃതി. 2022-ല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണിത്. ശിലാഫലകവും 50,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. 

To advertise here,

മലയാളത്തില്‍നിന്നും ഗ്രേസി ജോസഫ്, ഡോ. പി.കെ. കുശലകുമാരി, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ജൂറി മെമ്പര്‍മാരായിരുന്നു. 

കേശവന്‍ വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിനും അമ്പലക്കര സി. രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം സരോവരം ബുക്സ് ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തിനും 'പെന്‍ഗ്വിനുകളുടെ വന്‍കരയില്‍' അര്‍ഹമായിരുന്നു. 

നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനാണ്. തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാനസമിതിയംഗവും തൃശൂര്‍ജില്ലാ മുന്‍ അധ്യക്ഷനുമാണ്. 

പാലറ്റ്, നയന്‍മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നോവല്‍, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.