തിരുവനന്തപുരം: ''രാജ്യത്തെ എല്ലാ ചേരികളുടേയും കഥ ഒന്നാണ്. സ്ത്രീകളുടേയും കുട്ടികളുടേയും പുരുഷന്‍മാരുടേയും ജീവിതങ്ങള്‍ ഒരു പോലെയാണ്. ഇപ്പോഴും നേരിടുന്നത് അവഗണനയും വിവേചനവുമാണ്.'' പത്ത് വര്‍ഷം മുന്‍പ് എസ്. ധനുജകുമാരി എന്ന മാലിന്യ ശേഖരണ തൊഴിലാളി എഴുതിയ പുസ്തകത്തില്‍ പറയുന്ന ഈ കാര്യങ്ങള്‍ക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. 'ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം' എന്ന തന്റെ ആത്മകഥയുടെ രണ്ടാംഭാഗം തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ധനുജ. 

To advertise here,

ആദ്യ പുസ്തകത്തിലെ പ്രതീക്ഷകള്‍ പലതും യാഥാര്‍ഥ്യമായില്ലെങ്കിലും സ്വയം പോരാടി നേടിയ വിജയങ്ങളെക്കുറിച്ച് കൂടി പറയാനാണ് രണ്ടാം ഭാഗമെന്നാണ് ധനുജ പറയുന്നത്. ധനുജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാലയില്‍ ബി.എ.യ്ക്കും കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എ.യ്ക്കും പാഠപുസ്തകമാണ്. 

കോളനികളിലെ ലഹരി ഉപയോഗം, കുടുംബപ്രശ്നങ്ങള്‍, അക്രമങ്ങള്‍ എന്നിവയും ഇവിടെയുള്ള കൂട്ടായ്മകള്‍, അഭയമില്ലാതെത്തുന്നവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്, ജാതിമത ഭേദമില്ലാതെയുള്ള ജീവിതം, പരസ്പരം താങ്ങാകുന്നത്, ഇങ്ങനെ കോളനികളുടെ നന്മയും പ്രശ്നങ്ങളും ഒരുപോലെ ചൂണ്ടിക്കാട്ടുന്നതായിരുന്നു ആദ്യ പുസ്തകം.

ഒപ്പമുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രതികരണങ്ങളില്‍ നിന്നാണ് ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തിയ ധനുജ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. ഉറക്കെ പറയുന്ന വാക്കുകളേക്കാള്‍ ശക്തി അച്ചടിമഷി പുരണ്ട അക്ഷരങ്ങള്‍ക്കുണ്ടെന്ന തിരിച്ചറിവാണ് തന്റേയും ഒപ്പമുള്ളവരുടേയും ജീവിതം എഴുതാന്‍ കരുത്തായത്. കോളനിയുടെ വിഷയം പത്ത് പേര്‍ വായിച്ചറിയുമ്പോള്‍ ഒരു പ്രതിവിധി കിട്ടുമെന്നതിനാലാണ് എഴുതാമെന്ന തീരുമാനത്തിലെത്തിയതെന്നാണ് ധനുജ പറയുന്നത്. 2014-ലാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ഇപ്പോള്‍ ഇത് അഞ്ചാം പതിപ്പിലെത്തിനില്‍ക്കുന്നു.

രണ്ടാം ഭാഗത്തിനും 'ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം, അല്ലെങ്കില്‍ രാജാജി നഗര്‍' എന്ന് തന്നെയാണ് പേര് നല്‍കിയിരിക്കുന്നത്.

സെക്രട്ടേറിയറ്റ് നിര്‍മിക്കാനായി ചെങ്കല്ലുകള്‍ വെട്ടിയെടുത്ത സ്ഥലമാണ് സംസ്ഥാനത്തെ തന്നെ വലിയ കോളനികളിലൊന്നായി മാറിയ ചെങ്കല്‍ച്ചൂള. 1200-ഓളം ഫ്‌ളാറ്റുകളിലായി 7000-ത്തോളം പേരാണ് ഇപ്പോള്‍ താമസിക്കുന്നത്.

ചെട്ടിവിളാകം വാര്‍ഡിലെ ഹരിതകര്‍മസേന പ്രവര്‍ത്തകരാണ് ധനുജകുമാരിയും അമ്മ സാറാമ്മയും. ഭര്‍ത്താവ് സതീഷ് ചെണ്ട കലാകാരനാണ്. മക്കള്‍ നിധീഷും സുധീഷും സംഗീതരംഗത്ത് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. തന്റെ മക്കളെക്കാള്‍ മികച്ച കലാകാരന്‍മാരാക്കി ചെങ്കല്‍ച്ചൂളയിലെ പുതിയ കുട്ടികളെ മാറ്റുകയാണ് ലക്ഷ്യമെന്ന് ധനുജ പറയുന്നു. വനിതകള്‍ക്കായി 'വിങ്സ് ഓഫ് വിമെന്‍' എന്ന പേരില്‍ ലൈബ്രറിയും തുടങ്ങി.