കേരളത്തിലെ വിശ്വാസമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് എന്ന് ആഗ്രഹിക്കുന്നുവോ അന്ന് അവര്‍ക്കുമുന്നില്‍ ശബരിമലയുടെ വാതില്‍ തുറന്നിരിക്കുമെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ആഗോള അയ്യപ്പഭക്തസംഗമത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചരുവില്‍ ശബരിമലയിലെ യുവതീപ്രവേശം ചര്‍ച്ചയാക്കിയിരിക്കുന്നത്. യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിപ്രസ്താവിച്ചതിനൊപ്പം നില്‍ക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും പിന്നീട് ആരെങ്കിലും ഇക്കാര്യത്തില്‍ പിറകോട്ട് പോയിട്ടുണ്ടെങ്കില്‍ അത് രാജ്യത്തെ നീതിന്യായ സംവിധാനം മാത്രമാണെന്നും ചരുവില്‍ സ്ഥാപിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പഭക്തസംഗമം നടത്താന്‍ തീരുമാനിച്ചതിനെ സുപ്രീം കോടതിയുടെ ശബരിമലയിലെ യുവതീപ്രവേശന വിധിയുമായി ചേര്‍ത്തുകെട്ടി സംസ്ഥാനത്തെ ബി.ജെ.പി/കോണ്‍ഗ്രസ് വലതുപക്ഷം
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ഒരു ആഗോള അയ്യപ്പഭക്തസംഗമം നടത്താന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്തെ ബി.ജെ.പി / കോണ്‍ഗ്രസ് വലതുപക്ഷം വലിയ പരിഭ്രമത്തിലായിരിക്കുന്നു. യുവതീപ്രവേശനത്തിലെ പഴയ സുപ്രീംകോടതി വിധിയും അന്നത്തെ സര്‍ക്കാര്‍ നിലപാടും ഉയര്‍ത്തിപ്പിടിച്ച് അയ്യപ്പസംഗമം എന്ന 'ആപത്തിനെ' ചെറുക്കാമെന്നാണ് അവര്‍ കരുതുന്നത്. അന്തംവിട്ടവര്‍ എന്തും ചെയ്യുമല്ലോ. അതിനപ്പുറം അതിലൊന്നുമില്ല.
യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന 2018ലെ സുപ്രീംകോടതി വിധിയും അതു നടപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമവും സംസ്ഥാനത്ത് എല്‍.ഡി.എഫിന് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. 2019, 2020, 2021, 2024 വര്‍ഷങ്ങളിലെ ലോകസഭാ /നിയമസഭാ /തദ്ദേശ തിരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്ത് ഈ പംക്തിയില്‍ തന്നെ പലവട്ടം അക്കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. 2016-ല്‍ 91 സീറ്റും 43.48 ശതമാനം വോട്ടുംനേടി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാരിന്, 2021-ല്‍ 99 സീറ്റും 45.43 ശതമാനം വോട്ടുംനേടി തുടര്‍ച്ചയുണ്ടാക്കി ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ ഒരു കാരണം ശബരിമല കാര്യത്തില്‍ സുപ്രീം കോടതിക്കും ഭരണഘടനക്കും ഒപ്പം നിന്നു എന്നതാണ്.
'Any exception placed on women because of biological differences violates the Constitution.' എന്ന് നിരീക്ഷിച്ചാണ് യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിപ്രസ്താവിച്ചത്. അതിനൊപ്പം നില്‍ക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. പിന്നീട് ആരെങ്കിലും ഇക്കാര്യത്തില്‍ പിറകോട്ടു പോയിട്ടുണ്ടെങ്കില്‍ അത് രാജ്യത്തെ നീതിന്യായ സംവിധാനം മാത്രമാണ്. അത് നിയമത്തിന്റെ പരിമിതിയാണ്. സാംസ്‌കാരിക, സാമൂഹ്യവ്യവസ്ഥകളെ തിരുത്തി മനുഷ്യസമൂഹം മുന്നേറിയത് വിമോചനപ്രസ്ഥാനങ്ങളിലൂടെയാണ്. നിയമവും കോടതിയും അതിനു പിറകെയാണ് വരേണ്ടത്. എന്നും വന്നിട്ടുള്ളത്.
സനാതനം എന്നു കരുതപ്പെടുന്ന ആചാരങ്ങള്‍ക്കെതിരെ വലിയ ജനകീയ സമരങ്ങള്‍ നടന്ന ഒരു പ്രദേശമാണ് കേരളം. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ, വിവേചനങ്ങള്‍ക്കെതിരെ വൈക്കത്തും ഗുരുവായൂരും നടന്ന സമരങ്ങള്‍; ക്ഷേത്രപ്രവേശനവിളംബരം എന്നിവക്കെതിരെ ഉണ്ടായതുപോലെ സ്ഥായിയായ എതിര്‍പ്പുകള്‍ ശബരിമലയിലെ യുവതിപ്രവേശത്തിനു നേരെ ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഉണ്ടായ ദുര്‍ബ്ബലമായ വൈകാരികതകളെ തങ്ങളുടെ രാഷ്ട്രീയ മേല്‍ഗതിക്കുവേണ്ടി ചിലര്‍ 'ഒരു സുവര്‍ണാവസര'മായി ഉപയോഗിക്കാന്‍ ശ്രമിച്ചു എന്നുമാത്രം. അതിനെ നേരിടാനുള്ള പക്വതയോ രാഷ്ട്രീയവിവേകമോ ഇല്ലാത്തയാളായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്നതാണ് കുഴപ്പമായത്. (ആ ദേഹമാണല്ലോ അടുത്തകാലത്ത് സഖാവ് വീണാ ജോര്‍ജിനെ സി.പി.ഐ.എം. സംസ്ഥാനക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പത്രക്കാരോട് വിലപിച്ചത്.)
സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ ആര്‍.എസ്.എസ്. പോലെയുള്ള മതഭീകരസംഘടനകള്‍ പോലും ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായിരുന്നു എന്നു കാണാനാവും. (അക്കൂട്ടത്തിലെ പണ്ഡിതന്മാരുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക.) കാരണം യുവതി എന്നതില്‍ സവര്‍ണ്ണസമൂഹങ്ങളിലെ സ്ത്രീകളും ഉള്‍പ്പെടുമല്ലോ. ഒരു ശയ്യോപകരണം മാത്രമായിട്ടാണ് കാണുന്നതെങ്കിലും സ്ത്രീ ആ സമൂഹത്തിലെ ബഹിഷ്‌കൃതയല്ല. പക്ഷേ ദളിതര്‍, പിന്നാക്കക്കാര്‍ എന്നാല്‍ അങ്ങനെയല്ല. 'പൂര്‍വ്വജന്മത്തില്‍ പാപം ചെയ്തതിന്റെ ഫലമായി ശിക്ഷ എന്ന നിലയില്‍ ഇവിടെ ജനിച്ചു ജീവിക്കുന്നവരാണ്.'
അവരുടെ ജീവിതം നരകമാക്കേണ്ടത് സവര്‍ണ്ണസനാതനികളുടെ ജന്മദൗത്യമാണ്. എന്നിട്ടുപോലും എല്ലാ വേലിക്കെട്ടുകളും തകര്‍ത്ത് അവര്‍ണ്ണര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. തന്ത്രിമാരുടേയും വാദ്ധ്യാന്മാരുടേയും എതിര്‍പ്പിനെ അവഗണിച്ച് രാജാവിന് വിളംബരവുമായി പിറകെ ചെല്ലേണ്ടി വന്നു. പക്ഷേ ശബരിമലയിലെ യുവതീപ്രവേശനത്തില്‍ വണ്ടിയെ കാളയ്ക്കു മുന്നിലാണ് കെട്ടിയത്. ആ ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിക്കണം എന്നൊരു ആവശ്യം അതുവരെ കേരളത്തില്‍ ഉയര്‍ന്നതായി അറിവില്ല. അതു സംബന്ധിച്ച് ഒരു ചര്‍ച്ചയോ സംവാദമോ പ്രക്ഷോഭമോ ഇവിടെ ഉണ്ടായില്ല. സുപ്രീംകോടതി വിധിയാണ് ആദ്യം ജനങ്ങള്‍ ശ്രദ്ധിക്കുന്നത്. ഇത് ചെറിയ മട്ടില്‍ ഒരമ്പരപ്പിനു കാരണമായിട്ടുണ്ടാകാം. അതിന്മേലേക്കാണ് സുവര്‍ണ്ണാവസരമന്വേഷിക്കുന്ന രാഷ്ട്രീയക്കഴുകന്മാര്‍ എത്തിയത്.
വിമോചനത്തിന്റെ വാതില്‍ ആദ്യം തുറക്കുന്നത് ഭരണമോ നിയമമോ അല്ല. ജനാഭിലാഷങ്ങളും പ്രക്ഷോഭങ്ങളുമാണ്. അപ്പീലുകളില്‍ കോടതികള്‍ എന്തു നടപടി സ്വീകരിക്കും എന്നു കാത്തിരിക്കേണ്ട ഒരു കാര്യവുമില്ല. ശബരിമല കയറി അയ്യപ്പനെ ആരാധിക്കണമെന്ന് കേരളത്തിലെ വിശ്വാസികളായ സ്ത്രീകള്‍ എന്ന് ആഗ്രഹിക്കുന്നുവോ, അന്ന് ആ വാതില്‍ അവര്‍ക്കു മുന്നില്‍ തുറന്നിരിക്കും. ഒരു ശക്തിക്കും അവരെ തടയാനാവില്ല. നിയമവും ഉത്തരവും പിറകെ വരും.
Content Highlights: Writer Ashokan Charuvil comments on Sabarimala women`s entry, linking it to the Travancore Devaswom
Published: 03 Sept 2025, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented