ഇടതുപക്ഷത്തെ പിന്തുണക്കുന്ന എഴുത്തുകാര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച് വിശദീകരിക്കുന്ന ഫേസ് ബുക് പോസ്റ്റുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. പ്രലോഭനങ്ങളെ മറികടന്നുകൊണ്ടാണ് എഴുത്തുകാര്‍ എം. സ്വരാജിന് പിന്തുണയേകാന്‍ നിലമ്പൂരിലെത്തിയതെന്ന് അശോകന്‍ ചരുവില്‍ എഴുതുന്നു. സ്വരാജിനെ പിന്തുണച്ചതിന്റെ പേരില്‍ ജെ. ദേവിക ഒരു എഴുത്തുകാരിയുടെ നോവല്‍ വിവര്‍ത്തനം നിരസിച്ചതിനെയും അശോകന്‍ ചരുവില്‍ പരോക്ഷമായി വിമര്‍ശിക്കുന്നു. ജെ. ദേവികയുടെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ പൊറുക്കല്‍ നീതിയിലും ജന്മിത്വത്തിന്റെ നഷ്ടപ്രതാപഗൃഹാതുരത്വത്തിലും  ചേര്‍ത്ത് പോഷിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അശോകന്‍ ചരുവില്‍ ആരോപിക്കുന്നു. 

To advertise here,

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
കാര്യസാദ്ധ്യത്തിന് വേണ്ടിയാണ് കേരളത്തിലെ എഴുത്തുകാര്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നത് എന്നാണല്ലോ വിമര്‍ശനം. ഇപ്പറഞ്ഞ 'കാര്യസാദ്ധ്യം'  പെട്ടെന്നുതന്നെ ഉണ്ടാവുന്നുണ്ട്. എഴുത്തുകാരി നിലമ്പൂരില്‍ എം.സ്വരാജിന് അനുഭാവം പ്രകടിച്ചതുകൊണ്ട് അവരുടെ കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് താന്‍ പിന്‍മാറുന്നതായി ശ്രീമതി ജെ.ദേവിക അറിയിച്ചിരിക്കുന്നു. 'നല്ലൊരു പുസ്തകം വിവര്‍ത്തനം ചെയ്യാനുള്ള അവസരം ഞാന്‍ ഇന്നലെ വേണ്ടെന്നു വെച്ചു'എന്നാണ് വാചകം. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നവര്‍ 'ഇംഗ്ലീഷില്‍ കൂടുതല്‍ വിശാലമായ വായനയെ അര്‍ഹിക്കുന്നില്ല'ത്രെ!

ശ്രീമതി ജെ.ദേവികയെ അറിയാത്തവര്‍ ഉണ്ടാവില്ല എന്നാണ് കരുതുന്നത്. യൂണിവേഴ്‌സിറ്റി/അക്കാദമിക് രംഗത്തെ ആദരണീയ പണ്ഡിതയാണ്. രാജ്യത്ത് രൂപപ്പെട്ടുവരുന്ന നവബ്രാഹ്‌മണിസ്റ്റ് സാംസ്‌കാരികവ്യവസ്ഥയെ കേരളജന്മിത്വത്തിന്റെ നഷ്ടപ്രതാപഗൃഹാതുരത്വം ചേര്‍ത്തു പോഷിപ്പിക്കുന്നയാളാണ്. കെ.അജിതയും മറ്റും സ്വന്തം വീട്ടില്‍ കിടന്നുറങ്ങുന്ന കാലത്ത് കേരളത്തില്‍ അലഞ്ഞുനടന്ന് വെയിലുകൊണ്ട് കഷ്ടപ്പെട്ട് (ബുദ്ധിമുട്ടി) ഫെമിനിസം ഉണ്ടാക്കിയ ആളാണ്. സ്ത്രീപീഡകന്‍ സി.പി.ഐ.എം. വിരുദ്ധനാണെങ്കില്‍, (പീഡിത ദളിത് പെണ്‍കുട്ടിയാണെങ്കില്‍) 'പൊറുക്കല്‍നീതി'യുടെ അടിസ്ഥാനത്തില്‍ കുറ്റവിമുക്തനാക്കാമെന്ന് ഫെമിനിസത്തില്‍ കാലോചിതമായ പരിഷ്‌ക്കാരം കൊണ്ടുവന്നയാളാണ്.

കാര്യസാദ്ധ്യത്തിനുവേണ്ടിയാണ് എഴുത്തുകാരും കലാകാരന്മാരും ഇടതുപക്ഷത്തെ പിന്തുണക്കുന്നത് എന്നു കരുതുന്നവരുണ്ടെങ്കില്‍ അവരുടെ നിഷ്‌ക്കളങ്കതയില്‍ കടുത്ത നിരാശതോന്നുന്നു. കോടാനുകോടികള്‍ മുതലിറക്കി കലാപ്രവര്‍ത്തകരെ മെരുക്കാനും അനുനയിപ്പിക്കാനും (ഭീഷണിപ്പെടുത്താനും) കോര്‍പ്പറേറ്റ് മൂലധനവും അവരുടെ ഹിന്ദുത്വസര്‍ക്കാരും തുനിഞ്ഞിറങ്ങിയിരിക്കുന്ന കാലമാണ്. പരിമിതമായ സമ്പത്ത് ആരോഗ്യ /വിദ്യാഭ്യാസ/ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനവികസനത്തിനും സുസ്ഥിര സാംസ്‌കാരിക നിര്‍മ്മാണങ്ങള്‍ക്കും മാത്രം ഉപയോഗിക്കുന്ന ഒരു സംസ്ഥാനസര്‍ക്കാരില്‍ നിന്ന് എഴുത്തുകാര്‍ക്ക് എന്തുകിട്ടാനാണ്?

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും അക്കാദമികളും അവരെ പിന്തുണക്കുന്നവരെ നോക്കിയാണോ പുരസ്‌കാരങ്ങളും ബഹുമതികളും കൊടുക്കുന്നത്? സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പരിഗണിക്കാറില്ലേ? ഇക്കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളില്‍ ഇടതുപക്ഷസര്‍ക്കാരിന്റെയും അക്കാദമികളുടേയും 
പുരസ്‌കാരങ്ങള്‍ ലഭിച്ച ഇടതുവിരുദ്ധരായ എഴുത്തു/കലാപ്രവര്‍ത്തകരുടെ പേരുകള്‍ ഞാനിവിടെ എഴുതുന്നില്ല. അത് ഈ കുറിപ്പിനെ ദീര്‍ഘമാക്കും. അതൊരു സമീപനമാണ്. തങ്ങളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ അര്‍ഹതയുള്ളവരെ മാറ്റിനിറുത്താന്‍ ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കഴിയില്ല. ഇടത് വാരികയുടെ കവര്‍ സ്റ്റോറികള്‍ കണ്ടാലും നിങ്ങള്‍ക്കത് മനസ്സിലാവും. എന്നാല്‍ കോണ്‍ഗ്രസ്/യു.ഡി.എഫ്. സര്‍ക്കാരുകള്‍ എന്താണ് ചെയ്തത്? മന്ത്രിയെ വിമര്‍ശിച്ചു എന്ന കുറ്റം ചുമത്തി അക്കാദമി വൈസ് പ്രസിഡണ്ടായിരുന്ന ബാലചന്ദ്രന്‍ വടക്കേടത്തിനെ സ്ഥാനത്തുനിന്ന് പിടിച്ചുപുറത്താക്കി അപമാനിച്ചത് ഓര്‍ക്കുക.

കേരളത്തിലെ സാംസ്‌കാരിക വ്യവസ്ഥയെ നിയന്ത്രിക്കുന്നത് വന്‍കിട മാധ്യമങ്ങളും കുറേ നോണ്‍ ഗവണ്‍മെന്റെ് ഓര്‍ഗനൈസേഷനുകളുമാണ് എന്ന സത്യം അറിയണം. ഇതിലേറെയും ഇടതുവിരുദ്ധ/സി.പി.ഐ.എം വിരുദ്ധ നിലപാടുള്ളവരാണ്. ലക്ഷങ്ങള്‍ തുകയായിട്ടുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് അവരാണ്. കോടികള്‍ മുതല്‍മുടക്കുള്ള സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതും അവര്‍ തന്നെ. തങ്ങളുടെ പത്രികകളില്‍ എഴുതുന്നവരേയും വേദികളില്‍ എത്തുന്നവരേയും താരങ്ങളാക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം കഴിയും.

അത്തരം പ്രലോഭനങ്ങളെ മറികടന്ന് നഷ്ടങ്ങളും മുറിവുകളും മാത്രം ഏറ്റുവാങ്ങാന്‍ തയ്യാറായി എഴുത്തുകാരും കലാകാരന്മാരും എം.സ്വരാജിനുവേണ്ടി നിലമ്പൂരില്‍ എത്തുന്നുണ്ടെങ്കില്‍ നമുക്ക് ജനാധിപത്യത്തിന്റെ സര്‍ഗ്ഗാത്മകതയില്‍ പ്രതീക്ഷ പുലര്‍ത്താം.