സങ്കീര്‍ണമായ അമ്മ-മകള്‍ ബന്ധവും വൈകാരികതകളുടെ അല്ലലും ഓരോ വായനക്കാരന്റെയുമുള്ളില്‍ ആഴത്തില്‍ പതിപ്പിച്ചുകൊണ്ട് അരുന്ധതി റോയ് തന്റെ ജീവിതം മഷിയില്‍ മുക്കി എഴുതിയിരിക്കുകയാണ് Mother Mary Comes To Me എന്ന പുസ്തകത്തില്‍. അരുന്ധതി ഇനിയൊരു ജീവിതമെഴുത്തിന് മുതിരുന്നില്ലെങ്കില്‍ ഇതാണ് അവരുടെ ആത്മകഥ. പതിനാറാം വയസ്സില്‍ ഒറ്റയ്ക്കിറങ്ങിപ്പുറപ്പെട്ടുപോയ ഒരു പെണ്‍കുട്ടി വിടര്‍ത്തിയ ജീവിതത്തിന്റെ, അനുഭവങ്ങളുടെ, കയ്പും ചവര്‍പ്പും നിറഞ്ഞ അധ്യായങ്ങള്‍ ഈ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
അമ്മയുമായുള്ള അതിസങ്കീര്‍ണമായ ബന്ധത്തെക്കുറിച്ച് ന്യൂയോര്‍ക് ടൈംസിന്റെ 'ദി ഇന്റര്‍വ്യൂ' എന്ന പോഡ്കാസ്റ്റ് പ്രോഗ്രാമിനുവേണ്ടി ജേണലിസ്റ്റ് ലുലു ഗാര്‍സ്യ നവോറയുമായുള്ള അഭിമുഖത്തില്‍ അരുന്ധതി റോയ് പങ്കുവെക്കുന്നുണ്ട്. ബംഗാളിയായ തന്റെ ജീവിതപങ്കാളിയില്‍ നിന്നും ബന്ധം വേര്‍പിരിഞ്ഞ് മേരി റോയ് മക്കളായ ലളിത് റോയിയെയും അരുന്ധതി റോയിയെയും കൂട്ടി സ്വന്തം വീട്ടിലെത്തുമ്പോള്‍ ലഭിക്കുന്ന തിരസ്‌കാരത്തെക്കുറിച്ചും അതിജീവനത്തിന്റെ ആദ്യ അധ്യായങ്ങള്‍ തന്നെ പഠിപ്പിച്ച അമ്മയെക്കുറിച്ചും അരുന്ധതി വിശദമാക്കുന്നു. സുറിയാനി ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശപ്രകാരം പെണ്‍കുട്ടികള്‍ക്ക് ലഭിക്കുക പിതാവിന്റെ സ്വത്തിന്റെ മൂന്നിലൊരംശമോ അയ്യായിരം രൂപയോ മൂല്യത്തില്‍ ചെറുത് ഏതാണെങ്കിലും അതാണെന്നും അതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിവരെ പോയ മേരി റോയ് തിരുത്തിയെഴുതിയ പിതൃസ്വത്ത് പിന്തുടര്‍ച്ചാവകാശത്തെക്കുറിച്ചും അരുന്ധതി റോയ് ലുലു ഗാര്‍സ്യയോട് വിവരിക്കുന്നു.
രാത്രി സമയങ്ങളില്‍ റോട്ടറി ക്ലബ്ബായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പകല്‍ സമയത്ത് മേരി റോയ് നടത്തുന്ന വിദ്യാലയമായി മാറിയതിനെക്കുറിച്ചും തങ്ങള്‍ കുട്ടികള്‍ അമ്മയുടെ സംരംഭം വിജയിക്കാനായി രാവിലെത്തന്നെ എഴുന്നേറ്റ് സിഗരറ്റുകുറ്റികളും മറ്റ് മാലിന്യങ്ങളും നീക്കി ബെഞ്ചുകള്‍ പിടിച്ചിട്ട് റോട്ടറി ക്ലബ്ബിനെ വിദ്യാലയമാക്കി മാറ്റിയ ദിവസങ്ങളെക്കുറിച്ചും പങ്കുവെച്ച അരുന്ധതി റോയ് അമ്മ ഒരിക്കലും തോല്‍ക്കാനാഗ്രഹിക്കാത്ത പോരാളിയാണെന്ന് പുഞ്ചിരിയോടെയാണ് പറഞ്ഞത്. മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോള്‍ അവിടെ നിന്നിരുന്ന പെണ്‍കുട്ടി അരുന്ധതി റോയിയുടെ അമ്മയാണോ എന്നു ചോദിച്ചതിനെ താന്‍ മകളുടെ പേരില്‍ അഡ്രസ് ചെയ്യപ്പെട്ടതിന്റെ ചൊരുക്കോടെ തന്നോട് പറഞ്ഞതിനെക്കുറിച്ചും ആശുപത്രിയില്‍ കൂട്ടിരിക്കുമ്പോള്‍ ആളുകള്‍ തന്നെക്കാണാനല്ല വരുന്നത് മറിച്ച് അരുന്ധതിയെ കാണാനാണ് എന്ന് പരിഭവം പറഞ്ഞതിനെക്കുറിച്ചും രസകരമായാണ് അരുന്ധതി റോയ് അവതരിപ്പിച്ചിരിക്കുന്നത്.
തന്റെ ചോദ്യങ്ങള്‍ എഴുത്തുകാരിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടോ എന്ന് പോഡ് കാസ്റ്റർ ചോദിക്കുമ്പോള്‍ അരുന്ധതി പറയുന്ന മറുപടി ഇങ്ങനെയാണ്:
'ഈ പുസ്തകത്തിന്റെ ഒരു ഓഡിയോ പതിപ്പിനായി ഞാന്‍ തന്നെ എന്റെ പുസ്തകം വായിച്ചിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ അത് റിക്കാഡ് ചെയ്യുന്ന പ്രൊഡ്യൂസര്‍ എന്നോട് പറഞ്ഞു, വേണമെങ്കില്‍ നമുക്ക് ഒരു ഇടവേള കഴിഞ്ഞ് തുടരാം. വായിക്കുന്നതിനിടെ വല്ലാതെ പ്രയാസമുണ്ടാകുന്നതായി തോന്നുന്നു. എന്റെ മറുപടി '' ഞാന്‍ എഴുതിയതും ജീവിച്ചതുമല്ലേ ഇതൊക്കെ, എനിക്ക് എന്ത് പ്രയാസം'' എന്നായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, പുസ്തകത്തിന്റെ മൂന്നാം ഭാഗമായപ്പോഴേക്കും എന്റെ ശബ്ദം വല്ലാതെ മാറിപ്പോയെന്നാണ്.'

ഈ പുസ്തകം ഒരു അമ്മയുടെയും മകളുടെയും കഥ മാത്രമാണെന്ന് ആരും കരുതരുതെന്നും ഇത് രണ്ട് സ്ത്രീകളുടെ കഥയാണെന്നും അവര്‍ അമ്മയും മകളും ആയത് യാദൃച്ഛികം മാത്രമാണെന്നും ഇത് ഒരു ഗ്രാമത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും കഥയാണെന്നും അരുന്ധതി റോയ് പറഞ്ഞു. അങ്ങനെ മാത്രമേ ഈ പുസ്തകം പ്രാധാന്യം ഉള്‍കൊള്ളുന്നുള്ളൂ എന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Arundhathi Roy interview with Newyork Times about Mother Mary Comes To Me
Published: 07 Sept 2025, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented