പതിനേഴാം വയസ്സില്‍ ആദ്യകഥയെഴുതുക, മുപ്പത്തിയേഴാം വയസ്സില്‍ ആദ്യ കഥാസമാഹാരം പുറത്തിറക്കുക, അതിന് കനേഡിയന്‍ പരമോന്നത പുരസ്‌കാരമായ ഗവര്‍ണര്‍ ജനറല്‍സ് പുരസ്‌കാരം ലഭിക്കുക, പിന്നീടങ്ങോട്ട് ലോകസാഹിത്യത്തില്‍ വാഴ്ത്തപ്പെടുന്ന പേരായി മാറുക- ആലീസ് മണ്‍റോ എന്ന എഴുത്തുകാരിയെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വിശേഷണത്തിലൂടെ ഇങ്ങനെ പറയാം. ആലീസ് മണ്‍റോ എന്ന പേര് ലോകസാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെടും മുമ്പ് ഹോട്ടലുകളിലെ വെയ്ട്രസ്സായും പുകയില നുള്ളുന്നയാളായും ലൈബ്രറി ക്ലര്‍ക്കായും കാനഡയുടെ അത്രയൊന്നും പ്രശസ്തമല്ലാത്ത തെരുവുകളില്‍ ജീവിതത്തോട് നേര്‍ക്കുനേര്‍ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ എഴുത്തുകാരികളോടും വായനക്കാരോടും സമൂഹത്തോടും സംവദിച്ച ആലീസ് മണ്‍റോയുടെ ഒരു പ്രധാനപ്പെട്ട കൃതിയുടെ തലക്കെട്ടുണ്ട്- Who Do You Think You Are? ആ തലക്കെട്ടുതരുന്ന ധൈര്യം ചില്ലറയൊന്നുമല്ല. 1978-ല്‍ ആലീസ് മണ്‍റോ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ പേരായിരുന്നു Who Do You Think You Are? ആ പുസ്തകത്തിന് രണ്ടാമത് ഗവര്‍ണര്‍ ജനറല്‍സ് പുരസ്‌കാരവും ആലീസ് മണ്‍റോയെ തേടിയെത്തി. അടിമുടി ജീവിതവും അക്ഷരങ്ങളും നിറഞ്ഞുകവിഞ്ഞ ആലീസിന്റെ കരിയറില്‍ ബുക്കര്‍പ്രൈസും നൊബേല്‍ പ്രൈസും മടികൂടാതെ കയറിവന്നു. കാനഡയുടെ അഭിമാനനക്ഷത്രമായി ആലീസ് വാക്കര്‍ ലോകസാഹിത്യ സമ്മേളനങ്ങളില്‍ തിളങ്ങിനിന്നു. നിലപാടുകളുടെ അക്ഷരങ്ങള്‍ ലൈവ്‌സ് ഓഫ് ഗേള്‍സ് ആന്‍ഡ് വിമിന്‍, മാര്‍ത്ത, റൂത്ത് ആന്‍ഡ് ഈഡീ, എഡ്ജ് ഓഫ് മാഡ്‌നസ്, എവേ ഫ്രം ഹെര്‍, ഹേറ്റ്ഷിപ്, ലവ്ഷിപ്, ജൂലിയറ്റ തുടങ്ങിയ സൃഷ്ടികളായി രൂപാന്തരം പ്രാപിച്ചു, സിനിമയുടെ തട്ടകങ്ങളിലേക്ക് അനസ്യൂതം സഞ്ചരിക്കാനുള്ള സിദ്ധി നേടിയ ആലീസിന്റെ കഥാപാത്രങ്ങള്‍ ലോകസിനിമയിലും തങ്ങളുടേതായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. 2024 മേയ് പതിമൂന്നിന് തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ഒരു സര്‍ഗാത്മകജന്മമത്രയും നേടാവുന്നതെല്ലാം ആലീസിന്റെ കൈകളില്‍ എത്തിച്ചേര്‍ന്നിരുന്നു. കഥാപാത്രങ്ങളാവട്ടെ, തലമുറകളില്‍ നിന്നും തലമുറകളിലേക്ക് നിലപാടുകളുടെ വഞ്ചിയില്‍ സഞ്ചരിച്ചുകൊണ്ടേിയിരിക്കുന്നു.

1931 ജൂലായ് പത്തിന് ആന്‍ ലെയ്ഡ്‌ലോയുടെയും റോബര്‍ട് എറിക്കിന്റെയും മകളായി കാനഡയിലെ വിങ്ഹാമിലാണ് ആലീസ് മണ്‍റോ ജനിക്കുന്നത്. അധ്യാപികയായിരുന്ന അമ്മയില്‍ നിന്നാണ് വായനയുടെ ആദ്യരസമറിഞ്ഞുതുടങ്ങിയത്. ഇംഗ്ലീഷ് സാഹിത്യവും മാധ്യമപഠനവും ഒന്നിച്ചുചെയ്യുന്ന കാലത്താണ് ആദ്യകഥയായ ദ ഡയമെന്‍ഷന്‍സ് ഓഫ് എ ഷാഡോ പ്രസിദ്ധീകരിക്കുന്നത്. ആലീസിന് പഠനം പൂര്‍ത്തിയാക്കുന്നതിലും തിരക്ക് സഹപാഠിയായ ജെയിംസ് മണ്‍റോയെ വിവാഹം ചെയ്യുന്നതിലായിരുന്നു. ജെയിംസ് താല്‍ക്കാലികമായി ഒരു ജോലി കണ്ടെത്തി സാമ്പത്തിക കാര്യങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ആലീസ് പതിയെ തന്റെ എഴുത്തിനോടുള്ള ആഗ്രഹത്തിലേക്ക് തിരിഞ്ഞു. രണ്ട് പതിറ്റാണ്ടിന്റെ പരിശ്രമമാണ് ആലീസ് മണ്‍റോയുടെ ആദ്യകഥാസമാഹാരത്തിനു പിന്നിലുണ്ടായിരുന്നത്. ആ രണ്ട് പതിറ്റാണ്ട് മാത്രമേ ജെയിംസ് മണ്‍റോയുമായുള്ള ദാമ്പത്യത്തിനും ആയുസ്സുണ്ടായിരുന്നുള്ളൂ. 1972-ല്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ അവര്‍ ദാമ്പത്യം അവസാനിപ്പിച്ചു. കഥകളുമായി ആലീസ് നാടുചുറ്റി, ഒപ്പം മൂന്നുപെണ്‍കുഞ്ഞുങ്ങളും. ആ കാലത്തെ അനുഭവങ്ങള്‍ ആലീസിന്റെ മകളായ ഷൈല മണ്‍റോ പുസ്തകമാക്കിയിട്ടുണ്ട്- 'Lives of Mothers and Daughters: Growing Up with Alice Munro എന്ന പേരില്‍.' ഓസ്‌ട്രേലിയയിലും ചൈനയിലും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ആലീസ് താമസിച്ചു കഥകളെഴുതി. എല്ലാ പ്രസിദ്ധീകരണങ്ങളും മാഗസിനുകളും ആലീസിനെ ആഘോഷിച്ചു. കഥകള്‍ അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഒരു വ്യാഴവട്ടക്കാലമായി മറവിരോഗം ബാധിച്ച് ഒരു മുറിയ്ക്കകത്തേക്ക് ചുരുങ്ങിക്കഴിയുമ്പോഴും ലോകം അവരുടെ കഥകള്‍ വായിക്കുകയും പഠിക്കുകയും ആലീസ് ടെക്‌നിക് ഇന്‍ റൈറ്റിങ്ങില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. സമകാലികചെറുകഥാസാഹിത്യത്തെ ഇടംകൈയിലിട്ട് അമ്മാനമാടിയ, ഒരോ കഥയും ഒരു നോവലിന്റെ കനവും ഘനവും സമ്മാനിച്ച ആലീസ് മണ്‍റോ ഓര്‍മയായിരിക്കുകയാണ്.
Content Highlights: alice munro canadian writer obituary maya kadathanadu
Published: 15 May 2024, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented