
കക്കട്ടില്‍: എഴുത്തുകാരനും കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനുമായിരുന്ന അക്ബര്‍ കക്കട്ടിലിന് ജന്മനാട്ടില്‍ സ്മാരകംനിര്‍മിക്കാനുള്ള ശ്രമം എങ്ങുമെത്തിയില്ല. സാംസ്‌കാരികവകുപ്പ് 2019-ല്‍ അരക്കോടിരൂപ അനുവദിച്ചിരുന്നെങ്കിലും അനുയോജ്യമായ സ്ഥലംകണ്ടെത്തി നല്‍കാത്തതുകാരണം തുക നഷ്ടമായി.
സ്മാരകനിര്‍മാണം നീളുന്നകാര്യം അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികത്തില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സാഹിത്യകാരന്‍ യു.എ. ഖാദര്‍ 2020-ല്‍ കോഴിക്കോട് നടന്ന അനുസ്മരണസമ്മേളനത്തില്‍ വളരെ വേദനയോടെ വാര്‍ത്ത പരാമര്‍ശിക്കുകയും സ്മാരകനിര്‍മാണം യാഥാര്‍ഥ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന് നേതൃപരമായ പങ്ക് വഹിക്കാന്‍ ജനപ്രതിനിധികളോ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരോ കാര്യമായശ്രമം നടത്താത്തതാണ് സ്മാരകനിര്‍മാണം യാഥാര്‍ഥ്യമാകാതെപോയതിന് കാരണം.
സാഹിത്യരചനകളിലൂടെ കക്കട്ടിലിന്റെയും കടത്തനാടിന്റെയും ഗ്രാമ്യഭാഷയുടെ തനിമ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനെ ജന്മനാട് അവഗണിക്കുന്നത് അദ്ദേഹത്തിന്റെ വായനക്കാരെ സങ്കടപ്പെടുത്തുന്നുണ്ട്. ജീവിതത്തിലും എഴുത്തിലും നര്‍മമധുരമായ ശൈലി കാത്തുസൂക്ഷിച്ച അദ്ദേഹം ദീര്‍ഘകാലം കക്കട്ടിലിനടുത്തുള്ള വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്നു.
വിപുലമായ ശിഷ്യസമ്പത്തും സഹപ്രവര്‍ത്തകരും സൗഹൃദവലയവും അദ്ദേഹത്തിനുണ്ടായിരുന്നിട്ടും ജന്മനാട്ടിലെ സ്മാരകനിര്‍മാണം യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തത് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പലതവണ ചര്‍ച്ചയായിട്ടുമുണ്ട്. വിദേശത്തും സ്വദേശത്തുമുള്ള അദ്ദേഹത്തിന്റെ സുഹൃദ് വ്യന്ദത്തെയും ശിഷ്യരെയും കൂട്ടിയിണക്കിയാല്‍ സ്മാരകം നിര്‍മിക്കാനുള്ളസ്ഥലം വിലക്കെടുക്കാന്‍ നിഷ്പ്രയാസം കഴിയും. ഇതിന് സ്ഥലം എം.എല്‍.എയോ, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോ മുന്‍കൈ എടുക്കണമെന്നുമുള്ള നിര്‍ദേശവും ഉയരുന്നുണ്ട്.
നോവല്‍, ചെറുകഥ, ഉപന്യാസം, നാടകം എന്നീ വിഭാഗങ്ങളിലായി നിരവധിരചനകളുടെ ഉടമ കൂടിയാണ് അദ്ദേഹം. രണ്ടുതവണ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് (സ്‌കൂള്‍ ഡയറി, വടക്കുനിന്നൊരു കുടുംബവൃത്താന്തം), മുണ്ടശ്ശേരി അവാര്‍ഡ്, സംസ്ഥാനടെലിവിഷന്‍ പുരസ്‌കാരം എന്നിവയ്ക്കും അദ്ദേഹം അര്‍ഹനായി. 2016 ഫെബ്രുവരി 17-ന് അറുപത്തിരണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്.
Content Highlights: Akbar Kakkattil, Monument, Mathrubhumi
Published: 17 Feb 2023, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented