കൊച്ചി: എ. അയ്യപ്പനെ പോലെ ഏറെ വ്യത്യസ്തമായ വഴികളിലൂടെ നടന്ന ഒരു കവി മലയാള കവിതയില്‍ ഉണ്ടാവില്ലെന്ന് കവി സെബാസ്റ്റ്യന്‍. എ. അയ്യപ്പന്റെ ഓര്‍മ്മദിനമായ ചൊവ്വാഴ്ച കാക്കനാട് മാതൃഭൂമി ബുക്സ്റ്റോറില്‍ എ. അയ്യപ്പന്‍ അനുസ്മരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അയ്യപ്പന്‍ നമ്മെ വിട്ടു പോയി രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ ഇരുപതോളം കുട്ടികള്‍ അദ്ദേഹത്തിന്റെ കവിത പഠിക്കാന്‍ തുടങ്ങി. ഇന്ന് കേരളത്തിന്റെ വിവിധ സര്‍വകലാശാലകളില്‍ 22-ഓളം പേര്‍ അദ്ദേഹത്തിന്റെ കവിതയെ കുറിച്ച് ഗവേഷണം നടത്തുന്നു. കവിതയില്‍ ജീവിതത്തിന്റെ എല്ലാം കണ്ടയാളാണ് അയ്യപ്പന്‍. അതിന്റെ വിചിത്ര ഭാവങ്ങളെ, മര്‍മങ്ങളെയെല്ലാം തന്റെ രക്തംകൊണ്ട് എഴുതിയ കവിതയിലൂടെ അദ്ദേഹം ആവിഷ്‌കരിച്ചു. മരിച്ചുകിടക്കുമ്പോള്‍പോലും അദ്ദേഹത്തിന്റെ കൈ മടക്കില്‍ ഒരു കവിത എഴുതിയത് ഉണ്ടായിരുന്നു. വീട്, കുടുംബം എന്നിവ നഷ്ടമായതിന്റെ വേദന അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു എന്നും സെബാസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,

വീടില്ലാത്ത ഒരുവനോട് വീടിനൊരു പേരിടാനും മക്കളില്ലാത്തൊരുവനോട് കുട്ടിക്കൊരു പേരിടാനും ചൊല്ലവേ, നീ കൂട്ടുകാരാ... രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെ തീ നീ കണ്ടുവോ എന്നതുള്‍പ്പെടെ അയ്യപ്പന്റെ കവിതകളും അദ്ദേഹം ചൊല്ലി. പരിപാടിയുടെ ഭാഗമായി കാവ്യ സായാഹ്നവുമുണ്ടായിരുന്നു. പി.എന്‍. സുനില്‍, ശിവശങ്കരന്‍ എന്നിവര്‍ അയ്യപ്പന്റെ കവിതകള്‍ അവതരിപ്പിച്ചു. സുബീഷ് തെക്കൂട്ട് തന്റെ അയ്യപ്പനെ കുറിച്ചെഴുതിയ കവിത അവതരിപ്പിച്ചു.

ഡോ. കെ.എസ്. ഹീര, സീമ അനിരുദ്ധന്‍, സി. വിശ്വകുമാര്‍, വി. ശശികുമാര്‍, കെ.വി. വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കഥക്കൂട്ട് ഇന്ന്

കാക്കനാട് മാതൃഭൂമി ബുക്സ്റ്റോറിലെ വായനക്കാരുടെ കൂട്ടായ്മയായ കഥക്കൂട്ട് ബുധനാഴ്ച വൈകീട്ട് 5.30-ന് നടക്കും. വായനക്കാര്‍ തങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതോടൊപ്പം കാക്കനാട് മാതൃഭൂമി ബുക്സ്റ്റോറിന്റെ വാട്സാപ്പ് ഗ്രൂപ്പിലെ വായനക്കാരുടെ അംഗത്വം 6 മാസത്തിനുള്ളില്‍ ആയിരം കടന്നതിന്റെ ആഘോഷവും നടക്കും. വിവരങ്ങള്‍ക്ക്: 81389 04214.