പതിറ്റാണ്ടുകളോളം റെയില്‍വേജീവനക്കാരായിരുന്നു എഴുത്തുകാരായ വൈശാഖനും ടി.ഡി. രാമകൃഷ്ണനും. വൈശാഖന്‍ 1963-ല്‍ തന്റെ 23-ാം വയസ്സില്‍ റെയില്‍വേയില്‍ ജോലിക്കുചേരുമ്പോള്‍ ടി.ഡി. രാമകൃഷ്ണന് രണ്ടുവയസ്സേ ആയിരുന്നുള്ളൂ. രാജ്യത്തെ വലുതും ചെറുതുമായ ഒട്ടേറെ സ്റ്റേഷനുകളില്‍ അവര്‍ ജോലിചെയ്തു. 

To advertise here,

അത്യന്തം വ്യത്യസ്തമായ റെയില്‍വേജോലി അവര്‍ക്ക് വിവിധങ്ങളായ ജീവിതങ്ങളെ പരിചയപ്പെടുത്തി. അവ കഥകളായി... ഏറെക്കാര്യങ്ങളില്‍ സമാനപശ്ചാത്തലമുള്ള ഈ എഴുത്തുകാര്‍ സംസാരിച്ചപ്പോള്‍ അതില്‍ സാഹിത്യവും ജീവിതവും റെയില്‍വേയും കൂടിക്കുഴഞ്ഞു...

ഇന്ത്യന്‍ റെയില്‍വേ പശ്ചാത്തലമായി എഴുതിയിട്ടുള്ളവരാണ് വൈശാഖന്‍ മാഷും ടി.ഡി. രാമകൃഷ്ണനും. അതിലേക്കു വരുന്നതിനുമുന്‍പൊരു ചോദ്യം. ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ റെയില്‍വേ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്? ഇന്ത്യയുടെ ദേശീയതയെ കൂടുതല്‍ സഹായിച്ചത് റെയില്‍വേയാണെന്ന് എഴുത്തുകാരന്‍ ആനന്ദ് പറഞ്ഞിട്ടുണ്ട്.

വൈശാഖന്‍: ആനന്ദ് പറഞ്ഞത് പൂര്‍ണമായും ശരിയാണ്. സൈനികനീക്കത്തിനുവേണ്ടിയാണ് ബ്രിട്ടീഷുകാര്‍ റെയില്‍വേ വികസിപ്പിച്ചതെങ്കിലും പിന്നീട്, സാധാരണക്കാരില്‍ രാഷ്ട്രബോധമുണ്ടാക്കാന്‍ അത് സഹായകമായിട്ടുണ്ട്. സാംസ്‌കാരികവൈവിധ്യങ്ങളുള്ള ഇന്ത്യയെ റെയില്‍വേ ഒന്നിപ്പിക്കുന്നു. കൂടാതെ, ഇന്നും ഏറ്റവും ചെലവുകുറഞ്ഞ യാത്രാമാര്‍ഗം റെയില്‍വേയാണ്. എന്തുകൊണ്ടാണ് തീവണ്ടിയുടെ മൂന്നാം ക്ലാസില്‍ യാത്രചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ നാലാം ക്ലാസ് ഇല്ലാത്തതുകൊണ്ട് എന്ന ഗാന്ധിജിയുടെ മറുപടി പ്രസിദ്ധമാണ്.

ടി.ഡി. രാമകൃഷ്ണന്‍: ഇന്ത്യയെ ഇന്ത്യയാക്കുന്നത് റെയില്‍വേയാണ്. പല ഭാഷകള്‍ സംസാരിക്കുന്നവരെ റെയില്‍വേ ഒന്നിപ്പിക്കുന്നു. ഇതില്‍നിന്ന് ഏകത്വം ഉണ്ടാകുന്നുണ്ട്. റെയില്‍വേ ജീവനക്കാര്‍ക്കാകട്ടെ പല ഭാഷകള്‍ സംസാരിക്കുന്നവരുമായി ബന്ധമുണ്ടാകുന്നുണ്ട്. ദക്ഷിണ റെയില്‍വേക്ക് തമിഴ്‌സംസ്‌കാരമുണ്ട്. ദക്ഷിണ റെയില്‍വേയുടെ അനൗദ്യോഗികമായ ഔദ്യോഗികഭാഷ തമിഴാണെന്ന് തമാശയായി പറയാറുണ്ട്. തമിഴ് അറിയാതെ ദക്ഷിണറെയില്‍വേയില്‍ ജോലിചെയ്യാന്‍ പ്രയാസമാണ്.

റെയില്‍വേയുടെ വിദൂരസ്റ്റേഷനുകളില്‍ മാറിമാറി ജോലിചെയ്യുന്നവര്‍ക്കും തീവണ്ടിയോടൊപ്പം അനേകം നാടുകളിലേക്ക് യാത്രചെയ്യേണ്ടിവരുന്ന ജീവനക്കാര്‍ക്കും 'സ്വദേശം' എന്നത് അപ്രസക്തമാകുമോ, അതോ ആ വികാരത്തിനുപകരം ദേശാതീതമായ കാഴ്ചപ്പാട് വികസിക്കുമോ? എഴുത്തുകാരന് അതെങ്ങനെ നേരിടാനാവും.

ടി.ഡി.: സ്വദേശം വികസിക്കുകയാണ് ചെയ്യുന്നത്. ഇല്ലാതാകുന്നില്ല. ലോകം വിശാലമാകുന്നു. കുന്നംകുളത്തിനടുത്ത ഇയ്യാല്‍ എന്ന ഗ്രാമത്തില്‍നിന്ന് ആലുവ യുസി കോളേജിലേക്കുപോയപ്പോള്‍ എന്റെ ലോകം അല്പം വികസിച്ചു. 20 വയസ്സു കഴിഞ്ഞപ്പോള്‍ റെയില്‍വേയില്‍ ജോലികിട്ടി. അതോടെ എന്റെ ലോകം വല്ലാത്ത വിസ്തൃതിയിലെത്തി. 19 സ്ഥലത്തായാണ് 35 കൊല്ലം ജോലിചെയ്തത്. ഇവിടങ്ങളിലെല്ലാം ബന്ധമുള്ള ആളുകളുണ്ടായി. 1984-'85 കാലത്ത് സേലം-ബാംഗ്ലൂര്‍ റൂട്ടില്‍ ജോലിചെയ്തിട്ടുണ്ട്.

രാവിലെ ആറിന് ബംഗാരപ്പേട്ടില്‍ എത്തുന്ന ട്രെയിനാണ്. അവിടെനിന്ന് ആറുമണിക്ക് കയറി ബാംഗ്ലൂരില്‍ സ്ഥിരമായി ജോലിക്കുപോയി തിരിച്ചുവരുന്നവരില്‍ ചിലരുമായി അന്നുണ്ടായിരുന്ന സൗഹൃദം ഇപ്പോഴുമുണ്ട്. അത് മുറിയാതെനില്‍ക്കുന്നു. ഈയൊരു ജോലിയല്ലായിരുന്നെങ്കില്‍ അതൊരിക്കലും സംഭവിക്കുമായിരുന്നില്ല. അക്കാലത്ത് കേരളത്തില്‍ നിന്ന് മിക്ക യുവാക്കളും ജോലി തേടിപ്പോയിരുന്നത് ഡല്‍ഹി, ബോംബെ, മദ്രാസ് തുടങ്ങിയ മെട്രോ സിറ്റികളിലേക്കായിരുന്നു. എന്നാല്‍, ഞങ്ങള്‍ പോയത് ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലേക്കാണ്. അക്കാലത്ത് മലയാളത്തില്‍ ഒരു കഷണം കടലാസ് വായിക്കാന്‍ കൊതിച്ചിട്ടുണ്ട്. ഞാന്‍ തമിഴ് പഠിച്ചത് അങ്ങനെയാണ്. മലയാളമില്ലെങ്കില്‍ തൊട്ടടുത്തുള്ള തമിഴെങ്കിലും എന്ന അവസ്ഥ.

കേരളത്തില്‍നിന്നുവരുന്ന തീവണ്ടിയാത്രക്കാര്‍ ഭക്ഷണം പൊതിഞ്ഞുകൊണ്ടുവരുന്ന പത്രക്കടലാസുകള്‍ പുറത്തേക്ക് വലിച്ചെറിയുമ്പോള്‍ അത് പെറുക്കിയെടുത്ത് കൊതിയോടെ വായിക്കുമായിരുന്നു. ചിലത് തലേദിവസത്തെ പത്രമായിരിക്കും. മാസങ്ങള്‍ പഴകിയതാവും മറ്റുചിലത്. ആ കാലത്ത് വാര്‍ത്തകളറിയാന്‍, നാടിനെ അറിയാന്‍ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. ഈ യാത്രകൊണ്ട് പലതരം മനുഷ്യരെ പരിചയപ്പെടാന്‍പറ്റി.

വൈശാഖന്‍: യാത്രചെയ്യുന്ന ജോലി ടി.ഡി.ക്ക് കിട്ടി എന്നത് വലിയ മെച്ചമായി. പലതരം ആളുകളെ പരിചയപ്പെടാന്‍പറ്റി. സ്റ്റേഷന്‍മാസ്റ്റെറെന്നു പറയുമ്പോള്‍ ഇതില്ല. 20 വര്‍ഷത്തെ സര്‍വീസില്‍ 48 സ്ഥലത്ത് ഞാന്‍ ജോലിചെയ്തിട്ടുണ്ട്. ഇതിനിടെ, ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ജനങ്ങളെ കണ്ടിട്ടുണ്ട്. അക്കാലത്ത്, ഗ്രാമങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ ആധുനികതയുടെ ഓരേയൊരു പ്രതിനിധിയാണ്. ടെലിഗ്രാം വായിച്ചുകൊടുക്കുക, കത്തില്‍ ഭര്‍ത്താവിന്റെ വിലാസം എഴുതിക്കൊടുക്കുക, ഏതു ഡോക്ടറെ കാണണമെന്ന് പറഞ്ഞുകൊടുക്കുക തുടങ്ങിയവയ്‌ക്കെല്ലാം നാട്ടുകാര്‍ വന്നിരുന്നത് സ്റ്റേഷന്‍മാസ്റ്ററുടെ അടുത്തേക്കായിരുന്നു. സ്വദേശം അപ്രസക്തമാകുന്നതിനു പകരം, ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ എല്ലായിടത്തും കാണാനാകുന്നു എന്നതാണ് പ്രധാനം. പിന്നെ, എന്റെ സ്വദേശത്തല്ല ഞാന്‍ കൂടുതലും ജീവിച്ചിട്ടുള്ളത്. മൂവാറ്റുപുഴയില്‍ കുട്ടിക്കാലം. ജോലിയുമായി വിദൂരദേശങ്ങളില്‍. സാഹിത്യ അക്കാദമി പ്രസിഡന്റായും മറ്റും ഏറെനാള്‍ തൃശ്ശൂരില്‍. ഇപ്പോള്‍ പാലക്കാട്ട് താമസവും. ഇതെല്ലാം ചേര്‍ന്നതാണ് എന്റെ സ്വദേശം. 

'റെയില്‍വേ എന്റെ അഹങ്കാരത്തെ പൊഴിച്ചുകളഞ്ഞു, അഹംബോധത്തെ ശക്തിപ്പെടുത്തുകയും ചെയ്തു' എന്ന് വൈശാഖന്‍ പറഞ്ഞിട്ടുണ്ട്. അതൊന്ന് വിശദീകരിക്കാമോ

വൈശാഖന്‍: ചെറിയ സ്റ്റേഷനുകളില്‍ ജോലിചെയ്യുമ്പോള്‍ ഡ്യൂട്ടികഴിഞ്ഞ് വീട്ടില്‍പ്പോകാന്‍ പറ്റില്ല. സ്റ്റേഷന്‍മാസ്റ്ററുടെ മുറികൂടാതെ സ്റ്റോര്‍മുറി മാത്രമേയുണ്ടാകൂ. അതിലാകെ മണ്ണെണ്ണയുടെ മണമാകും. അതിനാല്‍ പ്ലാറ്റ്ഫോമില്‍ സിമെന്റ് ബെഞ്ചിലാണ് രാത്രികിടപ്പ്. രജിസ്റ്ററുകള്‍ തലയണയാക്കും. വെളുപ്പിന് നാലുമണിക്കുള്ള പാസഞ്ചറുകളില്‍ കൂലിപ്പണിക്കുപോകേണ്ട പാവപ്പെട്ട മനുഷ്യരാണ് നമ്മുടെ അടുത്തബെഞ്ചില്‍ കിടക്കുന്നുണ്ടാവുക. അവര്‍ തമ്മിലുള്ള വര്‍ത്തമാനങ്ങള്‍ എനിക്ക് കഥയ്ക്ക് വിഷയമായിട്ടുണ്ട്. അവരോടുള്ള പരിചയമാണ് എന്റെ അഹംഭാവം ഇല്ലാതാകാനുള്ള പ്രധാനകാരണം. മറ്റൊന്ന്, നമുക്ക് അവിടെ വേറേ പരിചയക്കാരില്ല എന്നതാണ്.

നാട്ടുകാരുടെ ജീവിതാവസ്ഥ ഇത്ര ദയനീയമാണല്ലോ എന്ന് മനസ്സിലാക്കി. അതും അഹംഭാവമില്ലാതാക്കി. അഹംഭാവമില്ലാത്തതില്‍നിന്ന് ജനിക്കുന്നതാണ് അഹംബോധം. മനുഷ്യരുടെ ജീവിതം കാണുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്യുമ്പോള്‍ സംഭവിച്ചതാണത്. റസൂല്‍ എന്ന പാവപ്പെട്ട ഒരു പോര്‍ട്ടര്‍ ഉണ്ടാക്കിത്തന്നിരുന്ന ചോറ് ഞാനൊരിക്കലും മറക്കില്ല. വഴുതനങ്ങ, വെണ്ടക്ക, ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക് എല്ലാം ചേര്‍ത്താണ് ചോറുണ്ടാക്കുന്നത്. രുചി ശ്രദ്ധിക്കാതെ, നമ്മളറിയാതെ, അത് കഴിച്ചുപോകും. അതും നമ്മുടെ അഹങ്കാരത്തെ ഇല്ലാതാക്കും. 'മനുഷ്യനാകുക... മനുഷ്യനാകുക' എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും.

റെയില്‍വേജോലിയോടുള്ള അഭിനിവേശംകൊണ്ടല്ല നിങ്ങളിരുവരും റെയില്‍വേയില്‍ ചേര്‍ന്നത്. ഒരു തൊഴില്‍ എന്നനിലയില്‍ യാദൃച്ഛികമായി എത്തിപ്പെടുകയായിരുന്നു. അതിന്റെ വഴികള്‍ പറയാമോ.

ടി.ഡി.: 18 വയസ്സു കഴിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ഏതു ജോലി കണ്ടാലും അപേക്ഷിക്കുമായിരുന്നു. എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. ഇക്കാലത്ത് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നത് വലിയ ഗുണംചെയ്തു. വിഷയങ്ങളുടെ അടിസ്ഥാനം ഉറപ്പിക്കാന്‍ പറ്റി. ഡിഗ്രി അവസാനവര്‍ഷം ആയിരിക്കുമ്പോഴാണ് റെയില്‍വേ സര്‍വീസ് കമ്മിഷന്റെ പരസ്യം കണ്ടത്. കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഇടവേളയിലാണ് പരീക്ഷയെഴുതിയത്. അതുവരെ ഞാന്‍ തീവണ്ടിയില്‍ കാര്യമായി യാത്രചെയ്തിട്ടേയില്ല. ഇന്റര്‍വ്യൂവിന് അയച്ചുതന്ന പാസ് റിസര്‍വ് ചെയ്തുപോകാന്‍ കഴിയുമായിരുന്നു എന്നുപോലും എനിക്ക് അറിയുമായിരുന്നില്ല.

ഇന്‍ര്‍വ്യൂവിന് റെയില്‍വേയെപ്പറ്റി കുറെ പഠിച്ചുചെന്നു. പക്ഷേ, അതേപ്പറ്റി ഒന്നുംതന്നെ ചോദിച്ചില്ല. മഹാഭാരതം വായിച്ചിട്ടുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യംതന്നെ. അതോടെ കിട്ടില്ലെന്നുറപ്പായി. മഹാഭാരതത്തിലെ ശാന്തിപര്‍വം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. ആ ധൈര്യത്തില്‍ ഞാന്‍ യെസ് പറഞ്ഞു. ഇന്റര്‍വ്യൂ ചെയ്തയാള്‍ തുടര്‍ന്ന് മഹാഭാരതത്തിലെ ഒന്‍പത് ചോദ്യം തുടര്‍ച്ചയായി ചോദിച്ചു. ഭാഗ്യവശാല്‍ ഉത്തരമെല്ലാം പറയാനായി. പക്ഷേ, ജോലികിട്ടില്ലെന്നുറപ്പിച്ചാണ് തിരിച്ചുപോന്നത്. കാരണം, റെയില്‍വേ നിയമനത്തിലാകെ തിരിമറിയും അഴിമതിയുമാണെന്നായിരുന്നു നാട്ടില്‍ സംസാരം. പക്ഷേ, മെഡിക്കല്‍ ടെസ്റ്റിനു വിളിച്ചു. ആസ്മ ഉണ്ടായിരുന്നതിനാല്‍ അതും ജയിക്കുമോ എന്നും സംശയമായിരുന്നു. പക്ഷേ, ജയിച്ചു. അങ്ങനെ 1981 ഡിസംബര്‍ ഏഴിന് സേലം ജങ്ഷനില്‍ ടിക്കറ്റ് കളക്ടറായി ജോലിതുടങ്ങി.

വൈശാഖന്‍: ഞങ്ങള്‍ തമ്മില്‍ കുറെ സാമ്യവും വ്യത്യാസവും ഉണ്ടെന്നു പറഞ്ഞത് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായി. രണ്ടുപേരും പഠിച്ചത് ഫിസിക്സാണ്. പാരലല്‍ കോളേജില്‍ പഠിപ്പിച്ചതിന്റെ ഗുണം എനിക്കും കിട്ടിയിട്ടുണ്ട്. റെയില്‍വേ പരീക്ഷയ്ക്കുവന്ന ചോദ്യം മുഴുവനും എനിക്ക് എഴുതാന്‍പറ്റി. അഭിമുഖത്തിന് ചോദിച്ചത് ചന്ദ്രനിലേക്കുള്ള ദൂരം, സൂര്യനില്‍നിന്ന് ഒരു രശ്മി ഭൂമിയിലെത്താന്‍ എത്രസമയം, പ്രകാശത്തിന്റെ വേഗമെത്ര തുടങ്ങിയതരത്തിലുള്ളവയായിരുന്നു. 80 ശതമാനം ചോദ്യത്തിനും ശരിയുത്തരം പറഞ്ഞു. അല്പം പ്രതീക്ഷയോടെയാണ് പോന്നത്.

മെഡിക്കല്‍ ടെസ്റ്റ് ഒരു തമാശയായിരുന്നു. കടുത്ത ചൂടുകാരണം ഒപ്പമുണ്ടായിരുന്ന എട്ടുപേര്‍ക്കും പരിശോധനയ്ക്കുള്ള മൂത്രമെടുക്കാന്‍ കഴിഞ്ഞില്ല. ഒരാള്‍ക്ക് അതിനു പറ്റിയപ്പോള്‍ ബാക്കി എല്ലാവരും കുപ്പികള്‍ അയാളെ ഏല്‍പ്പിച്ചു. അതു കഴിഞ്ഞപ്പോള്‍ വേവലാതിയായി. അയാള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ എല്ലാവരും പുറത്താവും. ചെയ്തത് കള്ളത്തരമാണെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടു. 1964 ഫെബ്രുവരി 20-ന് വിജയവാഡയില്‍ റിപ്പോര്‍ട്ട് ചെയ്തു.

റെയില്‍വേയില്‍ ചേര്‍ന്നില്ലായിരുന്നെങ്കില്‍ ഞാന്‍ എഴുത്തുകാരനാവുമായിരുന്നില്ല. അങ്ങനെ പറയാമോ.

ടി.ഡി.: അങ്ങനെ തോന്നിയിട്ടില്ല. ഞാന്‍ വളരെ വൈകി എഴുതിത്തുടങ്ങിയ ആളാണ്. എന്റെ ആദ്യനോവല്‍ ആല്‍ഫ, 42-ാം വയസ്സിലാണ് എഴുതിയത്. അതുവരെ ഞാന്‍ കഥയോ കവിതയോ ലേഖനമോ എഴുതിയിട്ടില്ല. സാഹിത്യവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. യാദൃച്ഛികമായാണ് എഴുത്തിലേക്കുവന്നത്. പക്ഷേ, ധാരാളം വായിക്കുമായിരുന്നു.

വൈശാഖന്‍: റെയില്‍വേയില്‍ ചേര്‍ന്നില്ലെങ്കിലും എഴുത്തുകാരനാവുകയും തുടരുകയും ചെയ്യുമായിരുന്നു. പക്ഷേ, ഇത്തരം കഥാപശ്ചാത്തലം ഉണ്ടാകാന്‍ സാധ്യതയില്ലായിരുന്നു.

റെയില്‍വേയുള്ളിടത്തോളംകാലം പരാമര്‍ശിക്കപ്പെടുന്നതാണ് 1974-ലെ അഖിലേന്ത്യാ റെയില്‍ പണിമുടക്ക്. അത്തരമൊന്ന് അതിനുമുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല. ഈ സമരം ജീവിതവീക്ഷണത്തെ സ്വാധീനിച്ചിട്ടുണ്ടോ.

വൈശാഖന്‍: ഒരു പ്രക്ഷോഭം എങ്ങനെ മനുഷ്യനെ ഒറ്റപ്പെടുത്തുമെന്ന് പഠിച്ചു. എങ്ങനെ ഐക്യപ്പെടാം എന്നും പഠിച്ചു. ഐക്യത്തില്‍നിന്ന് കുറെപ്പേര്‍ പിരിഞ്ഞുപോകുമ്പോള്‍ ബാക്കിയുള്ളവര്‍ എങ്ങനെയാണ് ഒറ്റപ്പെടുന്നതെന്നും ഏകാന്തത അനുഭവിക്കുന്നതെന്നും ആ സമരം പഠിപ്പിച്ചു. സമരകാലത്ത് ഞാന്‍ 20 ദിവസം ഒളിവിലായിരുന്നു. റെയില്‍പ്പാളം എടുത്തുമാറ്റി എന്നതായിരുന്നു എന്റെപേരിലുള്ള വ്യാജ കേസ്. 30 പേര്‍ ഒരുമിച്ച് എടുത്താല്‍പൊങ്ങാത്ത പാളമാണ് ഞാനും മറ്റൊരാളും മാറ്റിയെന്നു പറയുന്നത്. സമരം 10 ദിവസം പിന്നിട്ടപ്പോഴേക്കും ആളുകള്‍ തിരിച്ചു ജോലിക്ക് കയറിത്തുടങ്ങി. ദൂരെ ട്രെയിന്‍പോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ നടുങ്ങി. സമരം പൊളിയുന്നതിന്റെ സൂചനയായിരുന്നു ആ ശബ്ദം. ആ സമരമാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ പ്രചോദനം.

ടി.ഡി.: സമരം കഴിഞ്ഞാണ് ഞാന്‍ ജോലിക്കുചേര്‍ന്നത്. ജീവിക്കാന്‍വേണ്ട കുറഞ്ഞവേതനത്തിനായിരുന്നു ആ സമരം. സമരം കഴിഞ്ഞ് ആ ഭയം നിലനില്‍ക്കുന്ന അന്തരീക്ഷത്തിലേക്കായിരുന്നു ഞാന്‍ ചെന്നത്. 'അഭയാര്‍ഥികള്‍' എന്ന എന്റെ കഥ ആ സമരത്തെപ്പറ്റിയാണ്. ആ സമരത്തെ അടയാളപ്പെടുത്തേണ്ടതുണ്ട് എന്നതുകൊണ്ടാണ് അതെഴുതിയത്. പില്‍ക്കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി സമീപിക്കുമ്പോള്‍ ആളുകള്‍ സഹകരിക്കാന്‍ മടിച്ചു. കാരണം തിരഞ്ഞപ്പോഴാണ് ചിലര്‍ പഴയസമരത്തിന്റെ ദുരിതാനുഭവങ്ങള്‍ പറഞ്ഞത്. രാഷ്ട്രീയവ്യത്യാസങ്ങള്‍ മറന്ന് തൊഴിലാളികള്‍ ചെയ്ത സമരത്തെ ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു. കരിനിയമങ്ങള്‍ നടപ്പാക്കി. സമരംചെയ്യുന്നവര്‍ ഒളിവില്‍പ്പോയാല്‍ കുടുംബത്തെ അര്‍ധരാത്രി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് വന്ന് പുറത്താക്കി ക്വാര്‍ട്ടേഴ്സുകള്‍ സീല്‍ചെയ്യും.

അന്ന് അനുഭവിച്ച പീഡനങ്ങള്‍ ഒരു മുതിര്‍ന്ന ജീവനക്കാരന്‍ എന്നോട് വിശദീകരിച്ചു. അദ്ദേഹം ഒളിവിലായിരിക്കേ, കുടുംബത്തെ ക്വാര്‍ട്ടേഴ്സില്‍നിന്ന് പുറത്താക്കി. എല്ലാവരുംകൂടി രാത്രി കാളവണ്ടിയില്‍ കൊഴിഞ്ഞാമ്പാറയ്ക്കടുത്തുള്ള ഭാര്യവീട്ടിലേക്കുപോന്നു. പശുക്കളെ അടുത്തവീടുകളില്‍ ഏല്‍പ്പിച്ചു. പുലര്‍ച്ചെ വീട്ടില്‍വന്നപ്പോള്‍ ഭാര്യയുടെ അച്ഛന്‍ മകളെമാത്രമേ സ്വീകരിക്കാന്‍ തയ്യാറായുള്ളൂ. കാരണം, ജീവനക്കാരനെ അറസ്റ്റുചെയ്ത വിവരങ്ങള്‍ അന്നത്തെ പത്രത്തില്‍നിന്ന് അദ്ദേഹം അറിഞ്ഞിരുന്നു. ആവശ്യമില്ലാതെ കൊടിപിടിക്കാന്‍ പോയിട്ടല്ലേ എന്നായിരുന്നു ചോദ്യം. വീട്ടില്‍ അഭയംകിട്ടാതെ തിരിച്ചുപോന്ന അവര്‍ പൊള്ളാച്ചി റോഡരികിലെ പുളിമരത്തിന്റെ ചുവട്ടില്‍ ചായക്കടനടത്തിയാണ് മൂന്നുകൊല്ലത്തോളം ജീവിച്ചത്. ജനതാ മന്ത്രിസഭ വന്നശേഷമാണ് ജോലി തിരിച്ചുകിട്ടിയത്. അതുതന്നെ പുതിയ നിയമനമായി പരിഗണിച്ച്. ഈ പറഞ്ഞ അനുഭവമാണ് 'അഭയാര്‍ഥികള്‍' എന്ന കഥ. അഞ്ചുശതമാനം മാത്രമാണ് കഥയില്‍ ഫിക്ഷനായി ചേര്‍ത്തിട്ടുള്ളത്. പല ജീവനക്കാരെയും തിരിച്ചെടുത്തത് വിദൂരസ്റ്റേഷനുകളിലേക്കായിരുന്നു. എളുപ്പത്തിലൊന്നും വീട്ടിലേക്കു വരാന്‍പറ്റില്ല.

റെയില്‍വേയില്‍ ഇപ്പോഴും മനുഷ്യത്വരഹിതമാണ് അധികാരസംവിധാനം. ഒരുതലത്തിലുള്ള ജീവനക്കാര്‍ തൊട്ടുതാഴെയുള്ളവരെ ദ്രോഹിക്കുന്ന സംവിധാനം. ചെറിയ പിഴവുകള്‍ക്കുപോലും ഏറെ ദ്രോഹിക്കുമായിരുന്നു.

വൈശാഖന്‍: സമരത്തില്‍ ജോലിപോയപ്പോള്‍ തൃശ്ശൂര്‍ സ്വദേശിയായ ഒരു സ്റ്റേഷന്‍മാസ്റ്റര്‍ ചായക്കട നടത്തിയാണ് ജീവിച്ചത്.

250-ലധികം കഥകളെഴുതിയിട്ടുണ്ട് വൈശാഖന്‍. അതില്‍ നാല്‍പ്പതോളം മാത്രമാണ് റെയില്‍വേ കഥകള്‍. ടി.ഡി.യുടെ പ്രധാന നോവലുകള്‍ റെയില്‍വേ പശ്ചാത്തലമല്ലാത്തതായുണ്ട്. എങ്കിലും വായനക്കാര്‍ അത് ഉയര്‍ത്തിപ്പിടിക്കുന്നത് എന്തുകൊണ്ടാവാം.

വൈശാഖന്‍: എന്റെ 35 കഥകളേ റെയില്‍വേ പശ്ചാത്തലമായുള്ളൂ. പക്ഷേ, റെയില്‍വേ ഒരു സവിശേഷ പശ്ചാത്തലമായതുകൊണ്ടാവാം അതേറെ ചര്‍ച്ചചെയ്യപ്പെട്ടത്. മാത്രമല്ല, മലയാളത്തില്‍ റെയില്‍വേ പശ്ചാത്തലമായ ആദ്യകഥ എന്റെ നിഴല്‍യുദ്ധമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. പക്ഷേ, റെയില്‍വേ കഥാകാരന്‍ എന്ന കള്ളിയിലൊതുക്കല്‍ എന്നെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷേ, രാമകൃഷ്ണന് ആ കുഴപ്പം നേരിടേണ്ടിവന്നിട്ടില്ല. റെയില്‍വേ വിഷയമായ നോവല്‍ -പച്ച, മഞ്ഞ, ചുവപ്പ്- എഴുതിയിട്ടുണ്ടങ്കിലും അതിനുമുന്‍പേ ഗംഭീരമായ നോവലുകള്‍ എഴുതിയിട്ടുള്ളതിനാലാണിത്.

എനിക്ക് പൊതുവേ രണ്ടു കുഴപ്പങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്ന്, റെയില്‍വേ കഥാകാരന്‍ എന്ന ഈ വിശേഷണം. റെയില്‍വേ കഥകളെക്കാള്‍ മികച്ച കഥകളെഴുതിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. രണ്ട്, ഞാന്‍ വഹിച്ച പദവികള്‍. സാഹിത്യ അക്കാദമി പ്രസിഡന്റ്, പുരോഗമനകലാസാഹിത്യ സംഘം പ്രസിഡന്റ്, തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നിവ. ഈ സ്ഥാനങ്ങള്‍ എന്റെ കഥയെ മറച്ചുകളഞ്ഞിട്ടുണ്ട്. അതിനുമുന്‍പ് അതുണ്ടായില്ല. എന്നെ ഒരു ചടങ്ങിനു വിളിച്ചാല്‍ പേരിനുതാഴെ, ഈ പദവിയാണ് എഴുതുന്നത്. കഥാകാരന്‍ എന്നുണ്ടാവില്ല. ഇപ്പോള്‍ പരിപാടികളുടെ സംഘാടകരോട് ഞാന്‍ നിര്‍ബന്ധമായി പറയാറുണ്ട്, കഥാകാരന്‍ എന്ന് എഴുതിയാല്‍ മതിയെന്ന്.

'ആസ്മ കാരണം അനുഭവിച്ച ക്ലേശത്തെക്കുറിച്ച് ഇരുവരും പല സന്ദര്‍ഭങ്ങളില്‍ എഴുതിയതുകൊണ്ട് ചോദിക്കുകയാണ്. ആസ്മ, എഴുത്തിനെയും ജീവിതത്തെയും സ്വാധീനിക്കുന്നതാണോ? വൈക്കം മുഹമ്മദ് ബഷീറിനെ ആസ്മ അലട്ടിയിരുന്നു.

വൈശാഖന്‍: കോവിലന്‍ പണ്ടു പറഞ്ഞിട്ടുണ്ട്; ആസ്മയില്ലാത്ത സമയത്തെ ആസ്മയാണ് കഥയെഴുത്ത് എന്ന്. എഴുത്ത് ഒരു വിമ്മിട്ടമാണല്ലോ. മാനസികസമ്മര്‍ദവും സ്‌നേഹമില്ലായ്മയുമെല്ലാം ആസ്മയ്ക്ക് കാരണമാവും. എഴുത്തുകാര്‍ സെന്‍സിറ്റീവ് ആയതിനാല്‍ അതൊരു അലര്‍ജി ഉണ്ടാക്കുന്നുണ്ടാവാം. ബഷീര്‍ അത് കാര്യമായി അനുഭവിച്ചിട്ടുണ്ട്. തണുപ്പുകൂടിയ സ്ഥലങ്ങളില്‍ ജോലിചെയ്യമ്പോള്‍ ആസ്മ കാരണം കഷ്ടപ്പെട്ടിട്ടുണ്ട് ഞാന്‍. എന്റെ ആദ്യ റെയില്‍വേ കഥയിലെ മുഖ്യകഥാപാത്രം ആസ്മക്കാരനായ സ്റ്റേഷന്‍മാസ്റ്ററാണ്.

ടി.ഡി.: എന്നെ വായനക്കാരനാക്കിയത് ആസ്മയാണ്. ഞാന്‍ പത്താം ക്ലാസ് ജയിക്കുംവരെ വീട്ടില്‍ വൈദ്യുതിയില്ല. റാന്തല്‍വിളക്കാണ്. എന്റെ അമ്മ എന്നെക്കാള്‍ ആസ്മ അനുഭവിച്ചിരുന്നു. ഇന്നത്തെപ്പോലെ മികച്ച മരുന്നുകളൊന്നും അന്നില്ല. അന്ന് കഴിച്ചിരുന്ന പലമരുന്നുകളും പില്‍ക്കാലത്ത് നിരോധിക്കുകയുണ്ടായി. കഴിച്ചാല്‍ തളര്‍ന്നുപോകുന്നവയായിരുന്നു ആ മരുന്നുകള്‍. പിന്നെ ചില പച്ചമരുന്നുകൂട്ടുകള്‍ കഴിച്ചിരുന്നു. വലിയ പ്രയോജനമൊന്നും അതുണ്ടാക്കാറില്ല. ആ കാലത്ത് വായനശാലയില്‍നിന്ന് രണ്ടു പുസ്തകം എടുത്തുകൊണ്ടുവരും. ഒന്ന് അമ്മയ്ക്കും മറ്റൊന്ന് എനിക്കും. ആസ്മ വന്നാല്‍ ഉറങ്ങാന്‍പറ്റില്ല. രാത്രിയാണ് അതേറ്റവും ഗുരുതരമാകുക. ഇരുന്ന് വെളുപ്പിക്കുകയേ നിവൃത്തിയുള്ളൂ. അപ്പോള്‍ വായനയാണ് ആശ്രയം. കനത്തിലുള്ള ബംഗാളി, റഷ്യന്‍ നോവലുകള്‍ എടുത്തുകൊണ്ടുവരും. അമ്മ പറയാറുണ്ട്, വല്യേ പുസ്തകം എടുത്തുകൊണ്ടു വാ, വീണ്ടും പോയി എടുക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന്. ആ പുസ്തകങ്ങള്‍ വായിച്ചാണ് ഞങ്ങള്‍ നേരംവെളുപ്പിച്ചിരുന്നത്. ഒന്ന് അമ്മ വായിക്കും. ഒന്ന് ഞാന്‍ വായിക്കും. പിന്നെ പരസ്പരം മാറി വായിക്കും. ആറാം ക്ലാസുമുതലാണ് ഞാന്‍ വായിച്ചുതുടങ്ങിയത്. ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ചു. അതിനുമുന്‍പേ വായന ശീലമായി. ഏതെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കാതെ പറ്റില്ലെന്നായി. ഇതെന്നെ സാഹിത്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. അമ്മയും ആസ്മയുമാണ് എന്നെ വായനയിലേക്കെത്തിച്ചതെന്നു പറയാം.

'വൈശാഖന്‍മാഷാണ് സാഹിത്യത്തില്‍ തന്റെ ഗുരുവെന്ന് ടി.ഡി. പറയുന്നു. അത് വിശദീകരിക്കാമോ.

ടി.ഡി: എല്ലാ അര്‍ഥത്തിലും എന്റെ ഗുരുനാഥനാണ് വൈശാഖന്‍മാഷ്. 2000-നുശേഷമാണ് ഒരു പുസ്തകം എഴുതണമെന്ന് തോന്നിയത്. എഴുതിയത് കുറെ മാറ്റിയെഴുതി. സ്വയം വിശ്വാസംവരുന്നതുവരെ. അങ്ങനെയൊരു ഘട്ടത്തിലാണ് എഴുത്തുപ്രതി വൈശാഖന്‍മാഷെ കാണിക്കുന്നത്. റെയില്‍വേയിലെ എഴുത്തുകാര്‍ക്ക് ആശ്രയം വൈശാഖന്‍മാഷായിരുന്നു. മാഷ് ഇതു വായിച്ച് പറയുന്ന അഭിപ്രായമനുസരിച്ച് എഴുത്ത് തുടരാമെന്നാണ് കരുതിയത്. കൊള്ളില്ല എന്നു പറഞ്ഞിരുന്നെങ്കില്‍ അവിടെ നിര്‍ത്തിയേനെ. എന്നാല്‍, എന്തായാലും പ്രസിദ്ധീകരിക്കണമെന്നാണ് മാഷ് പറഞ്ഞത്.

ഞാന്‍ അതു പ്രതീക്ഷിച്ചില്ല. വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. കൊള്ളാം, എങ്കിലും ചില തിരുത്തലുകള്‍ വേണം എന്നു പറയുമെന്നാണ് ഞാന്‍ കരുതിയത്. പ്രസിദ്ധീകരിച്ചുകഴിഞ്ഞ്, മാഷെക്കണ്ട് കോപ്പികൊടുക്കാന്‍ പോയി. അവതാരിക എഴുതിയത് മാഷായിരുന്നു. അതു വാങ്ങി എന്നോട് ചോദിച്ചു, ഇനിയെന്താ പരിപാടി എന്ന്. വലിയൊരു നോവലിന് പരിപാടിയുണ്ട്; അതിന് അഞ്ചാറുകൊല്ലം വേണ്ടിവരുമെന്നു പറഞ്ഞപ്പോള്‍, അതിനിടെ എന്തെങ്കിലും തുടര്‍ച്ചയായി എഴുതി മാസികകളില്‍ പ്രസിദ്ധീകരിക്കണമെന്നു പറഞ്ഞു. ഇങ്ങനെയൊരു എഴുത്തുകാരനുണ്ടെന്ന് വായനക്കാര്‍ അറിയട്ടെ എന്നായിരുന്നു ഉപദേശം. അതു ഞാന്‍ ഉള്‍ക്കൊണ്ടു. അങ്ങനെ തമിഴിലെ മനുഷ്യപുത്രന്‍ എന്ന പ്രസിദ്ധ എഴുത്തുകാരനെ ഇന്റര്‍വ്യൂ ചെയ്തു. പിന്നീട് 60 ഇന്റര്‍വ്യൂകള്‍ ചെയ്തിട്ടുണ്ട് ഞാന്‍.

തെലുങ്ക്, തമിഴ് ഭാഷകളില്‍നിന്ന് പരിഭാഷചെയ്തു. ഈ സമയം എനിക്കൊരു 'ഇന്‍ഫോര്‍മല്‍ സാഹിത്യവിദ്യാഭ്യാസം' ആയിരുന്നു. കരുണാനിധി, ബാലു മഹേന്ദ്ര. ഇളയരാജ, ഭാരതിരാജ, ഗദ്ദര്‍ തുടങ്ങിയവരെയെല്ലാം അഭിമുഖം ചെയ്തു. വീരപ്പന്റെ ഭാര്യയെ ഇന്റര്‍വ്യൂചെയ്തു. 'അദ്ദേഹത്തിന് (വീരപ്പന്) റെയില്‍വേയില്‍ ധാരാളം ബന്ധങ്ങളുണ്ടെന്ന്' അന്ന്, അവര്‍ പറഞ്ഞത് എന്നെ ഞെട്ടിച്ചു.

അഭിമുഖംചെയ്യുമ്പോള്‍ ഒരുകാര്യം ഞാന്‍ തീരുമാനിച്ചിരുന്നു. ഞാന്‍ ആരെയാണോ ഇന്റര്‍വ്യൂ ചെയ്യുന്നത്, അയാള്‍ ആഗ്രഹിക്കാത്ത ഒരു വാക്കുപോലും അതില്‍ വരരുത്. അബദ്ധത്തില്‍ നാക്കുപിഴകൊണ്ടോ മറ്റോ പറയുന്നത് ചൂണ്ടിയെടുത്ത് വിവാദമാക്കാറില്ല. അതെന്റെ വിശ്വാസത്തിന് ചേര്‍ന്നതല്ല. വിവാദമാകാനിടയുള്ള ചില കാര്യങ്ങള്‍ പ്രമുഖര്‍ പറഞ്ഞിരുന്നു. അതൊന്നും ഞാന്‍ പ്രസിദ്ധീകരണത്തിന് ഉപയോഗിച്ചില്ല.

'നമുക്ക് ചിന്തകളില്‍ എത്ര വേണമെങ്കിലും അരാജകത്വം കാണിക്കാം. ജീവിതത്തില്‍ അരുത്' എന്ന് വൈശാഖന്‍മാഷ് ടി.ഡി.യോട് പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന്/കലാകാരന് അരാജകത്വത്തില്‍നിന്ന് പൂര്‍ണമായി ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

വൈശാഖന്‍: എഴുത്തില്‍ അരാജകത്വമുണ്ടെങ്കിലേ, നമുക്ക് ഒരു ബ്രേക്ക് സൃഷ്ടിക്കാന്‍ കഴിയൂ. രാമകൃഷ്ണന്റെ ഇട്ടിക്കോര ഉണ്ടായത് എഴുത്തില്‍ അരാജകത്വമുള്ളതുകൊണ്ടാണ്. എഴുത്തുകാരുടെ ഉള്ളില്‍ അതുണ്ട്. പക്ഷേ, ജീവിതത്തില്‍ അതരുത്. കാരണം, എ. അയ്യപ്പനും ജോണ്‍ അബ്രഹാമും തകര്‍ന്നത് ജീവിതത്തിലെ അരാജകത്വം കാരണമാണ്. ഒ.എന്‍.വി. കുറുപ്പിന് ജീവിതത്തില്‍ അരാജകത്വമില്ല. പക്ഷേ, മനോഹരമായ കവിതകളാണ് അദ്ദേഹം എഴുതിയത്. നാടകഗാനങ്ങളില്‍ വിപ്ലവം കൊണ്ടുവന്നത് ഒ.എന്‍.വിയല്ലേ. സാധാരണജനങ്ങളിലേക്ക് എത്തിയാലേ അതിന് പ്രയോജനമുണ്ടാവൂ. അത്തരക്കാരോടാണ് എനിക്ക് മതിപ്പ്. അരാജകവാദത്തിലുള്ളവര്‍ കുടുംബത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും കുഴപ്പത്തിലാക്കുന്നു.