2024-ലെ ഒ.എന്‍.വി പുരസ്‌കാരം ഒഡിഷ എഴുത്തുകാരിയും ജ്ഞാനപീഠജേതാവുമായ പ്രതിഭാറായിക്ക്. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം മെയ് 27 ന് ഒ.എന്‍.വിയുടെ ജന്മദിനത്തില്‍ തിരുവനന്തപുരത്ത് വെച്ച് സമ്മാനിക്കും. പതിനൊന്നാം വയസ്സുമുതല്‍ എഴുത്തില്‍ സ്വന്തമായൊരു ലോകം സൃഷ്ടിച്ച പ്രതിഭാറായ് വ്യക്തിജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സംസാരിക്കുന്നു. 

To advertise here,

മലയാള വായനക്കാര്‍ തങ്ങളുടെ എഴുത്തുകാരിയായി അംഗീകരിച്ച ഒരാളാണ് പ്രതിഭാറായ്. ഒ.എന്‍.വി സാഹിത്യപുരസ്‌കാരം താങ്കളെത്തേടി വന്നിരിക്കുകയാണ്. എന്താണ് പ്രതികരണം.

 ഇന്ത്യയിലെ തന്നെ മഹാനായ ഒരു കവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ, മലയാള ഭാഷയില്‍ നിന്നുള്ള പുരസ്‌കാരം ഏറെ സന്തോഷം തരുന്നു. ഒ.എന്‍.വിയെ വ്യക്തിപരമായി പരിചയപ്പെടാനും അടുത്തറിയാനുമുള്ള അവസരങ്ങള്‍ എനിക്ക് ധാരാളം ലഭിച്ചിട്ടുണ്ട്. ഏറെ വിനയത്തോടെയും നന്ദിയോടെയും പുരസ്‌കാരം ഏറ്റുവാങ്ങാനായി ഞാന്‍ കേരളത്തിലെത്തും. 

കേരളത്തിലെ സാഹിത്യസമ്മേളനങ്ങളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ മികച്ച അവസരങ്ങള്‍ പ്രതിഭാറായിക്ക് ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ.

വിവര്‍ത്തനങ്ങളിലൂടെ മലയാളത്തിലെ മികച്ച എഴുത്തുകാരെ വായിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാഹിത്യത്തിന് വളരെ മഹത്തായ സംഭാവനകള്‍ മലയാള സാഹിത്യം നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജ്ഞാനപീഠ പുരസ്‌കാര ജേതാക്കളുള്ളത് മലയാളത്തിലാണ് എന്നോര്‍ക്കണം. നിങ്ങള്‍ ധാരാളം സാഹിത്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ്. 

മലയാളഭാഷയിലെ എഴുത്തുകാരിലൊരാളെപ്പോലെ തന്നെ വായനക്കാര്‍ എന്നെയും ഉള്‍ക്കൊണ്ടതില്‍ ഞാന്‍ ചരിതാര്‍ഥയാണ്. ഈയിടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ എഴുപതാം വാര്‍ഷികാഘോഷവേളയില്‍ ഒരു മലയാളം എഴുത്തുകാരന്‍ എന്നെ വിശേഷിപ്പിച്ചത് പ്രതിഭ റായ് കേരളത്തിന്റെ എഴുത്തുകാരിയാണ് എന്നാണ്. അതെന്നെ വല്ലാതെ ആനന്ദിപ്പിക്കുകയും കൂടുതല്‍ വിനയാന്വിതയാക്കുകയും ചെയ്തു. വായനാ സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്ന വളരെ വിവേകമുള്ള സമൂഹമാണ് കേരളത്തിനുള്ളത്.

എഴുത്തിനെ ഗൗരവമായിട്ട് കാണാന്‍ തുടങ്ങിയതെപ്പോഴാണ്.

പതിനൊന്നാമത്തെ വയസ്സില്‍ പ്രമുഖ ദിനപത്രങ്ങളിലെ ബാലപംക്തികളില്‍ എഴുതിക്കൊണ്ടാണ് ഞാന്‍ ആരംഭിക്കുന്നത്. കോളേജ് വിദ്യാഭ്യാസ കാലം വരെ കവിതകളായിരുന്നു എഴുതിക്കൊണ്ടിരുന്നത്. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കേ പതിയെ നോവലിലേക്ക് ചുവടുമാറ്റി. ഒരു ഡോക്ടറായി കാണാനായിരുന്നു എന്റെ അച്ഛന്റെ ആഗ്രഹം. പക്ഷേ കുട്ടിക്കാലം തൊട്ടേ ഞാന്‍ സ്വപ്‌നം കണ്ടത് മുഴുവന്‍ ഒരു കവിയാവാനായിരുന്നു. ഘട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നേടിയ ഞാന്‍ രക്ഷിതാക്കളെ അറിയിക്കാതെ ഘട്ടക്കില്‍ത്തന്നെയുള്ള റാവന്‍ഷോ കോളേജില്‍ ബി.എസ്.സി ബോട്ടണിയ്ക്ക് ചേര്‍ന്നു. 

കോളേജില്‍ പഠിക്കുന്ന കാലത്ത് കവിതയോടൊപ്പം തന്നെ കഥകളും എഴുതുമായിരുന്നു. ആദ്യകഥ വായിച്ച് എല്ലാവരും അഭിനന്ദിച്ചു. 1974-ലാണ് ആദ്യത്തെ നോവല്‍ എഴുതുന്നത്. അതിന് ഒഡിയ വായനക്കാരില്‍ നിന്നും നല്ല പ്രതികരണവും പ്രശംസയും കിട്ടി. അതെനിക്ക് വലിയ ഊര്‍ജമായിരുന്നു. ഒന്നിനുപിറകേ ഒന്നായി വിവിധ വിഷയങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചചെയ്തുകൊണ്ട് തുടരെത്തുടരേ എഴുതി. സാമൂഹികവിവേചനം, ലിംഗവിവേചനം, അന്ധവിശ്വാസം, അധസ്ഥിതരോടുള്ള അടിച്ചമര്‍ത്തല്‍, അധികാരസ്ഥാപനം തുടങ്ങി എല്ലാ സാമൂഹിക പ്രശ്‌നങ്ങളോടും നോവലിലൂടെ സംവദിച്ചു. ശിലായുഗത്തിലെയും വേദയുഗത്തിലെയും പുരാണയുഗത്തിലെയും ചരിത്രാതീതകാലത്തെയും ആധുനികയുഗത്തിലെയും മനുഷ്യരുമായി എന്റെ കഥാപാത്രങ്ങള്‍ സംവദിച്ചു. അവയില്‍ അധിക നോവലുകള്‍ക്കും മലയാളപരിഭാഷയും വന്നു.

ഒഡിഷ സാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ 'ശിലാപദ്മ' എന്ന നോവല്‍ കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ എഴുതിയതാണ്. വ്യാസന്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് രചിച്ച മഹാഭാരതത്തിലെ 'യാജ്ഞസേനി' എന്ന കഥാപാത്രത്തിലാണ് എന്റെ ആത്മീയവിമര്‍ശനം ഞാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിലെ ഒരു നാടകത്തിലാണ് പിന്നീട് ഞാന്‍ യാജ്ഞസേനിയെ കാണുന്നത്. അവര്‍ ദ്രൗപദിയെ ചിത്രീകരിച്ച രീതി കണ്ടപ്പോള്‍ സമൂഹം ദ്രൗപദിയെ മനസ്സിലാക്കിയിരിക്കുന്നത് വളരെ മോശം മനോഭാവത്തോടുകൂടിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിനെതിരെയുള്ള ശക്തമായ പ്രതികരണമായിരുന്നു 'യാജ്ഞസേനി' എന്ന നോവല്‍. മുപ്പത്തിയെട്ടാമത്തെ വയസ്സിലാണ് ഞാനതെഴുതുന്നത്. പ്രണയവും സമാധാനവും സാംസ്‌കാരിക അഖണ്ഡതയുമുള്ള യുദ്ധാതീത മാനുഷിക സംസ്‌കാരത്തെയാണ് എന്റെ യാജ്ഞസേനി പ്രതിനിധാനം ചെയ്തത്. തുടര്‍ന്ന് ആദിഭൂമിയും മഹാമോഹവും മഗ്നമതിയും ദ ലാസ്റ്റ് ഗോഡും എഴുതി.  

അധ്യാപികയും പ്രൊഫഷണല്‍ സൈക്കോളോജിസ്റ്റുമാണ് താങ്കള്‍. ജോലി എഴുത്തിനെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചിരുന്നോ.

തത്വചിന്തകനോ സൈക്കോളജിസ്റ്റിനോ എഴുത്തുകാരാവാന്‍ കഴിഞ്ഞെന്നുവരില്ല. പക്ഷേ ഒരു എഴുത്തുകാര്‍ തത്വചിന്തകനും സൈക്കോളജിസ്റ്റുമായിരിക്കണം. എഡ്യുക്കേഷണല്‍ സൈക്കോളജിയും അബ്‌നോര്‍മല്‍ സൈക്കോളജിയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തതിലൂടെ ഒരുപാട് കഥാപാത്രങ്ങളെ എനിക്ക് കൃത്യമായ മാനസികാവസ്ഥയിലൂടെ അവതരിപ്പിക്കാന്‍ പറ്റിയിട്ടുണ്ട്. ജീവിതത്തിലായാലും നോവലിലായാലും മനുഷ്യരുടെ സങ്കീര്‍ണമായ മാനസികാവസ്ഥകളാണ് നാം കാണുന്നത്. 

placeholder
പ്രതിഭാറായ് / ഫോട്ടോ: കെ.കെ സന്തോഷ്‌

യാത്രകളാണ് പ്രതിഭാറായിയുടെ മറ്റൊരു ഇഷ്ടം. യാത്ര ചെയ്യുമ്പോള്‍ സാരിയില്‍ മാത്രം യാത്ര ചെയ്യുക എന്നത് താങ്കള്‍ ഒരു പോളിസിയായി എടുത്തിട്ടുള്ളയാളാണ്.  

ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. എന്റെ ദേശീയ വസ്ത്രമായ സാരി, അതും ഒഡിഷ സാരികള്‍, ഉടുത്തുകൊണ്ട് യാത്രചെയ്യുമ്പോള്‍ ആളുകള്‍ എന്റെ സ്വത്വത്തെ തിരിച്ചറിയുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുണ്ട്. 1995-ല്‍ നോര്‍വേയിലെ ട്രോംസോ യുണിവേഴ്‌സിറ്റിയില്‍ ഒരു അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ സംഭവമാണ് ഓര്‍മ വരുന്നത്. എസ്‌കിമോകള്‍ താമസിക്കുന്ന ഒരു ഗ്രാമം സന്ദര്‍ശിക്കാന്‍ എനിക്ക് അതിയായ ആഗ്രഹം തോന്നി. ഒപ്പമുണ്ടായിരുന്നവര്‍ക്കാര്‍ക്കും തന്നെ കുന്നും മലയും താണ്ടി വെറുതേ പണം കളയേണ്ടതില്ല എന്ന മനോഭാവമായിരുന്നു. അവര്‍ക്കെല്ലാം ഷോപ്പിങ്ങിന് പോകാനും സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുമായിരുന്നു കൂടുതല്‍ താല്‍പര്യം. എന്റെ സ്വന്തം റിസ്‌കില്‍ ഞാന്‍ എസ്‌കിമോകളുടെ ഗ്രാമത്തില്‍ പോയി തിരിച്ചുവരുമ്പോള്‍ ടൂറിസ്റ്റ് ബസ്സുകാര്‍ എന്നെയൊരു കടല്‍ത്തീരത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി. അവിടെ നിന്നാണ് താമസം ഏര്‍പ്പാടാക്കിയിട്ടുള്ള ഹോട്ടലിലേക്ക് കണക്ഷൻ ബസ് കിട്ടുക. സമയം പാതിരയായി. വിജനമായ സ്ഥലം. ടാക്‌സികള്‍ ടൂറിസ്റ്റുകളെ നോട്ടമിട്ടിരിക്കുന്നു. ഞാന്‍ ഉടന്‍ തന്നെ ടാക്‌സി വിളിക്കും എന്ന പ്രതീക്ഷയോടെ ചില ഡ്രൈവര്‍മാര്‍ എന്നെത്തന്നെ നോക്കുന്നുണ്ട്. ചിലര്‍ വന്ന് ഞാന്‍ താമസിക്കുന്ന സ്ഥലം എവിടെയാണെന്ന് അന്വേഷിച്ചു. ഹോട്ടലില്‍ കൊണ്ടുവിടാമെന്ന് ചിലര്‍ പറഞ്ഞു. ഞാന്‍ അതെല്ലാം നിരസിച്ചുകൊണ്ട് എന്റെ ബസ് വരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ബസ് പോയ്ക്കഴിഞ്ഞുവെന്ന സത്യം എനിക്കറിയില്ലായിരുന്നു. ബസ് ട്രിപ് അവസാനിപ്പിക്കുന്ന സമയമായിട്ടില്ല എന്ന ആശ്വാസം മാത്രമായിരുന്നു തുണ. ഒരു വലിയ കാര്‍ എന്റെ മുമ്പില്‍ വന്നുനിന്നു. അതില്‍ നിന്നും ആജാനുബാഹുവായ ഒരു മനുഷ്യന്‍ ഇറങ്ങിവന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വന്ന ഇന്ത്യന്‍ പാര്‍ട്ടിസിപ്പന്റാണ് ഞാനെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ലാംഗ്വേജ് ഡിപ്പാര്‍ട്ടുമെന്റില്‍ വെച്ച് അദ്ദേഹം എന്നെ കണ്ടിരുന്നു. അദ്ദേഹം എന്നെ ഹോട്ടലില്‍ വിടാമെന്ന് പറഞ്ഞു. പക്ഷേ എനിക്കത് അനുസരിക്കാന്‍ തോന്നിയില്ല. പ്രശ്‌നമാക്കണ്ട, എന്റെ ബസ് ഉടന്‍ വരുമെന്ന് ഞാനദ്ദേഹത്തോടു പറഞ്ഞു. ഹോട്ടലില്‍ വിടാമെന്ന് അത്യന്തം വിനയത്തോടെ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നെങ്കിലും ഞാന്‍ അതിവിനയത്തോടെ ആ ഓഫര്‍ നിരസിച്ചു. പക്ഷേ ബസ്സുവരുന്നതുവരെ അദ്ദേഹം എനിക്കുവേണ്ടി അവിടെത്തന്നെ നിന്നു. ബസ്സ് വന്നപ്പോള്‍ ഞാനദ്ദേഹത്തോട് നന്ദി പറഞ്ഞുകൊണ്ട് കയറി. പിറ്റേ ദിവസം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഞാനദ്ദേഹത്തെ കണ്ടു. ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു. സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന ഇന്ത്യക്കാരിയാണ് ഞാന്‍ എന്ന് അദ്ദേഹം എന്നെ തിരിച്ചറിയുന്നതില്‍ സാരി ഒരു പ്രധാന ഘടകമായി.

താങ്കളുടെ നാട്ടിലെ പലതും മലയാളത്തിന്റെ അഭിരുചിയുമായി അടുത്തുനില്‍ക്കുന്നവയാണ്. അതുപോലെ ആഖ്യായിക എന്നാണ് താങ്കള്‍ വീടിന് പേരിട്ടിരിക്കുന്നത്. നോവല്‍ എന്നര്‍ഥം വരുന്ന പേര്. 

എന്റെ നാടായ ഒഡിഷയ്ക്ക് മഹത്തായൊരു ചരിത്രപശ്ചാത്തലമുണ്ട്. പ്രകൃതിവിഭവങ്ങളാലും പ്രകൃതിമനോഹാരിതയാലും സമ്പന്നമാണ് എന്റെ നാട്. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന്റെ ശില്പചാരുതയാലും വാസ്തുഭംഗിയാലും പ്രശസ്തമാണ് ഒഡിഷ. ക്ഷേത്രങ്ങളുടെ നാടാണിത്. ഒഡിയ സാഹിത്യം വളരെ പുരാതനവും ഇന്ത്യന്‍ ഭാഷകള്‍ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയവയുമാണ്. ഒഡീസി സാരിയും ഒഡീസി നൃത്തവും ലോകപ്രശസ്തമാണ്. ഇവിടത്തെ നെയ്ത്തുകാര്‍ അവരുടെ പരമ്പരാഗത ജോലി ചെയ്യുക മാത്രമല്ല, സര്‍ഗാത്മകതമായ കലാസൃഷ്ടികള്‍ കോട്ടണ്‍സില്‍ക്കുകളില്‍ അനാവൃതമാക്കുകയാണ് ചെയ്യുന്നത.് ഒഡിയക്കാന്‍ സ്വതവേ സമാധാനപ്രിയരും ആതിഥേയത്വം ഇഷ്ടപ്പെടുന്നവരുമാണ്. ഒഡിഷയിലെ സംസ്‌കൃതകവി ജയദേവന്റെ ഗീതാഗോവിന്ദവും മറ്റ് കവികളുടെ ക്ലാസിക്കല്‍ ഗീതങ്ങളുമാണ് ഞങ്ങളുടെ സംഗീതത്തിന്റെ അടിസ്ഥാനം. ഒഡിഷയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഈ അഭിമുഖം മതിയാവില്ല നമുക്ക്. 

ആഖ്യായിക എന്ന് ഞാന്‍ വീടിന് പേരിട്ടിരിക്കുന്നതുതന്നെ സാഹിത്യത്തോടുള്ള എന്റെ ഇഷ്ടം കൊണ്ടാണ്. നോവല്‍ എന്നര്‍ഥം വരുന്ന വീട് അനേകമനേകം പൂക്കളാലും ഫലവൃക്ഷങ്ങളാലും വള്ളിച്ചെടികളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് സ്വന്തമായൊരു അടുക്കളത്തോട്ടവുമുണ്ട്. എല്ലാ സീസണിലും വിവിധ നിറങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന മൂന്നു ആമ്പല്‍ക്കുളങ്ങളുണ്ട് ഇവിടെ. എന്റെ ബാല്യകാലസ്മരണകള്‍ കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് ഞാന്‍ ചെടികളും വള്ളികളും ഫലവൃക്ഷത്തൈകളും നട്ടുസൂക്ഷിക്കുന്നത്. എല്ലാ ഗൃഹങ്ങളിലും ഒരു തുളസിത്തറയും അതിനുമുകളില്‍ വൃന്ദാദേവിയുടെ ചെറിയൊരു സിമന്റ് പ്രതിമയും സ്ഥാപിച്ചിരിക്കും. എല്ലാദിവസവും വൃന്ദാദേവിയെ അവര്‍ തുളസിത്തറയില്‍ വെച്ചാരാധിക്കും. ഞാനും അതു ചെയ്യുന്നുണ്ട്. ഏതൊരു എഴുത്തുകാരുടെയും ആഗ്രഹം പോലെ എനിക്കും ഒരു ലൈബ്രറിയുണ്ട്. ആഖ്യായിക രണ്ടുനിലയുള്ള ഒരു വീടാണ്. എം.ടി വാസുദേവന്‍ നായര്‍ വീട് സന്ദര്‍ശിച്ചത് ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. അദ്ദേഹം എന്നെക്കുറിച്ച് സഹോദരി എന്നാണ് മറ്റുള്ളവരോട് പറയാറ്.  

കടുത്ത നിശ്ചയദാര്‍ഢ്യമുള്ള, എന്നാല്‍ മൃദുഭാഷിയായ ഒരു വ്യക്തിത്വമാണ് പ്രതിഭാ റായിയുടേത്. എടുത്ത തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കുക പ്രയാസം. വീട്ടിനകത്തെ പ്രതിഭാ റായിയെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്.

മടികാരണം സമയം വെറുതേ കളയുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. വളരെ ലളിതവും എണ്ണ കുറഞ്ഞതുമായ ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കാനാണ് എനിക്കിഷ്ടം. ജീവിതശൈലിയില്‍ ഞാന്‍ വളരെ അച്ചടക്കം പാലിക്കാറുണ്ട്. എന്റെ എല്ലാ മക്കളും ഈ ഡയറ്റ് പിന്തുടരുന്നുണ്ട്. ഗോസിപ്പുകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന തീരുമാനം വളരെ ശക്തമായിട്ടുതന്നെ നടപ്പാക്കാന്‍ കഴിഞ്ഞതിനാല്‍ അയല്‍ക്കാരുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. വായനാശീലം ഞാന്‍ നിലനിര്‍ത്തിയതിനാല്‍ കുട്ടികളിലും അത് നല്ല സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാവരും നന്നായി വായിക്കുന്നവരാണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഞാന്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുകയും ഡയറിയെഴുതുകയും ചെയ്യാറുണ്ട്. വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് എന്റെ മറ്റൊരു ഹോബി. ഗാര്‍ഡനിങ്ങും യാത്രകളും ഫോട്ടോഗ്രാഫിയുമെല്ലാം പ്രധാനപ്പെട്ട ഹോബികളാണ്. എല്ലാ ദിവസവും നടക്കാന്‍ പോകും. വ്യായാമം ചെയ്യും. എനിക്കൊരിക്കലും ഒന്നിലും മടുപ്പ് വന്നിട്ടില്ല. കാരണം എല്ലാറ്റിനെയും അതിസൂക്ഷ്മതയോടെ നിരീക്ഷിക്കുക എന്നത് എന്റെ ശീലമാണ്. എന്റെ മകള്‍ അദ്യാഷ ഒരു പാട്ടുകാരിയും ദ്വിഭാഷാ എഴുത്തുകാരിയുമാണ്. ഓടക്കുഴലും മെലഡികളും കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്. 

വൃത്തിയായി ചിത്രീകരിച്ചിട്ടുള്ളതും ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമായ സിനിമകള്‍ ഞാന്‍ കാണാറുണ്ട്. വാര്‍ത്തകള്‍ കൃത്യമായി കാണുന്നതോടൊപ്പം നാഷണല്‍ ജ്യോഗ്രഫിക് ചാനലും ഹിസ്റ്ററി ചാനലും ഡിസ്‌കവറി ചാലും കാണാറുണ്ട്. എന്റെ പേരക്കുട്ടി അക്ഷര്‍ അവധിക്കാലത്ത് വരുമ്പോള്‍  അവനോടൊപ്പം ക്രിക്കറ്റു കാണുന്നതാണ് അടുത്ത വിനോദം. മരുമക്കളോടൊപ്പം ലുഡോ കളിയും അക്ഷരമാല കളിയിലും ഏര്‍പ്പെടാറുണ്ട്. അവര്‍ വീട്ടില്‍ വരുമ്പോള്‍ എന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് അവര്‍ക്കൊപ്പം ഇരിക്കുകയാണ് പതിവ്. വീട് അകത്തോ പുറത്തോ ഒച്ചയിട്ട് സംസാരിക്കുന്നതോ ഷൗട്ട് ചെയ്യുന്നതോ എനിക്കിഷ്ടമില്ല. 29 വര്‍ഷം കോളേജില്‍ പഠിപ്പിക്കുകയും ആറുവര്‍ഷം ഒഡിഷ പി.എസ്.സി അംഗമായി ഇരിക്കുകയും ചെയ്തു. ഓഫീസിലും സാംസ്‌കാരിക സമ്മേളനങ്ങളിലും കൃത്യനിഷ്ഠത പാലിച്ചുപോരുന്നതില്‍ അതീവ ശ്രദ്ധ ഞാന്‍ പുലര്‍ത്തിയിട്ടുണ്ട്. ഞാന്‍ നിത്യേന ക്ഷേത്രം സന്ദര്‍ശിക്കുന്ന ഒരു ഭക്തയല്ല. ദൈവം എല്ലായിടത്തും ഒന്നു മാത്രമേയുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്ഷേത്രമായാലും മാര്‍ക്കറ്റായാലും ശരി, ചെയ്യുന്നത് അഭികാമ്യമല്ലാത്ത കാര്യമാണെങ്കില്‍ ഞാന്‍ അതിനെതിരേ ശക്തമായി പ്രതിഷേധിക്കുക തന്നെ ചെയ്യും.   

ദ്രൗപദിയെ ആധുനിക ഇന്ത്യന്‍ ഫെമിനിസത്തോട് ചേര്‍ത്തുകെട്ടിയത് പ്രതിഭാ റായിയാണ്. ഇതിഹാസകഥകള്‍ എങ്ങനെയാണ് എഴുത്തില്‍ സ്വാധീനിച്ചത്.

സമാധാനപരമായിട്ടും മനോഹരമായിട്ടും ജീവിക്കാന്‍ എന്നെയേറെ സ്വാധീനിച്ചിട്ടുള്ളത് ഇന്ത്യന്‍ പുരാണേതിഹാസങ്ങളാണ്. ഇതിഹാസങ്ങള്‍ നമ്മെ ജീവിതം പഠിപ്പിക്കുന്നു. പഠിക്കാനും പഠിപ്പിക്കാനും പ്രാര്‍ഥിക്കാനുമുള്ള ഇടങ്ങളാണ് ക്ഷേത്രങ്ങള്‍. പക്ഷേ ഇന്നത്തെ കാലത്ത് അവയെല്ലാം ജനനിബിഡവും ശബ്ദമുഖരിതവുമാണ്. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്നത് എനിക്കിഷ്ടമില്ല. അതുകൊണ്ടുതന്നെ ഉത്സവവേളകളില്‍ ഞാന്‍ ക്ഷേത്രത്തില്‍ പോകാറില്ല. നമുക്ക് ചുറ്റുമുള്ള പല കാര്യങ്ങളും നമുക്ക് ആവശ്യമില്ലാത്തതാണ്; പക്ഷേ ആവശ്യമാണുതാനും!