ഓരോ വരിയിലും മരണം മണക്കുന്ന കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും. പി.വി. ഷാജികുമാർ എഴുതിയ ആദ്യ നോവലായ മരണവംശത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഏർക്കാനയിലേയും സുബ്രഹ്മണ്യത്തേയും ഓരോ മണൽത്തരിക്കും പറയാനുണ്ട് പ്രണയത്തിന്റെയും രതിയുടേയും ചതിയുടെയും പ്രതികാരത്തിന്റെയും സർവോപരി മരണത്തിന്റെയും കഥ. വായന കഴിഞ്ഞ് പുസ്തകം മടക്കിവെയ്ക്കുമ്പോൾ കള്ളൻ കോമനും കുഞ്ഞമ്മാറും ചന്ദ്രനും ഭാസ്കരനും നളിനിയും രമണിയും രാജേന്ദ്രനും അരവിന്ദനുമെല്ലാം നെഞ്ചിനുള്ളിൽ ചുട്ടുപൊള്ളിക്കുന്നു. മരണവംശം എന്ന വായനാനുഭവത്തിന്റെ പിറവിയേപ്പറ്റി എഴുത്തുകാരൻ പി.വി.ഷാജികുമാർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

To advertise here,

എന്നെപ്പോലൊരാളുടെ കൃതി ഇത്രയും വിപുലമായി വായിക്കുമെന്ന് വിചാരിച്ചതല്ല

മരണവംശം എന്റെ 12-ാമത്തെ പുസ്തകമാണ്. ഏഴ് കഥാസമാഹാരങ്ങള്‍ക്കും മൂന്ന് ഓര്‍മക്കുറിപ്പുകള്‍ക്കും ഒരു ബാലസാഹിത്യത്തിനും ശേഷം ഞാനെഴുതിയ ആദ്യനോവല്‍. നോവലെഴുതി പ്രിന്റിങ്ങിന് കൊടുത്തത് തൊട്ട് അതേക്കുറിച്ചുള്ള വിചാരങ്ങളൊക്കെ ഉപേക്ഷിക്കണമെന്ന് മനസുകൊണ്ട് ഉറപ്പിച്ചിരുന്നു. എങ്കിലും നോവല്‍ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക ഇടയ്ക്കിടെ കയറിവരും, അത് വരാതിരിക്കില്ലല്ലോ..! മരണവംശം പുറത്തിറങ്ങി, ഏഴുദിവസത്തിനുള്ളില്‍ ആയിരം കോപ്പി വിറ്റുപോകുമെന്നൊന്നും കരുതിയതല്ല. എന്നെപ്പോലൊയൊരാളുടെ നോവലിന് ജനപ്രിയമായൊരു വായനാസമൂഹം ഉണ്ടെന്നൊന്നും വിചാരിച്ചതല്ല. വളരെ ഗൗരവത്തോടെ നോവലിനെ സമീപിക്കുന്നവരും സാധാരണക്കാരും നോവലിഷ്ടപ്പെട്ടു എന്നറിയുന്നതില്‍ ചെറുതല്ലാത്ത സന്തോഷമുണ്ട്. അതിന് നോവല്‍ വായിച്ച എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.

സുഹൃത്ത് പറഞ്ഞ സംഭവത്തില്‍ നിന്ന് തുടങ്ങിയത്

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മരണവംശത്തിന്റെ ചിന്ത ആദ്യമായി മനസ്സില്‍ വരുന്നത്. എന്റെ വീട്ടില്‍ നിന്ന് കുറച്ച് ദൂരത്തായുള്ള നാട്ടില്‍ ഞാനൊരു പരിപാടിക്ക് പോയി. ഏട്ടന്‍ ബാബുവുമുണ്ട് കൂടെ. അവിടുത്തെ ഒരു ക്ലബ്ബ് നടത്തിയ ലേഖന മത്സരത്തില്‍ സമ്മാനം കിട്ടിയത് വാങ്ങാന്‍ പോയതാണ്. പരിപാടിയൊക്കെ കഴിഞ്ഞപ്പോള്‍ ഇരുട്ടായി. തിരിച്ചുപോകാന്‍ ബസില്ലാതെ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ആ നാട്ടുകാരനും സുഹൃത്തുമായ സുരേഷ്  അന്നവിടെ കഴിയാമെന്ന് പറയുന്നത്. പരിപാടി നടന്നതിന് തൊട്ടടുത്ത് ഒരു സ്‌കൂളുണ്ടായിരുന്നു. അവിടെയുള്ളൊരു ക്ലാസ് മുറിയിലാണ് ഞങ്ങള്‍ മൂന്നുപേരും കിടന്നത്.

അന്നുരാത്രി പല കാര്യങ്ങളും സംസാരിക്കുന്നതിനിടെ സുരേഷ് അവന്റെ നാട്ടില്‍ നടന്ന ചില കാര്യങ്ങള്‍ പറയുകയുണ്ടായി. അതില്‍ നിന്നാണ് മരണവംശത്തിന്റെ വിത്ത് മനസില്‍ വീഴുന്നത് എന്നുപറയാം. കുറേക്കാലം കഴിഞ്ഞാണ് ഞാന്‍ മനസിലാക്കിയത്, ഞങ്ങള്‍ മൂവരും കിടന്നുറങ്ങിയ ആ സ്‌കൂളിലായിരുന്നു മരണവംശത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ഭാസ്‌കരനും ചന്ദ്രനും നളിനിയും അരവിന്ദനും രാജേന്ദ്രനുമെല്ലാം പഠിച്ചതെന്ന്...! അവിടെനിന്ന് തുടങ്ങിയ യാത്രയാണ്.

placeholder
ബെന്യാമിൻ, നടനും സംവിധായകനുമായ രാജേഷ് മാധവൻ എന്നിവർക്കൊപ്പം പി.വി. ഷാജികുമാർ | ഫോട്ടോ: www.facebook.com/shajikumarpv

നോവലില്‍ 20 ശതമാനം യാഥാര്‍ത്ഥ്യം: ബാക്കിയെല്ലാം ഭാവന..!

പിന്നീട് പല കാലങ്ങളില്‍ പല നേരങ്ങളില്‍ ആ സ്ഥലത്തൊക്കെ ഞാന്‍ പോയിട്ടുണ്ട്. സ്വരാജ്, രാജേഷ് മാധവന്‍, പ്രദീപ്, സുരേഷ് ബാബു കുറ്റിക്കോല്‍ തുടങ്ങിയ സുഹൃത്തുക്കളൊക്കെ സുരേഷ് പണ്ട് പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ച പറയുകയുണ്ടായി. അവരൊക്കെ കൂടിയാണ്  ഈ നോവലെഴുതിക്കുന്ന സാഹചര്യം രൂപപ്പെടുത്തിയതെന്നും പറയാം. നോവലില്‍ 20 ശതമാനം മാത്രമാണ് യാഥാര്‍ഥ്യം. ബാക്കിയൊക്കെ ഭാവനയാണ്.

ആറുവര്‍ഷം മുമ്പാണ് നോവല്‍ എഴുതാന്‍ തുടങ്ങുന്നത്. പക്ഷേ പ്രീഡിഗ്രി കാലം തൊട്ടുള്ളൊരു നീണ്ട യാത്ര അതിനുപിറകിലുണ്ട്. നോവല്‍ ഫൈനലാവുന്നത് പതിമൂന്നാമത്തെ ഡ്രാഫ്റ്റിലാണ്. ആദ്യ ഡ്രാഫ്റ്റ് അറുന്നൂറിലേറെ പേജുണ്ടായിരുന്നു. അത് എഡിറ്റ് ചെയ്ത് മുന്നൂറ്റിപ്പതിനെട്ട് പേജിലേക്ക് ചുരുക്കിയതിന് പിന്നില്‍ ഭാര്യ മനീഷയുടെ പരിശ്രമമുണ്ട്. അവളാണ് മരണവംശത്തിന്റെ ലിറ്റററി എഡിറ്റര്‍.

മരണവംശം എന്നായിരുന്നില്ല ആദ്യം നല്‍കിയ പേര്

റാക്ക് എന്നായിരുന്നു നോവലിന് ആദ്യമിട്ടിരുന്ന പേര്. മൂന്നാമത്തെ ഡ്രാഫ്റ്റില്‍ എത്തിയപ്പോള്‍ നോവലിന്റെ സ്വഭാവവും റാക്കും ചേര്‍ന്നുപോകില്ലെന്ന് തോന്നി. തുടര്‍ന്ന് കുറേ പേരുകള്‍ ആലോചിച്ചുനോക്കി. ഒന്നും ശരിയായില്ല. അങ്ങനെയൊരിക്കല്‍ ഞാനും മനീഷയും സംസാരിക്കവെ 'നോവലില്‍ മുഴുവന്‍ മരണമാണല്ലോ..!' എന്ന് പുള്ളിക്കാരി സങ്കടം പറഞ്ഞു. ആ നേരത്ത് ഞങ്ങള്‍ക്ക് തൊട്ടടുത്തിരുന്ന് മകള്‍ ചിത്രം വരച്ചുകൊണ്ടിരിക്കുകയാണ്. വരയ്ക്കുന്നതില്‍ നിന്ന് തലയുയര്‍ത്തിക്കൊണ്ട് അവള്‍ പറയുകയാ:  'അച്ഛാ, മരണത്തിന്റെ പുസ്തകം എന്ന് പേരിട്ടുകൂടേ...!' എന്ന്. ആ ചോദ്യത്തില്‍നിന്നാണ് 'മരണവംശം' എന്ന പേര് എന്നിലേക്ക് കയറിവരുന്നത്.

ഞങ്ങളുടെ നാട്ടില്‍ മാര്‍ച്ച് മാസത്തില്‍ അമ്പലങ്ങളില്‍ പൂരക്കളി നടക്കും. വൈകുന്നേരം തുടങ്ങി പാതിരാത്രിക്ക് അവസാനിക്കുന്ന കളിയാണത്. ചെറുപ്പത്തില്‍ ഞാനും പൂരക്കളി കളിച്ചിട്ടുണ്ട്. ഒന്നാന്തരം താളവും ലയവുമുള്ള കളിയാണ്. അതില്‍ ഒന്നുമുതല്‍ പതിനെട്ടുവരെ നിറങ്ങളുണ്ട്. നിറത്തിന് പകരം തരമെന്നും ഞങ്ങള്‍ പറയാറുണ്ട്. പതുക്കെ തുടങ്ങി തീവ്രതയിലെത്തി വീണ്ടും പതുക്കെയായി പിന്നെയും തീവ്രത കൂടുന്ന ശൈലിയിലാണ് പൂരക്കളിയിലെ ഒന്നാം നിറം മുതല്‍ പതിനെട്ടാം നിറം വരെയുള്ള കളികളുടെ താളക്രമം. മരണവംശത്തിന്റെ സഞ്ചാരവും ഏതാണ്ടിത് പോലെയാണ്. അങ്ങനെയാണ് അധ്യായം എന്ന് പറയുന്നതിന് പകരം പൂരക്കളിയുടെ പതിനെട്ട് നിറങ്ങള്‍ എന്ന രീതിയില്‍ വേര്‍തിരിക്കാം എന്ന ചിന്തയുണ്ടാവുന്നത്.

ഏറെ പണിയെടുത്ത് എഴുതിയ നോവലാണ് മരണവംശം. ഇരുന്നൂറിലേറെ കഥാപാത്രങ്ങളുണ്ട്. അതേ പോലെ പക്ഷികളുണ്ട്. മൃഗങ്ങളുണ്ട് നിസ്സഹയരായ ദൈവങ്ങളുണ്ട്. ഇവരെയൊക്കെ ഒരു കണ്ണിപോലും പൊട്ടിപ്പോവാതെ ഒന്നിച്ചുചേര്‍ക്കുകയെന്നത് കുറച്ച് ശ്രമകരമായിരുന്നു. ഒരു വലിയ കഥ. അതിനോട് ചേര്‍ന്ന് എണ്ണിയാലേറുന്ന ഉപകഥകള്‍. അങ്ങനെയാണ് മരണവംശത്തിന്റെ ഘടന. വലിയ കഥയോട് ഉപകഥകള്‍ ഒട്ടും മാറിനില്‍ക്കാതെ കൊണ്ടുപോവണമെന്ന് എഴുതുമ്പോള്‍ ആഗ്രഹിച്ചിരുന്നു.

placeholder
മരണവംശം നോവലിന്റെ കവർ | ഫോട്ടോ: www.facebook.com/shajikumarpv

മരണം തലയ്ക്കുമുകളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍

മലകളും കാടുകളും പുഴയുമൊക്കെയുള്ള വല്ലാത്തൊരു സ്ഥലമാണ് ഏര്‍ക്കാന. പകലും രാത്രിയും ഇരുട്ട് മൂടിക്കിടക്കുന്ന ഇരുള്‍ദേശം. നോവല്‍ വായിച്ചാലറിയാം, മരണത്തിന്റെ ഇരുട്ട് കട്ടിക്കരിമ്പിടം പോലെ അവിടെ കട്ടപിടിച്ച് കിടക്കുന്നുണ്ട്. മരണത്തിലേക്ക് യാത്രയാവേണ്ടി വരുന്ന, മരണം തൊട്ടുതൊട്ടുള്ള, മരിക്കാതിരിക്കാന്‍ ആഞ്ഞുശ്രമിക്കുന്ന, കൊന്നാലും ചാവില്ലെന്നുറപ്പിക്കുന്ന സാധാരണക്കാരുടെ കഥയാണ് മരണവംശം. അത് തീര്‍ച്ചയായും മരണത്തെക്കുറിച്ചുള്ള കഥയല്ല. മറിച്ച് ജീവിതത്തിലേക്ക് കരപറ്റാനുളള മനുഷ്യരുടെ പിടച്ചലുകളുടെ രേഖയാണ്.

കാസര്‍കോട് പശ്ചാത്തലമാക്കിയതിനുപിന്നില്‍...

മരണവംശത്തിന്റെ കഥ നടക്കുന്ന ഭൂമിക കാസര്‍കോട്ടാണ്. കാസര്‍കോട് അല്ലാതെ മറ്റൊരിടത്തേക്ക് പറിച്ചെഴുതുക എന്നുപറയുന്നത് കഥാപരിസരവുമായിട്ടോ, കഥയുമായിട്ടോ, കഥാപാത്രങ്ങളുമായിട്ടോ ഒന്നും ചേര്‍ന്നുപോകുന്നതല്ല. മറ്റൊരു ദേശത്ത് സംഭവിക്കാവുന്നതല്ല മരണവംശത്തിലെ കഥകള്‍. അപ്പോള്‍പിന്നെ കഥാപരിസരം കാസര്‍കോട് ആവാതെ തരമില്ലല്ലോ..!

മരണവംശത്തിലെ പല കഥാപാത്രങ്ങളും നിസ്സഹായരാണ്

മനസിനെ വേട്ടയാടിയ ഒട്ടേറെ കഥാപാത്രങ്ങളുണ്ട് മരണവംശത്തില്‍. എങ്കിലും എഴുതുന്ന നേരം രമണിയെന്ന കഥാപാത്രം എന്നെ കരയിപ്പിച്ചിട്ടുണ്ട്. നോവലിന്റെ അവസാനത്തില്‍ രമണിയെയും മകള്‍ പൗര്‍ണമിയെയും പേത്താളങ്കാനത്തെത്തിക്കുമ്പോള്‍ വല്ലാത്ത അവസ്ഥയായിരുന്നു. രാജേന്ദ്രന്‍ ഇപ്പോഴും എന്നെ നിസ്സഹായതോടെ നോക്കുന്നുണ്ട്. ഞാനെന്ത് തെറ്റുചെയ്തു എന്നുള്ള രാജേന്ദ്രന്റെ ചോദ്യം എഴുത്തുകാരനെന്ന നിലയില്‍ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ട്. അവര്‍ മാത്രമല്ല, നളിനിയുടെ കഷ്ടപ്പാടും ദുരിതവും സതിയുടെ ഏകാന്തതയും ജീവിതഭാരവും, കുഞ്ഞമ്മാറും വെള്ളച്ചിയും ഭാസ്‌കരനും ചന്ദ്രനും അരവിന്ദനും രവിയും ജിനനുമൊക്കെ നിസ്സഹായരായി അവിടെയൊക്കെയുണ്ട്. ആരെയും അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ലെനിക്ക്.

മരണവംശത്തിലെ കാസര്‍കോട് ഭാഷ

എഴുതുമ്പോള്‍ എന്റെയുള്ളിലേക്ക് വരുന്ന ഭാഷയാണ് ഞാനെപ്പോഴും സ്വീകരിക്കുക. അതെന്റെയുള്ളില്‍നിന്ന് വരുന്നതാണ്. കഥയും കഥാപരിസരവും ആവശ്യപ്പെടുന്നതേ ഞാന്‍ സ്വീകരിക്കൂ. മരണവംശം സംഭവിക്കുന്നത് കാസര്‍കോടിനും കര്‍ണാടകത്തിനും അതിര്‍ത്തിയായി കിടക്കുന്ന ഏര്‍ക്കാന എന്ന സാങ്കല്‍പ്പിക ദേശത്താണ്. അപ്പോള്‍ കഥാപാത്രങ്ങളും അവിടെയുള്ള ഭാഷയില്‍ മാത്രമേ സംസാരിക്കാന്‍ കഴിയൂ.

എന്നെ സംബന്ധിച്ചിടത്തോളം കഥയായാലും നോവലായാലും എഴുതുമ്പോള്‍ ആത്മാര്‍ത്ഥതയോടെ എഴുതാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. മറ്റ് ഗിമ്മിക്കുകള്‍, നിരൂപകര്‍ക്ക് പലവിധമുള്ള വായനയ്ക്കിടം കൊടുക്കാന്‍ മനഃപൂര്‍വം സംഗതികള്‍ ചേര്‍ക്കുക തുടങ്ങിയ വിചാരങ്ങളൊന്നും ഉണ്ടാവാറില്ല. അങ്ങനെയുള്ള ഒന്നും എന്നെ അലട്ടാറില്ല. എന്താണോ കഥ ആവശ്യപ്പെടുന്നത്, അത് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിന് യോജിച്ച ആഖ്യാനമാണ് അവംലബിക്കുക. അതുകൊണ്ട് തന്നെ മരണവംശത്തിന്റെ പ്രാദേശികസ്വഭാവവും ആഖ്യാനവും എഴുതുമ്പോഴും നോവല്‍ പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴും ഒരുതരത്തിലും എന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. മരണവംശത്തില്‍ തുളുനാടന്‍ ശൈലിയില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് വായനയെ പിറകോട്ട് വലിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പ്രാദേശിക ഭാഷാ വകഭേദങ്ങള്‍ സൗന്ദര്യാത്മകമായി അവതരിപ്പിക്കുമ്പോള്‍ അതിന്റെ രസവും സന്തോഷവും വായനക്കാര്‍ക്ക് പിടികിട്ടാതെവരില്ല.

placeholder
മരണവംശം നോവലിന്റെ കാഞ്ഞങ്ങാട് മാതൃഭൂമി ബുക്സിലെ ആദ്യപ്രതിയുമായി എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്  | ഫോട്ടോ: www.facebook.com/shajikumarpv

നോവലിലെ ചരിത്രം

നോവല്‍ ആവശ്യപ്പെടുന്ന ചരിത്രമൂഹൂര്‍ത്തങ്ങള്‍ അന്വേഷിച്ച് പോയിട്ടുണ്ട്. അത് കേരളത്തില്‍ സംഭവിച്ചതുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും നടന്ന കാര്യങ്ങളുണ്ട്. അതില്‍ രാഷ്ട്രീയമുണ്ട് ഫുട്‌ബോളുണ്ട് സിനിമയുണ്ട് സംഗീതമുണ്ട്. കലാപമുണ്ട്. അതിന് വേണ്ടി കൃത്യമായ അന്വേഷണം നടന്നിട്ടുണ്ട്. നോവലിലെ കാലം അടയാളപ്പെടുത്താന്‍ അതാണ് നല്ലതെന്ന് ആഖ്യാനത്തിന്റെ ഒരു വേളയില്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് പഴയ പത്രങ്ങളും ഒട്ടേറെ പുസ്തകങ്ങളും  കൂട്ടുവന്നിട്ടുണ്ട്.

മലയാളിയുടെ സദാചാരബോധത്തെ നന്നായി ചോദ്യം ചെയ്യുന്ന രംഗങ്ങള്‍

ബോധപൂര്‍വം എഴുതിയതല്ല അതൊന്നും. എന്റെ ഓര്‍മയിലും ഭാവനയിലും വന്നെത്തിതാണ് അവയെല്ലാം. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെട്ടവ. പിന്നെ ഞാന്‍ സാദാചാരനിഷ്ഠനായ ഒരാളല്ല. അതിന്റെ സ്വാതന്ത്ര്യവും എഴുത്തില്‍ വന്നുവെന്ന് കൂട്ടിക്കോളൂ.
 
മരണവംശം സിനിമയാകുമ്പോള്‍

മരണവംശം സിനിമയാകാന്‍ പോവുകയാണ്. നടനും സംവിധായകനുമായ രാജേഷ് മാധവനാണ് സിനിമയൊരുക്കുന്നത്. വലിയ ബഡ്ജറ്റിലാണ് സിനിമ സംഭവിക്കുന്നത്. രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന ചിത്രം ഓക്ടോബറില്‍ പുറത്തിറങ്ങും. അതിനുശേഷം മരണവംശത്തിന്റെ പണികള്‍ ആരംഭിക്കും.