ലോകത്തെതന്നെ ഏറ്റവും പ്രശസ്തനായ അഭിമുഖകാരന്മാരില്‍ ഒരാളാണ് കരണ്‍ ഥാപ്പര്‍. കരണിന്റെ അഭിമുഖങ്ങളില്‍ പലതും വിവാദങ്ങളായിരുന്നു. ഒരുപാട് പേര്‍ അദ്ദേഹത്തോട് കലഹിച്ചു;പലരും ഇറങ്ങിപ്പോയി. എന്നിട്ടും കരണ്‍ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. തന്റെ അഭിമുഖ ജീവിതവും മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ നിലപാടുകളും വിശദമായി പങ്കുവെയ്ക്കുകയാണ് രണ്ട് ലക്കങ്ങളില്‍ അവസാനിക്കുന്ന ഈ എക്സ്‌ക്ലൂസീവ് അഭിമുഖത്തില്‍.

To advertise here,

  ഒക്ടോബറിലെ വെയില്‍ തോര്‍ന്ന ഒരു പകല്‍. അഭിമുഖം രണ്ട് മിനുട്ട് നാല്‍പത്തിയഞ്ച് സെക്കന്റ് പിന്നിട്ടപ്പോള്‍ അസുഖകരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി  എഴുന്നേറ്റു-അസ്വസ്ഥതയൊന്നും മുഖത്ത് പകര്‍ത്താതെ. ചോദ്യങ്ങളേറെ ബാക്കി നില്‍ക്കെ ,അഭിമുഖം അതോടെ അവസാനിച്ചു. മോദി ഉടന്‍ മടങ്ങിയില്ല. ഒരു മണിക്കൂറോളം കരണ്‍ ഥാപ്പറിനോട് മോദി കുശലം പറഞ്ഞു. ചായയും മധുരവും ഗുജറാത്തി ദോക്ലയും നല്‍കി നല്ല ആതിഥേയനായി. പക്ഷെ അഭിമുഖം പൂര്‍ത്തിയാക്കണമെന്ന കരണിന്റെ അഭ്യര്‍ഥന അംഗീകരിച്ചില്ല. പകരം,'അപ്നെ ദോസ്തി ബനി രഹേ'(നമ്മുടെ സൗഹൃദം നിലനില്‍ക്കട്ടെ)എന്ന് മറുപടി നല്‍കി. ആ കൂടിക്കാഴ്ചയ്ക്ക് അവിടെ വിരാമമായി.

  2007-ല്‍ അപൂര്‍ണമാക്കി അവസാനിപ്പിച്ച അഭിമുഖശകലത്തിന് ശേഷം മോദി പിന്നീട് കരണ്‍ ഥാപ്പറിന് മുന്നില്‍ അഭിമുഖത്തിനായി ഇരുന്നിട്ടില്ല. ഇത്തരം പിണക്കങ്ങളും കലഹങ്ങളും കരണ്‍ ഥാപ്പറിന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ പതിവാണ്. ഒരിക്കല്‍ അഭിമുഖത്തിലുടനീളം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കലഹിച്ചു. നിയമജ്ഞന്‍ രാം ജേഠ് മലാനി ഇറങ്ങിപ്പോയി. മമതാ ബാനര്‍ജി 12 മണിക്കൂറോളം അഭിമുഖത്തിനായി കാത്തിരുത്തി. ദീര്‍ഘ സൗഹൃദകാലത്തിന് ശേഷം അദ്വാനി പിണങ്ങി,അഭിമുഖം നല്‍കാമെന്ന് പറഞ്ഞ സോണിയയും രാഹുലും പിന്നെ അതുവഴി വന്നില്ല. ആറ് വര്‍ഷമായി ബി.ജെ.പി നേതാക്കളോ മന്ത്രിമാരോ വക്താക്കളോ കരണിന് മുന്നിലെ ഇരിപ്പിടത്തില്‍ എത്തുന്നതേയില്ല!എന്നിട്ടും ഡെവിള്‍സ് അഡ്വക്കേറ്റിന് കുലുക്കമില്ല. അന്വേഷണങ്ങളുടെ ഉലയില്‍ ഉരുക്കിയെടുത്ത ചോദ്യശരങ്ങള്‍ എയ്ത് കരണ്‍ ഥാപ്പര്‍ എന്ന നിത്യപ്രതിപക്ഷം നിര്‍ഭയം തുടരുന്നു.

 കരണിന്റെ 68 വര്‍ഷത്തെ ജീവിതകഥ അഭിമുഖങ്ങളുടേത് മാത്രമല്ല,അനുഭവങ്ങളുടേത് കൂടിയാണ്.'പാകിസ്താന്‍കാരിയായ ബെനസീറിനും എനിക്കും ഇടയില്‍ പ്രണയമില്ല'എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടി വന്നു 1977-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായിരുന്ന കരണ്‍ ഥാപ്പറിന്! ബെനസീറിന്റെ പിതാവും പാകിസ്താന്‍ പ്രസിഡണ്ടുമായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ അട്ടിമറിക്കാന്‍ ഇത്തരം അഭ്യൂഹങ്ങള്‍ ഇടയാക്കുമെന്ന് കണ്ടതിനാലാണ് ഈ ഔദ്യോഗിക അറിയിപ്പെന്ന് യൂണിയന്‍ പ്രസിദ്ധീകരണമായ കേംബ്രിഡ്ജ് ഈവനിംഗ് ന്യൂസില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗികകുറിപ്പില്‍ കരണ്‍ വിശദീകരിച്ചു.

'ഒരു ഇന്ത്യന്‍ കുടുംബവുമായി പാക് പ്രസിഡണ്ടിന്റെ മകള്‍ക്ക് ബന്ധമുണ്ടെന്ന ചിത്രീകരണം തിരഞ്ഞടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ഈ നീക്കം. ഞങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു. ഞാന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയുടെയും ബെനസീര്‍ ഓക്സ്ഫര്‍ഡ് സര്‍വകലാശാലയുടെയും വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടുമാരായിരുന്നു. ഈ അടുപ്പമാണ് പ്രണയമായി അഭ്യൂഹമുയര്‍ത്തിയത് '-പൊട്ടിച്ചിരി ചിതറിച്ച് ഡല്‍ഹി നഗരഹൃദയത്തിലെ വീട്ടിലിരുന്ന് കരണ്‍ ഥാപ്പര്‍ എന്ന, ഇന്ത്യന്‍ മാധ്യമരംഗത്തെ ടഫ് ഇന്റര്‍വ്യൂവര്‍ സംസാരിച്ചു-മുപ്പത് മിനുട്ടായി മുന്‍കൂര്‍ നിശ്ചയിച്ച അഭിമുഖം 58 മിനുട്ടിലേക്ക് വളര്‍ന്നതറിയാതെ.

?അഭിമുഖത്തില്‍ നിന്ന് തന്നെ തുടങ്ങാം. പത്രപ്രവര്‍ത്തനത്തില്‍ പല തരം വഴികളുണ്ട്. എന്തുകൊണ്ടാണ് അഭിമുഖം പ്രിയപാതയായി തിരഞ്ഞെടുത്തത്
=ഞാന്‍ അത് ബോധപൂര്‍വം തിരഞ്ഞെടുത്തതല്ല. പതുക്കെ അങ്ങനെ ഉരുത്തിരിഞ്ഞു വന്നതാണ്. അഭിമുഖങ്ങളുമായി ചേര്‍ത്താണ് പലരും എന്നെ ഇപ്പോള്‍ തിരിച്ചറിയുന്നത്,ഐഡന്റിഫൈ ചെയ്യുന്നത്. അതില്‍  ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്താനും. ലണ്ടന്‍ ടൈംസ് ന്യൂസ്പേപ്പറിലാണ് ഞാന്‍ എന്റെ കരിയര്‍ തുടങ്ങിയത്. അതായത് ഒരു അച്ചടി മാധ്യമ പ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. തുടക്കം മുതല്‍ ദീര്‍ഘകാലം ഞാന്‍ നൈജീരിയയില്‍ കറസ്പോണ്ടന്റായിരുന്നു. തുടര്‍ന്ന് ലണ്ടനില്‍ തിരിച്ചുവന്ന് ലണ്ടന്‍ ടൈംസിന്റെ ഫീച്ചര്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. ആ സമയത്ത് ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനില്‍ എനിക്ക് ഒരു ജോലി ഓഫര്‍ ലഭിച്ചു. അത് സ്വീകരിച്ചു. അങ്ങനെ ഞാന്‍ ടെലിവിഷന്‍ എന്ന പുതിയ മാധ്യമത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. സത്യസന്ധമായി മറ്റൊരു കാര്യം കൂടി പറയാം, എന്റെ മുഖം ടി.വിയില്‍ കാണാം എന്നതിലും എനിക്ക് വളരെ സന്തോഷമുണ്ടായിരുന്നു!അങ്ങനെ ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനില്‍ ഞാന്‍ ചേര്‍ന്നു. കറസ്പോണ്ടന്റായിട്ടാണ് ചേര്‍ന്നത്. സിനിമകളെ അടിസ്ഥാനമാക്കിയ വാര്‍ത്തകളായിരുന്നു ഏറെയും അന്ന് ചെയ്തിരുന്നത്. ഇന്റര്‍വ്യൂവും അതിന്റെ ഭാഗമായിരുന്നു. വാര്‍ത്തകളുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂകളായിരുന്നു അവയെല്ലാം. നേര്‍ക്ക് നേര്‍ (വണ്‍ ടു വണ്‍)അഭിമുഖങ്ങളക്കം ഞാന്‍ ചെയ്തു.

  അവിടെ നിന്ന് ഞാന്‍ ക്രമേണ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതിലേക്ക് കടന്നു. ഇത് തന്നെയാണ് ഞാന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയപ്പോഴും ചെയ്തത്. ഐ വിറ്റ്നെസ് എന്ന ഒരു ടെലിവിഷന്‍ പരിപാടി ഞാന്‍ ഡല്‍ഹിയില്‍ ലോഞ്ച് ചെയ്തു.ഈ പരിപാടി 1998-ല്‍ അവസാനിച്ചപ്പോള്‍ മറ്റൊരു ഷോ തുടങ്ങി. സബ് ടിവി,ദൂരദര്‍ശന്‍,ഹോം ടിവി,സ്റ്റാര്‍ ടി.വി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഹോം ടി.വിയാണ് ആദ്യമായി വണ്‍ ടു വണ്‍ ഇന്റര്‍വ്യൂ പരിപാടിക്ക് തുടക്കമിട്ടത്. മാത്രമല്ല,പാനലുകളടങ്ങുന്ന ചര്‍ച്ചാ പരിപാടികളും ഞാന്‍ ആരംഭിച്ചു. അങ്ങനെ ഇന്റര്‍വ്യൂ ഫോര്‍മാറ്റില്‍ ഞാന്‍ ലോക്ഡ് ആയി. അങ്ങനെയാണ് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലില്‍  ഡെവിള്‍സ് അഡ്വക്കേറ്റ് ആരംഭിച്ചത്. ആ പരിപാടി വളരെ ശ്രദ്ധിക്കപ്പെട്ടതോടെ അതുമായി എന്റെ പേര് ഐഡന്റിഫൈ ചെയ്യപ്പെട്ടു. അതിന്റെ ഫലം എന്ന നിലയില്‍ കുടുതല്‍ കുടുതല്‍ അഭിമുഖങ്ങള്‍ രൂപമെടുത്തു.അത് ഇപ്പോഴും തുടരുന്നു.

?അഭിമുഖകാരന്‍ എന്നതിനൊപ്പം എഴുത്തുകാരനുമാണ് താങ്കള്‍. പുതിയ പുസ്തകമായ 'സൗണ്ട് ആന്‍ഡ് ഫ്യൂറി'യില്‍ മൂന്ന് തരം അഭിമുഖങ്ങളെക്കുറിച്ച് വിവിരിക്കുന്നുണ്ട്. മാധ്യമ വിദ്യാര്‍ഥികള്‍ക്ക് കൂടി പാഠങ്ങളായ ഈ വിവരണം കാഴ്ചക്കാര്‍ക്കും അടിസ്ഥാന രേഖയാണ്. അഭിമുഖങ്ങളുടെ ഈ തരംതിരിവിനെക്കുറിച്ച് വിശദീകരിക്കാമോ
=അനിവാര്യമായും,അടിസ്ഥാനപരമായും മൂന്ന് തരത്തിലുള്ള അഭിമുഖ രീതികളുണ്ട്. ഒന്ന്.ന്യൂസ് ഇന്റര്‍വ്യൂ. എന്തെങ്കിലും സംഭവിച്ചാല്‍ റിപ്പോര്‍ട്ടര്‍ സീനില്‍ എത്തുന്നു,റിപ്പോര്‍ട്ട് ചെയ്യുന്നു. എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുന്നു. ചര്‍ച്ച ചെയ്യുന്നു. അവതാരകന്റെ മനസ്സില്‍ അപ്പപ്പോള്‍ തോന്നുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. കാര്യങ്ങള്‍ എന്താണ്? എപ്പോള്‍ സംഭവിച്ചു?,എവിടെ സംഭവിച്ചു? തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കുന്നു. ആര് ചെയ്തു,എപ്പോള്‍ ചെയ്തു,എന്തിന് ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അതിന് മുന്‍നിശ്ചയിച്ച രൂപമില്ല ,ഘടനയില്ല.അപ്പോഴപ്പോള്‍ മനസ്സില്‍ തോന്നുന്ന ചോദ്യങ്ങള്‍ ചോദിക്കുകയാണ് രീതി.ഇതാണ് ന്യൂസ് ഇന്റര്‍വ്യു.

 അടുത്തത് കറന്റ് അഫയേഴ്സ് ഇന്റര്‍വ്യൂ ആണ്. എന്താണ് സംഭവിച്ചിരിക്കുന്നതെന്നതിനെക്കുറിച്ച് ആവശ്യമുള്ള അറിവോടെ ചെയ്യുന്നതാണിത്. നേരത്തെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് ഈ അഭിമുഖം ചര്‍ച്ച ചെയ്യുന്നത്. നിങ്ങള്‍ അതിന് പിന്നാലെ പോയി യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ചര്‍ച്ച ചെയ്യുകയാണ്. സംഭവത്തിന്റെ മറുപുറം തേടുകയാണ്. ഐ തിങ്ക് ദ ബെസറ്റ് കറന്റ് അഫയേഴ്സ് ഇന്റര്‍വ്യൂ ഈസ് ദാറ്റ് യു കാന്‍ ലൊക്കേറ്റ് യുവര്‍ ട്രസ്റ്റ് ബിറ്റ്വീന്‍ ദ ടു ഹോംസ് ഓഫ് ദ ഡിലമ. അതയാള്‍ ചെയ്തു എന്നും ചെയ്തില്ല എന്നതുമാണ് ഈ രണ്ട് തലങ്ങള്‍. മറുപടി പറയാന്‍ അവരെ പുഷ് ചെയ്യുക. ഒന്ന് അല്ലെങ്കില്‍ മറ്റൊന്ന് എന്ന നിലയിലെത്തിക്കുക. ഇതാണ് കറന്റ് അഫയേഴ്സ് ഇന്റര്‍വ്യൂവിന്റെ ഘടന. ഇത് വിജയകരമായി നിര്‍വഹിച്ചത്,ശ്രദ്ധേയമായി നര്‍വഹിച്ചത്,പ്രശസ്തമാക്കിയത് ജോര്‍ജ് എന്‍ട് വിസിലാണ്. വീക്കെന്‍ഡ് ടെലിവിഷന്റെ ഡയറക്ടറായിരുന്നു. പിന്നീട് അദ്ദേഹം ബി.ബി.സിയുടെ ഡയറക്ടര്‍ ജനറലായി. ഇന്റര്‍വ്യൂയിംഗിലെ ഈ അക്കാദമിക് സമീപനത്തെ തള്ളിക്കളയാന്‍ കഴിയില്ല. പക്ഷെ അഭിമുഖകാരന്‍മാര്‍ കാര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലണം.

 മൂന്നാമത്തെ തരത്തിലുള്ള അഭിമുഖം സെലിബ്രിറ്റി ഇന്റര്‍വ്യൂ ആണ്.ഈ അഭിമുഖത്തില്‍ അവതാരകന്‍ സംസാരിക്കുന്നത് ഒരു സെലിബ്രിറ്റിയോടാണ്. ആ സെലിബ്രിറ്റി ഒരു ചലച്ചിത്ര താരമാകാം. സംഗീതജ്ഞനാകാം.നര്‍ത്തകനാകാം,എഴുത്തുകാരനാകാം. ഏതെങ്കിലും മേഖലയില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കിയ ഒരു വ്യക്തിയായിരിക്കണം സെലിബ്രിറ്റി. ഈ നേട്ടത്തില്‍ അയാള്‍ വളരെ പ്രസിദ്ധനായിരിക്കണം. ജനങ്ങള്‍ക്കും പ്രേക്ഷകനും ശ്രോതാവിനും,കേള്‍ക്കാനും കാണാനും താല്‍പര്യമുള്ള വ്യക്തിയായിരിക്കണം. എന്താണ് ഈ സെലിബ്രിറ്റിയുടെ ഇഷ്ടങ്ങള്‍,അവരുടെ രീതി എന്താണ് തുടങ്ങിയ വിഷയങ്ങള്‍ അറിയാന്‍ കാഴ്ചക്കാര്‍ക്ക് ആകാംക്ഷയുണ്ടാകും. അതിനാല്‍ സെലിബ്രിറ്റികളുടെ ഗ്ലാമര്‍ കേന്ദ്രീകരിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കണം. അത് പുറത്തു കൊണ്ടു വരുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. സ്വന്തം ജീവിത കഥ പറയാന്‍ അവരെ നിങ്ങള്‍ പ്രേരിപ്പിക്കണം. ഇത്തരം സ്റ്റോറികള്‍ മനുഷ്യരെപ്പോലെ തന്നെ എക്കാലത്തും ജീവനോടെ നിലനില്‍ക്കും.സ്വന്തം കഥകളും ഉപകഥകളും പറയാന്‍ തുടങ്ങുമ്പോള്‍ മനുഷ്യര്‍ സ്വാഭാവികമായും  കുറെ കൂടുതല്‍ പറയും. അഡ്ജറ്റീവ്സ് ഇല്ലാതെ തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തും. അദ്ദേഹത്തിന്റെ വ്യക്തിത്വം ഉയര്‍ന്നു വരും. ജനങ്ങള്‍ സ്വന്തം കഥ പറയുന്നത് തികച്ചും നാടകീയമായിട്ടായിരിക്കും. ഒരാളും സ്വന്തം ജീവിത കഥ വിരസമായ രീതിയില്‍ പറയില്ല. കുറച്ച് ആവേശം,കുറച്ച് നാടകീയത, തുടങ്ങിയവ ജനങ്ങള്‍ സ്വന്തം കഥയില്‍ പകര്‍ത്തും. അത് കാണാനും കേള്‍ക്കാനും രസമുണ്ടായിരിക്കും. ഒരു നല്ല ഉപകഥ,അത് ദുഖമായാലും തമാശയായാലും നാടകീയമായാലും ജനങ്ങള്‍ ഓര്‍ത്തിരിക്കും. അവര്‍ അത് ആവര്‍ത്തിച്ച് കാണും. വീണ്ടും വീണ്ടും കാണും.

?ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളില്‍  അഭിമുഖങ്ങളും ,ചര്‍ച്ചകളുമൊക്കെ പലപ്പോഴുംയുദ്ധമുറികളെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ചിലര്‍ പറയാറുണ്ട്. ആക്രമണം,ആരോപണം.പ്രത്യാരോപണം,ബഹളം...പലപ്പോഴും സ്റ്റുഡിയോകള്‍ കോടതികളാവുകയും വിചാരണമുറികളാവുകയും ചെയ്യും. ഈ അഭിമുഖങ്ങളും ചര്‍ച്ചകളും താങ്കളുടെ കാഴ്ചപ്പാടില്‍ ഏത് വിഭാഗത്തില്‍ പെടും
=ഇന്ത്യന്‍ ടെലിവിഷനില്‍ മാത്രം കാണുന്ന വളരെ അസാധാരണമായ (യുണീക്) ഒരു സ്ഥിതി വിശേഷമാണിത്. ഞാന്‍ ലണ്ടനില്‍ 15-20 വര്‍ഷം ജീവിച്ചിട്ടുണ്ട്. പക്ഷെ,ഇന്ത്യയില്‍ കാണുന്ന രീതിയിലുള്ള ഒരു അഭിമുഖരീതി ഞാന്‍ അവിടെ കണ്ടിട്ടില്ല. ഇവിടെ ചാനല്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ നടക്കുന്നത് പ്രൊഫഷണലി ആന്‍ഡ് ജേര്‍ണലിസ്റ്റിക്കിലി ഇമ്മോറലായ കാര്യങ്ങളാണ്. ഒരു ചര്‍ച്ചാ പരിപാടി നോക്കു, അതിന്റെ അവതാരകന്‍ എണ്ണമില്ലാത്തത്ര അതിഥികളെ ചര്‍ച്ചക്കായി വിളിച്ചുവരുത്തുകയാണ്. സ്‌ക്രീനില്‍ എല്ലാ വിന്‍ഡോകളും നിറഞ്ഞുകവിയണം. ഏഴെട്ടുപേരെ ഒരേ സമയത്തേക്ക് അവതാരകന്‍ വിളിച്ചിരിക്കുകയാണ്. അവരുടെ അഭിപ്രായം പറയാനല്ല. അവതാരകന്റെ അഭിപ്രായം കേള്‍ക്കാനാണ് ഇത്തരം പരിപാടികള്‍. മറിച്ചുള്ള അഭിപ്രായം അതിഥികള്‍ പറഞ്ഞാല്‍ അവതാരകന്‍ അവരുമായി വഴക്കിടും. മറുപടി പറയാന്‍ അതിഥികള്‍ക്ക് സമയം കൊടുക്കില്ല. ദാറ്റ് ഈസ് നോട്ട് സെന്‍സിബിള്‍, ഇറ്റ് ഈസ് നോട്ട് ആന്‍ ഇന്റര്‍വ്യൂ ബൈ എനി ഡെഫിനിഷന്‍. അതൊരു വെല്‍ സ്ട്രക്ചേര്‍ഡ് ഡിസ്‌കഷന്‍ പോലും അല്ല!ഡിസ്‌കഷന്‍ ഷുഡ് ബി ബേസ്ഡ് അപ്പോണ്‍ വണ്‍ കോര്‍ തോട്ട്. ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ കൊടുംവഴക്കാണ്. അതിന് പകരം ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ വീക്ഷണം എന്താണ്,അവര്‍ എങ്ങനെയാണ് അത് പ്രകാശിപ്പിക്കുന്നത്,എങ്ങനെയാണ് അവര്‍ ചിന്തിക്കുന്നത്,അവരുടെ ചിന്തകളിലെ വീഴ്ചകള്‍ എന്തൊക്കെയാണ്,അവര്‍ എങ്ങനെ അതിനെ അഭിമുഖീകരിക്കുന്നു ഇതൊക്കെയാണ് പ്രകാശിപ്പിക്കപ്പെടേണ്ടത്. അതുണ്ടാകുന്നില്ല..അവതാരകന്‍ എല്ലാ അതിഥികളോടും ആദ്യ റൗണ്ടില്‍ ചോദ്യങ്ങള്‍ ചോദിക്കണം. ഒരു വ്യക്തിക്ക് അയാളുടെ വീക്ഷണം പ്രകാശിപ്പിക്കാന്‍ കഴിയണം. അവതാരകന്റെ മൂന്നാമത്തെ ചോദ്യം അതിഥികളുടെ ഈ ശക്തിയിലും ദൗര്‍ബല്യത്തിലും കേന്ദ്രീകരിച്ചായിരിക്കണം. ഇതിനായി അവര്‍ തമ്മില്‍ വഴക്കിടേണ്ടതില്ല. ഒരു തമാശ എന്ന പോലെ ഇന്റര്‍വ്യൂകളും ചര്‍ച്ചകളും നടത്തരുത്. ഇപ്പോള്‍ ഇന്ത്യയിലെ ടെലിവിഷനില്‍ നടക്കുന്ന ഈ പരിപാടികളെ വിളിക്കാന്‍ എന്റെ കയ്യില്‍ മറ്റൊരു വാക്കില്ല . ഈ വിഡ്ഡിത്തത്തെ വിശേഷിപ്പിക്കാന്‍ ഇംഗ്ലീഷില്‍ വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല!

?താങ്കളെ ടഫ് ഇന്റര്‍വ്യൂവര്‍ എന്നാണ് നിരൂപകര്‍ വിളിക്കുന്നത്.അത് ഒരു വലിയ അംഗീകാരമാണ്.ടഫ് ഇന്റര്‍വ്യൂവറായ താങ്കള്‍ക്ക് മുന്നില്‍ അഭിമുഖത്തിനായി ഇതുവരെ ഇരുന്നിട്ടുള്ളവരില്‍ ഏറ്റവും ടഫായ വ്യക്തി ആരാണ്

=ഒരു വ്യക്തിയെ മാത്രമായി പറയാന്‍ പ്രയാസമുണ്ട്! ഒട്ടേറെ വ്യക്തികള്‍ എന്ന് വേണമെങ്കില്‍ പറയാം. ആളുകള്‍ അഭിമുഖങ്ങളില്‍ കഠിന(ടഫ്)രാകുന്നതിന് വ്യത്യസ്തങ്ങളായ കാരണങ്ങളുണ്ട്. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനോ, ചോദ്യങ്ങളെ അവഗണിക്കുന്നതിനോ വേണ്ടി ചില ആളുകള്‍ അഭിമുഖങ്ങളില്‍ ടഫ് ആകും. അവര്‍ക്ക് അതിന്റെ രീതി അറിയാം. അത്തരത്തില്‍ ഇന്റര്‍വ്യൂ നടത്തുന്നവരും ഇന്റര്‍വ്യൂവിന് വിധേയരാകുന്നവരും തമ്മിലുള്ള ഒരു തരം പ്ലേ ആണ് പൊളിറ്റിക്കല്‍ ഇന്റര്‍വ്യു. ഇന്റര്‍വ്യൂ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ പബ്ലിസിറ്റിയും ശ്രദ്ധയും ആഗ്രഹിക്കുന്നു. അതിനായി ലഭിക്കുന്ന അവസരം എന്ന നിലയില്‍ അഭിമുഖത്തെ അവര്‍ ഉപയോഗിക്കുന്നു. വെളിപ്പെടുത്താനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ടഫ് ഗെയിം കളിക്കുന്ന ചില വ്യക്തികള്‍ കാര്യങ്ങള്‍ വിട്ടുപറയില്ല.അവര്‍ കാര്യമായി സംസാരിക്കില്ല.
 അതുപോലെ, മറ്റു ചിലര്‍ ടഫ് ആകുന്നത്,അവരുടെ ക്ഷമയുടെ അതിര്‍ത്തിയ്ക്കടുത്ത് അഭിമുഖകാരന്‍ എത്തുമ്പോഴാണ്. അപ്പോഴാണ് അവര്‍ ചിലപ്പോള്‍ ഇന്റര്‍വ്യൂ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത്. ഉദാഹരണത്തിന് നരേന്ദ്രമോദി,രാം ജേഠ് മലാനി തുടങ്ങിയവര്‍ ഇറങ്ങിപ്പോയത്. ക്ഷമകെട്ടെങ്കിലും ജയലളിത ഇറങ്ങിപ്പോയില്ല. പക്ഷെ,ഇതൊന്നും ഒഴിവാക്കാന്‍ കഴിയില്ല. ആലോചിച്ചുറപ്പിച്ച് അവതാരകന്‍ ടഫ് ആകുന്നതല്ല,അതിനാല്‍ അത്തരമൊരു ടഫ് ലൈന്‍ അഭിമുഖത്തില്‍ സ്വീകരിച്ചത് ഒഴിവാക്കേണ്ടതില്ല. ആ രീതി ഉപേക്ഷിക്കേണ്ടതില്ല. ആ വ്യക്തിയുമായി അഭിമുഖം അതേ നിലയില്‍ തുടരേണ്ടതാണ്. വേറെ ഒരു തരത്തിലുള്ള ടഫ്നെസ് ഉണ്ട്. അത് അഭിമുഖത്തിനിരിക്കുന്ന വ്യക്തി കുടൂതല്‍ നാണം കുണുങ്ങിയോ,അധീരനോ ആകുമ്പോഴാണ്. അങ്ങനെയുള്ളവര്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. ഇത് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് എന്റെ അഭിമുഖത്തില്‍ സംഭവിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ ഏ.ആര്‍.റഹ്‌മാന്റെ കാര്യത്തില്‍ ഇതാണ് ഉണ്ടായത്. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്. പക്ഷെ,അഭിമുഖത്തില്‍ അങ്ങേയറ്റം നാണം കുണുങ്ങിയായിരുന്നു. അഭിമുഖ സമയത്ത് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി  വെറും മൂളല്‍ മാത്രം. അത് മൂലം എനിക്ക് ആ അഭിമുഖം മൂന്ന് വട്ടം മാറ്റിയെടുക്കേണ്ടി വന്നു. ഈ മൂന്ന് അഭിമുഖങ്ങളും ചേര്‍ത്ത് എഡിറ്റ് ചെയ്താണ് പിന്നീട് സംപ്രേഷണം ചെയ്ത.് ഹി ഈസ് എക്ട്രീമിലി നൈസ്,ബട്ട് ഹി ഈസ് വെരി വെരി ഷൈ. ഇക്കാരണത്താല്‍ ഞാന്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ കൈകാര്യം ചെയ്ത, ഏറ്റവും പ്രയാസപ്പെട്ട,ടഫായ അഭിമുഖം ഏ.ആര്‍.റഹ്‌മാന്റേതായിരുന്നു!

?ടഫായ ഇന്റര്‍വ്യൂവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍,ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിമുഖം താങ്കളുടെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അധ്യായമാണ്. രണ്ട് മിനുട്ട് നാല്‍പത്തിയഞ്ച് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ അഭിമുഖം നിര്‍ത്തി വയ്ക്കേണ്ടി വന്നു. എന്നാല്‍ ആ നിമിഷങ്ങള്‍ മാധ്യമ ലോകത്ത് പിന്നീട് വലിയ സംഭവമായി. 2007-ലെ ആ അഭിമുഖത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്താണ് താങ്കളുടെ മനസ്സില്‍ ഇപ്പോള്‍
=ഞാന്‍ ഖേദിക്കുന്നുണ്ടോ എന്നാണ് താങ്കളുടെ ചോദ്യമെങ്കില്‍,എന്റെ ഉത്തരം ഇല്ല എന്നാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്. ആ അഭിമുഖം ഒരു പക്ഷെ,  ഒരു പാഠമായി മാറിക്കഴിഞ്ഞു. ഞാന്‍ ചെയ്തതില്‍ ഏറ്റവും പ്രസിദ്ധമായ അഭിമുഖം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുമായി 2007 ല്‍ നടത്തിയതാണ്. വെറും രണ്ട് മിനുട്ട് 45 സെക്കന്റ് മാത്രം നീണ്ടു നിന്ന അഭിമുഖമാണിത്. എല്ലാവരും ഇപ്പോഴും അതെക്കുറിച്ച് സംസാരിക്കുന്നു. ചര്‍ച്ച ചെയ്യുന്നു. ആ അഭിമുഖം സംബന്ധിച്ച് ചിന്തിക്കുമ്പോള്‍,ഒരു വിഷയം അതിന്റെ സ്വാഭാവിക പരിണതിയിലേക്ക് പോയതില്‍ വെറുതെ ഖേദിച്ചിട്ട് കാര്യമില്ല എന്നാണ് എന്റെ വിലയിരുത്തല്‍. രണ്ടാമത്തെ വിഷയം അല്ലെങ്കില്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം, ആ അഭിമുഖം കൈകാര്യം ചെയ്ത രീതിയില്‍ ഞാന്‍ ഖേദിക്കുന്നുണ്ടോ എന്നതാണ്. ഇല്ല എന്നാണ് അതിനും ഉത്തരം. എന്താണ് അങ്ങനെ ഒരു ഉത്തരത്തിന് കാരണം? 5 വര്‍ഷമായി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലുള്ള ഒരാളുമായാണ് ഞാന്‍ അഭിമുഖം നടത്തിയത്. രണ്ടാമത്തെ ടേമിനായി മത്സരിക്കുന്നതിനിടയിലായിരുന്നു അഭിമുഖം. അദ്ദേഹം ഒരു എസ്റ്റാബ്ലിഷ്ഡ് രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയത്തില്‍ പുതിയ ആളല്ല. പരിചയസമ്പന്നനായ വ്യക്തിയാണ്. കാര്യങ്ങള്‍ പഠിക്കാന്‍ ഒരാള്‍ക്ക് 5 വര്‍ഷം ഒരു ദീര്‍ഘ കാലയളവാണ്. ജനങ്ങള്‍ തിരിച്ചറിയുന്ന ഒരാളുമാണ്. 2002-ല്‍ ഗുജറാത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. അതെക്കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കേണ്ടത്,ചോദിക്കേണ്ടത് പരമ പ്രധാനമാണ്. എന്നാല്‍,ആ വിഷയം മാത്രമല്ല, ാന്‍ ചോദിക്കാനിരുന്നത്. മറ്റ് നിരവധി വിഷയങ്ങളുണ്ടായിരുന്നു. അതിന് ഞാന്‍ തയ്യാറായിരുന്നു.അഭിമുഖത്തില്‍ ചോദിക്കാനായി ആ ചോദ്യങ്ങളും ഞാന്‍ തയ്യാറാക്കി വച്ചിരുന്നു.

 അതവിടെ നില്‍ക്കട്ടെ, അഭിമുഖത്തിന്റെ ഏത് ഘട്ടത്തിലാണ് ഗുജറാത്ത് കലാപം,ഗോധ്ര കൂട്ടക്കൊല തുടങ്ങിയ വിഷയങ്ങള്‍ ഞാന്‍ ഉയര്‍ത്തേണ്ടിയിരുന്നത് എന്നതാണ് അടുത്ത ഡിബേറ്റിംഗ് പോയിന്റ്. അത് വേണമെങ്കില്‍ എനിക്ക് അഭിമുഖത്തിന്റെ തുടക്കത്തില്‍ ഉന്നയിക്കാമായിരുന്നു. അല്ലെങ്കില്‍ അഭിമുഖത്തിന്റെ അവസാനം കൊണ്ടു വരാം. അതുമല്ലെങ്കില്‍ അഭിമുഖത്തിന്റെ മധ്യത്തില്‍ കൊണ്ടു വരാം. ഇങ്ങനെ മൂന്ന് സാധ്യതകളാണ് അഭിമുഖകാരന്റെ മുന്നിലുള്ളത്. പക്ഷെ,ഈ ചോദ്യങ്ങള്‍ ഞാന്‍ അഭിമുഖത്തിന്റെ നടുവിലോ, ഒടുവിലോ ഉന്നയിക്കാന്‍ തീരുമാനിച്ച് മാറ്റി വച്ചാല്‍,അതൊരു ഡെമോക്ലസിന്റെ വാള്‍ പോലെ അഭിമുഖത്തില്‍ ഉടനീളം തൂങ്ങി നില്‍ക്കും. തന്നെ വീഴ്ത്താനായി എന്തോ ഒരുങ്ങി നില്‍പുണ്ടെന്ന തോന്നല്‍ അഭിമുഖത്തില്‍ ഉടനീളം മോദിക്കുണ്ടാകുകയും ചെയ്യും. അതുകൊണ്ടാണ് ആദ്യത്തെ രണ്ട് മൂന്ന് മിനുട്ടിനുള്ളില്‍ തന്നെ ഈ ചോദ്യമുന്നയിച്ചിട്ട് വേഗം മറ്റ് വിഷയങ്ങളിലേക്ക് കടക്കാമെന്ന് ഞാന്‍ കരുതിയത്. അതോടെ ,അഭിമുഖത്തില്‍ എപ്പോള്‍ ഈ വിഷയം വരുമെന്ന ടെന്‍ഷന്‍ ഒഴിവാകുമല്ലോയെന്ന് കരുതി.

 ഇനി മറ്റൊരു കാര്യം. അഭിമുഖത്തിലെ എന്റെ ആദ്യത്തെ ചോദ്യത്തെക്കുറിച്ചാണ് അടുത്ത ചര്‍ച്ച.'മിസ്റ്റര്‍ മോദി,നമുക്ക് താങ്കളെക്കുറിച്ച് സംസാരിച്ചു കൊണ്ട് തുടങ്ങാം. കഴിഞ്ഞ ആറ് വര്‍ഷമായി താങ്കള്‍ ഗുജറാത്ത് മുഖ്യമന്ത്രിയാണ്. ഇന്ത്യ ടുഡെയും രാജീവ് ഗാന്ധി ഫൗണ്ടേഷനും താങ്കളെ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നു. എന്നിട്ടും താങ്കളെ ഒരു കൂട്ടക്കൊലക്കാര(മാസ് മര്‍ഡറര്‍)നെന്നും മുസ്ലീം വിഭാഗങ്ങളെക്കുറിച്ച് മുന്‍കൂര്‍ ധാരണ സൂക്ഷിക്കുന്ന ആളെന്നും ജനങ്ങള്‍ വിളിക്കുന്നു. താങ്കള്‍ക്ക് ഒരു പ്രതിച്ഛായാ പ്രശ്നമുണ്ടോ 'എന്നതായിരുന്നു എന്റെ ആദ്യത്തെ ചോദ്യം. ഞാന്‍ ഓര്‍മയില്‍ നിന്ന് ഉദ്ധരിക്കുന്നതാണ് കേട്ടോ. എന്തിനാണ് ഞാന്‍ കൂട്ടക്കൊലക്കാരന്‍ എന്ന വാക്ക് തിരഞ്ഞെടുത്തത്?എനിക്ക് വേണമെങ്കില്‍,മയപ്പെടുത്തി പറയാമായിരുന്നു. എന്നാല്‍ മയപ്പെടുത്തി പറഞ്ഞാല്‍ അദ്ദേഹത്തിനോ ജനങ്ങള്‍ക്കോ ഞാന്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലാകുമായിരുന്നില്ല. അങ്ങനെ മയപ്പെടുത്തി വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരു തരം സത്യസന്ധതയില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും ഞാന്‍ വിശ്വസിക്കുന്നു.

 അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാണ് എന്നതാണ് മറ്റൊരു പ്രധാന പോയിന്റ്. അദ്ദേഹത്തിന് ജനങ്ങളെ പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. എന്തിനാണ് ഞാന്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്? അദ്ദേഹം ആത്യന്തികമായി ഒരു രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന് അദ്ദേഹത്തെ പ്രതിരോധിക്കാനും ന്യായീകരിക്കാനും അറിയാം. എന്തിനാണ് ഞാന്‍ അദ്ദേഹത്തെ സുഖിപ്പിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. അദ്ദേഹം സത്യം കേള്‍ക്കാന്‍ ബാധ്യസ്ഥനുമാണ്. അതു കൊണ്ടാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്ന ആരോപണം കേള്‍ക്കുന്നുണ്ടല്ലോ എന്ന് ഞാന്‍ ചോദിച്ചത്.അങ്ങനെ ഒരു പ്രയോഗം ഞാന്‍ നടത്തിയത്.

 എന്നാല്‍ മോദി അഭിമുഖത്തില്‍ ഒരു പിഴവ് വരുത്തി. തുടക്കം മുതല്‍ അദ്ദേഹം എന്റെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷിലാണ് മറുപടി നല്‍കിയത് എന്നതായിരുന്നു ആ പിഴവ്. 2007-ല്‍ മോദിയുടെ ഇംഗ്ലീഷ് ഭാഷാ സ്വാധീനം ഒട്ടും നല്ലതായിരുന്നില്ല. ഇപ്പോള്‍ താരതമ്യേന മെച്ചപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം കുറെക്കൂടി ഭേദപ്പെട്ട രീതിയില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ അന്നത്തെ അഭിമുഖത്തില്‍ ,തനിക്ക് നല്ല സ്വാധീനമുള്ള ഹിന്ദിക്ക് പകരം സംസാരിക്കാന്‍ അദ്ദേഹം ഇംഗ്ലീഷ് തിരഞ്ഞെടുത്തത് പിശകായിരുന്നു. ഹിന്ദിയിലോ ഗുജറാത്തിയിലോ ചിന്തിച്ച ശേഷം അദ്ദേഹം അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് സംസാരിച്ചത്. അതിനാല്‍ മറുപടിയുടെ വേഗം കുറഞ്ഞു. മാത്രമല്ല,വാക്കുകള്‍ സ്വാഭാവികമായ രീതിയില്‍ പുറത്തു വന്നില്ല. അതൊരു വലിയ പരിമിതിയായി മാറി. എന്തിനാണ് മറുപടി പറയാന്‍ അദ്ദേഹം ഇംഗ്ലീഷ് തിരഞ്ഞെടുത്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അദ്ദേഹം നന്നായി ഹിന്ദി സംസാരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഹിന്ദി വളരെ ലളിതമാണ്. എല്ലാവര്‍ക്കും  മോദിയുടെ ഹിന്ദി മനസ്സിലാകും. ബി.ബി.സി അത് പരിഭാഷപ്പെടുത്തുകയും ചെയ്യും. തനിക്ക് സ്വാധീനമില്ലാത്ത ഭാഷയില്‍ മറുപടി പറയാന്‍ അദ്ദേഹം ശ്രമിച്ചത് ഒരു പരിമിതിയായി മാറി. എങ്കിലും അഭിമുഖത്തിലുടനീളം അദ്ദേഹം അക്ഷോഭ്യനായിരുന്നു.

 ഇന്റര്‍വ്യൂ തുടര്‍ന്നു. 2002 ലെ ഗുജറാത്ത് സംഭവത്തിന്റെ പശ്ചാത്തലത്തില്‍,ഗോധ്രയുടെ പ്രേതം താങ്കളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു,ആ പ്രേതത്തെ തടയാന്‍ താങ്കള്‍ ഒന്നും ചെയ്യാത്തതെന്തു കൊണ്ടെന്ന എന്റെ ചോദ്യത്തിന്,'അതിനുള്ള ശ്രമം ഞാന്‍ കരണ്‍ ഥാപ്പറിനെപ്പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നു'എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രണ്ടു മൂന്ന് ചോദ്യങ്ങള്‍ കൂടി ഞാന്‍ തുടര്‍ന്നു. അദ്ദേഹം അതിന് മറപടി പറഞ്ഞു. അതിന് ശേഷം,ഗോധ്ര സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആ പ്രതിച്ഛായയില്‍  നിന്ന് പുറത്തു വരണമെന്ന് ഞാന്‍ മോദിയോട് പറഞ്ഞു. മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിന് താങ്കള്‍ക്ക് മുന്നില്‍ ഈ വിഷയം തടസ്സമായി നില്‍ക്കുന്നുണ്ടെങ്കില്‍,അതില്‍ നിന്ന് എത്രയും വേഗം താങ്കള്‍ പുറത്തു വരണമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം അപ്പോള്‍ 'എനിക്ക് വിശ്രമിക്കണമെന്നും വെള്ളം വേണമെന്നും 'പറഞ്ഞ് അഭിമുഖം അവസാനിപ്പിച്ചു.

  പിന്നീട് അദ്ദേഹം അഭിമുഖത്തിന് തയ്യാറായില്ല. രണ്ട് മിനുട്ട് 45 സെക്കന്റ് മാത്രം പിന്നിട്ടപ്പോള്‍ നിന്നുപോയ അഭിമുഖം പുനരാരംഭിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. മോദി വഴങ്ങിയില്ല. പകരം എനിക്ക് ചായയും മധുരവും ഗുജറാത്തി ദോക്ലയും തന്ന് ഒരു മണിക്കൂറോളം എന്നോടൊപ്പം ചെലവിട്ടു. അദ്ദേഹം വളരെ നല്ല ആതിഥേയനായിരുന്നു. ഇതിനിടയിലെല്ലാം അഭിമുഖം തുടരാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു കൊണ്ടിരുന്നു. എന്നാല്‍,'അപ്നെ ദോസ്തി ബനി രഹേ'എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'താങ്കള്‍ ഇവിടെ വന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. എനിക്ക് അതില്‍ നന്ദിയുണ്ട്. എനിക്ക്  ഈ അഭിമുഖം തുടരാന്‍ താല്‍പര്യമില്ല. ഇതെല്ലാം നിങ്ങളുടെ ആശയങ്ങളാണ്. താങ്കള്‍ തുടര്‍ച്ചയായി സംസാരിച്ചു കൊണ്ടേയിരിക്കുന്നു. എനിക്ക് താങ്കളുമായി സുഹൃദ്ബന്ധം തുടരാന്‍ ആഗ്രഹമുണ്ട് 'എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഭിമുഖം വീണ്ടും ചെയ്യാമെന്നും ഗുജറാത്ത് വിഷയം അഭിമുഖത്തിന്റെ ഒടുവില്‍ ചോദിക്കാമെന്നും ഞാന്‍ ആവര്‍ത്തിച്ചെങ്കിലും സമ്മതിച്ചില്ല.

 സംസാരത്തിലുടനീളം രണ്ട് കാര്യങ്ങളാണ് ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കാന്‍ ശ്രമിച്ചത്. ഈ അഭിമുഖം ഇങ്ങനെ അവസാനിപ്പിച്ചാല്‍ ഇതൊരു ന്യൂസ് സ്റ്റോറിയായി സി.എന്‍.എന്‍-ഐ.ബി.എന്‍ എല്ലാ വാര്‍ത്താ ബുള്ളറ്റിനിലും ഉള്‍പ്പെടുത്തി സംപ്രേഷണം ചെയ്യും. ഒരു ദിവസം 30 ബുള്ളറ്റിന്‍ ഉണ്ട്. അതിലെല്ലാം ഈ ന്യൂസ് സ്റ്റോറി ഉള്‍പ്പെടുത്തും. എന്നാല്‍ അഭിമുഖമാണ് എങ്കില്‍ ഒരു പ്രാവശ്യം സംപ്രേഷണം ചെയ്യും. മറ്റൊരു പ്രാവശ്യം റിപ്പീറ്റ് സംപ്രേഷണം ഉണ്ടാകും. അതോടെ തീരും. അതിനാല്‍ അഭിമുഖമാണ് നല്ലതെന്ന് ഞാന്‍ വ്യക്തമാക്കി. എന്നിട്ടും അദ്ദേഹം തയ്യാറായില്ല. പിന്നെ എപ്പോഴെങ്കിലും ആകാമെന്ന് പറഞ്ഞ് ഒഴിഞ്ഞു. ഒടുവില്‍ ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങി. അടുത്ത ദിവസം ഞായറാഴ്ചയായിരുന്നു. ഈ അഭിമുഖ ശകലത്തിന്റെ വീഡിയോ സി.എന്‍.എന്‍-ഐ.ബി.എന്‍ വാര്‍ത്താ ഐറ്റമാക്കി എല്ലാ ബുള്ളറ്റിനിലും ഉപയോഗിച്ചു. അതോടെ അഭിമുഖം  വലിയ വാര്‍ത്തയായി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോള്‍ മോദി എന്നെ ഫോണില്‍ വിളിച്ചു.'മേരേ കന്ധേ പേ ബന്ധൂക് രഖ് കേ ആപ് ഗോളി മാര്‍ രഹേ ഹോ '(എന്റെ തോളില്‍ തോക്ക് വച്ചാണ് താങ്കള്‍ വെടി പൊട്ടിക്കുന്നത്!)എന്ന് എന്നോട് പറഞ്ഞു.'മോദി സാബ് ഞാന്‍ അങ്ങയോട് ഇക്കാര്യം പറഞ്ഞിരുന്നതല്ലേ. മുഴുവന്‍ അഭിമുഖം തന്നിരുന്നെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല.'അപ്പോള്‍ അദ്ദേഹം ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞത് ഞാന്‍ ഒരിക്കലും മറക്കില്ല.'കരണ്‍ബ്രദര്‍ ഐ ലവ് യു..ജബ് മേ ദില്ലി ആവൂംഗാ തോ ഭോജന്‍ കരേംഗേ! '(കരണ്‍ സഹോദരാ,ഞാന്‍ താങ്കളെ സ്നേഹിക്കുന്നു.ഞാന്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ നമ്മള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കും).അദ്ദേഹം തന്റെ വാക്കുകളിലൂടെ ഉദ്ദേശിച്ച സ്നേഹത്തെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാല്‍ കഴിഞ്ഞ 9 വര്‍ഷമായി അദ്ദേഹം ഡല്‍ഹിയിലുണ്ട്. ഇതുവരെ ഞങ്ങള്‍ ഒരുമിച്ച് ആഹാരം കഴിച്ചിട്ടില്ല. അഭിമുഖവും തന്നിട്ടില്ല!

 മാത്രമല്ല,2016 ന് ശേഷം ബി.ജെ.പി എന്നെ നിരന്തരം ബഹിഷ്‌കരിച്ചിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യത്തെ രണ്ട് വര്‍ഷത്തോളം കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. നേതാക്കളും മന്ത്രിമാരുമൊക്കെ എന്റെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍,കഴിഞ്ഞ 5,6 വര്‍ഷങ്ങളായി ബി.ജെ.പി നേതാക്കളോ മന്ത്രിമാരോ പാര്‍ട്ടി വക്താക്കളോ എന്റെ ഷോകളില്‍ പങ്കെടുക്കുന്നില്ല. ഒരു അപ്രഖ്യാപിത വിലക്ക്. പരിപാടികള്‍ ബഹിഷ്‌കരിക്കുകയാണെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അരുണ്‍ ജയ്റ്റ്ലി സമ്മതിച്ചിട്ടുണ്ട്, രാം മാധവ് സമ്മതിച്ചിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടിക്ക് താങ്കളോട് ദേഷ്യമെന്താണെന്ന് പ്രകാശ് ജാവദേക്കര്‍ എന്നോട് ഫോണില്‍ ചോദിച്ചു. എനിക്കറിയില്ലെന്ന് ഞാന്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനെ കണ്ട് പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അമിത് ഷായുമായി ഞാന്‍ ഇതെക്കുറിച്ച് നേരില്‍ സംസാരിച്ചു. 24 മണിക്കൂറിനുള്ളില്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിട്ട് അദ്ദേഹം വിളിച്ചില്ല. പ്രധാനമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും സംസാരിച്ചു. പരിഹരിക്കാന്‍ കഴിഞ്ഞില്ല. കാര്യങ്ങള്‍ക്ക് ഇതുവരെ മാറ്റമുണ്ടായിട്ടില്ല.

?2007 ലെ ഈ അഭിമുഖത്തിന് ശേഷം താങ്കള്‍ എപ്പോഴെങ്കിലും നരേന്ദ്രമോദിയുടെ അഭിമുഖത്തിനായി ശ്രമിച്ചിട്ടുണ്ടോ? ഇപ്പോഴും അദ്ദേഹത്തിന്റെ അഭിമുഖത്തിനായി ശ്രമം തുടരുകയാണോ
=2007 ലെ അഭിമുഖത്തിന് ശേഷം  വര്‍ഷങ്ങളായി ഞാന്‍ മി.മോഡിയുടെ അഭിമുഖത്തിനായി ശ്രമിക്കുകയാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഞാന്‍ അഭിമുഖം ചോദിച്ച് അദ്ദേഹത്തിന് കത്തെഴുതി. മൂന്ന് നാല് കത്തുകളെഴുതി. ഇ.മെയിലില്‍ നല്‍കി. പ്രധാനമന്ത്രിയുടെ വീട്ടില്‍ എന്റെ സഹപ്രവര്‍ത്തകര്‍ കത്തുകളെത്തിച്ചു. പണ്ടൊരിക്കല്‍ നമ്മള്‍ അഭിമുഖത്തിനായി ഇരുന്നപ്പോള്‍ മോശം അനുഭവത്തിലാണ് അത് പര്യവസാനിച്ചതെന്നും അതിനാല്‍ പുതിയ ഒരു അഭിമുഖം ചെയ്യാന്‍ അവസരം തരണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു. രണ്ടു പേര്‍ക്കും അത് താല്‍പര്യമുള്ള കാര്യമാകും. മാത്രമല്ല,താങ്കള്‍ക്ക് ഇന്ത്യന്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം ലഭിക്കും. സര്‍ക്കാര്‍ ചെയ്ത പല കാര്യങ്ങളും ജനങ്ങളോട് അഭിമുഖത്തിലൂടെ വിശദീകരിക്കാന്‍ കഴിയും. താങ്കളോട് സംസാരിക്കാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ട് എന്നൊക്കെ ഞാന്‍ കത്തില്‍ എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ പോലും മറുപടി എഴുതാന്‍ തയ്യാറായില്ല.

?ബി.ജെ.പി നേതാക്കള്‍ മാത്രമല്ല,കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും അഭിമുഖത്തിന് തയ്യാറായിട്ടില്ലല്ലോ ?ഗാന്ധി കുടുംബവുമായി താങ്കള്‍ക്ക് അടുത്ത ബന്ധമുണ്ട്. എന്നാല്‍ സോണിയയോ രാഹുലോ പ്രിയങ്കയോ ഇതുവരെ അഭിമുഖത്തിന് തയ്യാറായിട്ടില്ല. അതെക്കുറിച്ച് എന്ത് പറയുന്നു
=ഇന്ദിരാഗാന്ധിയുടെ ആദ്യത്തെ കസിന്‍ നയന്‍താര സൈഗാള്‍ വിവാഹം കഴിച്ചിരിക്കുന്നത് എന്റെ അമ്മയുടെ സഹോദരനെയാണ്. നയന്‍താര പ്രമുഖയായ എഴുത്തുകാരിയാണ്. വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളാണ്. നെഹ്രുവും വിജയലക്ഷ്മി പണ്ഡിറ്റും സഹോദരീ സഹോദരന്‍മാരാണല്ലോ. അവരുടെ മക്കള്‍ എന്റെ ഫസ്റ്റ് കസിന്‍സാണ്. വളരെ അടുത്ത ബന്ധമാണ് എനിക്ക് ഗാന്ധി കുടുംബവുമായുള്ളത്. സഞ്ജയും രാജീവുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. സഞ്ജയ് എന്റെ ചേച്ചി ശോഭയുടെ അടുത്ത സുഹൃത്തായിരുന്നു. സഞ്ജയിന് എന്നെക്കാള്‍ പ്രായമുണ്ടായിരുന്നു.സ്‌കൂള്‍ വിട്ടാല്‍ സഞ്ജയ് നേരെ എന്റെ വീട്ടിലേക്ക് വരുമായിരുന്നു. എന്റെ സഹോദരിയെ കാണാനുള്ള വരവാണ്. ഹി വാസ് പര്‍ട്ടിക്കുലര്‍ലി ക്ലോസ് ടു മൈ സിസ്റ്റര്‍ ശോഭ. 2004 ല്‍ ഞാന്‍ സോണിയാ ഗാന്ധിയെ ഒരു പ്രാവശ്യം നേരില്‍ കണ്ട് എനിക്ക് താങ്കളെ ഇന്റര്‍വ്യൂ ചെയ്യാന്‍ താല്‍പര്യമുണ്ടന്ന് പറഞ്ഞു. ഡെഫിനിറ്റ്ലി,ഐ വില്‍ ഫിക്സ് ദ ഡേറ്റ് എന്നായിരുന്നു സോണിയയുടെ മറുപടി. എന്നാല്‍,ഇതുവരെ നടന്നിട്ടില്ല. അന്നത്തെ നിയമമന്ത്രിയായിരുന്ന അശ്വിനി കുമാറിന്റെ വസതിയില്‍ വച്ചായിരുന്നു ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ വസതിയിലെ പൂന്തോട്ടത്തില്‍ സംഘടിപ്പിച്ച ഒരു വിരുന്ന് സല്‍ക്കാരത്തില്‍ വച്ചാണ് ഞാന്‍ കണ്ടത്. രാഹുല്‍ ഗാന്ധി ആദ്യമായി എം.പിയായപ്പോള്‍, എനിക്ക്  ഇന്‍ര്‍വ്യൂ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി. 24 മണിക്കൂര്‍ കഴിയും മുമ്പ് അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു.'ഇന്റര്‍വ്യൂ തരാന്‍ സന്തോഷമുണ്ട്. എന്നാല്‍ ദയവായി 6-7 മാസം കാത്തിരിക്കാമോ. ഞാന്‍ എം.പിയായിട്ട് വെറും ഒരാഴ്ച കഴിഞ്ഞിട്ടേ ഉള്ളൂ. ഞാന്‍ കാര്യങ്ങള്‍ പഠിക്കട്ടെ 'എന്ന് വളരെ വിനയത്തോടെ പറഞ്ഞു. തീര്‍ച്ചയായും ആ നിലപാടിനെ ഞാന്‍ അംഗീകരിക്കുന്നു എന്ന് ഞാന്‍ മറുപടി നല്‍കി. എന്നാല്‍  വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും അദ്ദേഹം ഇതുവരെ ഒരു അഭിമുഖം തന്നിട്ടില്ല! പക്ഷെ രാഹുല്‍ പിന്നീട് എന്റെ പുസ്തക പ്രകാശനത്തിന് വന്നു. എന്നാല്‍ അഭിമുഖം മാത്രം കിട്ടിയില്ല.!പലവട്ടം ഞാന്‍  കത്തെഴുതി. എന്നാല്‍ ഇതുവരെ കിട്ടിയിട്ടില്ല. പ്രിയങ്കയുടെ അഭിമുഖത്തിനായി ഞാന്‍ ശ്രമിച്ചിട്ടുമില്ല.

?താങ്കളുടെ ഏറ്റവും പുതിയ അഭിമുഖം വിവാദങ്ങളുടെ കുടമാണ് തുറന്നത്. മുന്‍ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികുമായി നടത്തിയ പുല്‍വാമ സംഭവത്തെക്കുറിച്ചുള്ള അഭിമുഖത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിവാദത്തില്‍ വീഴ്ത്തുന്ന പല  വെളിപ്പെടുത്തുലുകളുണ്ട്. പ്രതിപക്ഷം ഇളകി മറിഞ്ഞു. എന്നാല്‍ അതെക്കുറിച്ച് ഇതുവരെ ബി.ജെ.പി ഒരക്ഷരം മിണ്ടിയിട്ടില്ല. എന്തു കൊണ്ടാണിത്
=സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അവര്‍ മന:പൂര്‍വം പ്രതികരിക്കാത്തതാണ്. ബി.ജെ.പി  പ്രതികരിച്ചാല്‍ അതൊരു വലിയ വാര്‍ത്തയായി മാറും. പ്രതികരിച്ചാല്‍ ഒരു തര്‍ക്കത്തില്‍ അകപ്പെടും എന്നവര്‍ക്കറിയാം. അതിന് പകരം അവര്‍ സി.ബി.ഐ യെ ഉപയോഗിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു. ചോദ്യം ചെയ്യാന്‍ സി.ബി.ഐ രണ്ടോ മൂന്നോ പ്രാവശ്യം അദ്ദേഹത്തെ വിളിച്ചുകഴിഞ്ഞു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു. വളരെ മന:പൂര്‍വം സത്യപാല്‍ മാലികിനെ പീഡിപ്പിക്കുകയാണ്. ഭയപ്പെടുത്തുകയും വിരട്ടുകയുമാണ് അതിന്റെ ഉദ്ദേശം.

?കരണ്‍ ഥാപ്പറിനെതിരെ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ
=ഇല്ല. എനിക്ക് ഇന്നുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ജീവിതത്തില്‍ ഇതുവരെ അത്തരത്തില്‍ ഒരു ഭീഷണി ഫോണ്‍കോള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഐ ഹാവ് നെവര്‍ റിസീവ്ഡ് എ വാണിംഗ് ഫ്രം എനിബഡി. പക്ഷെ ഒരു കാര്യം എന്റെ ഓര്‍മയിലുണ്ട്. ഇന്ത്യാ ടുഡെക്ക് വേണ്ടി ഞാന്‍ ടെലിവിഷന്‍ പരിപാടികള്‍ തയ്യാറാക്കി കൊണ്ടിരുന്ന കാലം. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യ നിരീക്ഷകനുമായ പ്രതാപ് ഭാനു മേത്തയുമായി ഞാന്‍ അഭിമുഖം നടത്തി. ഇന്ത്യന്‍ എക്സ്പ്രസില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ് ഈ അഭിമുഖത്തിന്റെ ആശയം എനിക്ക് ലഭിച്ചത്. ഞാന്‍ ആ വിഷയം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അഭിമുഖത്തില്‍ അദ്ദേഹം തന്റെ ലേഖനത്തില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു! രണ്ട് ഭാഗങ്ങളായിരുന്നു ആ അഭിമുഖത്തിനുണ്ടായിരുന്നത്. ആദ്യത്തെ ഭാഗം മോദിയെക്കുറിച്ചായിരുന്നു. അത് മോദി സര്‍ക്കാരിനെയും മോദിയെയും കുറിച്ചുള്ള അതിനിശിതവും ശക്തവുമായ വിമര്‍ശനമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗം, അതിന് തുല്യമായ നിലയില്‍ പ്രതിപക്ഷത്തിനെതിരെയുള്ള കടുത്ത വിമര്‍ശനമായിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയുമുള്ള രൂക്ഷ വിമര്‍ശനം. ഷൂട്ട് ചെയ്ത വൈകിട്ട് തന്നെ ആ അഭിമുഖം സംപ്രേഷണം ചെയ്തു. രവിശങ്കര്‍ പ്രസാദായിരുന്നു അന്ന് കേന്ദ്ര നിയമ മന്ത്രി. ആദ്യത്തെ ഭാഗം സംപ്രേഷണം ചെയ്തതിന് ശേഷമുള്ള കമേഴ്സ്യല്‍ ബ്രേക്കിന്റെ സമയത്ത് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. കടുത്ത ദേഷ്യത്തിലായിരുന്നു. എന്നോട് ഒച്ച വച്ചു. നിങ്ങളെന്തിനാണ് ഇത് ചെയ്തത് എന്ന് എന്നോട് ചോദിച്ചു. ഒന്നാം ഭാഗമല്ലേ നിങ്ങള്‍ കണ്ടുള്ളു, രണ്ടാം ഭാഗം കൂടി നിങ്ങള്‍ കാണൂ. രണ്ടാം ഭാഗത്ത് ഒന്നാം ഭാഗത്തെക്കാള്‍ കടുത്ത വിമര്‍ശനമുണ്ട്.-ഞാന്‍ പറഞ്ഞു. രണ്ടാം ഭാഗം കാണാമെന്ന് അദ്ദേഹം സമ്മതിച്ചു. ആദ്യ ഭാഗം കണ്ടു കഴിഞ്ഞ ഉടനെയാണ് അദ്ദേഹം എന്നെ ഫോണ്‍ ചെയ്തത്. ഒരര്‍ഥത്തില്‍ മന്ത്രി എന്നെ ഭീഷണിപ്പെടുത്തുകയല്ലായിരുന്നു. എങ്കിലും  അദ്ദേഹം കടുത്ത ദേഷ്യത്തിലായിരുന്നു. ദേഷ്യം നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.എനിക്ക് ദീര്‍ഘകാലമായി രവിശങ്കര്‍ പ്രസാദിനെ അറിയാം. ആ അഭിമുഖം പൂര്‍ണമായി കണ്ടിട്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നതെങ്കില്‍ എനിക്ക് അത്ര വിഷമം തോന്നുമായിരുന്നില്ല.

?2016-ലാണ് ബി.ജെ.പി നേതാക്കള്‍ താങ്കളില്‍ നിന്ന് അകന്നുതുടങ്ങിയത്. അതിന് മുമ്പ് ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ക്ക് കരണ്‍ ഥാപ്പര്‍ ഷോ ഏറെ പ്രിയപ്പെട്ടതായിരുന്നു. വാജ്പേയിക്കും അദ്വാനിക്കും താങ്കളെ ഇഷ്ടമായിരുന്നു. അതില്‍ തന്നെ അദ്വാനിയുമായിട്ടായിരുന്നു താങ്കള്‍ക്ക് കൂടുതല്‍ അടുപ്പം. എന്നാല്‍ പിന്നീട് തെറ്റിദ്ധാരണകളുടെ പേരില്‍ ആ അടുപ്പം അകലമായി. ഈ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ ബന്ധങ്ങളെ എങ്ങനെയാണ് അയവിറക്കുന്നത്
=അദ്വാനിയുമായിട്ടായിരുന്നു എനിക്ക് വലിയ അടുപ്പം. എന്നാല്‍ അദ്ദേഹവുമായുള്ള ബന്ധം ഒരര്‍ഥത്തില്‍ ഞാന്‍ സ്പോയില്‍ ചെയ്തു. ഇക്കാര്യങ്ങള്‍ ഞാന്‍ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അദ്വാനിക്ക്  എന്നോട് വളരെ ദയയും സ്നേഹവും ഉണ്ടായിരുന്നു-വര്‍ഷങ്ങളോളം. എനിക്ക് അന്തമില്ലാത്ത ആരാധന തോന്നിയ വ്യക്തിത്വമാണ്. എങ്ങനെയാണ് ആ ആരാധന തുടങ്ങിയതെന്ന് ഞാന്‍ പറയാം. ലണ്ടനില്‍ നിന്ന് ഞാന്‍ ആദ്യമായി തിരിച്ചു വരുന്ന കാലം. എനിക്ക് അന്ന് ഇന്ത്യ സത്യം പറഞ്ഞാല്‍,അജ്ഞാത പ്രദേശമായിരുന്നു. ഇന്ത്യയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഡല്‍ഹിയിലും മാധ്യമ രംഗത്തായിരുന്നു എന്റെ പ്രവര്‍ത്തനം. ഡല്‍ഹിയില്‍ എത്തിയ ഉടന്‍  ടെലിവിഷനില്‍ ഐ വിറ്റനെസ് എന്ന പ്രോഗ്രാം തുടങ്ങി. അതിനായി ഒരു പൈലറ്റ് എപ്പിസോഡ് തയ്യാറാക്കണമായിരുന്നു. അദ്വാനിയുടെ ഇന്റര്‍വ്യൂവുമായി പ്രോഗ്രാം തുടങ്ങാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അദ്ദേഹം അന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. എന്തുകൊണ്ടോ തികച്ചും അപരിചിതനായ എനിക്ക് അദ്ദേഹം അഭിമുഖം അനുവദിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. ഞാന്‍  ഇന്റര്‍വ്യു ചെയ്തു. പത്ത് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള അഭിമുഖം. അദ്ദേഹത്തിന്  വളരെ സന്തോഷമായി. ഇന്റര്‍വ്യു കഴിഞ്ഞപ്പോള്‍ എനിക്കും ക്യാമറ സംഘത്തിനും ചായ തന്നു. രണ്ട് മാസം കഴിഞ്ഞപ്പോള്‍, ഈ അഭിമുഖം ഐ വിറ്റനെസ് എന്ന പ്രോഗ്രാമിന്റെ ആദ്യത്തെ എപ്പിസോഡായി ഞങ്ങള്‍ സംപ്രേഷണം ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ വാജ്പേയിയുടെ വീടിന് പുറത്തുവച്ച്  കണ്ടു. അദ്ദേഹം വാജ്പേയിയുടെ വസതിയില്‍ നിന്ന് ഇറങ്ങി വന്നിരുന്നു.'ഹലോ മി.അദ്വാനി,ഹൗ ആര്‍ യു? '-ഞാന്‍ വിളിച്ചു.അദ്ദേഹം വളരെ ഗൗരവത്തില്‍ എന്റെ നേരെ തിരിഞ്ഞു.'ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്തത് കണ്ടോ? എങ്ങനെയുണ്ട് 'എന്ന് ഞാന്‍ അഭിപ്രായം ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി എന്നെ ഞെട്ടിച്ചു.'ആ അഭിമുഖം തികച്ചും പരിഹാസ്യമായിരുന്നു എന്നാണ് എനിക്ക് കിട്ടിയ വിവരം'!ഞാന്‍ സ്തബ്ധനായിപ്പോയി.'താങ്കളുമായി സംസാരിച്ച 10 മിനുട്ട് അതേ പടി റെക്കോര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്യുകയാണ് ചെയ്തത്. പിന്നെ എങ്ങനെയാണ് പരിഹാസ്യമാകുന്നത്?'എന്ന് ഞാന്‍  തിരിച്ചു ചോദിച്ചു. അദ്ദേഹം ഒരു മറുപടിയും പറയാതെ സംസാരം പകുതി നിര്‍ത്തി തല തിരിച്ച് നടന്നു പോയി. ഞാനും എന്റെ വീട്ടിലേക്ക് പോയി.

   വീട്ടിലെത്തിയ ഉടന്‍ തന്നെ ഞാന്‍ ഇന്റര്‍വ്യൂവിന്റെ ടേപ്പ് അദ്വാനിയുടെ അടുത്ത് എത്തിച്ചു. അതിന്റെ കവറില്‍ ഒരു കത്തും വച്ചു.'ഈ ഇന്റര്‍വ്യു ദയവായി കാണുക. താങ്കള്‍ പറഞ്ഞത് അതേ പടി പകര്‍ത്തിയിരിക്കുകയാണെന്ന് താങ്കള്‍ക്ക് വ്യക്തമാകും. ഒരു വാക്ക് പോലും മാറ്റിയിട്ടില്ല. ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് എനിക്കറിയില്ല'-എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്തും ടേപ്പും കൊടുത്ത് വിട്ടിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞു. ഒരു മറുപടിയുമില്ല. പെട്ടെന്നൊരു ദിവസം വൈകിട്ട്,എന്റെ മുറിയിലെ ലാന്‍ഡ് ഫോണ്‍ ബെല്‍ അടിച്ചു. അക്കാലത്തൊന്നും മൊബൈല്‍ ഫോണില്ലല്ലോ. ഞാന്‍ പെട്ടെന്ന് ഫൊണെടുത്തു.'കരണ്‍,ഇത് എല്‍.കെ.അദ്വാനിയാണ് .മറുതലയ്ക്കല്‍ ശബ്ദം. ഗുഡ് ഈവനിംഗ് സര്‍..ഞാന്‍ പെട്ടെന്ന് പറഞ്ഞു. എനിക്ക് താങ്കളോട് മാപ്പ് ചോദിക്കണം. അഭിമുഖത്തെക്കുറിച്ച് എന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. എനിക്ക് തെറ്റു പറ്റി. പ്രായം ചെന്ന ഒരാളാണ് ഞാന്‍. തെറ്റിദ്ധരിക്കല്‍ എളുപ്പമാണ്. അതിനാല്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.'അദ്വാനി പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ അമ്പരന്നു പോയി. ഞങ്ങള്‍ തമ്മിലുള്ള പ്രായ വ്യത്യാസം മാത്രമായിരുന്നില്ല എന്റെ അമ്പരപ്പിന് കാരണം. ഞാനന്ന് ഡല്‍ഹിയില്‍ തികച്ചും അപരിചിതനായ ഒരു മനുഷ്യനായിരുന്നു. ഇന്നത്തെക്കാലത്ത് ആരെങ്കിലും എന്നോട് ഇങ്ങനെ ക്ഷമ ചോദിച്ച് സംസാരിച്ചാല്‍ എനിക്ക് അത്ഭുതമില്ല. കാരണം എന്നെ ഇപ്പോള്‍ പൊതുവെ എല്ലാവര്‍ക്കും അറിയാം. അന്ന് എന്നെ ആരും ഡല്‍ഹിയില്‍ അറിയുമായിരുന്നില്ല. അങ്ങനെയുള്ള എന്നോട് സമുന്നതനായ ഒരു നേതാവ് ക്ഷമ ചോദിക്കുക എന്നത് എനിക്ക് അത്ഭുതമായി. അദ്ദേഹം എത്രയോ വലിയ ഹൃദയത്തിന്റെ ഉടമയാണെന്ന് എനിക്ക് അപ്പോള്‍ തോന്നി.എത്രയോ വലിയ ധാര്‍മിക ബോധമാണ് അദ്ദേഹത്തിന് ഉള്ളത്? എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചു.

 തുടര്‍ന്നും അദ്ദേഹം എനിക്ക് പല പല അഭിമുഖങ്ങള്‍ തന്നു.1998 ലെ ഒരു അഭിമുഖം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. വാജ്പേയി ആദ്യമായി പ്രധാനമന്ത്രിയായ ഘട്ടം. അദ്വാനി പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ ഒരു ദിവസം ഡല്‍ഹിയില്‍ വച്ച് ഞാന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തു. ബി.ജെ.പി അതിന്റെ പ്രവര്‍ത്തന രീതികളും മുഖച്ഛായയും മാറ്റുകയാണെന്ന് അക്കാലത്ത് ചര്‍ച്ചയുണ്ടായിരുന്നു. ഇത് യഥാര്‍ഥമോ വ്യാജമോ എന്നതായിരുന്നു എന്റെ ചര്‍ച്ചാ വിഷയം. ഇത് സംബന്ധിച്ചായിരുന്നു അദ്വാനിയുമായി എന്റെ അഭിമുഖം. അഭിമുഖം തുടങ്ങി. പകുതി ഭാഗത്ത് എത്തിയപ്പോള്‍,കമേഴ്സ്യല്‍ ബ്രേക്കിനായി അഭിമുഖം നിര്‍ത്തുന്നതിന് തൊട്ടു മുമ്പ് ഞാന്‍ ചോദിച്ചു :'ആപ്നെ രാക്ഷസ് കെ സീംഘ് ഉഖാഡ് കെ മൂഞ്ച് പെ മുസ്‌കുരാഹത് ദല്‍ ദി ഹെ.ലേക്കിന്‍ യെ ദിഖാവ് ഹെ യാ അസ്ലിയത് ? '(താങ്കള്‍ താങ്കളുടെ പ്രതിച്ഛായ രാക്ഷസനില്‍ നിന്ന് ദയാലുവിലേക്ക് മാറ്റിയിരിക്കുന്നു.ഇത് യഥാര്‍ഥമോ വ്യാജമോ ?)അതുവരെ ഇംഗ്ലീഷില്‍ നടന്ന അഭിമുഖത്തില്‍ പെട്ടെന്ന് ഞാന്‍ ഹിന്ദിയില്‍ ഇങ്ങനെ ചോദിച്ചതെന്തു കൊണ്ടെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഹിന്ദിയാണ് അപ്പോള്‍ നാവില്‍ വന്നത്. എന്റെ ചോദ്യത്തിന് അപ്പോള്‍ അദ്ദേഹം മോശമായൊന്നും പ്രതികരിച്ചില്ല. എന്നാല്‍ കൊമേഴ്സ്യല്‍ ബ്രേക്കിനായി നിര്‍ത്തിയപ്പോള്‍,അദ്ദേഹം എഴുന്നേറ്റു. എന്നിട്ട് ഈ അഭിമുഖം തുടരാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഗൗരവത്തില്‍ പ്രഖ്യാപിച്ചു! ഞങ്ങള്‍ ഞെട്ടിപ്പോയി. എന്താണ് പ്രശ്നമെന്ന് ഞാന്‍ ആരാഞ്ഞപ്പോള്‍,രാക്ഷസനെന്ന് കരുതുന്ന ഒരാളുമായി താങ്കള്‍ എന്തിനാണ് അഭിമുഖം നടത്തുന്നതെന്നായിരുന്നു അദ്വാനിയുടെ മറുചോദ്യം. അതോടെ എന്റെ ചോദ്യം അദ്വാനിയെ വേദനിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി.സത്യത്തില്‍ എന്റെ ഉദ്ദേശം അതായിരുന്നില്ല.'മി.അദ്വാനി എന്റെ വിഡ്ഡിത്തമാണത്. എന്റെ ഹിന്ദി ഭാഷാ സ്വാധീനം വളരെ മോശമാണ്. പ്രയോഗിച്ച് തെറ്റിപ്പോയതാണ്. പ്ലീസ് ഡോണ്ട് ഗെറ്റ് അപ്സെറ്റ്'- ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍,നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം മുറി വിട്ട് പുറത്തേക്കിറങ്ങി.

  അദ്ദേഹം വാഷ് റൂമില്‍ പോയതാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അഭിമുഖമുറി വിട്ട് പുറത്തേക്കാണ് അദ്ദേഹം പോയത്. പക്ഷെ, ഒരു മിനുട്ട് പോലും കഴിയുന്നതിന് മുമ്പ് അദ്ദേഹം തിരിച്ചുവന്നു. അഭിമുഖത്തിനായുള്ള കസേരയില്‍ ഇരുന്നു. എന്നിട്ട് ക്യാമറക്രൂവിന്റെ നേരെ നോക്കി കൈകൂപ്പി ക്ഷമ പറഞ്ഞു.'എന്നോട്  ക്ഷമിക്കൂ. ഞാന്‍ അങ്ങനെ ഇറങ്ങിപ്പോകാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ വളരെ ദൂരം യാത്ര ചെയ്ത് എന്റെ അഭിമുഖം എടുക്കാന്‍ വന്നതല്ലേ. ഞാന്‍ അഭിമുഖം പൂര്‍ത്തിയാക്കുകയെങ്കിലും ചെയ്യേണ്ടതാണ്. ഏതായാലും അഭിമുഖം തുടരാം..'-അദ്വാനി പറഞ്ഞു.ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഞാന്‍ തെറ്റായ വാക്കുപയോഗിച്ചതിന് അദ്ദേഹം മാപ്പ് പറയുന്നു!അഭിമുഖം പൂര്‍ത്തിയാക്കി. അദ്വാനി പെട്ടെന്ന് ദേഷ്യപ്പെടുകയും പെട്ടെന്ന് തണുക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ്. അത്തരം ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയും. അദ്ദേഹത്തിന്റെ മനോവികാരം സുതാര്യവും സത്യസന്ധവുമാണെന്നാണ് ഇതിലൂടെ തെളിയുന്നെന്നാണ് ഞാന്‍ കരുതുന്നത്. അതോടെ ഞങ്ങള്‍ വീണ്ടും സുഹൃത്തുക്കളായി.

 അതു കഴിഞ്ഞും ദീര്‍ഘകാലം ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടര്‍ന്നു. എന്നാല്‍ രാജ്നാഥ് സിംഗ് പാര്‍ട്ടി പ്രസിഡണ്ടായ ഘട്ടത്തില്‍ അദ്വാനിയുമായി നടത്തിയ അഭിമുഖം സംബന്ധിച്ച അഭിപ്രായഭിന്നതയില്‍ ഞങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീണു. അദ്വാനി പാര്‍ട്ടി പ്രസിഡണ്ടായിരുന്ന  കാലത്ത് കൈക്കൊണ്ട ചില തീരുമാനങ്ങള്‍ രാജ്നാഥ് സിംഗ് തിരുത്തി എന്നത് സംബന്ധിച്ചായിരുന്നു എന്റെ ചോദ്യങ്ങള്‍. അതിന് മറുപടി നല്‍കിയെങ്കിലും അഭിമുഖത്തില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല. ഷൂട്ട് ചെയ്ത അഭിമുഖം സംപ്രേഷണം ചെയ്യരുതെന്നും വീണ്ടും അഭിമുഖം (റീ-ഡു) ചെയ്യാമെന്നും അദ്വാനി തൊട്ടുപിന്നാലെ നിര്‍ദേശിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് അദ്വാനി രാജ്ദീപ് സര്‍ദേശായിയോടും പറഞ്ഞു. രാജ്ദീപും ഞാനും തമ്മില്‍ സംസാരിച്ചു. എന്നാല്‍ അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കുന്നത് പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു എന്റെ നിലപാട്. അതില്‍ ഞാന്‍ ഉറച്ചു നിന്നു. രാജ്ദീപും അതിനോട് യോജിച്ചു. അഭിമുഖം അതേപടി സംപ്രേഷണം ചെയ്തു. അതോടെ അദ്വാനിയും ഞാനും തമ്മിലുള്ള ബന്ധം അവസാനിച്ചു. എനിക്ക് പിന്നീട് അദ്ദേഹം അഭിമുഖം തന്നിട്ടില്ല. ആ വിശദാംശങ്ങള്‍ ഞാന്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. എങ്കിലും അദ്ദേഹം ട്രുവ്ലി അഡ്മിറബിള്‍ പൊളിറ്റീഷ്യനാണ്.

?പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബെനസീര്‍ ഭൂട്ടോ താങ്കളുടെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ അഭിമുഖം നടത്തുമ്പോള്‍ ബെനസീര്‍ താങ്കളുടെ സുഹൃത്തെന്ന വിലാസത്തിലല്ല മുഖാമുഖം ഇരിക്കുന്നത്. പാകിസ്താനിലെ രാഷ്ട്രീയ നേതാവ്,പ്രധാനമന്ത്രി തുടങ്ങിയവയാണ് മേല്‍വിലാസം. ബെനസീറിലെ സുഹൃത്തിനെയും ഈ രാഷ്ട്രീയ നേതാവിനെയും എങ്ങനെയാണ് താങ്കള്‍ ഒരേ സമയം കൈകാര്യം ചെയ്തത്
=വളരെ ഇന്ററസ്റ്റിംഗ് ആയ ചോദ്യമാണിത്. ബെനസീറിനെ ഞാന്‍ പലവട്ടം ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അഭിമുഖത്തിന്റെ കാര്യത്തില്‍ എന്നെ സംബന്ധിച്ച് ബെനസീര്‍ വളരെ ഡിഫിക്കള്‍ട്ട് ആയ പേഴ്സനായിരുന്നു. അത് മറ്റൊന്നും കൊണ്ടല്ല,അവര്‍ അഭിമുഖത്തില്‍ സത്യസന്ധമായി പ്രതികരിക്കാത്തതു കൊണ്ടല്ല. ഒരു പാകിസ്താനി രാഷ്ട്രീയനേതാവ് ഇന്ത്യന്‍ പത്രപ്രവര്‍ത്തകനോട് സംസാരിക്കുമ്പോള്‍ സ്വീകരിക്കാറുള്ള സ്വയംനിയന്ത്രണങ്ങള്‍ കൊണ്ടുമല്ല. താങ്കള്‍ സൂചിപ്പിച്ചതു പോലെ ഞങ്ങളുടെ സൗഹൃദമായിരുന്നു അതിന് തടസ്സം. അടുത്ത സുഹൃത്തുക്കള്‍ ഔപചാരികമായ അഭിമുഖത്തിന് ഇരിക്കുമ്പോള്‍ കുറച്ച് പ്രയാസമുണ്ടാകുമല്ലോ? ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ ചിരിക്കുമായിരുന്നു.'എന്നോട് കരണ്‍ അഭിമുഖം ആവശ്യപ്പെടുമ്പോള്‍,ഞാന്‍ അഭിമുഖത്തിന് തീര്‍ച്ചയായും ഞാന്‍ സമ്മതിക്കും. കാരണം കരണ്‍ എന്റെ സുഹൃത്താണല്ലോ. പക്ഷെ അതെ സമയം തന്നെ,കരണിന് എന്റെ രാഷ്ട്രീയമറിയാം,എന്റെ നിലപാട് അറിയാം. അതെല്ലാം അറിഞ്ഞു കൊണ്ട് കരണ്‍ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പലപ്പോഴും എനിക്ക് മറുപടി പറയാന്‍ കഴിയുന്നില്ല'എന്ന് ബെനസീര്‍ പലപ്പോഴും പറയുമായിരുന്നു. താനൊരു സുഹൃത്തിനാണ് അഭിമുഖം നല്‍കുന്നതെന്നായിരുന്നു എപ്പോഴും ബെനസീര്‍ കരുതിയിരുന്നത്. എന്നാല്‍,പത്രപ്രവര്‍ത്തനത്തിന്റെ തത്വങ്ങളെ ആ സുഹൃദ് ബന്ധം ബാധിക്കരുതെന്നായിരുന്നു എന്റെ നിലപാട്. ഈ സംഘര്‍ഷം ഞങ്ങളുടെ അഭിമുഖങ്ങളുടെ അന്തര്‍ധാരയാണ്!

  എന്നിട്ടും 15-20  അഭിമുഖങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. അഭിമുഖം പാകിസ്താനില്‍ വച്ചായാലും ഇന്ത്യയില്‍ വച്ചായാലും ആദ്യം കുറച്ച് ഐസ്‌ക്രീം കഴിച്ച് കൂള്‍ഡൗണ്‍ ചെയ്യാമെന്ന് ബെനസീര്‍ ചിരിയോടെ പറയും. അങ്ങനെ ചുമ്മാ അവസാനിപ്പിക്കാവുന്നതായിരുന്നില്ല ഞങ്ങളുടെ സൗഹൃദം. അവര്‍ വളരെ തോട്ട്ഫുള്‍ ലേഡി ആയിരുന്നു. വെരി വാം പേഴ്സണ്‍. എന്റെ ഭാര്യ നിഷ രോഗബാധിതയായി മരിക്കുന്ന സമയത്ത് ബെനസീര്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്നു. ലണ്ടനിലെ ഒരു ആശുപത്രിയില്‍ കുറെ ദിവസം നിഷ കോമയിലായിരുന്നു. അപ്പോഴാക്കെ ഭരണത്തിരക്കിനിടയിലും എല്ലാ രാത്രിയിലും ബെനസീര്‍ എന്നെ ഫോണില്‍ വിളിക്കുമായിരുന്നു. ഒന്നോ രണ്ടോ മിനുട്ടെങ്കിലും എന്നോട് സംസാരിക്കും. അന്നത്തെ ദിവസം നിഷയുടെ സ്ഥിതി എന്താണ് എന്ന് ചോദിക്കും. വളരെ കെയറിംഗുള്ള സുഹൃത്തായിരുന്നു. ഗ്രേറ്റ് സെന്‍സ് ഓഫ് ഫ്രണ്ട്ഷിപ്പ് ഉള്ള വ്യക്തിയായിരുന്നു ബെനസീര്‍.

   കേംബ്രിഡ്ജ് സര്‍വകലാശാലാ ദിനങ്ങളിലുണ്ടായ ചില രസകരമായ സംഭവങ്ങള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഒരു ഈസ്റ്റര്‍ ദിനത്തില്‍ ബെനസീറിന്റെ ഫോണ്‍ വിളിയെത്തി. ഞാനും എന്റെ സുഹൃത്ത് ആലീസും കൂടി കേംബ്രിഡ്ജിലേക്ക് വരുന്നു. രണ്ട് മൂന്ന് ദിവസം ഞങ്ങള്‍ അവിടെ താമസിക്കും എന്ന് എന്നോട് പറഞ്ഞു. ഞാന്‍ ഉടന്‍ തന്നെ സന്തോഷത്തോടെ അവര്‍ക്ക് താമസസൗകര്യമൊരുക്കി. അവധിക്കാലമായതിനാല്‍ ഹോസ്റ്റലില്‍ പൊതുവെ കാലിയായിരുന്നു. അതിനാല്‍ അവിടെ മുറി കിട്ടുക എളുപ്പമായിരുന്നു.അവര്‍ വന്നു. താമസിച്ചു. ഞങ്ങള്‍ക്കായി ബെനസീര്‍ ഭക്ഷണമുണ്ടാക്കി. ഭക്ഷണം കഴിച്ചു കഴിഞപ്പോള്‍ രാത്രി 9.00-9.30 ആയി. അപ്പോള്‍ ബെനസീര്‍ പറഞ്ഞു,നമുക്ക് ഐസ്‌ക്രീം കഴിക്കാന്‍ പോകാം. ഹോസ്റ്റലിന്റെ തൊട്ടടുത്ത് ഒരു ഐസ്‌ക്രീം പാര്‍ലറുണ്ട്. അവിടെ കഴിക്കാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ബെനസീര്‍ പറഞ്ഞു,അതു വേണ്ട,നമുക്ക് ദൂരെ പോകാം. അങ്ങനെ ഞങ്ങള്‍ ഐസ്‌ക്രീം കഴിക്കാന്‍ കേംബ്രിഡ്ജില്‍ നിന്ന് വളരെ ദൂരെ വരെ കാര്‍ ഓടിച്ചു പോയി. ഐസ്‌ക്രീം കഴിച്ചിട്ട് പുലര്‍ച്ചെ മൂന്ന് മണിക്ക് തിരിച്ചു വന്നു!

?ഞങ്ങള്‍ തമ്മില്‍(ബെനസീറും കരണും തമ്മില്‍)ഒരു തരത്തിലുമുള്ള റൊമാന്‍സും ഇല്ലെന്ന് താങ്കള്‍ കേംബ്രിഡ്ജ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിദ്ധികരണത്തില്‍ അറിയിപ്പ് നല്‍കിയിരുന്നു.അങ്ങനെ ഒരു അഭ്യൂഹം പരന്നിരുന്നോ
=(ചിരിയോടെ)ഞങ്ങള്‍ തമ്മില്‍ പ്രണയം എന്നത് ഒരു കേട്ടുകേള്‍വി മാത്രമാണോ അതോ ഒരു കോളേജ് കുസൃതിയാണോ എന്നെനിക്കറിയില്ല. ഇത് ഒരു ധാരണയുടെ ഫലമാണെന്ന് എനിക്ക് തോന്നുന്നു. ഞങ്ങള്‍ രണ്ട് സര്‍വകലാശാലകളിലായിരുന്നു പഠിച്ചത്. ബെനസീര്‍ ഓക്സഫര്‍ഡിലും ഞാന്‍ കേംബ്രിഡ്ജിലും. ബെനസീര്‍ എന്നെക്കാള്‍ സീനിയറായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് തമ്മില്‍ അടുത്ത് സൗഹൃദമുണ്ടായിരുന്നു. കാരണം ഞങ്ങള്‍ രണ്ടു പേരും ഒരേ സമയം സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടുമാരായിരുന്നു. ഞാനും ബെനസീറും ഡിബേറ്റ് വേദികളില്‍ പരസ്പരം മത്സരിക്കുമായിരുന്നു. നിരവധി പ്രസ്റ്റീജ് സ്ഥാപനങ്ങള്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടുമാരെ ഡിബേറ്റ് ചെയ്യാന്‍ അന്നൊക്കെ ക്ഷണിക്കുമായിരുന്നു. അവരുടെ അതിഥികളായിട്ട്. അവിടെ ഡിന്നറും പരിപാടികളുമൊക്കെ ഉണ്ടാകുമായിരുന്നു. അതിലൊക്കെ ഞങ്ങള്‍ പങ്കെടുക്കും,മടങ്ങും. അതൊരു നല്ല ബ്രിട്ടീഷ് സമ്പ്രദായമായിരുന്നു. ഈ അടുപ്പം പ്രണയമായി മറ്റുള്ളവര്‍ കരുതിയതായിരിക്കാം. എന്റെ വിവാഹശേഷം ഭാര്യ നിഷയുടെ അടുത്ത സുഹൃത്തായിരുന്നു ബെനസീര്‍.

?താങ്കള്‍ ഒരേ സമയം അവതാരകനാണ്. എഴുത്തുകാരനാണ്. കോളമിസ്റ്റാണ്. പ്രഭാഷകനാണ്. ഇതില്‍ ഏത് മേഖലയാണ് താങ്കള്‍ എറെ ഇഷ്ടപ്പെടുന്നത്
=കോളമെഴുത്ത് എനിക്ക് വലിയ ഇഷ്ടമുള്ള മേഖലയാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന സണ്‍ഡെ സെന്റിമെന്റ്സ് എന്ന കോളം ഈ വര്‍ഷം ജൂലായില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കും. ഹിന്ദുസ്ഥാന്‍ ടൈംസില്‍ മറ്റൊരു കോളവും ഇത്തരത്തില്‍ ഒരിക്കല്‍ പോലും മുടങ്ങാതെ 26 വര്‍ഷം തുടര്‍ച്ചയായി എഴുതിയായിഎനിക്ക് അറിവില്ല. തുടക്കത്തില്‍ ഈ കോളം പത്രത്തിന്റെ പല പേജുകളിലായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. പത്രത്തിന്റെ അവസാന പേജില്‍ ഒരു ഡയറി പോലെയാണ് തുടങ്ങിയത്. പിന്നീട് അവരുടെ സണ്‍ഡെ സപ്ലിമെന്റായ ബ്രഞ്ചില്‍ പ്രസിദ്ധീകരിച്ചു. അവിടെ നിന്ന് പിന്നീട് അത് എഡിറ്റോറില്‍ പേജിലേക്ക് പ്രവേശിച്ചു. പതിനഞ്ച് വര്‍ഷത്തോളമായി അത് എഡിറ്റ് പേജിലുണ്ട്. ഐ ഫീല്‍ വെരി വെരി അറ്റാച്ച്ഡ് ടു സണ്‍ഡെ സെന്റിമെന്റ്‌സ്!

?ടെലിവിഷന്‍ അഭിമുഖങ്ങളിലെ അവതരണം പോലെ താങ്കള്‍ എഴുത്ത് ആസ്വദിക്കുന്നുണ്ടോ
=തീര്‍ച്ചയായിട്ടും അതെ. ഈ അടുത്ത കാലത്ത്,ഡെലിബറേറ്റ്‌ലി,ബട്ട് ഓഫന്‍,സണ്‍ഡെ സെന്റിമെന്റ്‌സ് കോളം ബികം പൊളിറ്റിക്കല്‍. പണ്ട് എന്റെ ഈ കോളം വളരെ നോണ്‍ പൊളിറ്റിക്കലായിരുന്നു. വ്യക്തിപരമായ അനുഭവങ്ങളായിരുന്നു പ്രമേയങ്ങള്‍. തമാശയും വിനോദവുമൊക്കെയായിരുന്നു വിഷയങ്ങള്‍. മനഃപൂര്‍വം കോളം പൊളിറ്റിക്കല്‍ ആക്കിയില്ല. രാഷ്ട്രീയക്കാരുമായി ഞാന്‍ ടെലിവിഷനില്‍ അഭിമുഖം നടത്തുകയാണെങ്കില്‍,കാഴ്ചക്കാര്‍ പലപ്പോഴും ഞാന്‍ എത് ഭാഗത്തെയാണ് പിന്തുണക്കുന്നതെന്ന് മനസ്സിലാക്കണമെന്നില്ല. പക്ഷെ,എഴുതുമ്പോള്‍ അത് വ്യക്തമാകും. അതിനാല്‍ ഞാന്‍ എഴുത്തില്‍ നിന്ന് രാഷ്ട്രീയമൊഴിവാക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ 5-6 വര്‍ഷങ്ങളായി,ഇടയ്ക്കിടെ എന്റെ കോളം പൊളിറ്റിക്കലാണ്. എന്നാല്‍ അത് വെറും ആന്റി മോദി,ആന്റി ബി.ജെ.പി ആകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. എന്റെ പല കോളങ്ങളിലും രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് നിങ്ങള്‍ക്ക് കാണാം. എന്നാല്‍ ഒരിക്കല്‍ പോലും അതിനെതിരെ രാഹുല്‍ രംഗത്തു വന്നിട്ടില്ല. അപലപിച്ചിട്ടില്ല.അതാണ് രാഹുലിന്റെ മഹത്വമായി ഞാന്‍ കാണുന്നത്. തന്നെ വിമര്‍ശിക്കുന്ന വ്യക്തിയോട് പോലും വിരോധം ഉയര്‍ത്തുന്നില്ല.

?താങ്കള്‍ ഒരു ഇടതുപക്ഷക്കാരനാണെന്ന് രാജ്യത്തെ വലതു പക്ഷക്കാര്‍ പറയുന്നു. വലതു പക്ഷത്തെ താങ്കള്‍ നിരന്തരം വിമര്‍ശിക്കുന്നത് അതു കൊണ്ടാണെന്നാണ് അവരുടെ ആരോപണം. യഥാര്‍ഥത്തില്‍ ഏതാണ് താങ്കളുടെ പക്ഷം
= കഴിഞ്ഞ 9 വര്‍ഷമായി അധികാരത്തിലുള്ള സര്‍ക്കാര്‍ ഹിന്ദുത്വ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ സര്‍ക്കാരാണ്. അപ്പോള്‍ ഞാന്‍ അഭിമുഖം നടത്തുന്നവരില്‍ ഏറെയും സര്‍ക്കാരിനെ എതിര്‍ക്കുന്നവരായാല്‍, ഞാന്‍ പക്ഷം പിടിക്കുന്നുവെന്ന് വലതുപക്ഷക്കാര്‍ പറയും. എന്നാല്‍,ബി.ജെ.പി ഭരണത്തില്‍ എത്തുന്നതിന് മുമ്പ്, ഏകദേശം പത്ത് വര്‍ഷം മുമ്പ് കോണ്‍ഗ്രസായിരുന്നു ഈ രാജ്യം ഭരിച്ചിരുന്നത് എന്നോര്‍ക്കണം. അന്നും നിരവധി അഭിമുഖങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. ആ അഭിമുഖത്തില്‍ നിന്നും നേതാക്കള്‍ കലഹിച്ച് ഇറങ്ങിപ്പോയിട്ടുണ്ട്. എന്നാല്‍,അവരാരും എന്നെ ബി.ജെ.പിക്കാരനാണെന്ന് മുദ്രകുത്തിയിട്ടില്ല. ഒരു അവതാരകന്റെ  അഭിപ്രായം അല്ലെങ്കില്‍ അയാളുടെ വീക്ഷണം അയാള്‍ ഉന്നയിക്കുന്ന ചോദ്യവുമായി കൂട്ടിക്കലര്‍ത്തരുത്. 50 ശതമാനമെങ്കിലും ഡെവിള്‍സ് അഡ്വക്കേറ്റ് ആയിരിക്കുകയും ചോദ്യങ്ങള്‍ പ്രതിപക്ഷത്തെ പോലെ ചോദിക്കുകയുമാണ് ഒരു അഭിമുഖകാരന്റെ ജോലി. അഭിമുഖത്തിനായി ഇരിക്കുന്ന ആളുടെ എതിര്‍പക്ഷത്ത് നിന്ന് കൊണ്ട് ചിലപ്പോള്‍ അഭിമുഖം നടത്തേണ്ടി വരും. ടെലിവിഷന്‍ കാണുന്നവരില്‍ ഭൂരിപക്ഷത്തിനും ഇത് മനസ്സിലാകും. ഇന്ത്യയില്‍ മാത്രമാണ് നമ്മള്‍ തെറ്റായ രീതിയില്‍ കണ്‍ക്ലൂഷനില്‍ എത്തുന്നത്. ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത് അവരുടെ നിരാശയുടെ അടിസ്ഥാനത്തില്‍ ,അവതാരകനെ താഴെ വീഴ്ത്തുന്നതിന് വേണ്ടിയാണ്. അഭിമുഖത്തില്‍ അവതാരകന്‍ വിമര്‍ശിക്കുന്നത് വ്യക്തിപരമാണെന്ന് കണക്കാക്കുന്നത് ശരിയല്ല.

?രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലെയുള്ള  അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇക്കാലത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനം പ്രയാസകരമെന്ന് കരുതുന്നവരും ഉണ്ട്. എന്താണ് അഭിപ്രായം
=സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന്റെ നിലനില്‍പ് ആത്യന്തികമായി ആശ്രയിച്ചിരിക്കുന്നത് മൂന്ന് തരം ആളുകളെയാണ്. അതില്‍ പ്രധാനം പത്ര ഉടമകളാണ്. പത്രപ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തനത്തെയും പത്രത്തിന്റെ വിശ്വാസ്യതയെയും പത്രം ഉടമകള്‍ സംരക്ഷിക്കണം. സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ പത്രത്തെ ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. തങ്ങളുടെ പത്രത്തെ സര്‍ക്കാരിന്റെ പ്രൊപ്പഗാന്‍ഡാ ഷീറ്റാക്കാതിരിക്കാനുള്ള ആര്‍ജവം കാട്ടണം. അങ്ങനെ പ്രൊപ്പഗാന്‍ഡ ഷീറ്റാക്കിയാല്‍ സര്‍ക്കാര്‍ പത്ര ഉടമകളുടെ മറ്റ് ബിസിനസ്സുകളെ സഹായിക്കും എന്നത് വാസ്ത്വവമാണ്. എല്ലാ ന്യൂസ് പേപ്പര്‍ ഉടമകള്‍ക്കും മറ്റ് ബിസിനസ്സുകളുണ്ട്. അവര്‍ അതില്‍ നിന്നായിരിക്കും പ്രധാനമായും പണമുണ്ടാക്കുന്നത്. അതിനാല്‍ സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാണ്. ന്യൂസ്‌പേപ്പറായാലും ടെലിവിഷന്‍ ചാനലായാലും ആദ്യമായി പത്രപ്രവര്‍ത്തനത്തെ സംരക്ഷിക്കേണ്ടത്,അതിന്റെ ഉടമകള്‍ തന്നെയാണ്. സര്‍ക്കാരിന്റെ ഇടപെടലില്‍ നിന്ന് മാധ്യമങ്ങളെയും പത്രപ്രവര്‍ത്തകരെയും സംരക്ഷിക്കുക,പത്രത്തെ സര്‍ക്കാരിനെ വിമര്‍ശിക്കാനും വിലയിരുത്താനുമുള്ള ആയുധമാക്കുക എന്നത് പത്രം ഉടമകളുടെ കടമയമാണ്.

  നിങ്ങള്‍ക്ക് വളരെ ശക്തനായ പത്രാധിപര്‍ ഉണ്ടായിരിക്കണം എന്നതാണ് രണ്ടാമത്തെ വിഷയം. അഭിപ്രായ വൈവിധ്യങ്ങളെയും വിമര്‍ശനങ്ങളെയും പോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരായിരിക്കണം പത്രാധിപര്‍മാര്‍. പത്രപ്രവര്‍ത്തകര്‍ക്കും കോളമിസ്റ്റുകള്‍ക്കും എഴുതാനും റിപ്പോര്‍ട്ട് ചെയ്യാനും പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കണം. പത്രാധിപര്‍മാര്‍ കോളങ്ങളില്‍ അനാവശ്യമായി ഇടപെടുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്യരുത്. ഒരു കോളം എഴുത്തുകാരന്‍ കഠിനമായ വാക്ക് ഉപയോഗിക്കുമ്പോള്‍ ആ വാക്ക് മാറ്റി മയപ്പെടുത്തിയ വാക്ക് പകരം ഉപയോഗിക്കരുത്. എല്ലാ പത്രങ്ങളും അവരുടെ എഡിറ്റ് പേജില്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനങ്ങളടങ്ങിയ പംക്തികള്‍ നല്‍കാറുണ്ട്. അതിനടിയില്‍, ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ ആ  വീക്ഷണങ്ങളിലും വാക്കുകളിലും പത്രാധിപര്‍മാര്‍ വെള്ളം ചേര്‍ക്കുന്നതെന്തിനാണ്? എഴുതുന്നതാരാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് അവരുടെ അഭിപ്രായമാണെന്ന് വായനക്കാര്‍ക്കറിയാം. പിന്നെ എന്തിനാണ് പംക്തിയിലെ ലേഖനം മാറ്റി എഴുതുന്നത്? പത്രാധിപരാണ് തന്റെ പത്രത്തെ ശക്തമായി ന്യായീകരിക്കേണ്ടത്. അതിനായി ഉറച്ചു നില്‍ക്കേണ്ടത്. പത്രത്തെയും പത്രപ്രവര്‍ത്തകരെയും റിപ്പോര്‍ട്ടര്‍മാരെയും കോളമെഴുത്തുകാരെയും ഉറച്ച് പിന്തുണക്കേണ്ടത് പത്രാധിപരാണ്.

  പത്രപ്രവര്‍ത്തകര്‍ അവരുടെ പ്രൊഫഷനോട് സത്യസന്ധരായിരിക്കണം എന്നതാണ് മൂന്നാമത്തെ നിലപാട്. അവര്‍ക്ക് നല്ല ബോധ്യമുള്ള കാര്യങ്ങളില്‍ അവര്‍ സ്വയം സെന്‍സര്‍ ചെയ്യുകയോ,ആശയ സംവേദനത്തിനുള്ള ഭാഷയില്‍ മാറ്റം വരുത്തുകയോ ചെയ്യാന്‍ പാടില്ല. ഭാഷയില്‍ എപ്പോഴും നിങ്ങള്‍ ഹാര്‍ഷ് ആകണമെന്നല്ല,ഇതിലൂടെ ഉദ്ദേശിക്കുന്നത്. പക്ഷെ നിങ്ങള്‍ ട്രൂത്ത്ഫുള്‍ ആയിരിക്കണം. നിങ്ങള്‍ ശരിയായ വാക്കാണോ,തെറ്റായ വാക്കാണോ,മയപ്പെടുത്തിയ വാക്കാണോ ഉപയോഗിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഈ സത്യസന്ധത പുലര്‍ത്തല്‍ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പല പത്രപ്രവര്‍ത്തകര്‍ക്കും ,പ്രത്യേകിച്ച യുവാക്കള്‍ക്ക് ജോലി ആവശ്യമാണ്. ദെ നീഡ് ജോബ്‌സ്. ദേ കാണ്ട് അഫോര്‍ഡ് ടു ലൂസ് ദെയര്‍ ജോബ്. തനിക്ക് ഈ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജോലി നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും എന്ന ഭയം അവര്‍ക്കുണ്ട്. അതു കൊണ്ട് അവര്‍ കോംപ്രമൈസ് ചെയ്യും. മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടി ഉറച്ചു നില്‍ക്കുക എന്നത് എളുപ്പമുള്ള മാര്‍ഗ്ഗമല്ല.,അത് നിങ്ങളുടെ ജോലിക്കും ഭാവിക്കുമൊക്കെ ഭീഷണിയായേക്കാം. അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ഭാര്യയും മകനും സഹിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ പലരും വിട്ടുവീഴ്ച ചെയ്യും. ഇതാണ് ഏറ്റവും വിഷമകരമായ വിഷയം. അതുകൊണ്ടാണ് ആത്യന്തികമായി എഡിറ്ററോ പത്രം ഉടമകളോ പത്രപ്രവര്‍ത്തകരെ പിന്തുണക്കണമെന്ന് ഞാന്‍ പറഞ്ഞത്.

    വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശത്തെ സര്‍ക്കാര്‍ ആദരിക്കണം എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വിഷയം. ജനാധിപത്യത്തിന്റെ ഏറ്റവും അനിവാര്യമായ ഘടകമാണ് വിയോജിപ്പ് എന്ന വസ്തുത സര്‍ക്കാര്‍ അംഗീകരിക്കണം. പരസ്യങ്ങളെ മാധ്യമങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ആയുധമാക്കരുത്. നിരവധി പരസ്യങ്ങള്‍,സര്‍ക്കാരില്‍ നിന്നാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ നിന്നുള്ള വരുമാനം മാധ്യമങ്ങള്‍ക്ക് പരമപ്രധാനമാണ്. സര്‍ക്കാരാണ് ഏറ്റവും വലിയ പരസ്യദാതാവ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ പരസ്യം നല്‍കിക്കൊണ്ടിരിക്കണം. തുടര്‍ന്നും നല്‍കണം. മാത്രമല്ല,മാധ്യമങ്ങളുടെ ടഫ് ഇന്‍ര്‍വ്യൂകള്‍ക്ക് മന്ത്രിമാര്‍ തയ്യാറാകണം. നോട്ട് റൂഡ് ഇന്റര്‍വ്യൂസ്, ബട്ട് ടഫ് ഇന്റര്‍വ്യൂസ്. ഒരിക്കലും പരുക്കന്‍(റൂഡ് )അഭിമുഖം പാടില്ല. ബി.ബി.സി അഭിമുഖം നോക്കി പഠിക്കാനാണ് ഞാന്‍ എപ്പോഴും എല്ലാവരോടും പറയുക. അവിടെ അഭിമുഖങ്ങള്‍ ടഫ് ആയിരിക്കും,എന്നാല്‍ അവരുടെ സമീപനം വളരെ പൊളൈറ്റ് (വിനീതം) ആയിരിക്കും. പ്രധാനമന്ത്രിയോടോ പ്രസിഡണ്ടിനോടോ ചോദ്യങ്ങള്‍ ചോദിക്കുന്നതിനോ ഇടപെടുന്നതിനോ അവിടെ അവതാരകരോ പത്രപ്രവര്‍ത്തകരോ മടിക്കുന്നില്ല. ആവശ്യമില്ലെങ്കില്‍ അവതാരകന്‍ എന്തിനാണ് ഒരാളുടെ ഒരു ദീര്‍ഘ മറുപടി കഴിയാനായി കാത്തിരിക്കുന്നത്? അതിനാല്‍ അവര്‍ സംസാരത്തില്‍ ഇടപെടും. എന്നാല്‍ ബി.ബി.സി അവതാരകര്‍ അതില്‍ ഇടപെടുന്നത് വളരെ വിനയത്തോടെയാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍,മന്ത്രിമാര്‍,രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെല്ലാം ഇത് അംഗീകരിക്കുന്നു. അവര്‍ക്കറിയാം ആത്യന്തികമായി ജനങ്ങള്‍ ഇതെല്ലാം വീക്ഷിക്കുന്നുണ്ട്. ഇത് കണ്ട് ജനങ്ങള്‍ ആരാണ് ശരിയെന്നും തെറ്റെന്നും തീരുമാനിക്കും എന്നും  അവര്‍ക്ക് അറിയാം. അതാണ് ഏറ്റവും അന്തിമമായ കാര്യം. ഇന്ത്യയിലും ഇത്തരത്തില്‍ ഒരു സമീപനം വേണം. എഴുന്നേറ്റ് നിന്ന്,ആ മന്ത്രി ടഫ് ചോദ്യങ്ങളെ നേരിടാന്‍ തയ്യാറാകുന്നില്ല,അതിനാല്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല എന്ന് ആളുകള്‍ പ്രഖ്യാപിക്കണം. ഇന്ത്യയില്‍ പല ആളുകളും നേതാക്കളെ ആരാധിക്കുന്നു. മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത്,മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല.ഇത് റിഡിക്യുലസ് ആണ്.

?.ലോകത്തെ തന്നെ ഏറ്റവും ഗ്രേറ്റ്  ഇന്റര്‍വ്യൂവര്‍മാരില്‍ ഒരാളാണ് ഇപ്പോള്‍ എനിക്ക് മുന്നില്‍ അഭിമുഖത്തിന് ഇരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ എന്താണ് മനസ്സില്‍ ആദ്യം എത്തുന്നത്
=അയാം ലിറ്റില്‍ നെര്‍വസ്!അത് ടെലിവിഷന്‍ ഇന്റര്‍വ്യൂ ആയാലും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ആയാലും എന്റെ മനസ്സില്‍ ആദ്യം നിറയുന്നത് കുറച്ച് ഭയമാണ്. കോവിഡ് കാലത്ത് ഞാന്‍ നിരവധി ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. നേരിട്ടുള്ള വണ്‍ ടു വണ്‍  അഭിമുഖമായാലും ഓണ്‍ലൈന്‍ അഭിമുഖമായാലും ദേര്‍ ഈസ് ആള്‍വെയ്‌സ് എ സെന്‍സ് ഓഫ് നെര്‍വസ്‌നെസ്!ദൈവമേ എന്നെ സഹായിക്കൂ എന്നായിരിക്കും അഭിമുഖം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള നിര്‍ണായക നിമിഷങ്ങളില്‍ ഞാന്‍ മനസ്സില്‍ പറയുന്നത്. ഇംഗ്ലണ്ടിലെ ദിവസങ്ങള്‍ മുതല്‍ കഴിഞ്ഞ 46 വര്‍ഷങ്ങളായി ഇതാണെന്റെ രീതി. അതിപ്പോള്‍ എന്റെ സ്വഭാവമായി മാറി. ഒരു ടി.വി സ്റ്റുഡിയോയില്‍ അഭിമുഖം ആരംഭിക്കുന്നതിന് മുമ്പ് അവതാരകന്റെ ചെവിയില്‍ പി.സി.ആറില്‍ നിന്ന് ഇയര്‍ ഫോണിലുടെ ഒരു കൗണ്ട്ഡൗണ്‍ എത്തും.10,9,8,7,.....അങ്ങനെ..എണ്ണിക്കുറഞ്ഞ്, എണ്ണിക്കുറഞ്ഞ് അത് 3 ല്‍ എത്തുമ്പോള്‍ ,ദൈവമേ സഹായിക്കണേ എന്ന് ഞാന്‍ മനസ്സില്‍ പ്രാര്‍ഥിക്കും. എപ്പോഴും ,എക്കാലത്തും ഞാന്‍ അത് ചെയ്തിട്ടുണ്ട്. എന്റെ നെര്‍വസ്‌നെസിനെ മറി കടക്കാനാണിത് ചെയ്യുന്നത്!