
വിദ്യാഭ്യാസവകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേറ്റ് പുതിയമന്ദിരത്തിലേക്ക് മാറി. അക്കാലത്തെ ഏറ്റവുംപ്രധാനപ്പെട്ട പദ്ധതിയായിരുന്നു ഡി.പി.ഇ.പി.; ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതും. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്ന കെ.ജയകുമാറിന്റെ ആത്മകഥയായ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പത്തൊമ്പതാം അധ്യായം വായിക്കാം....
1996 മേയ് മാസത്തോടെ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടറായി ഞാൻ കൃത്യം പന്ത്രണ്ടുമാസം പൂർത്തിയാക്കിയിരുന്നു. ഭരണമാറ്റത്തെത്തുടർന്ന് ഉദ്യോഗസ്ഥതലത്തിലെ മാറ്റങ്ങളുടെ വേലിയേറ്റത്തിൽ ഞാൻ വിദ്യാഭ്യാസസെക്രട്ടറിയായി; ലിഡാ ജേക്കബ് വിദ്യാഭ്യാസ ഡയറക്ടറായി.
വിദ്യാഭ്യാസമന്ത്രിയായ പി.ജെ. ജോസഫ് സാർ ഒരു ഗായകൻകൂടിയായതുകൊണ്ടാവണം, എനിക്കെപ്പോഴും സവിശേഷമായ സ്‌നേഹവും വിശ്വാസവും നൽകി. ഡി.പി.ഐ.യായി നിയമിതയായ ലിഡാ ജേക്കബ് എനിക്ക് ആലപ്പുഴക്കാലംമുതൽക്കേ സുപരിചിത. അങ്ങനെ എല്ലാംകൊണ്ടും അനുകൂലമായ അന്തരീക്ഷത്തിൽ സ്‌കൂൾവിദ്യാഭ്യാസവകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ ഏറ്റവുംവലിയ കൈമുതൽ വിദ്യാഭ്യാസഡയറക്ടറായി പ്രവർത്തിച്ച അനുഭവസമ്പത്തുതന്നെയായിരുന്നു. ആ അനുഭവസമ്പത്ത് നേടുന്നതിന് എന്നെ സഹായിച്ച ഡി.പി.ഐ. ഓഫീസിലെ ഒട്ടേറെ സഹപ്രവർത്തകരുണ്ട്. അക്കൂട്ടത്തിൽ ഗോപാലൻ എന്ന അഡീഷണൽ ഡയറക്ടറാണ് കെ.ഇ.ആർ. എന്ന 'കരിമല' കയറാൻ എന്നെ സഹായിച്ച ഗുരുസ്വാമി. വിദ്യാഭ്യാസവകുപ്പിനെക്കുറിച്ച് ഇത്ര ഗാഢമായ അറിവും അനുഭവജ്ഞാനവും സമർപ്പണബോധവുമുള്ള വ്യക്തികളെ വേണ്ടത്ര പ്രയോജനപ്പെടുത്താൻ സർക്കാരുകൾക്കും പൊതുസമൂഹത്തിനും പലപ്പോഴും കഴിയാറില്ല.
പുതിയസർക്കാർ അധികാരത്തിൽവരുമ്പോൾത്തന്നെ ഒരു വകുപ്പിന്റെ സെക്രട്ടറിയാകാൻ കഴിയുക നല്ലകാര്യമാണ്. സാമാന്യം നീണ്ട അഞ്ചുവർഷത്തെ യാത്രയാരംഭിക്കാമെന്ന വിശ്വാസം. പരിഷ്‌കാരങ്ങളും മാറ്റങ്ങളും നടപ്പാക്കുന്നതിനും വകുപ്പിന് പുതിയൊരു ഉണർവും ലക്ഷ്യബോധവും കൊടുക്കുന്നതിനുമുള്ള അവസരം. മന്ത്രിയും സെക്രട്ടറിയുമായുള്ള ബന്ധം നല്ലതാണെങ്കിൽ നമ്മുടെ കർമശേഷി തഴയ്ക്കും. മന്ത്രിയുമായും വകുപ്പുമേധാവിയുമായും മറ്റുദ്യോഗസ്ഥരുമായും നല്ലബന്ധം പുലർത്താനായാൽ യാത്ര സുഗമവും ക്രിയാത്മകവുമാവും.

തലപ്പത്തിരുന്ന് എപ്പോഴും കുറ്റം കണ്ടുപിടിക്കാനല്ല, പുതിയ ആശയങ്ങളാൽ പ്രചോദിതരായി നമുക്ക് ഈ വകുപ്പിനെ നന്നാക്കാം എന്ന വിചാരവും വിശ്വാസവും പങ്കിടാനാണ് സെക്രട്ടറി ശ്രമിക്കേണ്ടതെന്ന് എനിക്ക് പൂർണബോധ്യംവന്ന കാലയളവായിരുന്നു അത്. തിരിഞ്ഞുനോക്കുമ്പോൾ ആ നാളുകളുടെ ഓർമപോലും സംതൃപ്തി പകരുന്നു. ഒപ്പംപ്രവർത്തിച്ച അനേകംപേരുടെ മുഖങ്ങളുടെ മൊണ്ടാഷ് മനസ്സിൽ തെളിഞ്ഞ് മായുന്നു.
ജീവിതത്തെക്കുറിച്ച് എത്ര കൃതജ്ഞതയോടെ വിചാരിക്കുമ്പോഴും ചിലപ്പോൾ ഒരുപരിതാപം മണ്ണിലെ മഴനനവുപോലെ നമ്മൾ അനുഭവിക്കും. എത്ര കമനീയമാണോ ഓർമകൾ, അത്രയും തീക്ഷ്ണമായിരിക്കും പരിതാപം.
ജീവിതത്തിൽ ഒന്നും ആവർത്തിക്കുന്നില്ലെന്ന അറിവാണ് ആ പരിതാപത്തിന്റെ പൊരുൾ. അനുഭവങ്ങൾ ഓർമകളാവുന്നു; പുതിയ അനുഭവങ്ങൾ ഭവിക്കുന്നു. ഓർമകളിൽ അഭിരമിച്ച് ആ നഷ്ടഭംഗികളുടെ അയഥാർഥ യാഥാർഥ്യം (virtual reality) അനുഭവിക്കാമെന്നുമാത്രം. പഴയ ആൽബം നോക്കുന്ന സുഖം! ആ ദിവസങ്ങൾ ഇനി ഒരിക്കൽക്കൂടി നമുക്ക് സ്വന്തമാവുകയില്ലല്ലോ എന്ന വാസ്തവം ഉൾക്കൊള്ളുമ്പോൾ ജീവിക്കുന്ന ഓരോ നിമിഷത്തിന്റെയും അനന്യമൂല്യം നാമറിയും.
തുടർന്ന് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Content Highlights: DPEP, KITE, Victers, K. Jayakumar, Autobiography, Sancharathinte sangeetham, weekend
Published: 26 Mar 2023, 06:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented