
വ്യാഖ്യാന(Interpretation)ങ്ങളുടെ ചമത്കാരഭംഗിയല്ല, വസ്തുത(Facts)കളുടെ മൂർച്ചയും സത്യോന്മുഖതയുമാണ് അരുൺ ഷൂരി എന്ന മാധ്യമപ്രവർത്തകന്റെയും എഴുത്തുകാരന്റെയും രചനകളുടെ ബലം. പ്രചാരവേലകളുടെയും അസത്യനിർമാണങ്ങളുടെയും ആഴങ്ങളിൽ മറഞ്ഞുകിടക്കുന്ന യഥാർഥ വസ്തുതാസത്യങ്ങളെ ഉത്‌ഖനനം ചെയ്ത് കണ്ടെത്തി അവതരിപ്പിക്കുന്നതിൽ ഷൂരിയോളം മികവ് പ്രകടിപ്പിച്ച മാധ്യമപ്രവർത്തകരും എഴുത്തുകാരും കുറവാണ്- അവയിൽ മിക്കതും അപ്രിയ സത്യങ്ങളുമായിരുന്നു. മേൽവിലാസങ്ങളേതുമില്ലാത്ത സാധാരണ മനുഷ്യർക്കുവേണ്ടി അവസാനകാലംവരെ പോരാടിയിരുന്ന പിതാവ് ഹരിദേവ് ഷൂരി എന്ന എച്ച്.ഡി. ഷൂരിയുടെ ജീവിതത്തിൽനിന്നാണ് വസ്തുതകളോടും സത്യത്തോടും നീതിയോടുമുള്ള തന്റെ അഭിനിവേശം ആരംഭിച്ചത് എന്ന് അരുൺഷൂരി പറഞ്ഞിട്ടുണ്ട്. ഐ.എ.എസ്.ഓഫീസറായി, ഉന്നതമായ വിവിധ തസ്തികകളിൽ ജോലി ചെയ്ത്, പദ്‌മഭൂഷണും പദ്‌മവിഭൂഷണും നേടി, ജോലിയിൽനിന്ന് വിരമിച്ചതിനുശേഷവും അതിരാവിലെ ഏതോ അജ്ഞാതന്റെ ജീവിതപ്രശ്നം പരിഹരിക്കാനും അയാൾക്ക് നീതി ലഭ്യമാക്കാനുമായി സുപ്രീംകോടതിയിലെത്തുന്ന അച്ഛന്റെ ദൃശ്യം ഷൂരിയുടെ എഴുത്തുകളിൽ അവിടവിടെ കാണാം. സ്വന്തം കാര്യത്തിന് ഒരിക്കലും എച്ച്.ഡി. ഷൂരി വരില്ല എന്നറിയുന്നതുകൊണ്ട് കോടതിക്ക് എന്നും അദ്ദേഹത്തോട് ബഹുമാനമായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഡൽഹി ആസ്ഥാനമാക്കി കോമൺ കോസ് എന്ന പ്രസ്ഥാനവും അദ്ദേഹം ആരംഭിച്ചു. വസ്തുതയും അതുവഴി സത്യവും കണ്ടെത്താനുമുള്ള മകൻ ഷൂരിയുടെ യാത്രയ്ക്ക് ഈ കാഴ്ചകളും അനുഭവങ്ങളും പ്രചോദനമായി.
എം. മുകുന്ദന്റെ ‘നിങ്ങൾ’ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ ഉണ്ണീഷ്ണനെപ്പോലെയാണ് അരുൺ ഷൂരി. മൂടിവെക്കുന്നതും മറച്ചുവെക്കുന്നതുമായ എല്ലാം കണ്ടെത്തി പുറത്തുകൊണ്ടുവരാനുള്ള പ്രവണതയുള്ളയാളാണ് ഉണ്ണീഷ്ണൻ. ഈയൊരു അഭിനിവേശവും പ്രവണതയും എല്ലാകാലത്തും ഷൂരിയിലുമുണ്ടായിരുന്നു. പത്രപ്രവർത്തകനും പത്രാധിപരുമായ കാലത്ത് ഷൂരി പുറത്തുകൊണ്ടുവന്ന വാർത്തകളും അതിലെ വസ്തുതകളും രാജ്യത്തെയും ബന്ധപ്പെട്ട അതത് ഭരണകൂടങ്ങളെയും പിടിച്ചുകുലുക്കുന്നതായിരുന്നു. മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരുന്ന എ.ആർ. ആന്തുലയെയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും വട്ടംചുറ്റിച്ച സിമന്റ് കുംഭകോണം; സഞ്ജയ് ഗാന്ധിയെയും കമൽനാഥിനെയും ഇന്ദിരാഗാന്ധിയെയും കെട്ടിവരിഞ്ഞ കൂ ഓയിൽ കുംഭകോണം (Kuo oil deal); കുറ്റവാളികളുടെയും വിചാരണത്തടവുകാരുടെയും കണ്ണ് ചൂഴ്‌ന്നെടുത്ത് അതിൽ ആസിഡ് ഒഴിക്കുന്ന അതിക്രൂരമായ ഭാഗൽപുർ ബ്ലൈൻഡിങ്സ്; അശ്വിനി സരിൻ എന്ന അന്വേഷണാത്മക പത്രപ്രവർത്തകനിലൂടെ പുറത്തുകൊണ്ടുവന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഉൾഗ്രാമങ്ങളിൽ നടക്കുന്ന സ്ത്രീ വിൽപ്പന; മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിനെ കുഴപ്പത്തിലാക്കിയ സെന്റ് കിറ്റ്‌സ് കുംഭകോണം; ഉപപ്രധാനമന്ത്രിയായിരുന്ന ദേവിലാലിന്റെ തനിനിറം പുറത്തുവന്ന എക്സ്‌ക്ളുസീവ് റിപ്പോർട്ടുകൾ; കർണാടക മുഖ്യമന്ത്രിയായിരുന്ന ഗുണ്ടുറാവുവിന്റെ കസേര നഷ്ടമാക്കിയ റിപ്പോർട്ടുകൾ എന്നിവയിലെല്ലാം വസ്തുതകളുടെ ബലത്തിലായിരുന്നു സത്യം പുറത്തുവന്നത്.
അരുൺ ഷൂരി എഴുതുന്ന പുസ്തകങ്ങളും അതത് വിഷയവുമായി ബന്ധപ്പെട്ട വസ്തുതകളാൽ സമ്പന്നമായിരിക്കും, എപ്പോഴും. ക്വിറ്റ് ഇന്ത്യാ സമരകാലത്തെ കമ്യൂണിസ്റ്റ് വഞ്ചനയെക്കുറിച്ചുള്ള 'THE ONLY FATHER LAND: COMMUNISTS, QUIT INDIA, AND THE SOVIET UNION; ഇസ്‌ലാമിക് ഫത്‌വകളുടെ ലോകത്തെക്കുറിച്ചുള്ള WORLD OF FATWAS: SHARIAH IN ACTION; ഇടതുപക്ഷ ചരിത്രകാരന്മാരുടെ ബൗദ്ധികവും അക്കാദമികവുമായ തട്ടിപ്പുകളെക്കുറിച്ചുള്ള EMINENT HISTORIANS: THEIR TECHNOLOGY, THEIR LIFE,THEIR FRAUD; മിഷണറി പ്രവർത്തനങ്ങളെ തുറന്നുകാട്ടുന്ന HARVESTING OUR SOULS:MISSIONARIES THEIR DESIGN,THEIR CLAIMS; അംബേദ്കറുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്ന WORSHIPING FALSEGODS:AMBEDKAR AND THE FACTS WHICH HAVE BEEN ERASED, ജാതിസംവരണത്തെക്കുറിച്ചുള്ള FALLING OVER BACKWARDS എന്നിവയെല്ലാം എതിരാളികൾക്കുപോലും മറുപടിയില്ലാത്ത വസ്തുതകൾ നിരത്തി ഷൂരി എഴുതിയ പുസ്തകങ്ങളാണ്. ശ്രീരാമകൃഷ്ണ പരമഹംസരുടെയും രമണമഹർഷിയുടെയും ജീവിതത്തെ ആസ്പദമാക്കി എഴുതിയ THE TWO SAINTS: SPECULations around and about Ramkrishna paramahamsa and ramanamaharshi എന്ന പുസ്തകത്തിൽപ്പോലും വസ്തുതകളുടെ വെളിച്ചത്തിലാണ് ഷൂരി വായനക്കാരനെ വഴിനടത്തുന്നത്. അരുൺഷൂരി എന്ന ഗവേഷകനും മാധ്യമപ്രവർത്തകനും പണ്ഡിതനും എഴുത്തുകാരനും ഈ രചനകളിൽ സംഗമിക്കുന്നു.
അരുൺഷൂരിയുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘THE NEW ICON: SAVARKAR AND THE FACTS’. ചരിത്രപുരുഷൻ എന്നതിലുപരി വർത്തമാനകാല ഇന്ത്യയിൽ ഒരു രാഷ്ട്രീയ ബിംബവും വോട്ടിലേക്കുള്ള വഴിയുമായി മാറിയ വിനായക് ദാമോദർ സവർക്കറുടെ യഥാർഥ വ്യക്തിത്വത്തെ തികച്ചും വസ്തുതകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുന്നു ഷൂരി ഈ പുസ്തകത്തിലൂടെ. സവർക്കർ തന്നെയെഴുതിയ പത്ത് വാല്യങ്ങളുള്ള ‘സവർക്കർ സമഗ്ര’ അടക്കമുള്ള രചനകളെ അടിസ്ഥാനപ്പെടുത്തിയാണ് ഷൂരി തന്റെ പുസ്തകം എഴുതിയിരിക്കുന്നത്. തന്റേതായ അഭിപ്രായങ്ങളും തീർപ്പുകളുമല്ല, താൻ കണ്ടെത്തിയ വസ്തുതകളും വൈരുധ്യങ്ങളും ഷൂരി വായനക്കാർക്കുമുന്നിൽ നിരത്തുന്നു -തീരുമാനം വായനക്കാർക്ക് വിടുന്നു.
പശുവിനെ വളർത്തിക്കോളൂ, പക്ഷേ, പൂജിക്കേണ്ടതില്ല എന്ന് പറയുന്ന; ഗോവധത്തിന് ഒരിക്കലും എതിരല്ലാത്ത; ഗോമൂത്രം ചേർത്ത പഞ്ചഗവ്യപ്രസാദത്തെ തള്ളിപ്പറയുന്ന; മാട്ടിറച്ചിയും പന്നിയിറച്ചിയും കഴിക്കുന്നത് മതത്തിന്റെ വിഷയമല്ല നിങ്ങളുടെ വയറിന്റെയും ദഹനശേഷിയുടെയും മാത്രം പ്രശ്നമാണ് എന്നു പറയുന്ന; മനുസ്മൃതിയെ കീറിമുറിച്ച് വിചാരണയ്ക്ക് വിധേയമാക്കുന്ന; ആൽമരങ്ങളിൽ ദൈവികസാന്നിധ്യമുണ്ട് എന്ന വിശ്വാസത്തെ തള്ളിപ്പറയുന്ന; ജ്യോതിഷത്തെ അംഗീകരിക്കാത്ത അതിതീവ്ര യുക്തിവാദിയായ സവർക്കറെ സവർക്കറിന്റെതന്നെ വാക്കുകളിലൂടെ ഷൂരി വായനക്കാരുടെമുന്നിൽ അവതരിപ്പിക്കുന്നു. കപ്പലിൽനിന്നുള്ള സവർക്കറിന്റെ രക്ഷപ്പെടലിന്റെ അതിമാനുഷിക കഥയ്ക്കപ്പുറത്തുള്ള വസ്തുതകളും ബ്രിട്ടീഷുകാർക്ക് അദ്ദേഹം എഴുതിയ ദയാഹർജിയും മഹാത്മാഗാന്ധിയുമായി ഉണ്ട് എന്ന് അവകാശപ്പെട്ട സൗഹൃദത്തെക്കുറിച്ച് പറഞ്ഞ വസ്തുതാവിരുദ്ധമായ കാര്യങ്ങളും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ.യ്ക്ക് ബൗദ്ധിക ബീജാവാപം ചെയ്തത് താനാണ് എന്ന വാദത്തെയുമെല്ലാം ഇവയുടെ യഥാർഥ വസ്തുതകൾ നിരത്തി കലർപ്പില്ലാതെയാണ് ഷൂരി ഖണ്ഡിക്കുന്നത്. 524 പുറങ്ങളുള്ള പുസ്തകം വായിച്ച് തീരുമ്പോൾ, വിനായക് ദാമോദർ സവർക്കർ പൂരിപ്പിക്കാൻ സാധിക്കാത്ത ഒരു സമസ്യയായി നമുക്കു മുന്നിൽ നിൽക്കുന്നു. സവർക്കറിന്റെ രചനകൾക്കുപുറമേ ബ്രിട്ടീഷ് സർക്കാർ രേഖകൾ, സമകാലിക രേഖകൾ, അക്കാലത്തെ രഹസ്യരേഖകൾ എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തി എഴുതിയ പുതിയ പുസ്തകത്തെ മുൻനിർത്തി അരുൺ ഷൂരിയുമായി നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്തരൂപമാണിത്.

വി.ഡി. സവർക്കറെക്കുറിച്ചുള്ള അങ്ങയുടെ പുസ്തകം ‘ദി ന്യൂ ഐക്കൺ: സവർക്കർ ആൻഡ് ദി ഫാക്ട്സ്’ ഈയിടെ പുറത്തിറങ്ങി. ധനഞ്ജയ് കീർ മുതൽ വിക്രം സമ്പത്ത് വരെയുള്ള ഒട്ടേറെപ്പേർ സവർക്കറെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇത്തരത്തിൽ വസ്തുതകളെമാത്രം അടിസ്ഥാനമാക്കി പുതിയൊരു പുസ്തകം രചിക്കാൻ അങ്ങയെ പ്രേരിപ്പിച്ചതെന്താണ്
സവർക്കറിന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവൃത്തികളെക്കുറിച്ചും ഇപ്പോൾ ധാരാളമായി ചർച്ചകൾ നടക്കുന്നുണ്ട്. അത് നമ്മുടെ രാജ്യത്തിന് വലിയ ദോഷംചെയ്യും. അങ്ങനെയല്ല ഞാൻ എന്റെ പുസ്തകത്തിൽ സവർക്കറിനെ സമീപിക്കുന്നത്. ഇപ്പോഴുള്ള വെറുപ്പിന്റെ വേരുകൾ എവിടെനിന്നാണ് തുടങ്ങുന്നതെന്ന് അന്വേഷിക്കാൻ ഞാൻ ആഗ്രഹിച്ചു. സവർക്കറുടെ രചനകളിൽത്തന്നെ ഞാനതിന്റെ ഉത്തരം കണ്ടെത്തി. തന്റെ ജീവിതത്തെക്കുറിച്ചും അക്കാലത്തെ ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും സവർക്കർതന്നെ സൃഷ്ടിച്ച മിഥ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോഴിറങ്ങുന്ന മിക്ക പുസ്തകങ്ങളും എന്നുകൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
പശുക്കളെ ആരാധിക്കുന്നതിനെയും ഗോമൂത്രത്തിൽ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം പ്രസാദമായി നൽകുന്നതിനെയും ശക്തമായി എതിർത്തയാളാണ് സവർക്കർ എന്ന് അദ്ദേഹത്തിന്റെ രചനകളിൽനിന്ന് ഉദ്ധരിച്ച് താങ്കൾ പറയുന്നു. മാട്ടിറച്ചി കഴിക്കുന്നത് മതപരമായ പ്രശ്നമല്ലെന്നും ആമാശയത്തിന്റെ മാത്രം പ്രശ്നമാണെന്നും അദ്ദേഹം എഴുതിയിട്ടുള്ളതായും താങ്കൾ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ സവർക്കറുടെ പിൻഗാമികൾ എന്നവകാശപ്പെടുന്നവർ ഇന്ന് മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങൾക്ക് കടകവിരുദ്ധമാണ് സവർക്കറിന്റെ ഈ നിലപാടുകൾ. സവർക്കറിന്റെ പ്രചാരകർ സവർക്കറിനെ ശരിയായി വായിച്ചിട്ടില്ല എന്നാണോ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്...
കാര്യമായി വായിക്കുന്ന പാരമ്പര്യം ആർ.എസ്.എസിനില്ല എന്നതാണ് ആദ്യത്തെ കാര്യം. രണ്ടാമതായി, സവർക്കറുടെ രചനകൾ മറ്റാരും വായിക്കില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാം. അതിനാൽ ഈ വിഷയങ്ങളിൽ തങ്ങൾ പറയുന്നതും സവർക്കർ എഴുതിയതും തമ്മിലുള്ള വൈരുധ്യം ആരും തിരിച്ചറിയില്ല എന്നും അവർ കരുതുന്നുണ്ടാകും.
സവർക്കർ യുക്തിവാദിയായിരുന്നോ? അങ്ങനെയെങ്കിൽ അദ്ദേഹം എങ്ങനെയാണ് മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രസിദ്ധാന്തത്തിന്റെ വക്താവായത്
ഹിന്ദുവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ സവർക്കർ ഒരു യുക്തിവാദിയായിരുന്നു. ദ്വിരാഷ്ട്രവാദം മുന്നോട്ടുവെക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച രണ്ട് കാരണങ്ങളുണ്ട്. ഗാന്ധിജിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും നിലപാടുകളിൽനിന്ന് വേർതിരിച്ചറിയപ്പെടുക എന്നതായിരുന്നു ആദ്യത്തെ കാരണം. ‘പ്രാദേശിക ദേശീയത’ എന്ന് വിശേഷിപ്പിക്കാം ഈ നിലപാടിനെ. ഇന്ത്യ ഒരു രാഷ്ട്രമല്ല, രണ്ട് രാജ്യങ്ങളെ ഉൾക്കൊള്ളുന്നുവെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ബ്രിട്ടീഷുകാർക്ക് ഉപകാരപ്രദമാകും എന്നതാണ് രണ്ടാമത്തെ കാരണം. ബ്രിട്ടീഷുകാർക്ക് പ്രയോജനകരമായ രാഷ്ട്രീയനിലപാട് സ്വീകരിക്കുമെന്ന് ആവർത്തിച്ച് പ്രതിജ്ഞയെടുത്തയാളാണല്ലോ സവർക്കർ.
‘വൈരുധ്യങ്ങളുടെ ആകത്തുക’ എന്നാണ് കവിയും തത്ത്വചിന്തകനുമായ മുഹമ്മദ് ഇഖ്ബാൽ ഒരിക്കൽ സ്വയം വിശേഷിപ്പിച്ചത്. ഈ വിശേഷണം സവർക്കറിനും ബാധകമാണോ
മുസ്‌ലിങ്ങൾക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു എന്നതൊഴിച്ചാൽ ഇഖ്ബാലിനെ ഒരുതരത്തിലും സവർക്കറുമായി താരതമ്യംചെയ്യാൻ പറ്റില്ല.
അവിശ്വാസിയായ ജിന്ന മതരാഷ്ട്രം വേണമെന്ന് വാദിച്ചപ്പോൾ മതവിശ്വാസിയായ ഗാന്ധി മതേതരരാഷ്ട്രം വേണമെന്നാണ് ആഗ്രഹിച്ചതെന്ന് ഗാന്ധിയുടെ ജീവചരിത്രകാരൻ ലൂയിസ് ഫിഷർ എഴുതിയിട്ടുണ്ട്. യുക്തിവാദിയായ സവർക്കർ തന്റെ വ്യക്തിപരമായ അഭിലാഷങ്ങൾക്കായി ഹിന്ദുരാഷ്ട്രവാദത്തെ ഉപയോഗിക്കുകയായിരുന്നോ
തീർച്ചയായും. മതത്തെക്കുറിച്ചുള്ള തന്റേതായ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് സവർക്കർ തന്റെ രാഷ്ട്രസങ്കല്പം രൂപവത്‌കരിച്ചത്. വംശത്തെക്കുറിച്ചുള്ള തന്റെ വാദങ്ങളും അദ്ദേഹം മതവുമായി കൂട്ടിയിണക്കി. ‘ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ്, കാരണം അവരൊരു വംശമാണ്. അവർ ഒരു വംശമായതിനാൽ അവർക്ക് ഒരേ രക്തമാണ്’ എന്നിങ്ങനെയുള്ള വാദങ്ങൾ. ഇത്തരം അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഞാനീ പുസ്തകത്തിൽ സ്ഥാപിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലും പ്രചരിപ്പിക്കപ്പെട്ട വംശീയ ചിന്തകളിൽനിന്ന് അടർത്തിയെടുത്തതാണ് ഈ വാദങ്ങൾ. പിൽക്കാലത്ത് നാസി പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായി മാറിയ ചേംബർലെയ്ന്റെയും റോസൻബർഗിന്റെയും രചനകളിൽ ഇത്തരം വാദങ്ങൾ ധാരാളമായി കാണാം.
സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് ക്ഷമാപണം നടത്തിയത് തടവിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നോ
അല്ല. ശിവജി ചിലപ്പോഴൊക്കെ ഔറംഗസേബിന് എഴുതിയ കത്തുകൾ പോലെ ഒരു തന്ത്രമായിരുന്നെങ്കിൽ ബ്രിട്ടീഷുകാരുടെ പിടിയിൽനിന്ന് മോചിതനായ നിമിഷം തന്നെ സവർക്കർ അവരോട് യുദ്ധം ചെയ്യുമായിരുന്നു. അങ്ങനെയുണ്ടായില്ല. പകരം, അദ്ദേഹം അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചു. സവർക്കറിന്റെ പെരുമാറ്റം ശിവജിയുടേതിന് നേർ വിപരീതമായിരുന്നു. അതൊരു ‘തന്ത്ര’മാണെന്ന് സമ്മതിച്ചാൽത്തന്നെ ബ്രിട്ടീഷുകാർ അതിൽ വീണില്ല എന്നതാണ് വാസ്തവം.
ക്വിറ്റ് ഇന്ത്യ സമരകാലത്ത് സവർക്കർ ബ്രിട്ടീഷ് സർക്കാരിന്റെ പക്ഷത്തായിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നു. ഇതിന് സവർക്കറെ പ്രേരിപ്പിച്ചതെന്താണ്
തന്നെ മോചിപ്പിച്ചാൽ അത് ബ്രിട്ടീഷുകാർക്ക് ഉപകാരപ്പെടുമെന്ന് അദ്ദേഹം മുമ്പുതന്നെ വാക്ക് നൽകിയതായിരുന്നല്ലോ. 1937-ലെ തിരഞ്ഞെടുപ്പിൽ സവർക്കറുടെ ഹിന്ദുമഹാസഭ വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി 1939-ൽ കോൺഗ്രസ് മന്ത്രിസ്ഥാനങ്ങൾ രാജിവെച്ചപ്പോൾ കേന്ദ്ര, പ്രവിശ്യാ സർക്കാരുകളുടെ ഭാഗമാകാൻ തന്റെ ആളുകൾക്ക് അവസരം ലഭിക്കുമെന്നും സവർക്കർ കണക്കുകൂട്ടി.

ഗാന്ധിജിയോടുള്ള സവർക്കറുടെ മനോഭാവം എങ്ങനെയായിരുന്നു
അത്യന്തം നിരാശാഭരിതനായ വ്യക്തിയായിരുന്നു സവർക്കർ. ഞാൻ പുസ്തകത്തിൽ വിശദീകരിക്കുന്നതുപോലെ നിരാശ കയ്പിലേക്ക് മാറി. കയ്പ് പിന്നീട് വെറുപ്പായി കട്ടപിടിച്ചു. ആ വെറുപ്പിന്റെ കേന്ദ്രം ഒറ്റ വ്യക്തിയായിരുന്നു-ഗാന്ധിജി. ബ്രിട്ടീഷുകാർക്ക് ഉപകാരങ്ങൾ ചെയ്ത് അവരാൽ അംഗീകരിക്കപ്പെടാൻ സവർക്കർ ശ്രമിച്ചു. എന്നാൽ, സവർക്കറിന് സ്വാധീനം കുറവാണെന്നും ഗാന്ധിജിക്കും ദേശീയപ്രസ്ഥാനത്തിനും ഒരു കുലുക്കവുമില്ലെന്നും അല്പകാലത്തിനുശേഷം തിരിച്ചറിഞ്ഞ ബ്രീട്ടീഷുകാർ അദ്ദേഹത്തെ ഉപേക്ഷിച്ചു. അതുപോലെ, സവർക്കർ ‘ഹിന്ദുത്വ, ഹിന്ദുത്വ’ എന്ന് പറഞ്ഞുനടന്നപ്പോഴും ഹിന്ദുമതത്തിലെ എല്ലാ നന്മകളുടെയും ആൾരൂപമായി ലോകവും ഹിന്ദുക്കളും കണ്ടത് ഗാന്ധിജിയെയായിരുന്നു. രണ്ടിടത്തും സവർക്കർ പരാജയപ്പെട്ടു. നിരാശ വിദ്വേഷത്തിലേക്ക് കൂപ്പുകുത്തിയത് ഇങ്ങനെയാണ്.
ഗാന്ധിവധത്തിൽ സവർക്കറിന് പങ്കുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ
നേരിട്ടുള്ള തെളിവുകൾ ഇല്ലെന്ന് തോന്നിയതിനാലാവാം സവർക്കറെ കോടതി വെറുതേ വിട്ടത്. എന്നാൽ, ഗോഡ്സെയും ആപ്തെയും അദ്ദേഹത്തിന്റെ ഭക്തരായിരുന്നു എന്നതിൽ സംശയമില്ല.
സങ്കീർണമായിരുന്നോ സവർക്കറുടെ വ്യക്തിത്വം
‘സങ്കീർണം’ എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്കാ വ്യക്തിത്വത്തിൽ സങ്കീർണതകളൊന്നും തോന്നുന്നില്ല; താനെന്തോ വലിയ ആളാണെന്ന് സ്വയം കരുതുന്ന ഒരു മനുഷ്യൻ; വിദ്വേഷത്തിൽ മുങ്ങിയ ഒരാൾ.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സവർക്കറുടെ പങ്കിനെക്കുറിച്ച് താങ്കളുടെ ചിന്തയെന്താണ്
ഒരു പങ്കും ഞാൻ കാണുന്നില്ല. ഇന്ത്യ ഒരു രാഷ്ട്രമല്ല, രണ്ട് രാജ്യങ്ങളെ ഉൾക്കൊള്ളുന്നുവെന്നും അതിനാൽ അത് വിഭജിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ വാദം ജിന്നയ്ക്ക് ഉപയോഗപ്രദമായിത്തീർന്നു എന്നതൊഴിച്ചാൽ.
താങ്കൾക്കിപ്പോൾ എൺപത്തിനാല് വയസ്സായി. ഈ പ്രായത്തിൽ, ഇത്രമാത്രം ആഴത്തിലുള്ള ഗവേഷണം നടത്തി ഇത്തരമൊരു പുസ്തകം എഴുതിയതിന് പുറകിൽ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ
ഞാനത് പുസ്തകത്തിന്റെ ഏറ്റവും അവസാനം പറഞ്ഞിട്ടുണ്ട്. ഹിന്ദുമതത്തിന്റെ സത്ത ആന്തരികാന്വേഷണമാണ്. എന്നാൽ, പിടിച്ചടക്കാനും അധീശത്വത്തിനും അത് നിലനിർത്താനും രാജ്യത്തെ വളച്ച് തിരിക്കാനുമുള്ള ഒരു പദ്ധതിയാണ് ഹിന്ദുത്വ. സത്യം, വിനയം, സേവനം, ധാർമികത എന്നിവയാണ് ആന്തരികാന്വേഷണത്തിന് അവശ്യം വേണ്ട ഗുണങ്ങൾ. ഇതിന് വിരുദ്ധമായി, ഹിന്ദുത്വ രാജ്യത്തെ അധീശപ്പെടുത്തി കീഴടക്കും എന്നും ഏത് വിധേനയും സമൂഹത്തെ അധീശത്തിലാക്കും എന്നും ഉച്ചത്തിൽ അലറുന്നു-കളവ് പറഞ്ഞിട്ടായാലും ശക്തി ഉപയോഗിച്ചിട്ടായാലും ഭയപ്പെടുത്തിയിട്ടായാലും ക്രൂരതകൊണ്ടായാലും വഞ്ചനകൊണ്ടായാലും ശരി. ഹിന്ദുമതത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനയും ധ്യാനവുമെല്ലാം ആന്തരികാന്വേഷണത്തിലേക്കുള്ള സഹായകമാർഗങ്ങളാണ്. എന്നാൽ, രാജ്യത്തെ അധീശപ്പെടുത്താനും വേർതിരിക്കാനും വിഭജിക്കാനും ഹിന്ദുത്വ ദുരുപയോഗം ചെയ്യുന്നു. തീർഥാടനടൂറിസം (Religious Tourism) തീർഥാടനത്തിൽനിന്ന് വിരുദ്ധമാവുന്നതുപോലെ, ആക്രോശിക്കുന്ന പ്രചാരണഘോഷങ്ങൾ ധ്യാനത്തിൽനിന്നും മനനത്തിൽനിന്നും വിരുദ്ധമാവുന്നതു പോലെ, മോക്ഷത്തിലേക്ക് പലവഴികളുണ്ട് എന്ന ഹിന്ദുമതത്തിലെ വിശ്വാസം ഹിന്ദുത്വയിലെ ‘നേതാവിനെ പിന്തുടരൂ’ എന്ന ആഹ്വാനത്തിന് വിരുദ്ധമാവുന്നതുപോലെ ഹിന്ദുത്വ ഹിന്ദുമതത്തിൽനിന്നും വിരുദ്ധമാവുന്നു, വിഭിന്നമാവുന്നു. ഈ പുസ്തകത്തിലൂടെ എനിക്കൊന്നേ അഭ്യർഥിക്കാനുള്ളൂ: ഹിന്ദുമതത്തെ ഹിന്ദുത്വയിൽനിന്ന് രക്ഷിക്കുക.
Content Highlights: interview with Arun Shourie
Published: 02 Mar 2025, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented