
തന്റെ ഭാവനയെ എത്ര കാച്ചിക്കുറുക്കിയാലും മതിവരാത്ത മലയാളസാഹിത്യത്തിന്റെ ഒരേയൊരു വൈലോപ്പിള്ളി ശ്രീധരമേനോന് ഓര്മയായിട്ട് മുപ്പത്തിയെട്ട് വര്ഷം തികയുന്നു. 'അങ്കണത്തൈമാവില് നിന്നാദ്യത്തെ പഴം വീഴ്കേ' എന്നു തുടങ്ങുന്ന വരിയിലൂടെ മലയാളിയായി പിറന്നവരെയൊന്നാകെ ഇക്കാലമത്രയും കണ്ണീരിലാഴ്ത്തിക്കൊണ്ടേയിരിക്കുന്ന മറ്റൊരു കവി മലയാളത്തിലില്ല എന്നുവേണം പറയാന്. കൊയ്ത്തും മെതിയും കുടിയിറക്കലും അണുപരീക്ഷണവും കയ്പവല്ലരിയുമെല്ലാം കവിയുടെ വിഷയങ്ങളായി. മലയാളഭാഷയില് തലയെടുപ്പോടെ നിരന്നുനിന്ന വരികളെല്ലാം വൈലോപ്പിള്ളിയുടെ കാച്ചിക്കുറുക്കലുകളായിരുന്നു. ഇന്ന് നമ്മള് പാടിപ്പുകഴ്ത്തുന്ന വൈലോപ്പിള്ളിക്കവിതകളെല്ലാം തന്നെ അന്തഃസംഘര്ഷങ്ങളുടെ തീച്ചൂളയില് വെന്തുപാകമായവയായിരുന്നു. വൈലോപ്പിള്ളിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും കാവ്യസഞ്ചാരത്തെക്കുറിച്ചും മകന് ഡോ. ടി. ശ്രീകുമാര് സംസാരിക്കുന്നു.
"ഹാ, വിജിഗീഷു മൃത്യുവിന്നാമോ, ജീവിതത്തിന് കൊടിപ്പടം താഴ്ത്താന്?" എന്നെഴുതിയ കവിയുടെ ജീവിതത്തിലേക്ക് ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടങ്ങളെറിയാന് ശ്രമിച്ചവര് എക്കാലവുമുണ്ട്. തന്റെ കാവ്യസരണിയിലേക്ക് എത്തിനോക്കിയവര്ക്കെല്ലാം നിര്ലോഭം കവിതകള് വാരിക്കോരി കൊടുത്ത വൈലോപ്പിള്ളി സ്വന്തം ജീവിതത്തോടും സ്നേഹത്തോടും ഏറെ പിശുക്കുകാണിച്ചതായിട്ട് മകനെന്ന നിലയില് തോന്നിയിട്ടുണ്ടോ?
അച്ഛന്റെ ജീവിതത്തെക്കുറിച്ച് പലര്ക്കും അറിയുമായിരിക്കാം. ഏകാന്തജീവിതം നയിച്ചയാളാണ്. എനിക്ക് മൂന്നു-നാല് വയസ്സുള്ളപ്പോള്ത്തന്നെ അച്ഛന് വീട്ടില് നിന്നും മാറിത്താമസിച്ചിരുന്നു. എന്റെ അനിയനെ അമ്മ പ്രസവിച്ച കാലത്താണ് അദ്ദേഹം കുടുംബജീവിതത്തില് നിന്നും മാറിനടക്കുന്നത്. വിദ്യാസമ്പന്നയും അധ്യാപികയുമായ ഒരു പങ്കാളിയായിരുന്നിട്ടുകൂടി അമ്മയ്ക്ക് അദ്ദേഹത്തില് അങ്ങനെയുള്ള ഒരു സ്വാധീനവും ചെലുത്താന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ സര്ഗാത്മക ജീവിതത്തിലെ എല്ലാ സംഘര്ഷങ്ങളും അദ്ദേഹം സ്വയം അനുഭവിക്കുകയാണുണ്ടായത്.
അമ്മയ്ക്കൊപ്പമായിരുന്നു ഞങ്ങള് കഴിഞ്ഞത്. അമ്മ വളരെ ബോള്ഡായിരുന്നു. അധ്യാപികയായി, ഹെഡ്മിസ്ട്രസ്സായി പിന്നീട് എഡ്യുക്കേഷന് ഡയറക്ടറായിട്ടാണ് റിട്ടയര് ചെയ്യുന്നത്. അച്ഛന്റെ അകല്ച്ചയെച്ചൊല്ലിയുള്ള വിഷമമൊന്നും അമ്മ പ്രകടിപ്പിച്ചുകണ്ടിട്ടില്ല. അവരുടെ വ്യക്തിജീവിതത്തിലെ സംഘര്ഷങ്ങളുടെ ചരിത്രവും വസ്തുതയുമൊന്നും ഞങ്ങള് മക്കള്ക്കറിയില്ല. അച്ഛന് താമസിച്ചിരുന്ന ദേവസ്വം ബോര്ഡ് ക്വാർട്ടേഴ്സിൽ അമ്മ വല്ലപ്പോഴും സന്ദര്ശനം നടത്തിയിരുന്നു. അമ്മ ഞങ്ങളെയും കൊണ്ട് താമസിച്ചിരുന്ന തറവാട്ടിലേക്ക് അച്ഛനും വല്ലപ്പോഴും വന്നിരുന്നു. രണ്ടുപേരും പക്ഷേ അര മണിക്കൂറില് കൂടുതല് അവിടങ്ങളില് ചെലവഴിച്ചിരുന്നില്ല. സംസാരവും വളരെ കുറവ്. ട്രാന്സ്ഫറിന്റെ കാര്യമോ മക്കളുടെ പഠനത്തിന്റെ കാര്യമോ അങ്ങനെയെന്തെങ്കിലും പറഞ്ഞാലായി. അവര് ഭാര്യയും ഭര്ത്താവുമായി ഒന്നിച്ചിരിക്കുന്നത് എനിക്ക് ഓര്മവെച്ച നാള് മുതല് കണ്ടിട്ടില്ല. തികച്ചും ഫോര്മലായിരുന്നു ഇടപെടലുകള്. ആന്തരികമായി അവര് പരസ്പരം സ്നേഹിച്ചിരുന്നു എന്നതില് ഒരു തര്ക്കവുമില്ല. അച്ഛനായിരുന്നു അമ്മയോട് വിമുഖത കാണിച്ചിരുന്നത്. അമ്മയുടെ മനോഭാവത്തില് എപ്പോഴും ഒരു സ്വീകാര്യ സന്നദ്ധതയുണ്ടായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്.

അച്ഛന് സയന്സ് അധ്യാപകനായിരുന്നു. അമ്മ ചരിത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. ഞങ്ങള് മക്കള്ക്ക് ഓര്മയുള്ള കാലം മുതല്ക്കേ അവര് വേര്പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. അതിനുള്ള കാരണം എന്താണെന്ന് ഞങ്ങള് ആഴത്തില് അന്വേഷിച്ചുപോയിട്ടില്ല. കാരണം അച്ഛനും, അമ്മയും വെവ്വേറെ താമസിക്കുന്നു എന്നതില് ഞങ്ങള്ക്ക് കാര്യമായ പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ഒരു കുടുംബമാകുമ്പോള് അച്ഛനും അമ്മയും മക്കളും ഒന്നിച്ചാണ് കഴിയേണ്ടത് എന്ന ബോധ്യവും കുട്ടികളായ ഞങ്ങള്ക്കില്ലായിരുന്നു. സ്കൂള് ഒഴിവുകാലം വരുമ്പോള് ഞങ്ങള് അച്ഛന്റെയടുക്കല് പോവുകയാണ് പതിവ്. ഞങ്ങള്ക്ക് അസുഖം വരുമ്പോള് അച്ഛനും അമ്മയും ഒന്നിച്ചുണ്ടാവാറുണ്ട്. അവര് തമ്മില് ഇടപഴകുന്നുണ്ടോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കാനുള്ള പ്രായമോ പക്വതയോ ഞങ്ങള്ക്കില്ലായിരുന്നു. അവര്ക്കിടയിലെ മൗനം രണ്ടുപേരുടെയും തികച്ചും വൃക്തിപരമായ കാര്യമാണ് എന്ന തിരിച്ചറിവ് പിന്നീട് ഞങ്ങള്ക്കുണ്ടായപ്പോള് അതേപ്പറ്റി കൂടുതല് ചികയാന് നിന്നില്ല, അമ്മ മരിക്കുന്നതിന് മൂന്നുവര്ഷം മുമ്പ് ഒന്നുരണ്ടുപേര് വൈലോപ്പിള്ളിയുടെ സ്വഭാവത്തെപ്പറ്റി അറിയാന് വന്നിരുന്നു. അമ്മയ്ക്കറിയാവുന്ന വൈലോപ്പിള്ളിയെ അവര് രേഖപ്പെടുത്തി.
ഇതേപ്പറ്റി മകന് എന്ന നിലയില് അച്ഛനോട് ചോദിച്ചിരുന്നോ?
അമ്മയുടെ താല്പര്യപ്രകാരം ഒരിക്കല് അച്ഛനോട് ഞാന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം വൃക്തമായി മറുപടി തന്നില്ല, അറിയേണ്ട സമയമാകുമ്പോള് നിങ്ങളൊക്കെ അറിഞ്ഞുകൊള്ളും എന്ന മട്ടില് അദ്ദേഹം വളരെ മയത്തിലാണ് പറഞ്ഞത്. എന്തിന് അതെല്ലാം അറിയണം എന്നദ്ദേഹം ചോദിക്കുകയോ അങ്ങനെ ചോദിച്ചതില് വിദ്വേഷം കാണിക്കുകയോ ചെയ്തിട്ടില്ല, മറ്റൊരു തരത്തില് നോക്കുമ്പോള് രണ്ടുപേരും വിദ്യാസമ്പന്നരാണ്, ശക്തരാണ്, ഉറച്ച തീരുമാനം എടുക്കാന് ശേഷിയുള്ളവരും ജീവിച്ചുതെളിയിച്ചവരുമാണ്. ഒരേ സ്വഭാവമുള്ള രണ്ടുപേര് ഒന്നിച്ച് മുന്നോട്ടുപോകാന് പ്രയാസപ്പെട്ടപ്പോള് അവരിലൊരാള് മാറിത്താമസിച്ചതായിരിക്കാം. അമ്മയ്ക്ക് അക്കാലത്തെ സ്ത്രീകളില് നിന്നും സമൂഹവും കുടുംബവും ആവശ്യപ്പെട്ടിരുന്ന വിനീതവിധേയത്വമൊന്നുമുണ്ടായിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും രണ്ടുപേരും ഒട്ടൊക്കെ സ്വയംപര്യാപ്തരായിരുന്നു. എല്ലാം സഹിക്കാം, എന്തും സംഭവിച്ചോട്ടെ എന്ന മനോഭാവക്കാരിയായിരുന്നില്ല അമ്മ. അച്ഛന് ഒട്ടുമേ അങ്ങനെയായിരുന്നുമില്ല.
നിങ്ങള് മക്കള് വൈകാരികസംഘര്ഷം അഭിമുഖീകരിച്ചിരുന്നോ?
90 ശതമാനവും അച്ഛനമ്മമാര്ക്കൊപ്പം വളരുകയും മക്കള്ക്ക് കാര്യങ്ങള് ഗ്രഹിക്കാനുള്ള അറിവ് വെക്കുന്ന കാലത്ത് വേര്പിരിഞ്ഞ് താമസിക്കുകയും ചെയ്തിരുന്നെങ്കില് നിങ്ങള് പറഞ്ഞ വൈകാരികസംഘര്ഷമൊക്കെ ഉണ്ടായെന്നുവരാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓര്മവെച്ചകാലം തൊട്ട് അവരെ ഒന്നിച്ചുകണ്ടിട്ടില്ല, ഞങ്ങള്ക്ക് അച്ഛനുണ്ട് എന്നറിയാം. അസുഖം വരുന്ന നേരത്ത് അച്ഛന് വരും. ചിലപ്പോള് അമ്മയും അച്ഛനും കൂടി ഒന്നിച്ചായിരിക്കും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നത്. അതുകഴിഞ്ഞാല് തിരികെ വീട്ടിലാക്കിയിട്ട് അച്ഛന് പോവുകയും ചെയ്യും. അച്ഛന് അങ്ങനെ വേറെ പോവേണ്ട ആളല്ല, ഇവിടെ ഞങ്ങളോടൊപ്പം താമസിക്കേണ്ട ആളാണ് എന്നൊക്കെ അറിയാവുന്ന കുട്ടിയായിരുന്നില്ല ഞാന്. അങ്ങനെ ഒന്നിച്ചുചേരലിന്റെ സുഖമോ അനുഭവമോ എനിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ എന്റെയുള്ളില് അതൊരു മുറിവായി കിടന്നിട്ടുമില്ല, ഇങ്ങനെയായിരിക്കാം എല്ലാവരും ജീവിക്കുന്നത് എന്നാണ് ഞാന് ധരിച്ചുവെച്ചിരുന്നത്. ഭാര്യയും ഭര്ത്താവും മക്കളും ഒന്നിച്ചാണ് ജീവിക്കേണ്ടത് എന്ന് ഞങ്ങള് അറിയുന്നതേയില്ല. അതുകൊണ്ടുതന്ന അച്ഛന്റെയോ അമ്മയുടെയോ ജീവിതരീതിയിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഞങ്ങള്ക്ക് തോന്നിയിട്ടില്ല.

ഹൈസ്കൂള് കാലഘട്ടം മുഴുവന് ഞാന് അച്ഛന്റെകൂടെ ദേവസ്വം ക്വാട്ടേഴ്സിലാണ് താമസിച്ചത്. അച്ഛന്റെ സ്നേഹവും ശിക്ഷണവും അന്നത്തെ പ്രശസ്തരായ സാഹിത്യകാരന്മാരുമായിട്ടുള്ള ചര്ച്ചയും ആവോളം ആസ്വദിക്കാനായിട്ടുണ്ട്. മൂന്നുവര്ഷക്കാലം അച്ഛനോടൊത്തുള്ള സഹവാസത്തില് അദ്ദേഹത്തെ നന്നായി മനസ്സിലാക്കാന് എനിക്ക് സാധിച്ചു. ഒരു ഹൈസ്കൂള് വിദ്യാര്ഥി അറിഞ്ഞിരിക്കേണ്ടതിനേക്കാള് കൂടുതല് സാഹിത്യം അക്കാലയളവില് ഞാനറിഞ്ഞു. അച്ഛന് വലിയൊരാളാണ് എന്ന് നേരില് കണ്ടറിഞ്ഞു.
ഒരു കവിതയെഴുതി പ്രസിദ്ധീകരിക്കാന് അയച്ചാലും ആ കവിതയ്ക്കുമേല് നിരന്തരം പുതുക്കലുകള് നടത്തിക്കൊണ്ടേയിരിക്കുമായിരുന്നല്ലോ വൈലോപ്പിള്ളി. അദ്ദേഹത്തിന്റെ ഈ ശീലത്തെക്കുറിച്ച് പറയാമോ?
ഒരു നിലവിളക്ക് തുടച്ച് തിളക്കം കൂട്ടുന്നതുപോലെ അച്ഛന് കവിതകൾ മിനുക്കിത്തുടച്ചുകൊണ്ടേയിരിക്കുമായിരുന്നു. കവിതയെ കാച്ചിക്കുറുക്കുമ്പോള് അത് പ്രസിദ്ധീകരിച്ചുകഴിഞ്ഞതാണോ അല്ലയോ എന്നത് അദ്ദേഹം ഒരു മാനദണ്ഡമാക്കി എടുത്തിട്ടില്ലായിരുന്നു. അദ്ദേഹത്തിന് വ്യക്തിപരമായി വളരെയടുപ്പമുള്ളവരില് ഒരാളായിരുന്നു എന്.വി കൃഷ്ണവാരിയര്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര് എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും അദ്ദേഹത്തിന് അച്ഛന്റെ സ്വഭാവം നന്നായി അറിയാമായിരുന്നു. കവിത അയച്ചതിനു പിന്നാലെ തന്നെ പലപ്പോഴും തിരുത്തിയ കവിതയും വരുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുതടയാന് അച്ഛന്റെ കവിത കിട്ടിയ ഉടന് തന്നെ എന്.വി അച്ചടിക്കാന് കൊടുക്കുമായിരുന്നു എന്നുപോലും തമാശയ്ക്ക് പറയാറുണ്ടത്രേ. അതേസമയം അച്ഛന് തിരുത്തി അയക്കുന്ന കവിതയെക്കൂടി ഉള്ക്കൊണ്ടുകൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന പല പത്രാധിപന്മാരുമുണ്ടായിരുന്നു.
സ്വന്തം കവിതകളെക്കുറിച്ച് അച്ഛന് വ്യക്തിപരമായി എന്നോട് സംസാരിച്ചത് ആദ്യത്തെ അച്ചടിയില് വന്ന ചെറിയ ചെറിയ പിശകുകളെക്കുറിച്ചാണ്. അങ്ങനെയൊരു തെറ്റ് വരാന് പാടില്ലായിരുന്നു എന്നുപറഞ്ഞ് ആലോചനയില് മുഴുകുന്ന അച്ഛനെ ഞാന് കണ്ടിട്ടുണ്ട്. 'ജലസേചനം' പോലുള്ള കവിതയില് ആദ്യത്തെ പതിപ്പില് തെറ്റുകള് വന്നിട്ടുണ്ടത്രേ. കവിതയില് സംഭവിച്ച പിശകുകളെക്കുറിച്ച് ഏറെ നേരം സംസാരിക്കുമായിരുന്നു. സ്വന്തം കവിത മറ്റുള്ളവരുടെ മുമ്പില്വെച്ച് അദ്ദേഹം ചൊല്ലാറില്ല. മാത്രമല്ല മറ്റുള്ളവര് അച്ഛന്റെ മുമ്പില് വെച്ച് ചൊല്ലുന്നതും ഇഷ്ടമായിരുന്നില്ല.
അച്ഛന്റെ കവിതകളെക്കുറിച്ച് ഞാന് കൂടുതല് കേള്ക്കുന്നതും അറിയുന്നതും ഹൈസ്കൂള് കാലഘട്ടത്തില് അദ്ദേഹത്തോടൊപ്പം താമസിക്കുമ്പോഴായിരുന്നു. സ്വന്തം കവിതകളെക്കുറിച്ച് കൃത്യമായ നിരൂപണം അദ്ദേഹം നടത്തുമായിരുന്നു. വി.കെ.എന്നിന്റെയും എം.പി നാരായണപ്പിള്ളയുടെയും കഥകളും നോവലുകളും അക്കാലത്തിറങ്ങുന്ന എല്ലാ കവിതകളും ലേഖനങ്ങളും വളരെ താല്പര്യത്തോടെ അദ്ദേഹം വായിക്കുമായിരുന്നു. അതേക്കുറിച്ചുള്ള ക്രിട്ടിക്കല് കമന്റസ് എന്നോട് പറയാറുമുണ്ടായിരുന്നു; അതെല്ലാം മനസ്സിലാക്കാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നെങ്കില്പ്പോലും.
കവിയായ വൈലോപ്പിള്ളിയെ അമ്മ അംഗീകരിച്ചിരുന്നോ?
സാഹിത്യം അമ്മയുടെ മേഖലയല്ലായിരുന്നു. എന്നാലും അമ്മ അച്ഛന്റെ കവിതകള് വായിക്കാറുണ്ടായിരുന്നു. അച്ഛന്റെ എഴുത്തിനെക്കുറിച്ചൊന്നും അമ്മ അഭിപ്രായമൊന്നും പറയാറില്ലായിരുന്നു. എഴുത്തുകാരോട് പ്രത്യേക മമതയോ അനാകര്ഷണമോ അമ്മയ്ക്കില്ലായിരുന്നു.
അദ്ദേഹത്തെ കുടുംബത്തിലേക്ക് തിരിച്ചുകൊണ്ടുവരാന് മക്കള് മുതിര്ന്നവരായപ്പോള് ശ്രമിച്ചിരുന്നോ?
അച്ഛന് ഒരിക്കലും അമ്മയുടെ അടുത്തേക്ക് തിരിച്ചുവന്നിട്ടില്ല, അമ്മ അങ്ങോട്ടുപോയാലും സ്വീകരിക്കാന് അച്ഛന് വിമുഖത കാണിച്ചേക്കാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എട്ടാം ക്ലാസില് പഠിക്കുമ്പോള് എനിക്ക് അസുഖം വന്ന് ചികിത്സിക്കാനായി തിരുവനന്തപുരം മെഡിക്കല് കോളേജില് ഒരു മാസം കിടന്നു. ആ മാസം മുഴുവനായും അച്ഛനും അമ്മയും ഒന്നിച്ച് എന്റെയടുക്കലുണ്ടായിരുന്നു. അതുകഴിഞ്ഞ് തിരികെ തൃശൂര് എത്തിയപ്പോള് അച്ഛന് തിരികെ ദേവസ്വം ക്വാർട്ടേഴ്സിലേക്ക് തന്നെ പോവുകയാണുണ്ടായത്.

അവസാനകാലത്ത് സെറിബ്രല് ത്രോംബോസിസ് വന്ന് ബോധമില്ലാതെ കിടക്കുകയായിരുന്നു അച്ഛന്. അമ്മ വന്ന് അച്ഛനെ മരണംവരെ പരിചരിച്ചു. പക്ഷേ ആ പരിചരണം അച്ഛന് അറിഞ്ഞിട്ടില്ല, സുബോധത്തോടെ ഒന്നിച്ചൊരു കുടുംബജീവിതം നയിക്കുക എന്നത് രണ്ടുപേര്ക്കുമിടയില് അവസാനകാലത്തുമുണ്ടായിട്ടില്ല, അച്ഛനെന്തുകൊണ്ട് ഇങ്ങനെ പെരുമാറി എന്ന് അമ്മയോട് ചോദിച്ചപ്പോള് അത് നിങ്ങളറിയേണ്ട ആവശ്യമില്ല എന്നാണ് ലഭിച്ച മറുപടി.
അതേപ്പറ്റി ചര്ച്ച ചെയ്യാന് അവര്ക്ക് രണ്ടുപേര്ക്കും താല്പര്യമില്ലായിരിക്കാം. തികച്ചും വ്യക്തിപരമായിരിക്കും. ആ രണ്ട് വ്യക്തിത്വങ്ങളെയും മക്കളെന്നനിലയില് ഞങ്ങള് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. മരിക്കുന്ന കാലം വരെയും എന്തുകൊണ്ടാണ് ഈ ഏകാന്തജീവിതം എന്ന് അച്ഛന് പറയാത്ത സ്ഥിതിക്ക് അദ്ദേഹത്തിന്റെ മരണശേഷം അമ്മയോട് ചോദിച്ചാല് അമ്മ തന്റെ പക്ഷം ന്യായീകരിച്ചുകൊണ്ടുമാത്രമല്ലേ സംസാരിക്കുകയുള്ളൂ. അത് കൊള്ളാനും തള്ളാനും അച്ഛനില്ലാത്ത സ്ഥിതിക്ക് അറിഞ്ഞിട്ടെന്ത് കാര്യം എന്ന് ഞാനും അനിയനും തീരുമാനിച്ചു.
മലയാളസാഹിത്യം അതിന്റെ വരേണ്യതയെ കൈയൊഴിഞ്ഞുകൊണ്ട് സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങി നടന്നത് പുരോഗമന സാഹിത്യപ്രസ്ഥാനത്തിലൂടെയാണ്. വൈലോപ്പിള്ളിയായിരുന്നല്ലോ പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡണ്ട്.
പുരോഗമന സാഹിത്യപ്രസ്ഥാനത്തിനൊപ്പമായിരുന്നു അച്ഛന്. അത് സമൂഹത്തിന്റെ പുരോഗമനത്തിനുവേണ്ടിയായിരുന്നു. രാഷ്ട്രീയത്തെയും പുരോഗമനസാഹിത്യപ്രസ്ഥാനത്തെയും രണ്ടായിട്ടായിരുന്നു അച്ഛന് കണ്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് 'ഇത് നേരത്തേ വരേണ്ടതായിരുന്നു' എന്ന ഭാവത്തോടെ അച്ഛന് കവിത എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേ വൈലോപ്പിള്ളി തന്നെ 'അടിയന്തര കവിതകള്' എന്ന പേരില് എട്ടുപത്ത് കവിതകള് എഴുതി. അടിയന്തരാവസ്ഥയെ അതിനിശിതമായി എതിര്ത്തുകൊണ്ടെഴുതിയവയായിരുന്നു അതെല്ലാം. അടിയന്തരാവസ്ഥയെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുതിയത് വൈലോപ്പിള്ളി തന്നെയാണ് എന്ന് വിളംബരം ചെയ്യത്തക്കരീതിയില് അവയെല്ലാം സമാഹരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. രാഷ്ട്രീയത്തെ വ്യക്തിതാല്പര്യങ്ങള് കൊണ്ടുപൊതിയുന്നത് അദ്ദേഹം വെച്ചുപൊറുപ്പിച്ചിരുന്നില്ല. സമൂഹത്തിന്റെ സ്പന്ദനങ്ങള് മനസ്സിലാക്കുന്നതിനനുസരിച്ച് അഭിപ്രായങ്ങള് മാറിയേക്കാം എന്ന സന്ദേശംകൂടി ആ കവിതകളില് ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയെ ന്യായീകരിക്കാനും എതിര്ക്കാനും അച്ഛന് അദ്ദേഹത്തിന്റേതായിട്ടുള്ള കാരണമുണ്ടായിരുന്നു.

ഡോ. ടി. ശ്രീകുമാര്
| Photo: Special arrangement
സമൂഹത്തിനുവേണ്ടി ശബ്ദമുയര്ത്തുന്നതില് അച്ഛന് വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അദ്ദേഹം ഒരു രാഷ്ട്രീയ പാര്ട്ടിയുടെയും ആളായിരുന്നില്ല. സാഹിത്യകാരന് എന്ന നിലയില് സമൂഹത്തോടുള്ള ധര്മം അനുഷ്ഠിക്കുന്നതില് ശ്രദ്ധാലുവായിരുന്നു അദ്ദേഹം. 'കുടിയൊഴിക്കല്', 'അരിയില്ലാഞ്ഞിട്ട്', 'കൃഷ്ണമൃഗങ്ങള്', 'തൃശൂരിലെ വടക്കേച്ചിറ' തുടങ്ങിയ കവിതകള് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളങ്ങളാണ്. അദ്ദേഹം മനുഷ്യപക്ഷത്തായിരുന്നു. എതിര്ശബ്ദമുയര്ത്താതെ കണ്ണടയ്ക്കേണ്ടിടത്ത് അങ്ങനെ ചെയ്തിരുന്നെങ്കില് അദ്ദേഹത്തിന് സ്ഥാനമാനങ്ങളിലൂടെ എവിടെയൊക്കെയോ എത്താമായിരുന്നു. അദ്ദേഹം തന്റെ ഒറ്റമുണ്ടും നിറം മങ്ങിയ ഷര്ട്ടുമിട്ട് സൈക്കിളും ഉന്തി സാധാരണക്കാരനായി ജീവിച്ചു. സാധാരണക്കാരുടെ ജീവിതാവസ്ഥകളെയും വ്യഥകളെയും തന്റേതുകൂടിയാക്കി മാറ്റി. 'നമ്മുടെ ഭീമന്' എന്ന കവിതയില് ഇന്ത്യന് സൈനിക ടാങ്കിനെക്കുറിച്ചാണ് അഭിമാനത്തോടെ അദ്ദേഹം എഴുതിയത്. അതേകാലത്ത് തന്നെ 'തീപ്പെട്ടി' എന്ന കവിതയുമെഴുതി. അച്ഛന്റെ സറ്റയര് വൈദഗ്ധ്യം മുഴുവനായും ഉപയോഗിച്ചിരിക്കുന്നത് 'തീപ്പെട്ടി'യിലാണ്. രാവിലെ എഴുന്നേറ്റ് അടുപ്പ് കത്തിക്കാന് നോക്കുമ്പോള് എത്ര ഉരച്ചിട്ടും തീപ്പെട്ടി കത്തുന്നില്ല. അച്ഛന് തനിച്ചുള്ള വെപ്പും തീനുമെല്ലാം പരിചയമാണല്ലോ. ഒരു തീപ്പെട്ടി പോലും നേരംവണ്ണം ഉണ്ടാക്കാന് നമുക്ക് സാധിച്ചിട്ടില്ലെങ്കിലെന്താ, 'നമ്മള് ആറാമത്തെ അണുശക്തിരാജ്യമായി മാറിയല്ലോ' എന്നദ്ദേഹം എഴുതുന്നുണ്ട്. ആ കവിതയുടെ അവസാനത്തെ രണ്ടുവരിയിലാണ് മര്മം ഇരിക്കുന്നത്.
''പാഴ്പിട്ടിനാലേ മരുന്നു പുരട്ടിയ
തീപ്പെട്ടി കത്തായ്കിലെന്തു ദോഷം
ആറാമതാമണുശക്തിയായ്ത്തീര്ന്നെന്റെ
വീറാര്ന്ന നാടുജ്വലിക്കയല്ലീ' എന്നാണ് അച്ഛന് എഴുതിയിരിക്കുന്നത്.
'മാമ്പഴം', 'കണ്ണീര്പ്പാടം' എന്നീ കവിതകള് ആത്മകഥാംശമുള്ളവയായിട്ടാണല്ലോ വിലയിരുത്തപ്പെടുന്നത്.
മാമ്പഴം എന്ന കവിതയില് അദ്ദേഹത്തിന്റെ വളരെ ചെറുപ്പത്തിലുള്ള സംഭവമാണ് പ്രമേയമാക്കിയിരിക്കുന്നത്. അച്ഛന് എട്ടുവയസ്സുള്ളപ്പോളാണ് അദ്ദേഹത്തിന്റെ അനിയന് മരിക്കുന്നത്. മൂന്നുവയസ്സായിരുന്നു ആ കുട്ടിക്ക്. ആ വിയോഗം അച്ഛനെ വിടാതെ പിന്തുടര്ന്നിരിക്കാം. 'സാവിത്രി' എന്ന കവിത അദ്ദേഹത്തിന്റെ ബിരുദകാലയളവില് എഴുതിയതാണ്. 'കുരുവികള്' എന്ന സമാഹാരത്തിലെ മിക്ക കവിതകളും വിവാഹം കഴിഞ്ഞ ആദ്യനാളുകളില് എഴുതിയിട്ടുള്ളതാണ്. ആ കവിതകളില് കാല്പനികതയും ജീവിതത്തോടുള്ള ആസക്തിയും പ്രണയവും സന്തോഷവുമൊക്കെ കാണാം, പക്ഷേ 'കണ്ണീര്പ്പാടം'എത്തുമ്പോഴേക്കും അച്ഛനും അമ്മയും വേര്പിരിയല് ഉള്ക്കൊണ്ടിട്ടുണ്ടായിരിക്കണം. ദാമ്പത്യം ശിഥിലമായിരിക്കുന്നു എന്ന തിരിച്ചറിവോടെ എഴുതിയ കവിതയാണ് 'കണ്ണീര്പ്പാടം.'
അക്കാലത്തെ യുവ കവികളോട് നല്ല സ്നേഹം പുലര്ത്താന് വൈലോപ്പിള്ളി ശ്രദ്ധിച്ചിരുന്നല്ലോ.
മുല്ലനേഴി, ചുള്ളിക്കാട്, ആത്മാരാമന് തുടങ്ങി വളരെ തിരഞ്ഞെടുത്ത ആളുകളുമായിട്ടു മാത്രമേ അത്രയും അടുപ്പമുണ്ടായിരുന്നുള്ളൂ, ആത്മാരാമനുമായി വളരെയടുത്ത ബന്ധമായിരുന്നു. അവരുടെ കവിതകളെ എത്രമാത്രം സ്നേഹിച്ചിരുന്നോ അത്രമാത്രം വിമര്ശിക്കുകയും ചെയ്തിരുന്നു. സ്നേഹവും വിമര്ശനവും തമ്മിലുള്ള പാരസ്പര്യബന്ധം ഇവര് തിരിച്ചറിഞ്ഞിരുന്നു. കൂടുതല് വിമര്ശനം ഏറ്റുവാങ്ങിയത് മുല്ലനേഴിയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് അച്ഛനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന് കഴിഞ്ഞു.
'കാവ്യലോകസ്മരണകള്'!' മലയാള സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു കൃതിയാണ്. വൈലോപ്പിള്ളിയിലെ ഗദ്യമെഴുത്തുകാരനെ വായനക്കാര് അടുത്തറിഞ്ഞതും കാവ്യലോകസ്മരണകളിലൂടെയാണല്ലോ.
ദേശാഭിമാനി പ്രതാധിപരായിരുന്ന എം.എന് കുറുപ്പിന്റെ നിരന്തരപ്രേരണമൂലമാണ് അച്ഛന് കാവ്യലോക സ്മരണകള് എഴുതുന്നത്. അച്ഛന്റെ എഴുത്തും തിരുത്തും ക്ഷമയോടെ സഹിക്കുകയും പലദിവസങ്ങളിലും പാതിരാവോളം ഒപ്പമിരിക്കുകയും ചെയ്ത് അദ്ദേഹം എഴുതിവാങ്ങിയതാണ് കാവ്യലോകസ്മരണകള്. അച്ഛനെ ഭരിക്കുക അത്ര എളുപ്പമല്ല. ഉറക്കമിളച്ച് എഴുതിത്തീര്ത്തതെല്ലാം പിറ്റേന്ന് രാവിലെയാകുമ്പോള് വെട്ടിക്കളയുമായിരുന്നു. എം.എന് കുറുപ്പിന്റെ ക്ഷമയുടെ അടയാളം കൂടിയാണ് ആ കൃതി.
അന്തര്മുഖനായിരുന്നോ വൈലോപ്പിള്ളി?
ആദ്യം കാണുന്നവര്ക്ക് അങ്ങനെ തോന്നുമായിരിക്കാം. 'എനിക്കൊന്നും പറയാനില്ല' എന്നൊക്കെ പറഞ്ഞ് കാണാന് വരുന്നവരെ നിരാശരാക്കുകയൊക്കെ ചെയ്യുമായിരുന്നു. പക്ഷേ സംസാരിച്ചുതുടങ്ങിയാല് മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യും. വ്യക്തിയിലെ ദ്വന്ദസംഘര്ഷം അദ്ദേഹം നന്നായി അനുഭവിച്ചിരുന്നു.
സമകാലികരായ എഴുത്തുകാരമായി നല്ല ബന്ധം പുലര്ത്തിയിരുന്നോ?
ജി. ശങ്കരക്കുറുപ്പുമായി ബന്ധമുണ്ടായിരുന്നു. തന്നെക്കാള് മുതിര്ന്ന സാഹിത്യകാരന് എന്നനിലയിലായിരുന്നു അദ്ദേഹത്തെ അച്ഛന് കണ്ടിരുന്നത് എന്നാണ് എന്റെ ധാരണ. പി. കുഞ്ഞിരാമന് നായര് ഇടയ്ക്ക് വരുമായിരുന്നു. അവര് തമ്മില് കുറേ സംസാരിച്ചിരിക്കുന്നത് കാണാം. അന്നത്തെ യുവകവിയായിരുന്ന വിഷ്ണുനാരായണന് നമ്പൂതിരിയുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. ഒ.എന്.വിയോടും സ്നേഹമായിരുന്നു.
വൈലോപ്പിള്ളി സംസ്കൃതിഭവന്, യുവകവികള്ക്കായുള്ള വൈലോപ്പിള്ളി പുരസ്കാരം... മലയാളിക്ക് വൈലോപ്പിള്ളി മരിക്കുന്നില്ല.
വൈലോപ്പിള്ളി സംസ്കൃതിഭവന് കേരള സര്ക്കാരിന്റെ സാംസ്കാരിക വകുപ്പ് അദ്ദേഹത്തിന്റെ ഓര്മകള് നിലനിര്ത്താനായി പണികഴിപ്പിച്ച മന്ദിരമാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന പേനകള് ചാരുകസേര, കണ്ണട തുടങ്ങിയവയെല്ലാം സര്ക്കാര് ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങള് വിട്ടുനല്കി. യുവകവികള്ക്ക് നല്കി വരുന്ന വൈലോപ്പിള്ളി പുരസ്കാരം വര്ഷംതോറും നല്കിവരുന്നുണ്ട്. അദ്ദേഹത്തിന്റെ കവിതകള് നിരവധി യൂണിവേഴ്സിറ്റികളില് ഗവേഷണ വിഷയമാകുന്നു. കൊച്ചുകുട്ടികള് മുതല് മുതിര്ന്ന വിദ്യാര്ഥികള് വരെ കവിതകള് പഠിക്കുന്നു, ചൊല്ലുന്നു. വൈലോപ്പിള്ളി ഈ സമൂഹത്തില് നിലനില്ക്കുന്നു എന്നതില് മകന് എന്ന നിലയില് വളരെയധികം ചാരിതാര്ഥ്യമുണ്ട്. അച്ഛന് വിടപറഞ്ഞിട്ട് മുപ്പത്തിയെട്ട് വര്ഷം കഴിഞ്ഞു. ഈ കാലമ്രതയും വൈലോപ്പിള്ളി കൂടുതല് വായിക്കപ്പെടുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കവിതയുടെ ക്രാഫ്റ്റിനെ നശിപ്പിക്കാതെ, ക്രാഫ്റ്റിനൊപ്പം തന്നെ, സാമൂഹിക വിഷയങ്ങള് ഉയര്ത്തുന്നതില്, ഇടപെടുന്നതില്, അദ്ദേഹം നിരന്തരം പരിശ്രമിച്ച് വിജയം കണ്ടെത്തിയിരുന്നു. ദന്തഗോപുരവാസിയായ കവി എഴുതുന്നതല്ല സാഹിത്യമായിട്ടുവരേണ്ടത്, സാധാരണക്കാരുടെ മധ്യത്തില് ജീവിച്ച് അവരുടെ പ്രശ്നങ്ങള് അവതരിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹത്തിനറിയാമായിരുന്നു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകളുടെ പ്രതിഫലനമായിരിക്കണം കവിത എന്ന ചിന്താഗതി അച്ഛനുണ്ടായിരുന്നു. സാഹിത്യത്തെപ്പറ്റി അദ്ദേഹവുമായുള്ള സംഭാഷണത്തില് നിന്നും എനിക്കുകിട്ടിയ അറിവുകളാണിവയെല്ലാം. കവിതയ്ക്ക് രസിപ്പിക്കല് മാത്രമല്ല, സാമൂഹ്യപരിഷ്കരണം എന്ന ഒരു സൂഷ്മമായ ഉദ്ദേശ്യവുമുണ്ടായിരിക്കണം എന്നദ്ദേഹം പറയുമായിരുന്നു. സാമൂഹിക പ്രതിബദ്ധതയെ ഉയര്ത്തിപ്പിടിക്കുകയും അതേസമയം തന്നെ ഒരു അക്ഷരത്തിനുവേണ്ടി പോലും തീക്ഷ്ണമായ അലച്ചിലും അദ്ദേഹം നടത്തിയിരുന്നു. ഒരക്ഷരം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാന് പാടില്ല, അനാവശ്യമായി ഉപയോഗിക്കാന് പാടില്ല, തുടങ്ങിയ നിഷ്കര്ഷയും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം വൈലോപ്പിള്ളി എന്ന പേരിന് അനുദിനം തിളക്കമേറി വരുന്നത്. അച്ഛന് ജീവിച്ചിരുന്ന കാലത്ത് ലഭിച്ചിരുന്നതിനേക്കാള് കൂടുതല് സ്വീകാര്യത മരണാനന്തരം ലഭിച്ചുകൊണ്ടേയിരിക്കുന്നു എന്നാണെന്റെ അനുഭവം. മലയാളിയുടെ സാഹിത്യാഭിരുചിയില് വൈലോപ്പിള്ളി ചിരഞ്ജീവിയായി നിലകൊള്ളുന്നതില് അഭിമാനമുണ്ട്.
Content Highlights: Vyloppilli Sreedhara Menon's son Dr. T. Sreekumar, Interview by Shabitha
Published: 05 Jan 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented