ഗുരുനിത്യ ചൈതന്യയതി ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്. ഗുരുനിത്യയെ അവസാനകാലങ്ങളില്‍ പരിചരിച്ച സഹചാരിയാണ് ഷൗക്കത്ത്. ഊട്ടിയിലെ ഫേണ്‍ഹില്‍ ആശ്രമത്തില്‍ തുടരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഗുരുനിത്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഷൗക്കത്ത് സംസാരിക്കുന്നു.

To advertise here,

ഗുരുനിത്യയുടെ പ്രിയപ്പെട്ടവനാണ് ഷൗക്കത്ത്. ഗുരുവിനെ ആദ്യമായി കണ്ടുമുട്ടിയതെപ്പോഴാണ്.

എനിക്ക് 17 വയസ്സുള്ളപ്പോഴാണ് ഗുരുവിനെ ആദ്യമായി കാണുന്നത്. തികച്ചും മതയാഥാസ്ഥിതികമായ കുടുംബപശ്ചാത്തലത്തില്‍ വളരുകയും സ്വര്‍ഗം നരകം, നിങ്ങള്‍, ഞങ്ങള്‍ എന്നൊക്കെയുള്ള വിഭജനം വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് ഞാന്‍ ഗുരുവിനെ ആദ്യമായി കാണുന്നത്. എന്റെ ജ്യേഷ്ഠസഹോദരസ്ഥാനമുള്ള സലീംക്ക, സാദിക്ക, ജോസേട്ടന്‍ തുടങ്ങിയ മനുഷ്യരിലൂടെ ജിബ്രാന്‍, ടാഗോര്‍, ഹെസ്സേ, ടോള്‍സ്റ്റോയ്, ജിദ്ദു കൃഷ്ണമൂര്‍ത്തി, ഓഷോ രജനീഷ്, ഗുരുനിത്യ തുടങ്ങിയ പേരുകളുമായി ഞാന്‍ പരിചയം സ്ഥാപിച്ചു. അതില്‍ ജീവിച്ചിരിക്കുന്ന ഗുരു എന്ന കൗതുകം എനിക്ക് ഗുരുനിത്യയോട് ആദ്യമേ തോന്നിയിരുന്നു. 

അദ്ദേഹം അന്ന് അസുഖബാധിതനാണെന്ന് അവരുടെ ചര്‍ച്ചകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഇനി അധികകാലം ഉണ്ടാവില്ല എന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടുകയും അദ്ദേഹത്തെ കാണണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തു. സരോവരം എന്നൊരു മാസിക അക്കാലത്ത് ഇറങ്ങിയിരുന്നു. ഗുരുവിന്റെ മുഖചിത്രവുമായുള്ള സരോവരം മാസികയുമായിട്ടാണ് സാദിക്ക ഒരു ദിവസം വന്നത്. അതുകൂടി കണ്ടപ്പോള്‍ ഗുരുവിനോട് എനിക്ക് കലശലായ പ്രണയം തോന്നി. എങ്ങനെയെങ്കിലും ഒന്നു കണ്ടാല്‍ മതി. അദ്ദേഹത്തിന്റെ ഫിലോസഫിയുടെ ആഴമോ വ്യാപ്തിയോ അറിഞ്ഞിട്ടുള്ള പ്രണയമായിരുന്നില്ല അത്. സാധാരണക്കാരെ സന്തോഷിപ്പിക്കുന്ന ഗുരുവിനെ ഒന്നു കാണണം എന്നു മാത്രമേയുള്ളൂ. ഒരു മതത്തിന്റെയും ചട്ടക്കൂട്ടിലൊതുങ്ങാത്ത സര്‍വമത സമ്മതനായിട്ടുള്ള ഒരാള്‍. അതായിരുന്നു ഗുരുവിനോടുള്ള എന്റെ ആകര്‍ഷണം. ആ സരോവരം മാസികയുമായി വീട്ടിലെത്തിയ ഞാന്‍ അദ്ദേഹം എന്താണ് എഴുതിയതെന്ന് തുറന്നുനോക്കാതെ മുഖചിത്രത്തിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.

placeholder
ഷൗക്കത്ത്

തിരുവനന്തപുരത്ത് ഗുരു വരുന്നുണ്ടെന്നറിഞ്ഞതും പോയി കാണാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തി. നാട്ടിലെ വിജയന്‍ എന്ന സുഹൃത്തിന് ഗള്‍ഫില്‍ പോകാന്‍ തിരുവനന്തപുരത്തു നിന്നാണ് വിമാനം കയറേണ്ടിയിരുന്നത്. വിജയനും ഗുരുവിനെ കാണണമെന്നുണ്ടായിരുന്നു. അവരോടൊപ്പം ഗുരുവിന്റെ സഹോദരിയുടെ തിരുവനന്തപുരത്തെ പാങ്ങപ്പാറയിലുള്ള വീട്ടില്‍ വെച്ച് രാത്രിയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. വളരെ മനോഹരമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. ഞാന്‍ ആദ്യമായി കാണുന്ന, ഗുരുസ്ഥാനത്തിരിക്കുന്ന ഒരു സന്ന്യാസിയായിരുന്നു അദ്ദേഹം. 

ഗുരുവിനു ചുറ്റും കുറച്ചാളുകള്‍ ഉണ്ട്. അദ്ദേഹം ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നേരെ മുമ്പിലുള്ള സോഫയില്‍ ഇരുന്നു. ഒരു സന്ന്യാസിവര്യനോട് ഇടപെടേണ്ട വിധമൊന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും നിലത്താണ് ഇരിക്കുന്നത്. ഞാന്‍ പതുക്കെ താഴോട്ടിറങ്ങി ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തടഞ്ഞു. എവിടെയിരുന്നാലും ഒരുപോലെയാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന കണക്കുകൂട്ടലോടെ ക്യാമറയുമായിട്ടാണ് സലീമിക്ക വന്നിരുന്നത്. പക്ഷേ അദ്ദേഹത്തോട് ചോദിക്കാന്‍ മടി. അകത്തേക്ക് പോകട്ടെ എന്ന് അദ്ദേഹം സമ്മതം ചോദിച്ചു. അദ്ദേഹം പോയപ്പോഴും കുറച്ചുനേരം ഞങ്ങള്‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. ഫോട്ടോ എടുക്കാന്‍ പറ്റാത്ത നിരാശയുമുണ്ടായിരുന്നു. അപ്പോള്‍ അകത്തുനിന്ന് ഒരാള്‍ വന്ന് പറഞ്ഞു, ഗുരു ഞങ്ങളെ അകത്തേക്ക് വിളിക്കുന്നുണ്ടെന്ന്. അകത്ത് ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രായമായ അമ്മയുണ്ട്. അദ്ദേഹം ഞങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ അഡ്രസ് ബുക്കില്‍ ഞങ്ങളുടെ പേരും അഡ്രസ്സും എഴുതാന്‍ പറഞ്ഞു. ഞങ്ങള്‍ വിലാസമെഴുതി. അപ്പോള്‍ ഗുരു പറഞ്ഞു : 'ഇനി നിങ്ങള്‍ പെട്ടു.'

placeholder
നിത്യചൈതന്യയതിയുടെ അമ്മ വാമാക്ഷിയമ്മയ്‌ക്കൊപ്പം
ഷൗക്കത്തും കൂട്ടുകാരും

പിന്നീട് ഞങ്ങള്‍ പുറത്തേക്ക് വന്നു. ഹാളിലെത്തിയെങ്കിലും ഞങ്ങള്‍ക്ക് പുറത്തേക്ക് പോകാന്‍ മനസ്സുവരാത്തതിനാല്‍ അവിടെത്തന്നെ നില്‍ക്കുകയാണ്. അപ്പോള്‍ ഒരാള്‍ വന്ന് പറഞ്ഞു: ഗുരുവിന് നിങ്ങളോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ട്. അതുകേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമായി. ഞങ്ങള്‍ ഓരോരുത്തരെയും നിര്‍ത്തി ഗുരുവിന്റെ ക്യാമറയില്‍ അദ്ദേഹം ഫോട്ടോ എടുപ്പിച്ചു. ആദ്യം വിളിച്ചത് എന്നെയായിരുന്നു. ഗുരുവിനെ തൊട്ടുനില്‍ക്കാന്‍ പറ്റുമോ എന്നറിയാത്തതിനാല്‍ ഞാന്‍ പരുങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എടോ ഞാന്‍ തൊട്ടുകൂടാത്തവനൊന്നുമല്ല, അടുത്തുനില്‍ക്കൂ.' ഞാന്‍ അടുത്തേയ്ക്ക് നിന്നപ്പോള്‍ അദ്ദേഹം എന്റെ തോളില്‍ കൈയിട്ടുനിന്നു. ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഗുരു എന്റെ ചെവില്‍ പതുക്കെ പറഞ്ഞു:' മുറുക്കി പിടിച്ചോ, വിടണ്ടാ.' 

ഞാന്‍ എന്നെത്തന്നെ വിടാതെ മുറുക്കിപ്പിടിക്കണം എന്നാണ് ഗുരു പറയുന്നത് എന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ എന്നെ വേണ്ടത്ര മുറുക്കിപ്പിടിച്ചിട്ടില്ല, എന്നില്‍ നിന്നുതന്നെ അകന്നുനില്‍ക്കുകയാണ് എന്ന് ഗുരു തിരിച്ചറിഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത്. ആ കൂടിക്കാഴ്ച വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു. ഗുരുവിനെ കാണണമെന്ന്, അദ്ദേഹത്തിന്റെ സാമീപ്യം ആഗ്രഹിക്കുന്നുവെന്ന് തോന്നിയപ്പോഴെല്ലാം അദ്ദേഹത്തിന്റെ പുസ്തങ്ങള്‍ വായിച്ചു.

 നിത്യചൈതന്യയതിയുടെ അവസാനകാലത്തെ കുറച്ചു വര്‍ഷങ്ങള്‍ ഒപ്പമുണ്ടായിരുന്നയാളാണ് താങ്കള്‍. എങ്ങനെയാണ് നിത്യയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന ഫേണ്‍ഹില്ലില്‍ എത്തിപ്പെടുന്നത്.

എനിക്ക് എങ്ങോട്ടെങ്കിലും പോകണമായിരുന്നു. വീട്ടിലോ, നാട്ടിലോ നില്‍ക്കാന്‍ പറ്റാത്ത ഒരു പ്രതികൂല സാഹചര്യവും ഇല്ലാതിരുന്നിട്ടുകൂടി എനിക്ക് വീട് വിടണമായിരുന്നു. എങ്ങോട്ടു പോകണം എന്നുചോദിച്ചാല്‍ ഗുരുവിന്റെയടുക്കലേക്ക് പോകാനായിരുന്നു ആഗ്രഹം. മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ഗുരുപൂജ നടക്കാറുണ്ട്. മൂന്നുദിവസത്തെ പരിപാടിയാണ്. അതില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. ആരുടെയും അനുവാദമൊന്നും വാങ്ങേണ്ടതില്ല. പോകുന്ന വഴിക്ക് പാലക്കാട്ടെ തതാഥ സ്വാമികളുടെ അടുക്കല്‍ പോയി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ ഇങ്ങനെ അലഞ്ഞുനടന്നിട്ടു കാര്യമില്ല. എന്തെങ്കിലുമൊക്കെ പരിശീലിക്കണം.' എന്നെ എന്തെങ്കിലും പഠിപ്പിച്ചുതരാമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഊട്ടിയില്‍ പോയിട്ടുവരൂ എന്നദ്ദേഹം പറഞ്ഞു. 

അങ്ങനെ ഞാന്‍ ഫേണ്‍ഹില്ലില്‍ എത്തി. ഗുരുപൂജയില്‍ പങ്കെടുത്തു, പ്രഭാഷണങ്ങള്‍ കേട്ടു, കുറേ ആളുകളെ പരിചയപ്പെട്ടു, അവിടത്തെ എല്ലാ പരിപാടികള്‍ക്കും ഒപ്പം നിന്നു. അടുക്കളയില്‍ പച്ചക്കറികള്‍ അരിയാനും പാത്രം കഴുകാനും കുളിക്കാനുള്ള വെള്ളം ചൂടാക്കാനും സഹായിച്ചു. അങ്ങനെ മൂന്നുദിവസം കഴിഞ്ഞിട്ടും എനിക്ക് തിരികെ വീട്ടിലേക്ക് പോകാന്‍ തിടുക്കമൊന്നുമില്ല. ഗുരുപൂജയ്ക്ക് വന്നവരൊക്കെ പോയിട്ടും പിന്നെയും പത്തു ദിവസം ഞാന്‍ അവിടെ നിന്നു. ഈ ദിവസങ്ങളിലൊക്കെയും ഗുരു എന്നെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്, ഞാനദ്ദേഹത്തോടൊപ്പം നടക്കുന്നുണ്ട്. അവിടെ നിത്യവും ക്ലാസുകള്‍ നടക്കാറുണ്ട്. ഏറ്റവും പിറകിലിരുന്ന് ഞാനും ക്ലാസുകള്‍ കേട്ട് ഇരുന്നു. 

പത്താമത്തെ ദിവസം ഗുരു എന്നെ വിളിപ്പിച്ച് അടുത്തുള്ള സോഫയില്‍ ഇരുത്തി. എന്താ ഇയാളുടെ പേര് എന്നു ചോദിച്ചു. ഷൗക്കത്ത് എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇയാള്‍ എന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ചു. ഗുരുപൂജയ്ക്ക് വന്നതാണ് എന്ന് മറുപടി കൊടുത്തു. ഗുരുപൂജ കഴിഞ്ഞിട്ട് ദിവസങ്ങളായില്ലേ, പിന്നെയെന്താ പോവാത്തത് എന്നായി ഗുരു. പിന്നെയെനിക്ക് പോവാന്‍ തോന്നിയില്ല എന്നു ഞാനും പറഞ്ഞു.  ഒരു നിമിഷം എന്നെ നോക്കിക്കൊണ്ട് ഗുരു ചോദിച്ചു: ഇയാളുടെ കൈയക്ഷരം എങ്ങനെയാണ്? കൈയക്ഷരം കുഴപ്പമില്ല എന്നു മറുപടി പറഞ്ഞു.

placeholder

ഡോ. തമ്പാന്‍ (ഇപ്പോള്‍ സ്വാമി തന്മയ) എന്നുപേരുള്ള ഗുരുവിന്റെ ഒരു ശിഷ്യനുണ്ടായിരുന്നു. അദ്ദേഹത്തോട് ഗുരു പറഞ്ഞു: 'തമ്പാനെ, നമ്മള്‍ എടുത്തുവെച്ച ആ ഫയല്‍ എടുത്തുതരൂ'. 

തമ്പാന്‍ അത് അനുസരിച്ചു. ഗുരു ചിത്രങ്ങള്‍ വരയ്ക്കുന്ന വിലകൂടിയ പേപ്പറുകളുണ്ട്. അതില്‍ കുറേയെണ്ണം കൈയില്‍ തന്നുകൊണ്ട് പറഞ്ഞു: 'താനൊരു കാര്യം ചെയ്യ്, ലൈബ്രറിയില്‍ പോയിരുന്നിട്ട് ഇതെല്ലാം വൃത്തിയായി പകര്‍ത്തിയെഴുതൂ. ദിവസവും എഴുതുന്ന കോപ്പി എന്നെ കാണിക്കണം.' 

ഞാനവിടെ നിൽക്കട്ടെ എന്നും ചോദിച്ചിട്ടില്ല, ഗുരു അവിടെ നില്‍ക്കാനും പറഞ്ഞിട്ടില്ല. എഴുതാന്‍ തുടങ്ങുന്നതിനുമുമ്പ് അദ്ദേഹം കുറച്ചു നിര്‍ദ്ദേശങ്ങള്‍ തന്നു. തിരക്കിട്ട് എഴുതാന്‍ പാടില്ല. രണ്ട് അക്ഷരങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടരുത്. ഒരു ഖണ്ഡികയില്‍ പത്തുവരിയേ ഉണ്ടാവാന്‍ പാടുള്ളൂ. ഒരു വാക്ക് മുറിച്ചെഴുതാന്‍ പാടില്ല. ചുരുക്കത്തില്‍ ചിത്രം വരയ്ക്കുന്നതുപോലെ തന്നെയായി എഴുത്ത്. ഇത്രയും നിബന്ധനകള്‍ പാലിച്ചുകൊണ്ട് പരമാവധി ഇരുപത് പേജാണ് ഒരുദിവസം എഴുതാന്‍ കഴിയുക. ചില ദിവസം പത്തു പേജ്. അത് ദിവസവും ഗുരുവിന് കൊണ്ടുപോയി കൊടുക്കും. അങ്ങനെ മൂന്നുമാസമെടുത്തു എഴുത്ത് പൂര്‍ത്തിയാവാന്‍.

ഫയലുകളിലെ ലേഖനങ്ങള്‍ അത്യാവശ്യം മികച്ച രീതിയില്‍ എഴുതിയിട്ടുള്ളവയാണ്. എന്തിനാണ് എന്നെക്കൊണ്ട് മാറ്റിയെഴുതിച്ചതെന്നറിയില്ല. അത് ഇപ്പോഴും ആ ഫയലില്‍ത്തന്നെ ഇരിക്കുന്നുണ്ടാവും. ഗുരുവിന് ഉപയോഗിക്കാന്‍ വേണ്ടിയല്ല എന്നെക്കൊണ്ട് എഴുതിച്ചത്. പക്ഷേ അങ്ങനെ എഴുതിയും പറഞ്ഞും കണ്ടും കേട്ടും ഞാനങ്ങനേ അവിടെത്തന്നെയായിപ്പോവുകയായിരുന്നു. അത് ചിതറിക്കിടന്ന മനസ്സിന് ഒരു വ്യവസ്ഥയുണ്ടാക്കിയെന്നത് പിന്നീടനുഭവിച്ചു.

 നിത്യയെ കണ്ടുമുട്ടുന്നതുവരെയുള്ള ഷൗക്കത്തിന്റെ ജീവിതപശ്ചാത്തലം എന്തായിരുന്നു?

തികച്ചും യാഥാസ്ഥിതികമായിട്ടുള്ള ഒരു ഇസ്ലാം കുടുംബം. പക്ഷേ ജാതിമതചിന്തകള്‍ വീട്ടില്‍ നിന്നും ആരും പറഞ്ഞുകേട്ടിട്ടില്ല. നിത്യവും 
നിസ്‌കരിക്കുകയും പള്ളിയില്‍ പോവുകയും മതപ്രഭാഷണങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇസ്ലാമില്‍ത്തന്നെയുള്ള, സ്നേഹത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന, വ്യക്തികളെയും ജീവിതത്തെയും കുറച്ചുകൂടി വിശാലമായി കാണുന്ന, സാധാരണയായി പൗരോഹിത്യത്തിന്റെ ഗൗരവമില്ലാതെ ചിരിക്കുകയും സ്നേഹിക്കുകയും സംസാരിക്കുകയും നമ്മെ തൊടുകയുമൊക്കെ ചെയ്യുന്ന ഔലിയാക്കളെന്നു വിളിക്കുന്ന സൂഫികളുമായി ഇടപഴകാനായതും ഒന്നിച്ചു ജീവിക്കാനായതും വലിയൊരു വെളിച്ചമായി. എന്നാല്‍ മതപൗരോഹിത്യവുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. പുരോഹിതന്മാരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല, പറയുന്നത് കേട്ടിരിക്കാനേ പാടുള്ളൂ എന്ന അവസ്ഥ എന്നെ അസ്വസ്ഥനാക്കിയിരുന്നു. പതുക്കെ മതവുമായി ഞാന്‍ അകന്നു.

 ഗുരു നിത്യ ഷൗക്കത്തിന്റ വീട്ടില്‍ വന്ന് ഉമ്മയെ കാണുന്ന ഒരനുഭവം ഷൗക്കത്ത് പങ്കുവെച്ചിട്ടുണ്ട്. തികച്ചും യാഥാസ്ഥിതിക കുടുംബസ്ഥയായ ഉമ്മ ഗുരുവിനെ അംഗീകരിച്ചിരുന്നോ.

ഞാന്‍ ഗുരുവിന്റെ കൂടെ താമസം തുടങ്ങി കുറേനാള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം വീട്ടില്‍ വരുന്നത്. അദ്ദേഹത്തിന് തീരെ സുഖമില്ലാത്ത സമയത്താണ്. വീട്ടില്‍ നിന്ന് അധികം ദൂരത്തിലല്ലാത്ത ഏങ്ങണ്ടിയൂര്‍ നാരായണ ഗുരുകുലത്തില്‍ ഗുരു വരുന്നത് വരുന്നത്. ഞാനും കൂടെയുണ്ട്. കുറേയാളുകള്‍ അവരുടെ വീട്ടിലേക്ക് ഗുരുവിനെ കൊണ്ടുപോകാന്‍ ശ്രമിക്കുമായിരുന്നു. അദ്ദേഹത്തിന് സുഖമില്ല എന്നുപറഞ്ഞുകൊണ്ട് ഞാന്‍ നിരുത്സാഹപ്പെടുത്താറാണ് പതിവ്. മോശം റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ നടുവേദനയായിരുന്നു അദ്ദേഹത്തിന്. കൊണ്ടുപോകാന്‍ പറ്റില്ല എന്നുപറയുമ്പോള്‍ പലര്‍ക്കും എന്നോട് ദേഷ്യമായിരുന്നു. 
അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം പറയുന്നത് 'എടോ എനിക്ക് തന്റെ വീട്ടില്‍ വരണം, ഉമ്മയെ കാണണം.' 
ഗുരോ... റോഡൊക്കെ വളരെ മോശമാണ്. വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചവരോടൊക്കെ പറ്റില്ല എന്നു പറഞ്ഞ ഞാന്‍ തന്നെ അങ്ങയെ എന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്നതെങ്ങനെയാണ്? എന്ന് ഞാന്‍ ചോദിച്ചു. 

അപ്പോള്‍ ഗുരുവിന് ദേഷ്യം വന്നു. 'താന്‍ വരുന്നില്ലെങ്കില്‍ വേണ്ട, ഞാന്‍ വേറെയാളെ കൂട്ടി പോയ്ക്കോളാം' എന്നായി അദ്ദേഹം. പിന്നെയെനിക്ക് നിവൃത്തിയില്ല. ഞാന്‍ കൊണ്ടുപോകാം എന്നുപറഞ്ഞു. ഗുരു വരുന്ന കാര്യം ആദ്യം വീട്ടില്‍ പോയി ഉമ്മയെ അറിയിക്കാനുള്ള സമ്മതം അദ്ദേഹത്തില്‍ നിന്നും വാങ്ങി. പെട്ടെന്ന് കയറിച്ചെല്ലുമ്പോള്‍ അവര്‍ക്കാകെ അങ്കലാപ്പായിരിക്കുമല്ലോ. അത് ഗുരു സമ്മതിച്ചു. 

ചേറ്റുവയില്‍ നിന്ന് പാലുവായില്‍ എത്തണം. ഏതാണ്ട് പത്ത് കി.മീ ഉണ്ടാവും. ഞാന്‍ വീട്ടില്‍ ചെന്നു ഉമ്മയോടും ഉപ്പയോടും കാര്യം പറഞ്ഞു. ഗുരു വരുന്നത് അവര്‍ക്ക് ഇഷ്ടമാണെങ്കിലും വരവിന്റെ ഉദ്ദേശ്യമെന്തെന്ന് അറിയാത്തത് അവരുടെ മുഖത്തുണ്ടായിരുന്നു. ഒരു സന്ന്യാസി, അവരുടെ മതത്തില്‍പോലുമല്ലാത്തൊരാള്‍ വീട്ടിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന പേടിയും വെപ്രാളവും അവരുടെ മുഖത്തുണ്ടായിരുന്നു. ഗുരുവിനൊപ്പം നാന്‍സി യീല്‍ഡിങ് എന്നൊരു അമേരിക്കന്‍ ശിഷ്യയുള്‍പ്പടെ മൂന്നാലുപേരുണ്ടായിരുന്നു. ഉമ്മ ഗുരുവിന് ഓറഞ്ച് ജ്യൂസ് ഉണ്ടാക്കിക്കൊടുത്തു. ജ്യൂസ് ഗുരുവിന് വലിയ ഇഷ്ടമായി. ഉമ്മ പുറത്തേയ്ക്ക് വരാതെ അടുക്കളയുടെ വാതില്‍മറയില്‍ നില്‍ക്കുകയായിരുന്നു. അവരുടെ അടുത്തേക്ക് ചെന്ന് ഗുരു പറഞ്ഞു;' ഉമ്മാ, ഞാന്‍ നന്ദി പറയാന്‍ വന്നതാണ്. നിങ്ങളുടെ മകന്‍ ഉള്ളതുകൊണ്ടാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്. ഉമ്മയുടെ ഈ മോനെ എനിക്കു തന്നതിനു നന്ദി പറയുന്നു.' ഗുരുവിന് ഭക്ഷ്യവിഷബാധയുണ്ടായി കുറച്ച് ഗുരുതരാവസ്ഥയിലായിരുന്നപ്പോള്‍ രാപകല്‍ കൂടെനിന്ന് പരിചരിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. അതിനുള്ള നന്ദിയാണ് അദ്ദേഹം ഉമ്മയോട് പറഞ്ഞത്.

placeholder
ഉമ്മയോടൊപ്പം ഷൗക്കത്ത്‌

ഗുരുവിനെ ആശ്രമത്തില്‍ തിരിച്ചാക്കി പിന്നീട് ഞാന്‍ ഉമ്മയെ ചെന്നുകണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'ഈ മനുഷ്യന്റെ കൂടെയാണ് നീ ജീവിക്കുന്നതെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ, എന്തൊരു ഈമാനാണ് ആ മുഖത്ത്. അത് ശരിക്കുമൊരു ഗുരു തന്നെയാണ്.' 

അതെന്താണ് അങ്ങനെ പറഞ്ഞത് എന്നുചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞു: 'അടുക്കളയിലെ വാതില്‍പ്പടിയില്‍ നിന്ന് എന്നോട് വര്‍ത്തമാനം പറഞ്ഞിട്ട് ഗുരു തിരിഞ്ഞ് നടക്കുകയല്ല ചെയ്തത്, പതുക്കെ പതുക്കെ പിന്നാക്കം നടന്നാണ് പോയത്. അത്രയും ബഹുമാനം ആളുകള്‍ക്ക് കൊടുത്ത് സംസാരിക്കാന്‍ വലിയവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.' എന്തെങ്കിലും മഹിമ ഉണ്ടെങ്കിലേ അങ്ങനെ ചെയ്യാന്‍ കഴിയുകയുള്ളൂ എന്നാണ് ഉമ്മ പറഞ്ഞത്. അതുവരെ അദ്ദേഹത്തെ ഗുരു എന്നു വിളിക്കാതിരുന്ന ഉമ്മ പിന്നീട് ഗുരു എന്നു വിളിക്കാനും പറയാനും തുടങ്ങി. ഗുരുവിന്റെ മഹത്വം തിരിച്ചറിഞ്ഞ ഒരാളാണ് ഉമ്മ എന്നെനിക്കു തോന്നി.
 
 ഷൗക്കത്ത് കണ്ടറിഞ്ഞ, താമസിച്ച ഫേണ്‍ഹില്‍ ആശ്രമത്തിന്റെ ചരിത്രം എന്തായിരുന്നു.

വര്‍ക്കല ഉള്‍പ്പെടെ ഗുരുകുലത്തിന് പത്തുപതിനേഴിലധികം ശാഖകളുണ്ട്. നടരാജ ഗുരുവും ഗുരുനിത്യയുമുള്‍പ്പെടെയുള്ളവര്‍ ഫേണ്‍ഹില്ലില്‍ താമസിച്ചതുകൊണ്ടായിരിക്കാം ഫേണ്‍ഹില്‍ കൂടുതല്‍ പ്രശസ്തമായത്. ഫേണ്‍ഹില്‍ ഗുരുകുലം മറ്റ് ആശ്രമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ള ഒന്നായിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കൂടുതലും യുവാക്കളായിരുന്നു അവിടെയുണ്ടായിരുന്നത്. സംഗീതം, നൃത്തം, സിനിമ, കവിത... തുടങ്ങി ആസ്വാദനത്തിന്റെ നാനാവിധങ്ങള്‍ എപ്പോഴും പ്രതിഫലിച്ചു. ഒരു ആശ്രമം എന്ന സങ്കല്പത്തിനുതകുന്ന രീതിയല്ല അവിടെയുണ്ടായിരുന്നത്. അവിടത്തെ സിംഫണി ഓഫ് വാല്യൂസ് വളരെ വ്യത്യസ്തമായിരുന്നു. ദൈവവിശ്വാസികളും യുക്തിവാദികളും നിരീശ്വരവാദികളും കലാകാരന്മാരും വരുന്നു, സംവാദങ്ങള്‍ നടക്കുന്നു. ഗുരുവിനെ കാണാന്‍ വരുന്നവര്‍ തന്നെ പലവിധത്തിലുള്ളവരായിരുന്നു. കഥയും കവിതയും നോവലും ശാസ്ത്രവും വോദാന്തവും ഖുര്‍ ആന്‍, ബൈബിള്‍ വിവര്‍ത്തനങ്ങളും അവിടെ പഠിപ്പിച്ചു, ചര്‍ച്ച ചെയ്തു. അതൊരു ഹിന്ദു ആശ്രമമായിരുന്നില്ല. അതൊരു മനുഷ്യന്റെ ആശ്രമമായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഷൗക്കത്തും ഒരു മിയാക്കോ കൊമാട്ടയും ഒരു ജോസഫും അവിടെ താമസിച്ചു. ഒരു ഹിന്ദുവിനെയോ, മുസ്ലിമിനെയോ ക്രിസ്ത്യാനിയെയോ ഭാരതീയ ദര്‍ശനത്തെയോ പാശ്ചാത്യ ദര്‍ശനത്തെയോ എന്തിന് നാരായണ ഗുരുവിനെയോ മാത്രമായി ഫേണ്‍ഹില്‍ പ്രതിനിധാനം ചെയ്തില്ല. ലോകത്ത് വെളിച്ചം തരുന്ന എന്തൊക്കെയുണ്ടോ അതിനെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന, എല്ലാ മനുഷ്യരും ഒന്നാണെന്ന് അനുഭവിപ്പിക്കുന്ന ഒരിടമായിരുന്നു ഫേണ്‍ഹില്‍. ഗുരുനിത്യ അങ്ങനെയായിരുന്നല്ലോ. അദ്ദേഹം എന്തായിരുന്നോ, അതിന്റെ സമഗ്രത ആ സ്ഥാപനത്തിനുണ്ടായിരുന്നു. ഏതെങ്കിലും ആശയത്തിലേക്കോ ഗുരുവിന്റെ പിന്തുടര്‍ച്ചയിലേക്കോ ആരെയും കൊണ്ടുവരാന്‍ ഫോണ്‍ഹില്‍ ശ്രമിച്ചില്ല. ഓരോരുത്തരോടും അവരവരായിത്തന്നെയിരിക്കാന്‍ ഗുരുവും ഫേണ്‍ഹില്ലും പഠിപ്പിച്ചു. ഓരോരുത്തരുടെയും ഉള്ളിലുള്ള സര്‍ഗാത്മകതയെ കത്തിജ്വലിപ്പിച്ചിട്ട് അതില്‍നിന്നും കിട്ടുന്ന സമാധാനത്തില്‍ ജീവിക്കാനാണ് ഫേണ്‍ ഹില്‍ പഠിപ്പിച്ചത്. വ്യത്യസ്തരായ മനുഷ്യരുടെ കൂട്ടായ്മയായിരുന്നു ഫേണ്‍ഹില്‍.

placeholder
നടരാജഗുരു

നാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു, തന്റെ ഗുരുവിന്റെ ദര്‍ശനം ഒരു ജാതിയിലോ മതത്തിലോ ഒതുങ്ങിയിരിക്കുന്ന ഒന്നല്ലെന്നും ലോകത്തിനൊന്നാകെ വെളിച്ചം തരുന്ന ഏകലോകവീക്ഷണമുള്ള, നമ്മളൊക്കെ വിശ്വപൗരന്മാരാണെന്ന് വിശ്വസിക്കാനും അനുഭവിപ്പിക്കാനും പഠിപ്പിച്ച നാരായണഗുരുവിനെ ജാതിയുടെ ഇട്ടാവട്ടത്തില്‍ ഒതുക്കാന്‍ പാടില്ലെന്ന ദീര്‍ഘവീക്ഷണത്താല്‍ 1924-ല്‍ സ്ഥാപിച്ചതാണ് ഫേണ്‍ഹില്‍ ഗുരുകുലം. കേരളത്തിന്റെ നവോത്ഥാന ഫ്രെയിമില്‍ മാത്രം ഒതുങ്ങിപ്പോകേണ്ടയാളല്ല ഗുരു എന്ന ചിന്തയാണ് ഇതിനുകാരണമായത്. നാരായണഗുരുകുലത്തിലെ നടരാജഗുരു, ഗുരുനിത്യ, മുനി നാരായണപ്രസാദ് ഇവരൊക്കെ പറയാന്‍ ശ്രമിച്ചത് നാരായണഗുരു ഒരു ദര്‍ശനത്തിന്റെ മാത്രം ആളല്ല, മറിച്ച് ലോകത്തുണ്ടായിട്ടുള്ള എല്ലാ വെളിച്ചം തരുന്ന ദര്‍ശനങ്ങളെയും പ്രതിനിധീകരിക്കുന്ന ആളാണ് എന്നാണ്. ഫേണ്‍ഹില്ലും ശ്രമിക്കുന്നത് വെളിച്ചം തരുന്ന എല്ലാ ദര്‍ശനങ്ങളെയും ഉള്‍ക്കൊള്ളാനാണ്.

 കഥകളെ സ്‌നേഹിച്ച, ബിരുദധാരിയായ, അധ്യാപകനായ കെ.ആര്‍ ജയചന്ദ്രപ്പണിക്കര്‍ ദീക്ഷ സ്വീകരിച്ച് ഗുരു നിത്യയായതിനു പിന്നിലെ കുടുംബ- സാമൂഹിക പശ്ചാത്തലം എന്തായിരുന്നു.

ജനിക്കുന്നത് മകനാണെങ്കില്‍ നാരായണഗുരു ദര്‍ശനങ്ങള്‍ ലോകത്തിന് പകരുന്ന ഒരു സന്ന്യാസിയായി അവന്‍ മാറണമെന്ന് അദ്ദേഹത്തിന്റെ അമ്മ വാമാക്ഷിയമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ത്തന്നെ ആഗ്രഹിച്ചിരുന്നു. അന്നവര്‍ക്ക് പ്രായം പതിനെട്ടുമാത്രം. അച്ഛന്‍ രാഘവപ്പണിക്കര്‍ മികച്ച വായനക്കാരനും കവിയുമായിരുന്നു. ലോകസാഹിത്യകൃതികള്‍ വായിക്കുക മാത്രമല്ല, തര്‍ജമ ചെയ്യുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ കുമാരനാശാന്റെ ശ്രീബുദ്ധചരിതം അച്ഛനില്‍ നിന്നും വായിച്ചുകേട്ട മകന്‍ തനിക്ക് ബുദ്ധനെപ്പോലെയാവണം എന്നു പറഞ്ഞത് അമ്മയാണ് സംതൃപ്തിയോടെ ഏറ്റെടുത്തത്. പിറ്റേന്നുമുതല്‍ സന്ന്യാസിയാവാനുള്ള ഒരുക്കങ്ങള്‍ മകനു നിവൃത്തിച്ചുകൊടുക്കുന്നതിലായിരുന്നു അമ്മയുടെ ശ്രദ്ധ മുഴുവന്‍. അതിരാവിലെ എഴുന്നേറ്റുള്ള കുളിയും പ്രാര്‍ഥനയുമെല്ലാം അമ്മയുടെ മേല്‍നോട്ടത്തിലായിരുന്നു. അതേ മകന്‍ ഗുരുനിത്യയായി ലോകമറിഞ്ഞയാളായി മാറിയപ്പോള്‍ അദ്ദേഹത്തില്‍ നിന്നും അമ്മ ദീക്ഷ സ്വീകരിച്ചു. അമ്മ മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരിയും ദീക്ഷ സ്വീകരിച്ചിരുന്നു.

 നന്നായി ചിത്രങ്ങള്‍ വരയ്ക്കുന്നയാളായിരുന്നല്ലോ ഗുരുനിത്യ

അദ്ദേഹം ചെറിയപ്രായത്തില്‍ ഒരു ചിത്രകാരനായിരുന്നു. സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അവസാനകാലം വരെ അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. അനേകം ചിത്രകാരന്മാര്‍ ഗുരുകുലത്തില്‍ വരികയും ഗുരുവിനൊപ്പമിരുന്ന് ചിത്രങ്ങള്‍ വരയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ചിത്രകലയുമായി ബന്ധപ്പെട്ടിട്ടുള്ള ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ലൈബ്രറികളില്‍ ഒന്ന് ഒരുപക്ഷേ ഫേണ്‍ഹില്‍ ആയിരിക്കും. കല, സൗന്ദര്യബോധം ഇതൊക്കെ അദ്ദേഹത്തിന്റെ രക്തത്തിലലിഞ്ഞുചേര്‍ന്നതായിരുന്നു. എന്തു സംഗതിയെയും അതിന്റെ സൗന്ദര്യാത്മകതയിലൂടെ കാണുക എന്നത് ഗുരുനിത്യയുടെ പ്രത്യേകതയായിരുന്നു. പക്ഷാഘാതം വന്നപ്പോള്‍ ഒരു കൈ തളര്‍ന്നുപോയി. അത് തിരിച്ചുപിടിക്കാന്‍ അദ്ദേഹം ചെയ്തത് ചിത്രകല പരിശീലിക്കുക എന്നതായിരുന്നു. തലശ്ശേരിയുള്ള കനകമല ഗുരുകുലത്തില്‍ താമസിച്ച് സൂര്യോദയവും സൂര്യസ്തമയവും ദിവസവും വരയ്ക്കുമായിരുന്നു. അങ്ങനെ നിരന്തരം വരച്ചുകൊണ്ടാണ് കൈയ്ക്ക് സ്വാധീനം കുറച്ചെങ്കിലും തിരിച്ചുകിട്ടിയത്. കലയെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി കൊണ്ടുനടന്ന ആളായിരുന്നു ഗുരുനിത്യ.

 ഗുരുനിത്യയുടെ മനുഷ്യബന്ധങ്ങള്‍, സ്‌നേഹം ഏറെ പ്രശസ്തമാണ്. പ്രത്യേകിച്ചും അഷിതയുമായുള്ള ബന്ധം.

ഗുരുനിത്യ ആദ്യമായി വിദേശത്ത് പോയി തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന് ശിവഗിരി പബ്ലിക് സ്‌കൂളില്‍ വെച്ച് ഒരു സ്വീകരണം കൊടുത്തു. ആ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു: 'ഞാന്‍ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ എവിടെയും പ്രചരിപ്പിച്ചിട്ടില്ല. ആകെ ഞാന്‍ ചെയ്തിട്ടുള്ളത് എന്റെ മുമ്പില്‍ വന്നുനില്‍ക്കുന്ന മനുഷ്യരെ സ്നേഹിക്കുക മാത്രമാണ്. അങ്ങനെ സ്നേഹിക്കുമ്പോള്‍ അവര്‍ ഏതു ജാതിയില്‍പെട്ടതാണ്, മതത്തില്‍ പെട്ടതാണ്, ലിംഗത്തില്‍ പെട്ടതാണ്, വര്‍ണത്തില്‍പെട്ടതാണ്, ഭാഷയില്‍ പെട്ടതാണ് എന്നൊന്നും നോക്കാതെ എല്ലാവരെയും മനുഷ്യരായിട്ടുകാണാനുള്ള കണ്ണ് എനിക്ക് തന്നത് നാരായണഗുരുവാണ്. എന്റെ ഗുരുവിനെ പ്രണയപൂര്‍വം മനസ്സില്‍ പ്രതിഷ്ഠിച്ച് എന്റെ കണ്‍മുന്നിലുള്ള എല്ലാ മനുഷ്യരെയും സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുക മാത്രമാണ് ചെയ്തത്. എന്റെ ഗുരു നടരാജഗുരു എന്നെ ഒരു പ്രചാരകനാകാന്‍ പഠിപ്പിച്ചിട്ടില്ല.

 ഗുരുവിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കിരുകിരുപ്പുള്ള ഇടങ്ങളിലെല്ലാം മയമയം ആക്കിത്തീര്‍ക്കാനുള്ള എണ്ണയായി പ്രവര്‍ത്തിക്കുക എന്നുള്ളതാണ് സ്നേഹത്തിന് ഗുരു കൊടുക്കുന്ന നിര്‍വചനം. അഷിത ഒരു എഴുത്തുകാരിയായതുകൊണ്ടും മലയാളിക്ക് അറിയാവുന്നതുകൊണ്ടും ആ സ്നേഹബന്ധത്തിന് കൂടുതല്‍ ശ്രദ്ധ ആളുകള്‍ കൊടുത്തു എന്നേയുള്ളൂ. അഷിതയെപ്പോലെ ധാരാളം അഷിതമാരും അഷിതന്മാരും ഗുരുവിന്റെ സ്പര്‍ശം അതേ ആഴത്തില്‍ അനുഭവിച്ചിട്ടുണ്ട്.

placeholder
അഷിത

അച്ചടിച്ചുവന്ന ഒരു ലേഖനത്തില്‍ ഗുരുവിന്റെ ഒരു പ്രയോഗം സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായി വിമര്‍ശിച്ചുകൊണ്ട് അഷിത അദ്ദേഹത്തിന് കത്തെഴുതി. കത്ത് വായിച്ച ഗുരുനിത്യ അഷിതയ്ക്ക് മറുപടിയെഴുതി. കുറേനാള്‍ വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചുനടന്നതിനാല്‍ മലയാള പ്രയോഗത്തിന്റെ പ്രശ്നം തിരിച്ചറിയാതെ എഴുതിയതില്‍ ക്ഷമചോദിക്കുന്നു എന്നായിരുന്നു അദ്ദേഹം അഷിതയ്ക്കെഴുതിയത്. സ്ത്രീവിരുദ്ധ വാക്യമായി എഴുതിയെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് ഗുരു എഴുതിയത് വായിക്കുന്നതോടെ അഷിതയും ഗുരുപ്രഭാവത്തില്‍ വീണുപോവുകയായിരുന്നു. ആ സംസ്‌കാരത്തിനുമുന്നില്‍ അഷിത കീഴടങ്ങി. 

വേദിയില്‍ വന്നുനിന്ന് മുഖമില്ലാത്ത കൂട്ടത്തോടു മാത്രം ഇടപഴകുന്ന ഒരാളായിരുന്നില്ല അദ്ദേഹം. വ്യക്തിബന്ധങ്ങള്‍ക്ക് അത്രമാത്രം പ്രാധാന്യം കൊടുക്കുമായിരുന്നു. തന്നെ സ്നേഹിക്കുന്നവര്‍ക്ക് കൊടുക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ ധാരാളം സമയമുണ്ടായിരുന്നു. സമയം കൊടുക്കലാണ് സ്നേഹം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍വചനം. ജീവിതത്തെ ഒരിക്കലും താത്വികമായി കാണാതെ അവരുടെ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളില്‍പോലും തന്റെ സാന്നിധ്യമനുഭവിപ്പിച്ചുകൊണ്ട് ജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് ഗുരുനിത്യയുടെ ഏറ്റവും വലിയ സംഭാവന. ആ സ്നേഹം അനുഭവിച്ചവരുടെ ലിസ്റ്റ് വളരെ വലുതാണ്.

 ഗുരുകുലങ്ങളുടെ രാഷ്ട്രീയം ജനാധിപത്യ ഇന്ത്യ പലപ്പോഴും ചര്‍ച്ചയാക്കിയതാണ്. എന്തായിരുന്നു നിത്യയുടെ രാഷ്ട്രീയം? പവര്‍ പൊളിറ്റിക്‌സുകാര്‍ നിത്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നോ? നിത്യയ്ക്ക് ആരോടെങ്കിലും പ്രതിപത്തിയുണ്ടായിരുന്നോ.

നിത്യ എക്കാലവും ഇടതുപക്ഷ രാഷ്ട്രീയക്കാരനായിരുന്നു; കമ്യൂണിസ്റ്റായിരുന്നു എന്നല്ല. ഏതൊരു ഭരണപക്ഷത്തിന്റെയും പ്രതിപക്ഷമായിരിക്കുക എന്നൊരു മനോഭാവം ഗുരുവിന് എപ്പോഴുമുണ്ടായിരുന്നു. അതേസമയം വര്‍ഗീയരാഷ്ട്രീയത്തെ ശക്തമായി അദ്ദേഹം എതിര്‍ത്തു. ഹിന്ദുത്വരാഷ്ട്രീയോ ഇസ്ലാമിസ്റ്റ് രാഷ്ട്രീയോ എന്തുമായിക്കൊള്ളട്ടെ, മതപരമായ രാഷ്ട്രീയത്തോട് അദ്ദേഹം മുഖം തിരിച്ചു. ഗുരുനിത്യയുടെ രാഷ്ട്രീയം എന്തായിരുന്നു എന്നുചോദിച്ചാല്‍ അത് പ്രതിപക്ഷ രാഷ്ട്രീയമായിരുന്നു എന്നുപറയുന്നതാണ് ഉചിതം.

എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നേരിട്ടും അല്ലാതെയും ഗുരുനിത്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനൊന്നും ഗുരു നിന്നുകൊടുത്തില്ല. ഏകലോകരാഷ്ട്രീയത്തില്‍ അദ്ദേഹം വിശ്വസിച്ചു. പ്രാദേശികമായോ, ദേശീയമായോ ഉള്ള ആശയ രാഷ്ട്രീയത്തിന് അദ്ദേഹം നിന്നുകൊടുത്തില്ല.

ഗുരു റൊമാന്റിക്കായിരുന്നോ.

തീര്‍ച്ചയായും ഗുരു വളരെ റൊമാന്റിക്കായിരുന്നു. പ്രണയാതുരമായ ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം. അത് ആണിനും പെണ്ണിനുമെല്ലാം ഒരേയളവില്‍ അനുഭവിക്കാന്‍ കഴിയുമായിരുന്നു. എനിക്ക് ഗുരുവിനോടുണ്ടായിരുന്നത് വളരെ ശക്തമായ പ്രണയമായിരുന്നു. അദ്ദേഹം തിരിച്ചറിഞ്ഞതിനേക്കാള്‍ കൂടുതല്‍ റൊമാന്റിക്കായിരുന്നു അദ്ദേഹം. പ്രായമായിട്ടുപോലും ആ കാല്‍പനികവികാരം അദ്ദേഹത്തിലൂടെ എല്ലാവരും അനുഭവിച്ചിട്ടുണ്ട്.

 ഗുരുവിന്റെ ജീവിതചര്യകള്‍ എന്തൊക്കെയായിരുന്നു. അസുഖങ്ങളോട് എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റയുടന്‍ ചായ കുടിക്കും. ചില ദിവസങ്ങളില്‍ ഏതെങ്കിലുമൊരു കവിതാപുസ്തകമെടുത്ത് അതിലെ കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യും. അല്ലെങ്കില്‍ എന്നും ധാരാളം കത്തുകള്‍ വന്നുകിടക്കുന്നുണ്ടാവും. അതെല്ലാമെടുത്ത് ചിത്രങ്ങള്‍ വരച്ചും കവിതകള്‍ എഴുതിയും മറുപടിയെഴുതിവെക്കും. പിന്നെ ഫേണ്‍ഹില്‍ മലഞ്ചെരിവിലൂടെ നടക്കാന്‍ പോകും. അപ്പോഴേക്കും സന്ദര്‍ശകരുടെ തിരക്കുകള്‍ തുടങ്ങുകയായി. നടത്തത്തിനിടെ തോട്ടത്തിലെ പൂക്കളോടും ചെടികളോടും സംസാരിച്ച് വിശേഷങ്ങള്‍ പറഞ്ഞ് കുറേദൂരം നടക്കും. ഒന്നരകിലോമീറ്ററോളം നടക്കുമായിരുന്നു. തിരിച്ചുവരുമ്പോള്‍ ഗ്രാമത്തിലെ ആളുകളോടെല്ലാം വിശേഷങ്ങള്‍ പറയുമായിരുന്നു.

പ്രാതല്‍ കഴിഞ്ഞ് 9 മണിയാവുമ്പോഴേക്കും രാവിലത്തെ ക്ലാസ് തുടങ്ങുകയായി. ആ ക്ലാസ്സുകളാണ് പിന്നീട് പുസ്തകങ്ങളായി വരാറ്. പിന്നീടുള്ള കാത്തിരിപ്പ് പോസ്റ്റുമാനെയാണ്. പോസ്റ്റുമാനെ കാണുക എന്നതാണ് ഗുരുവിന്റെ ഏറ്റവും വലിയ സന്തോഷം. ഒരുകെട്ട് കത്തുകളുമായിട്ടാണ് അയാള്‍ വരിക. ദിവസം ചുരുങ്ങിയത് നാല്‍പത് കത്തെങ്കിലുമുണ്ടാകും. ക്ലാസിനിടയില്‍ എല്ലാ കത്തുകളും പൊട്ടിച്ച് ഓടിച്ച് വായിച്ച് നോക്കും. ക്ലാസ് കഴിഞ്ഞാല്‍ നേരെ പോയി കത്തുകള്‍ക്കെല്ലാം മറുപടി എഴുതാനിരിക്കും. അതിനിടയില്‍ ഉച്ചഭക്ഷണം. ഊണുകഴിഞ്ഞാല്‍ കുറച്ചുനേരം വിശ്രമം. പിന്നെയും കത്തുകള്‍ക്ക് മറുപടിയെഴുതല്‍. അതിനിടയില്‍ സന്ദര്‍ശകര്‍, വൈകുന്നേരം വീണ്ടും നടക്കാനിറങ്ങും. സന്ദര്‍ശകരെയും നടക്കാന്‍ കൂടെ കൂട്ടും. ഏഴുമണിക്ക് പ്രാര്‍ഥനാക്ലാസ് ഉണ്ടാകും. അതും എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തെക്കുറിച്ചായിരിക്കും. ഗുരു പറഞ്ഞുകൊടുക്കും, നാലഞ്ചുപേര്‍ അത് കേട്ടെഴുതും. പിന്നെ എല്ലാവരും കൂടിയിരുന്ന് ഒത്തുവായിച്ച് എഡിറ്റ് ചെയ്ത് പൂര്‍ണതയിലെത്തിക്കും.

നല്ല സിനിമകളുടെ വീഡിയോ കാസറ്റ് ആരെങ്കിലും കൊണ്ടുവന്നെങ്കില്‍ എല്ലാവരേയും കൂട്ടി രാത്രിയില്‍ ഇരുന്ന് സിനിമ കാണുന്ന പതിവും ഗുരുവിനുണ്ടായിരുന്നു. സിനിമ ഇടയ്ക്കിടക്ക് കാണുമായിരുന്നു. ഞാന്‍ കുറേ സിനിമകള്‍ കണ്ടത് അദ്ദേഹത്തോടൊപ്പമാണ്. ക്ലാസിക്കല്‍ സംഗീതത്തിൽ, വെസ്റ്റേണായാലും ഈസ്റ്റേണായാലും, വലിയ താല്‍പര്യമായിരുന്നു. അതുകേള്‍ക്കാനും സമയം കണ്ടെത്തും.

സ്ട്രോക്ക് വന്ന സമയത്തായിരുന്നു 'ഭാഗ്യാതിരേകത്തിന്റെ ആഘാതം' എന്ന ലേഖനമെഴുതിയത്. രോഗത്തെ സുഹൃത്തായി കാണുക. പരമാവധി അതുമായി സ്വരലയപ്പെട്ടുജീവിക്കുക എന്നതായിരുന്നു ഗുരുവിന്റെ നയം. അസുഖത്തിന്റെ പേരില്‍ കരഞ്ഞുവിളിക്കുന്ന സ്വഭാവമില്ലായിരുന്നു. അസുഖത്തെ ഒപ്പംനിര്‍ത്തി തന്റെ ചര്യകള്‍ കൃത്യമായി മുന്നോട്ടുകൊണ്ടുപോവുമായിരുന്നു. സ്ട്രോക്കായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്നുപെട്ട ഗൗരവമുള്ള അസുഖാവസ്ഥ. അതിനെ അതിജീവിക്കാന്‍ കൃത്യമായി വ്യായാമങ്ങള്‍ ചെയ്തുകൊണ്ടേയിരുന്നു. രോഗത്തിന്റെ പേരില്‍ അദ്ദേഹം ഒന്നും മാറ്റിവെച്ചിരുന്നില്ല. അസുഖവും ഒരു കൂട്ടുകാരന്‍ എന്നായിരുന്നു മനോഭാവം.

 ഗുരുവിന്റെ മരണശേഷം ഫേണ്‍ഹില്ലില്‍ തുടരേണ്ടതില്ല എന്ന് ഷൗക്കത്ത് തീരുമാനിക്കാന്‍ കാരണമെന്തായിരുന്നു.

ഗുരു സമാധിയായിക്കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ടായിരുന്നു; ഞാന്‍ ചെന്നത് നാരായണ ഗുരുകുലത്തിലേക്കല്ല, ഗുരുനിത്യയിലേക്കാണ്. നാരായണ ഗുരുകുലം എന്ന പ്രസ്ഥാനം ഞാനുമായി വളരെ അടുപ്പമുള്ളതും ഏറ്റവും ആരാധിക്കുന്നതുമൊക്കെയാണെങ്കിലും ഞാന്‍ ചെന്നത് ഗുരുനിത്യ എന്ന വ്യക്തിയുടെ അടുത്തേക്കാണ്. അദ്ദേഹം മരിച്ചതോടുകൂടി എന്ന സംബന്ധിച്ചിടത്തോളം ഒരു സ്ഥാപനത്തിന്റെ ഭാഗമായി നില്‍ക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമായി. എന്റെ സ്വഭാവം വളരെ സ്വതന്ത്രമായ ചിന്തയാണ്. സോകോള്‍ഡ് ആശ്രമത്തിന്റെ ഫ്രെയിമില്‍ ജീവിക്കാവുന്ന ഒരാളുമല്ല എന്നെനിക്കുതന്നെ തോന്നി. അങ്ങനെയാണ് സമാധി കഴിഞ്ഞ് നാല്‍പത് ദിവസം കഴിഞ്ഞപ്പോള്‍ ഹിമാലയന്‍ യാത്ര പ്ലാന്‍ ചെയ്യുന്നത്. 

ഗുരുവിന്റെ ശിഷ്യയായ ഗീതാ ഗായത്രി ഹിമാലയന്‍ യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഞാനും കൂടെവരട്ടെ എന്നു ചോദിക്കുകയായിരുന്നു. അങ്ങനെ ഗായത്രിയ്ക്കൊപ്പം മൂന്നുമാസം നീണ്ട ഹിമാലയന്‍ യാത്ര ചെയ്തു. യാത്ര കഴിഞ്ഞ് തിരികെ വന്നപ്പോള്‍ ഗുരുകുലത്തിന്റെ അന്തരീക്ഷം കുറച്ചുകൂടി സിസ്റ്റമാറ്റിക്കായ ഒരു ഫ്രെയിമിലേക്ക് വരാനുള്ള തയ്യാറെടുപ്പുകള്‍ പ്രകടമായിരുന്നു. ഗുരുനിത്യയുള്ളപ്പോള്‍ ഉണ്ടായിരുന്ന സ്വതന്ത്രമായ ഒരു ലോകമായിരുന്നില്ല പിന്നെ ഫേണ്‍ഹില്ലിലുണ്ടായിരുന്നത്. കവിതയും സാഹിത്യവും സംഗീതവും എല്ലാം മാറി പക്കാ തത്വചിന്തയുടെ മാത്രം ലോകമായിരുന്നു ഗുരുവിന് ശേഷം വന്ന മുനി നാരായണപ്രസാദിന്റെ കാഴ്ചപ്പാട്. അത് ഒറിജിനലായ കാഴ്ചപ്പാടാണ്. അദ്ദേഹത്തിന് ജാതി-മത ചിന്തയോ ദേശീയ ചിന്തയോ ഒന്നുമില്ല. വളരെ യൂണിവേഴ്സലായ കാഴ്ചപ്പാടാണുള്ളത്. പോയട്രിയുടെയോ ഏസ്തെറ്റിക് സെന്‍സിന്റെയോ ലോകം അദ്ദേഹത്തിനില്ല. അങ്ങനെയൊന്ന് ഇല്ലാത്തിടത്ത് എനിക്ക് നില്‍ക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് ഫേണ്‍ഹില്ലിലെ അപ്പോഴത്തെ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഞാന്‍ യോഗ്യനല്ല എന്നു തിരിച്ചറിഞ്ഞപ്പോള്‍ പതുക്കെ അവിടെനിന്നും സ്ഥലംവിട്ടു. പക്ഷേ ഇപ്പോഴും ഫേണ്‍ഹില്ലില്‍ പോകാറുണ്ട്, മുനിയെ കാണാറുണ്ട്. എനിക്കവരോടും അവര്‍ക്കെന്നോടും സ്നേഹമാണ്.  

placeholder
മുനി നാരായണപ്രസാദ്‌

ഗീതാ ഗായത്രിയും ഷൗക്കത്തും രണ്ട് ആദര്‍ശങ്ങളും കാഴ്ചപ്പാടുകളും പിന്തുടരുന്നവരായതുകൊണ്ടാണോ ആ യാത്രയ്ക്ക് തുടര്‍ച്ചയില്ലാതെ പോയത്.

സ്വതന്ത്രരായ രണ്ട് വ്യക്തികള്‍ നടത്തിയ ഒരു യാത്രയായിരുന്നു അത്. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ തന്നെയാണ്. അന്ന് ഗുരുകുലം വിട്ടപ്പോള്‍ ഒരിടം അത്യാവശ്യമായി വന്നിരുന്നു. 

ഗുരുവിന് പുസ്തകങ്ങള്‍ വില്ക്കുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹം സ്ഥലവില്പനയുടെ ബ്രോക്കറുമായിരുന്നു. ഊട്ടിയുടെ താഴ്‌വരയിലുള്ള ഒരിടമാണ് കാരമട. അവിടെ പ്ലോട്ടുകള്‍ വില്ക്കുന്നതിന്റെ ഒരു ഏജന്റായിരുന്നു അദ്ദേഹം. വര്‍ങ്ങള്‍ക്കു മുമ്പ് നടന്ന കാര്യമാണ്. തണുപ്പ് കൂടുമ്പോള്‍ പോയി താമസിക്കാന്‍ അവിടെ ഒരു പ്ലോട്ടു വാങ്ങുന്നത് നല്ലതല്ലേ എന്നദ്ദേഹം ഗുരുവിനോട് ചോദിച്ചു. ഒരു ദിവസം കേരളത്തിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തേയും കൂട്ടി അവിടെയെത്തി. ഗായത്രിയും ആ കൂട്ടത്തിലുണ്ടായിരുന്നു. അഞ്ചു സെന്റ് വരുന്ന നാല് പ്ലോട്ടുകള്‍ ഗുരു വാങ്ങി. നാല് പ്ലോട്ട് ഗായത്രിയോട് വാങ്ങാന്‍ പറഞ്ഞു. വേറെയും സുഹൃത്തുക്കളെക്കൊണ്ട് പ്ലോട്ടുകള്‍ വാങ്ങിപ്പിച്ചു. 

 ഗായത്രിയുടെ സ്ഥലത്ത് ഗായത്രി ചെറിയൊരു മുറി പണിതിരുന്നു. ഇടയ്ക്ക് ഗായത്രി അവിടെ പോയി താമസിക്കുമായിരുന്നു. ഞാനവിടെ താമസിക്കാന്‍ പോയി. കാരമടയിലെ വാസത്തിലേക്ക് ജോസഫ്, മുഹമ്മദാലി എന്നീ സുഹൃത്തുക്കളും വന്നു ചേര്‍ന്നു. ഇടയ്ക്ക് ഞങ്ങള്‍ യാത്രകള്‍ പോയി. കാരമടയില്‍ രണ്ടു ചെറിയ കെട്ടിടങ്ങളായി. ആ സമയത്താണ് ഗായത്രി അമേരിക്കയിലേക്ക് പോകുന്നത്. അവിടെയൊരു സെന്‍ മൊണാസ്ട്രിയില്‍ കുറേനാള്‍ താമസിച്ചു. ഇന്ത്യയിലും അമേരിക്കയിലുമായി പിന്നെ താമസം. ഗായത്രി വളരെ സിസ്റ്റമാറ്റിക്കായി ജീവിക്കുന്ന ആളാണ്. ഞാന്‍ നേരെ തിരിച്ചാണ്. നമ്മള്‍ വളരുന്നതിനനുസരിച്ച് അവരവരുടേതായിട്ടുള്ള ഒരു സിസ്റ്റത്തിലേക്ക്, സ്വന്തമായൊരിടത്തിലേക്ക് മാറേണ്ടത് അത്യാവശ്യമായി വരുമല്ലോ. അത് ഞങ്ങള്‍ക്കിടയിലും സംഭവിച്ചു.

placeholder
ഷൗക്കത്തും ഗായത്രിയും

എന്റെ ആന്തരിക പ്രകൃതത്തിനിണങ്ങുന്ന ഒരിടം കേരളത്തില്‍ തുടങ്ങണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ഗായത്രിക്ക് കേരളത്തോട് വലിയ മമതയുമില്ല. എന്റെ കര്‍മമണ്ഡലവും സുഹൃത്തുക്കളും കേരളത്തിലാണ്. അങ്ങനെയാണ് വയനാട്ടില്‍ ഞാന്‍ ഒരിടം കണ്ടെത്തുന്നത്. കുറച്ചുകൂടി അടുക്കുംചിട്ടയോടും കൂടി കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരിടമായിരുന്നു ഗായത്രിക്ക് ആവശ്യം. ഇടയ്ക്ക് ഞാന്‍ കാരമടയില്‍ പോകും ഗായത്രി വയനാട്ടിലേക്കും വരും. ഫേണ്‍ഹില്ലില്‍ നിന്നും ഞാന്‍ പോയി എന്നതുപോലെ ഗായത്രിയില്‍ നിന്ന് ഞാനോ എന്നില്‍ നിന്ന് ഗായത്രിയോ പോയിട്ടില്ല. ഇതൊക്കെ സ്വാഭാവികമായിട്ടുള്ള ഒരു പ്രോസസ് മാത്രമാണ്.

ഞാനും ഗായത്രിയും പിന്തുടരുന്ന ആദര്‍ശങ്ങളും ആശയങ്ങളും ഒന്നാണ്. പക്ഷേ ഞങ്ങള്‍ വ്യത്യസ്ത സ്വഭാവക്കാരാണ്, വ്യത്യസ്ത രീതികളുള്ളവരാണ്. രണ്ടും രണ്ടായിട്ടിരിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ട് തന്നെയാണ് രണ്ടു സ്പേസിലേക്ക് മാറുന്നത്.

നാരായണഗുരുകുലത്തില്‍ നില്‍ക്കുമ്പോള്‍ ഗുരുവിന് സ്വന്തമായി ഭൂമി വാങ്ങാന്‍ അനുവാദമുണ്ടായിരുന്നോ.

അദ്ദേഹത്തിന്റെ പേരിലാണ് ഭൂമി വാങ്ങിയത്. കാരമടയില്‍ അഞ്ചുസെന്റ് വീതമുള്ള നാല് പ്ലോട്ടുകളാണ് ഗുരു വാങ്ങിയത്. സെന്റിന് അയ്യായിരം രൂപയേ അന്നുണ്ടായിരുന്നുള്ളൂ. സ്വന്തമായി ഭൂമി വാങ്ങാനുള്ള അനുവാദമുണ്ടോ എന്ന കാര്യം അറിയില്ല. ഗുരു അല്ലെങ്കിലും സ്ഥാപനനിയമം നോക്കി ജീവിക്കുന്ന ആളായിരുന്നില്ലല്ലോ.

ഗുരു നിത്യ ഇന്ത്യന്‍ ആത്മീയതയ്ക്ക് നല്‍കിയ മുഖത്തിന്റെ തുടര്‍ച്ചയെക്കുറിച്ച് എന്താണ് അഭിപ്രായം? ഗുരുവില്‍ നിന്നും പ്രചോദിതനായ ഷൗക്കത്തിന്റെ ഇപ്പോഴത്തെ ആത്മീയപാത എന്താണ്.

ഇന്ത്യന്‍ ആത്മീയതയ്ക്ക് ഗുരുനിത്യ പ്രത്യേകിച്ചും സംഭാവനകളൊന്നും ചെയ്തിട്ടില്ല. ഇന്ത്യന്‍ ആത്മീയത ആയിരുന്നില്ല അദ്ദേഹത്തിന്റെ സങ്കല്പം. ആത്മീയത മാത്രമായിരുന്നു. അതില്‍ ഇന്ത്യന്‍-പാശ്ചാത്യം എന്ന വകതിരിവുകള്‍ ഉണ്ടായിരുന്നില്ല. ലോകത്ത് വെളിച്ചം തരുന്ന എല്ലാ ദര്‍ശനങ്ങളെയും ഒരുമാലയില്‍ കോര്‍ത്തെടുക്കാനുള്ള ശ്രമം. ആത്മീയത എന്നുപറയുമ്പോള്‍ പൊതുവേ പറഞ്ഞുവരാറ് ഒരു മതത്തിന്റെ പശ്ചാത്തലത്തിലുണ്ടാവുന്ന മിസ്റ്റിക്കലായിട്ടുള്ള കാര്യങ്ങളെയാണ്. ഭാരതീയ ഹൈന്ദവ, ഇസ്ലാമിസ്റ്റ്, ബുദ്ധിസ്റ്റ്, ക്രൈസ്തവ പശ്ചാത്തലത്തിലുണ്ടായിട്ടുള്ള ദര്‍ശനങ്ങളും അതിന്റെ വിഭാഗങ്ങളും ഉപവിഭാഗങ്ങളുമൊക്കെയാണ് പൊതുവേ ആത്മീയത എന്നുപറയുക. ഗുരുനിത്യയുടെ സ്പിരിച്വാലിറ്റിയില്‍ കല, സംഗീതം, സിനിമ, ചിത്രകല, പാചകം, കൃഷി ഇങ്ങനെ തുടങ്ങി എല്ലാ മൂല്യങ്ങളും, നമ്മുടെ ബോധത്തിന് സ്പിരിറ്റ് തരുന്ന എല്ലാ മൂല്യങ്ങളെയും കോര്‍ത്തിണക്കിയാണ് ഗുരുനിത്യ 'സിംഫണി ഓഫ് വാല്യൂസ്' എന്നു വിളിച്ചത്. പലമതസാരവും ഏകം എന്നുപറയുന്നതിന്റെ ഒരു സ്വതന്ത്ര തര്‍ജ്ജമയെന്ന് അതിനെ വിളിക്കാം. ആത്മീയതയുടെ സങ്കല്പങ്ങളെ കുറച്ചുകൂടി വിശാലമാക്കിയിട്ടുള്ള ഒരു വീക്ഷണമാണ് ഗുരുനിത്യ മുന്നോട്ടുവെച്ചത്. ഗുരുവില്‍ നിന്നും ഞാന്‍ സ്വീകരിച്ചിട്ടുള്ളതും അതുതന്നെയാണ്. മനുഷ്യമനസ്സിന് നനവും വെളിച്ചവും കൊടുക്കുന്ന എന്തും സ്പിരിച്വലാണ്. ഗുരുനിത്യയുടെ പാതയില്‍ ജീവിക്കുന്ന ഒരാളായിട്ടാണ് എനിക്ക് സ്വയം തോന്നിയിട്ടുള്ളത്.  

ഗുരു നിത്യയോളം പ്രഭാവം അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ക്ക് സമൂഹത്തിനു പകര്‍ന്നു നല്‍കാനായിട്ടുണ്ടോ.

ഗുരുനിത്യയുടെ പ്രഭാവം പകര്‍ന്നുകൊടുക്കാന്‍ പറ്റില്ലല്ലോ. അതൊരു വ്യക്തിയല്ലേ. നാരായണഗുരുവിന്റെ പ്രഭാവം അദ്ദേഹത്തിനു തന്നെയല്ലേ പകര്‍ന്നുനല്‍കാന്‍ പറ്റുകയുള്ളൂ. അദ്ദേഹം സ്പര്‍ശിച്ച മനുഷ്യരിലെല്ലാം ഒരു പ്രാപഞ്ചികവീക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചു എന്നതാണ് ഗുരുനിത്യയുടെ സംഭാവന. ഒരു ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നയാള്‍ ഗുരുനിത്യയെ കണ്ട് മടങ്ങിവരുമ്പോള്‍ അയാളുടെ ഉള്ളിൽ ആഴ്ന്നുകിടക്കുന്ന ഉറച്ച മതബോധത്തില്‍ നിന്നും പുറത്തുവരികയും ഒരു മതവിശ്വാസിയായി ഇരുന്നുകൊണ്ടുതന്നെ ലോകത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട മനുഷ്യരെയും സ്വീകരിക്കാനുള്ള ഒരു വിശാലത അയാള്‍ക്ക് വന്നുചേരുകയും ചെയ്യും.

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ മതവിശ്വാസിയായ ഒരാളല്ല. ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ അല്ല. വെറും ഒരു മനുഷ്യന്‍. യുക്തിവാദികള്‍ക്കും കലാകാരന്മാര്‍ക്കും നിരീശ്വരവാദികള്‍ക്കും അവരവരായിട്ടിരിക്കാന്‍ ഗുരു തന്റെ സാന്നിധ്യം കൊണ്ട് പിന്തുണ നല്‍കി. അദ്ദേഹത്തിന്റെ വീക്ഷണത്തിലൂടെ ജീവിച്ചുകൊണ്ട് അദ്ദേഹത്തിന് തുടര്‍ച്ച നല്‍കുന്ന കുറേ മനുഷ്യര്‍ ഇവിടെയുണ്ട്. അതൊരു പ്രസ്ഥാനമായിട്ടല്ല എന്നുമാത്രം.

 ഗുരുവുമായി എപ്പോഴെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ടോ.

അദ്ദേഹത്തിന്റെ അവസാനകാലത്തെ നാലുവര്‍ഷമാണ് ഞാന്‍ കൂടെയുണ്ടായിരുന്നത്. എന്റെ ഇരുപത്തിമൂന്നാം വയസ്സുമുതല്‍ ഇരുപത്തിയേഴു വയസ്സു വരെ. മന്ദതബാധിച്ച മനസിൽ ആശയക്കുഴപ്പങ്ങൾ നിറഞ്ഞ കാലം. ഗുരുവിനോട് അഭിപ്രായവ്യത്യാസമുണ്ടാവാന്‍ മാത്രം സ്വതന്ത്രബോധത്തിലൊന്നുമായിരുന്നില്ല ഞാന്‍. എനിക്ക് എന്റെതായ അഭിപ്രായമൊക്കെ രൂപപ്പെടുന്നതുതന്നെ പിന്നീടാണ്. അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണല്ലോ ഞാന്‍ കൂടെപ്പോകുന്നത്. ഗുരു സമാധിയായി, ഞാന്‍ ഏകനായപ്പോഴാണ് സ്വതന്ത്രമായ അഭിപ്രായരൂപീകരണമൊക്കെ എന്റെയുള്ളില്‍ ഉണ്ടാവുന്നതും ഞാന്‍ ഗുരുകുലം വിട്ടുപോരുന്നതും. അദ്ദേഹം എഴുതിയതെല്ലാം വായിക്കുമ്പോള്‍ ചില കാര്യങ്ങളൊക്കെ അത്ര സ്വീകാര്യമല്ല എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ഇന്നുവരെയുള്ള എന്റെ ജീവിതം നോക്കുകയാണെങ്കില്‍ കണ്ടുമുട്ടിയ മനുഷ്യരില്‍ ഏറ്റവും സ്വാധീനവും മാതൃകയായതുമായ വ്യക്തി ഗുരുനിത്യ തന്നെയാണ്.

ഗുരു പിണങ്ങുമായിരുന്നോ.

ഗുരുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഗുരു പിണങ്ങുകയും മിണ്ടാതിരിക്കുകയും ദേഷ്യം പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. പക്ഷേ അത്രയും അടുപ്പമുള്ളവരോട് മാത്രമേ അദ്ദേഹം അതെല്ലാം പ്രകടിപ്പിച്ചിരുന്നുള്ളൂ.

അധികാര രാഷ്ട്രീയത്തില്‍ ആത്മീയതയും ഒരു സീറ്റു വിലപേശല്‍ ടൂളാണ്. എന്തായിരുന്നു അധികാര രാഷ്ട്രീയത്തോടുള്ള നിത്യയുടെ നിലപാട്.

അധികാര രാഷ്ട്രീയത്തോട് അദ്ദേഹം എപ്പോഴും അകലം പാലിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ ഗുരുകുലത്തില്‍ വരുമ്പോള്‍ അവരെ നിര്‍ത്തേണ്ട ഇടത്തില്‍ നിര്‍ത്തി മറ്റുവിഷയങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അധികാരത്തെ മുന്‍നിര്‍ത്തിയുള്ള മതം, ജാതി രാഷ്ട്രീയത്തെ അദ്ദേഹം എപ്പോഴും എതിര്‍ത്തിരുന്നു.

രാഷ്ട്രീയം അദ്ദേഹത്തിന് പച്ചവെള്ളം പോലെ അറിയാമായിരുന്നല്ലോ. ആലുവ യു.സി കോളേജില്‍ പഠിക്കുന്നകാലത്ത് കമ്യൂണിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലും യുക്തിവാദി പ്രസ്ഥാനത്തിലും സജീവമായിരുന്നു അദ്ദേഹം. ഗാന്ധിജിയെ കാണാന്‍ പോയപ്പോള്‍ അദ്ദേഹവുമായി മാര്‍ക്സിന്റെ പേരില്‍ കലഹിച്ചിട്ടുണ്ട്. ബാപ്പുജിയോട് അദ്ദേഹം വിഭാവനം ചെയ്യുന്ന രാമരാജ്യം ഇന്ത്യയെ രക്ഷിക്കില്ലെന്നും വര്‍ഗസമരത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് മോചനം ലഭിക്കുകയുള്ളൂ എന്നും പറഞ്ഞയാളാണ് ഗുരു. അന്നദ്ദേഹം ജയചന്ദ്രനാണ്. ആലുവ കോളേജിലെ ഏറ്റവുമടുത്ത സഹപാഠി പുരുഷോത്തമന്‍ നമ്പ്യാതിരിയുടെ പ്രേരണയിലാണ് ആര്‍.എസ്.എസ്സില്‍ ചേരുന്നത്. പക്ഷേ ആര്‍.എസ്.എസ് ആദര്‍ശമുള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ വായിച്ചതോടെ മമത പോയി. മതമേ ഇല്ലാത്തയാള്‍ക്ക് ഇതരമതവിദ്വേഷം എങ്ങനെ ഉള്‍ക്കൊള്ളാനാവും? ഗോള്‍വാള്‍ക്കര്‍ എറണാകുളത്തുവന്നപ്പോള്‍ ജയചന്ദ്രനും പുരുഷോത്തമന്‍ നമ്പ്യാതിരിയും യൂസഫും പോയ കഥ പ്രശസ്തമാണ്. യൂസഫിന് മാത്രം പ്രവേശനാനുമതി കിട്ടിയില്ല. യൂസഫിന് പ്രവേശനം നിഷേധിച്ചതില്‍ ഗോള്‍വാള്‍ക്കറിനോട് നേരിട്ട് വിശദീകരണം ആവശ്യപ്പെടുകയാണ് ഗുരു ചെയ്തത്. 'ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കാണുന്നത് ഞാനല്ല, നിങ്ങളുടെ മനസ്സാണ്' എന്ന ഗോള്‍വാള്‍ക്കറുടെ മറുപടിയില്‍ തൃപ്തനാവാത്തതുകൊണ്ടും കൂടുതല്‍ സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടും ആര്‍.എസ്.എസ്സിനെ ഉപേക്ഷിച്ചയാളാണ് അദ്ദേഹം. ജയചന്ദ്രനില്‍ നിന്നും ഗുരുനിത്യയായപ്പോഴും നിലപാടുകള്‍ മുറുകുകയാണുണ്ടായത്.

എല്ലാ സന്ന്യാസാശ്രമങ്ങളുടെയും ഒരു ഏകീകരണം ഇപ്പോള്‍ നടക്കുന്നുണ്ടല്ലോ. അതുമായി ബന്ധപ്പെട്ട് സംസാരിക്കാനും ചര്‍ച്ചചെയ്യാനുമൊക്കെ ധാരാളം പേര്‍ ഗുരുകുലത്തില്‍ വരാറുണ്ട്. പക്ഷേ നാരായണഗുരുകുലം അതിലൊന്നും പങ്കെടുക്കാറില്ല. ഈഴവ- ഹിന്ദുത്വ ബാക്ഗ്രൗണ്ടിലേക്ക് ഗുരുകുലത്തെ കൊണ്ടുപോയി കെട്ടാനുള്ള ശ്രമങ്ങള്‍ പലരീതിയില്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. അതിലേക്കൊന്നും ഇതുവരെ ഗുരുകുലം ആകര്‍ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് വലിയ പ്രതീക്ഷ തരുന്ന കാര്യം.

ഷൗക്കത്ത് ഒരു കുടുംബജീവിതത്തെക്കുറിച്ച് ചിന്തിക്കാറില്ലേ.

സാമ്പ്രദായികമായ കുടുംബവ്യവസ്ഥയോട് ചേര്‍ന്നുപോകാവുന്ന മനസ്സല്ല എന്റേത്. എന്നാല്‍ ഒരു കൂട്ടു വേണമെന്ന തോന്നിയിട്ടുണ്ട്. അമ്പത്തിയഞ്ച് വയസ്സാകുമ്പോള്‍ പരസ്പരം ചേര്‍ന്നു പോകാവുന്ന ഒരു സ്ത്രീസൗഹൃദം ഒപ്പമുണ്ടാകുമെന്ന് തമാശയായി ഞാന്‍ സുഹൃത്തുക്കളോട് പറയാറുണ്ട്. അത് പറയുന്നത് തമാശയ്ക്കാണെങ്കിലും ഉള്ളില്‍ അങ്ങനെ ഒരു താല്പര്യം ഉള്ളതുകൊണ്ടാകുമല്ലോ.. സംഭവിക്കുന്നെങ്കില്‍ സംഭവിക്കട്ടെ.