കല്ലറയിൽ നിന്നു കിട്ടിയ സ്റ്റെയിൻലസ് സ്റ്റീൽ നെയിലും അതിൽ കൊത്തിയ വിവരങ്ങളും അന്വേഷണത്തെ മുന്നോട്ടുനയിക്കുന്ന ശക്തമായ ലീഡായിരുന്നു. അതിനെ പിന്തുടർന്നാണ് ആദിൽഖാനും രാജേന്ദ്രനും കോയമ്പത്തൂരിനു സമീപം ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഹോസ്പിറ്റലിൽ എത്തിച്ചേർന്നത്. നാൽപ്പത്തി രണ്ടിനും നാൽപ്പത്തിയാറിനും ഇടയിൽ പ്രായം വരുമത്രേ തൂക്കക്കുറവുള്ള ആ സ്ത്രീയ്ക്ക്. പ്രമേഹരോഗിയായിരുന്നു അവർ. കുത്തനെയുള്ള പ്രതലത്തിൽ നിന്ന് ഉരുണ്ടുവീണ് വലതുതുടയെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചിരുന്നു. ശസ്ത്രക്രിയ നടത്തി ദൃഢതയ്ക്കുവേണ്ടിയാണ് സ്റ്റെയ്ൻലസ് സ്റ്റീൽ നെയിൽ ഘടിപ്പിച്ചത്. 316 സ്റ്റെയിൻലസ് സ്റ്റീൽ മെറ്റീരിയൽ. ബാച്ച് നമ്പരും സീരിയൽ കോഡും 2015- ലേത്.
അസ്ഥിയിലെത്തിയ തണുപ്പിൽ നിന്നും ആശ്വാസത്തിനൊരുക്കിയ നെരിപ്പോടുപോലെയായിരുന്നു അന്വേഷണത്തിലുണ്ടായ ഈ പുരോഗതി. ആദിൽഖാൻ വിശദാംശങ്ങൾ സമർ ബനഡിക്ടിനെ ഫോണിലൂടെ ധരിപ്പിച്ചു.
“ആളെ ഐഡന്റിഫൈ ചെയ്തോ ?: സമറിന്റെ ശബ്ദത്തിൽ ആവേശം തുളുമ്പി.
“അഡ്മിഷൻ രജിസ്റ്ററിൽ തേവമ്മയെന്നാണ് സാർ ഉള്ളത്. അതു ശരിയായ പേരാവണമെന്നില്ല. ഒരു മകനല്ലാതെ ബന്ധുക്കളൊന്നും കാര്യമായി ഇല്ല.”
“ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ്ജ് ചെയ്ത ശേഷം അവരെങ്ങോട്ടാണു പോയത്?”
“ഫോളോ ചെയ്യുകയാണ് സാർ.”
തരിമ്പുപോലും തെളിവ് അവശേഷിപ്പിക്കാതെ കടന്നുപോകുമായിരുന്നു തേവമ്മ. അവരുടെ ശരീരം നേഹയുടേതായി താദാത്മ്യപ്പെ്ട്ടുകഴിഞ്ഞിരുന്നു.
മറ്റൊരാളുടെ പുതിയ ജന്മത്തിനുവേണ്ടി ഒളിച്ചുവച്ച തേവമ്മയുടെ മരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആരെത്ര മറയ്ക്കാൻ ശ്രമിച്ചാലും, കാലം സത്യത്തെ തുറന്നുപിടിക്കുമെന്ന വിശ്വാസം ആദിൽഖാനുണ്ടായിരുന്നു. ആ വിശ്വാസം ഉറപ്പിക്കും വിധം പിന്നാലെ പുതിയ സൂചനകളുമെത്തി. രേഖകളിൽ നിന്നോ തെളിവുകളിൽനിന്നോ അല്ല, ഊട്ടിയിലെ ഹോസ്പിറ്റലിൽ
നിന്നു വിരമിച്ച ഒരു മലയാളി നഴ്സിൽ നിന്നാണ് രഹസ്യവിവരം ലഭിച്ചത്. അസ്വാഭാവികമയി എന്തെങ്കിലും ആ ദിവസങ്ങളിൽ സംഭവിച്ചിരുന്നോയെന്ന അന്വേഷണത്തിനിടയിലാണ്, ഒരു ചെറുപ്പക്കാരൻ മദ്യപിച്ചു ഹോസ്പിറ്റലിൽ ബഹളം വച്ചിരുന്നതായി അവർ അറിയിച്ചത്. ചികിത്സയിലുണ്ടായിരുന്ന അമ്മയെ കാണാനില്ലെന്നും അവർ വീട്ടിലെത്തിയിട്ടില്ലെന്നും പരാതിപ്പെട്ട്
മണിക്കൂറുകളോളമാണ് അയാൾ പ്രശ്നങ്ങളുണ്ടാക്കിയത്. അരുവങ്കാട് പോലീസ് സ്റ്റേഷനിൽ അയാൾ പരാതിപ്പെട്ടതായി കേട്ടിരുന്നെന്നും എന്നാൽ അക്കാര്യത്തിൽ പിന്നീട് അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നും ആ സ്ത്രീ മൊഴി നൽകി.
അന്വേഷണത്തിൽ വഴിത്തിരിവാകാനിടയുള്ള വിവരമായിരുന്നു അത്. ഊട്ടി ഹോസ്പിറ്റലിൽ കണാതായെന്ന് പറയപ്പെടുന്ന സ്ത്രീ, കോയമ്പത്തൂർ ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞ തേവമ്മയാണോയെന്ന് കണ്ടെത്തണം. എന്നാൽ രണ്ടു ഹോസ്പിറ്റലുകളിലെയും രേഖകളിലെ അപാകതകൾ വലിയ വെല്ലുവിളിയായി. ഊട്ടി ഗവൺമെന്റ് ഹോസ്പിറ്റലിലെ അക്കാലത്തെ
രേഖകളിൽ തേവമ്മയെന്ന പേര് ഇല്ല. കോയമ്പത്തൂരിലാകട്ടെ, അഡ്രസ് ശരിയാം വിധം രേഖപ്പെടുത്തിയിട്ടുമില്ല. പിന്നീടുള്ള മാർഗ്ഗം അരുവങ്കാട് പോലിസ് സ്റ്റേഷനാണ്.
ഊട്ടിയിൽനിന്ന് പന്ത്രണ്ടു കിലോമീറ്റർ അകലെ, കൂനൂരിനു സമീപുള്ള അരുവങ്കാട് പോലീസ് സ്‌റ്റേഷനിലേക്ക് ആദിൽഖാനും സംഘവും നീങ്ങി. നരച്ച റോഡരികിൽ ബോക്സ് വുഡ് ക്രമീകരിച്ചു വളർത്തിയ കുറ്റിച്ചെടിവേലി കടന്ന് ജീപ്പ് പോലീസ് സ്റ്റേഷനു മുന്നിൽ നിന്നു. ആദിൽഖാനും രാജേന്ദ്രനും വർഗ്ഗീസും സ്റ്റേഷനിലേക്കു നടന്നു, ഉബൈദും, സത്യപ്രകാശും ഒപ്പം കൂട്ടിയിരുന്ന പതോളജിസ്റ്റും ജീപ്പിൽത്തന്നെയിരുന്നു. മുൻകൂട്ടി അറിയിച്ചതുകൊണ്ട് ഇൻസ്പെക്ടർ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.
വെറ്റില മുറുക്കിന്റെയും അഴുകിയ പുകയിലയുടെയും ഗന്ധം തങ്ങിയ അന്തരീക്ഷം. ആദിൽഖാൻ ഫോണിൽ വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും അതു സംബന്ധിച്ച് കാര്യമായ തെരച്ചിൽ നടന്ന ലക്ഷണമില്ല. ചിലന്തിവല കെട്ടിയ ഇരുമ്പലമാരയിൽ നിന്ന് പുറത്തെടുത്ത രജിസ്ടറുകളിലും ജി ഡി ബുക്കിലും ഇൻസ്പെക്ടറുടെ വിരലുകൾ പരതിനടന്നു. ഒടുവിൽ ജി ഡി ബുക്കിൽ നിറം മങ്ങിയ എൻട്രി കണ്ടെത്തി.
അതു വിശദീകരിക്കുന്നതിനു മുമ്പ് ഇൻസ്പെക്ടർ തല പൊന്തിച്ച് ആദിൽഖാനെ നോക്കി. സ്വയം പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുപോലെയായിരുന്നു തുടർന്നുള്ള വാക്കുകൾ.
“നാൻ ഇങ്കേ ജോയിൻ പണ്ണീട്ട് ഇരണ്ട് മാതംതാൻ ആകിറത്.”
പെൻസിൽ കൊണ്ടെഴുതിയതുപോലെ തോന്നിച്ച വിവരങ്ങളടങ്ങുന്ന പേജ്
അയാൾ മുന്നിലേക്കു നീട്ടിവച്ചു . ബുദ്ധിമുട്ടിയാണ് ആദിൽഖാൻ അതു വായിച്ചത്.
ഇടം: ഊട്ടി മരുത്തുവമനൈ
നിഗഴ്വു: തേവമ്മ എന്റ പെൺ മരുത്തുവമനൈയിൽ ഇരുന്ത ഇടത്തിലിരുന്തു കാണാമൽ പോണതാഗ പുകാർ കിടൈക്കിരതു കാണാമൽ പോണവരിൻ
പേർ: തേവമ്മ (പെൺ/ വയതു 45)
മുകവരി: മാരിയമ്മൻ കോവിൽ തെരു
വീടു: എൻ 27 ബി
അരുവങ്കാടു
ഊട്ടി- 643202
പുകാർനിലൈ: കവലൈയോടൻ ഇരുന്താർ
മുന്നേട്രം:
1 . ഇരുപത്തുനാലു മണിനേരം കാത്തിരുക്ക സൊന്നാർകൾ
2. തൊടർനടവടിക്കൈഗൾ എതുവും മേർകൊള്ളപ്പടവില്ലൈ
3. എഫ് ഐ ആർ ആഗ പദിവ് സെയ്യപ്പെടവില്ലൈ
പിന്നാർ എന്ത പുകാറും അല്ലതു വിസാരണൈയും തേവൈപ്പടവില്ലൈ.
നിറം മങ്ങിയ താൽപ്പര്യത്തോടെ ഉപേക്ഷിക്കപ്പെട്ട പരാതി. അതിലെ അഡ്രസ് രാജേന്ദ്രൻ കുറിച്ചെടുത്തു. ആദിൽഖാന്റെ കണ്ണുകൾ പോലീസ് സ്റ്റേഷന്റെ പൊതുസ്വഭാവം വിലയിരുത്തുന്നുവെന്ന് ഇൻസ്പെക്ടർ തിരിച്ചറിഞ്ഞു. ശ്രദ്ധ തിരിക്കാനെന്നവണ്ണം അയാൾ വീണ്ടും പരാതിയിലേക്കു മടങ്ങിവന്നു. സ്ഥലം മാറിപ്പോയ ഓഫീസർ അതു വേണ്ടതുപോലെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ലെന്ന മട്ടിലായിരുന്നു അയാളുടെ അഭിപ്രായപ്രകടനം.
“ലേറ്റർ നോബഡി കെയിം, റൈറ്റ് ?”
“അപ്പുറം യാറും എൻക്വയറി പണ്ണിക്ക വരലാ. അന്ത പൊണ്ണ് വീട്ടുക്കു തിരുമ്പി ഇരുക്കുംന്ന് നാങ്കയും താൻ നെനച്ചോം.”
തേവമ്മയുടെ മേൽവിലാസം ലഭിച്ചതുതന്നെ വലിയ നേട്ടമാണെന്ന് ആദിൽഖാൻ കരുതി. അടുത്ത ലക്ഷ്യം അതാണ്.
ചെളിപ്പാടമായിക്കിടന്ന ചെമ്മൺപാതയിലൂടെ ജീപ്പ് ഉരുണ്ടുകയറി. തോട്ടം തെഴിലാളികൾ താമസിക്കുന്ന കോളനിയുടെ തുടക്കത്തിലാണ് തേവമ്മയുടെ വീട്.
മഴ പെയ്തടങ്ങിയ മണ്ണിന്റെ മണം ശ്വസിച്ചുകൊണ്ട് ആദിൽഖാനും സംഘവും ജീപ്പിൽ നിന്നിറങ്ങി. കോളനിക്കുള്ളിലേക്കുകടന്നതോടെ അത് മാലിന്യക്കൂമ്പാരത്തിന്റെ ഗന്ധമായി മാറി. മങ്ങിയ ചെറിയ വീടിനുമുന്നിൽ കാഴ്ച മറച്ച് തുണിവാരിവിരിച്ചിരിക്കുന്ന അയ. അതുയർത്തി ഊർന്നു കയറിവേണം വീട്ടുമുറ്റത്തേക്കു കടക്കാൻ.
പിരിച്ചുകെട്ടിയ ചുവന്ന തുണിക്കഷണം മുടിയിലും പകുതി കത്തിത്തീർന്ന കുറ്റിബീഡി ചുണ്ടിലുമായി ഉമ്മറപ്പടിയിലിരുന്ന സ്ത്രീ അവരെ നോക്കി. അവളുടെ കണ്ണുകളിൽ ഭയമോ ജിജ്ഞാസയോ ഇല്ല- നിസ്സംഗത മാത്രം.
“തേവമ്മയുടെ വീടല്ലേ ഇത്?” അവളുടെ അടുത്തേക്കു നീങ്ങിനിന്ന് ആദിൽഖാൻ ചോദിച്ചു.
അവൾ കയ്യിലിരുന്ന സ്റ്റീൽ പ്ലേറ്റ് നിലത്തടിച്ച് ശബ്ദമുണ്ടാക്കി അകത്തേക്കു നോക്കി ഉച്ചത്തിൽ വിളിച്ചു.
“കണ്ണേ ... പോലീസ് ഉന്നൈ കൂപ്പിടുറാങ്ങടാ.”
നാടൻ ചാരായത്തിന്റെ വയറോടെ, അസ്ഥിയോളം മെലിഞ്ഞ അർദ്ധനഗ്‌നനായ ഒരു ചെറുപ്പക്കാരൻ അകത്തെ ഇരുട്ടിൽനിന്ന് ഉയരക്കുറവുള്ള വാതിലിനു പുറത്തേക്കിറങ്ങി. കണ്ണുകളിൽ രക്തഛവിയ്ക്കൊപ്പം സംശയവും കലർന്നിരുന്നെങ്കിലും അവൻ ആത്മവിശ്വാസത്തോടെ പുഞ്ചരിക്കാൻ ശ്രമിച്ചു.
മനസ്സാക്ഷി പരാജയപ്പെടുന്നിടത്തു മദ്യപാനം നൽകുന്ന ധൈര്യമാണതെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകും.
“തേവമ്മ എങ്കേ?”
ആദിൽഖാൻ സമയം പാഴാക്കിയില്ല.
“അമ്മാ കോവിലുക്കു പോയിറുക്കാ. എങ്കയാവതു പൂജയ്ക്കു പോയിരുപ്പാ”
ആദിൽഖാൻ ഭാവം കടുപ്പിച്ചു. അടിക്കടിയുള്ള ചോദ്യങ്ങളിൽ അയാളെ കുരുക്കാനൊരുങ്ങി. എത്ര നാളായി തേവമ്മ പോയിട്ട? ഇപ്പോഴെവിടെയുണ്ട് ?
കണ്ടിട്ടെത്രകാലമായി? രാജേന്ദ്രനും ചോദ്യങ്ങളുമായി ചേർന്നതോടെ ചെറുപ്പക്കാരൻ പതറിത്തുടങ്ങി.
“എന്നടാ ഉൻ പേര്?”
രാജേന്ദ്രൻ ശബ്ദമുയർത്തി.
“കറുപ്പ്.”
“കറുപ്പാനാലും വെള്ളൈയാനാലും കേട്ടതുക്കു ബദൽ സൊൽടാ.”
രാജേന്ദ്രൻ ശബ്ദമുയർത്തിയതോടെ അവനൊന്നു കിടുങ്ങി. ഒരു വർഷം മുമ്പ് കാണാതായതാണ് തേവമ്മയെയെന്നും അവരെ അന്വേഷിച്ചു കണ്ടെത്താൻ ശ്രമിച്ചിട്ടില്ലെന്നും ധൃതിയിൽ അവൻ പറഞ്ഞു.
“അവ എപ്പവും അപ്പടി താൻ. നമ്മ പാക്കറ വിട.”
“കോവിലിലെ ഉക്കാണ്ടു തെയ്വം പാക്കറുതു താനെ അവളുക്കു റൊമ്പ പുടിക്കും. അവങ്ക വഴിയിലേ പോവട്ടും സാർ.”
ഉടുമുണ്ട് ചുരുക്കിക്കുത്തി സിനിമാസ്റ്റൈലിൽ ചുണ്ടുകോട്ടി ആ സ്ത്രീ ഇടപെട്ടത് പൊടുന്നനെയാണ്.
തേവമ്മയുടെ മകനു താളം തെറ്റുന്നതായി കണ്ടതോടെ അവൾ സഹായത്തിനൊരുങ്ങിയതാണ്. കറുപ്പിന്റെ ഭാര്യയാണ് അവളെന്ന് ആദിൽഖാൻ ഊഹിച്ചിരുന്നു. അവളുടെ പുശ്ചഭാവം അയാളെ രോഷാകുലനാക്കി. അടുത്ത നിമിഷം- അയാൾ കറുപ്പനെ ഉടുമുണ്ടിനു കുത്തിപ്പിടിച്ച് വലിച്ചടുപ്പിച്ചു.
“മിസ്സിങ് കേസ് ഇരുന്തിട്ട്, നീ റിപ്പോർട്ടു കൂട പണ്ണലെയാ? നീയെല്ലാം എന്നാ തിമിരു പണ്ണിക്കിട്ടിരുക്ക് തേവിടിയ പയ്യ. ഇതു പോലീസ്ടാ. സർക്കസ് കമ്പനീന്ന് നെനച്ചിയാ?”
ഇത്തവണ അവളും ഭയന്നു. ഞെട്ടി പിന്നാക്കം നിന്ന അവളുടെ ചുണ്ടിൽനിന്ന് ബീഡിത്തുണ്ട് താഴെ വീണു. നിമിഷങ്ങൾക്കുള്ളിൽ ആദിൽഖാൻ സമചിത്തത വീണ്ടെടുത്തു. ഇതിനകം രാജേന്ദ്രനും വർഗ്ഗീസും വീടിനുള്ളിലേക്കു കയറിയിരുന്നു. കറുപ്പിനെ കൈപ്പിടിയിൽനിന്നു സ്വതന്ത്രനാക്കി ആദിൽഖാൻ കാര്യങ്ങൾ വിശദീകരിച്ചു.
ഒരു വർഷം മുമ്പ് അടക്കം ചെയ്ത മൃതശരീരം തേവമ്മയുടേതാണോയെന്ന് സംശയമുണ്ട്. തവമ്മയുടെ തുടയെല്ലിന്റെ സർജറി രേഖകൾ അതു ശരിവയ്ക്കുന്നു. അതുകൊണ്ട് സത്യം പറഞ്ഞേ മതിയാകൂ.
കുറ്റസമ്മതം പോലെ കറുപ്പ് സംസാരിച്ചുതുടങ്ങി. പനിയും നെഞ്ചുവേദനയുമുണ്ടായ തേവമ്മയെ ഊട്ടി ഹോസ്പിറ്റലിലെത്തിച്ചത് അയാളാണ്. പിന്നീട് രണ്ടു ദിവസം കഴിഞ്ഞാണ് അന്വേഷിച്ചു ചെന്നത്. പക്ഷേ, അവർ അപ്പോൾ അവിടെയുണ്ടായിരുന്നില്ല. ഡിസ്ചാർജ്ജ ചെയ്തെന്നായിരുന്നു മറുപടി. അതിനെച്ചൊല്ലി അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ പിന്നീട്, തേവമ്മ ഏതോ തീർത്ഥാടനത്തിനുപോയെന്നാണ് വിശ്വസിച്ചത്. ഇടയ്ക്കിടെ അങ്ങനെയുള്ള യാത്രകൾ പതിവുണ്ടായിരുന്നു. എന്നുമാത്രമല്ല, എവിടെയെങ്കിലും പോയി ഭജനമിരിക്കണമെന്ന ആഗ്രഹം എപ്പോഴും പറഞ്ഞിരുന്നു. ആദിൽഖാൻ ടീമിലുണ്ടായിരുന്ന പതോളജിസ്റ്റിനോട് കറുപ്പിന്റെ രക്തത്തിന്റെയും ഉമിനീരിന്റെയും സാംപിൾ ശേഖരിക്കാൻ നിർദ്ദേശിച്ചു.
വീടിന്റെ ചുറ്റുപാടുകൾ തീർത്തും ദുരിതമയമായിരുന്നു. മേൽക്കൂരയിൽ ചോർച്ച തടയാൻ വലിച്ചുകെട്ടിയ നീല ടാർപ്പായ. വീടിനു പുറത്ത് പലയിടങ്ങളിലായി കരിപുരണ്ടതും തുരുമ്പിച്ചതുമായ പാത്രങ്ങൾ ചിതറിക്കിടക്കുന്നു. ആദിൽഖാന്റെ ആവശ്യപ്രകാരം കറുപ്പ് വീടിനുള്ളിൽ കയറി ഇരുമ്പുപെട്ടിയിൽനിന്ന് തേവമ്മയുടെ ആധാർ കാർഡും റേഷൻ കാർഡുമെടുത്ത് രാജേന്ദ്രനെ ഏൽപ്പിച്ചു. കറുപ്പിനോട് സ്ഥലത്തുതന്നെയുണ്ടാവണമെന്ന മുന്നറിയിപ്പു നൽകി അന്വേഷണസംഘം മടങ്ങി.
ഇത്തവണ ഡി എൻ എ ഫലം ലഭിക്കാൻ ഒരാഴ്ചമാത്രമേ വേണ്ടിവന്നുള്ളൂ.
സാംപിൾ A: ബോൺ സ്പെസിമെൻ ഫ്രം എക്സ്ഹ്യൂംഡ് ബോഡി.
സാംപിൾ B: ചീക് സ്വാബ് ആന്റ് ബ്ലഡ് സാംപിൾ ഓഫ് തേവമ്മാസ്
ബയോളജിക്കൽ സൺ
റിസൾട്ട്: 99.997 % പോസിറ്റീവ് മാച്ച്.
(തുടരും)
Content Highlights: A brilliant forensic investigation led by officer Adil Khan uses a surgical stainless steel bone implant and a 99.997% DNA match to identify an exhumed body as Thevamma, unravelling a dark mystery hidden within the slums of Ooty.
Published: 09 Jul 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented