എന്റെ കൂട്ടുകാരികളാണ് അവളെ കുളിപ്പിച്ചത്. അവരവളെ എന്നത്തേതിലും സുന്ദരിയായി ഒരുക്കി. കരിനീല നിറമുള്ള പട്ട് സാരി ഉടുപ്പിച്ചു. അവസാനത്തെ ചുംബനത്തിന് ചുണ്ടടുപ്പിച്ചപ്പോള്‍ അവള് ഇളകിയതു പോലെ എനിക്കനുഭവപ്പെട്ടു. നിര്‍മല നട്ടുവളര്‍ത്തിയ അശോകത്തിന്റെ ചുവട്ടില്‍ തന്നെയാണ് കുഴിയെടുത്തത്. അവളുടെ ആണ്‍സുഹൃത്തുക്കള്‍ ഏറ്റവും അരുമയോടെ അവളെ അതിനുള്ളില്‍ കിടത്തി. മണ്ണിന്റെ അടരുകള്‍ നിര്‍മലയുടെ മുകളില്‍ നിറഞ്ഞു. അപ്പോഴും അപരിചിതമായ ഒരു കരം ഒരു പിടി മണ്ണുമായി നീണ്ടുവരുന്നത് കാണാന്‍ ഞാന്‍ നിറഞ്ഞ കണ്ണുകള്‍ തുറന്നുപിടിച്ചു.

മലയാളകഥയിൽ പുതിയൊരു വഴി വരച്ചിടുന്ന കഥകളാണ് ഹരികൃഷ്ണൻ തച്ചാടന്റേത്. ഹരികൃഷ്ണന്റെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമാണ് 'കാറൽ മാർക്സിന്റെ താടി'. ബാബയെത്തേടിയുള്ള യാത്ര, സ്വയംതേടലായി മാറിയ യുവാവിന്റെ കഥ പറയുന്ന ചിത്രവധം, ഒറ്റാന്തടിയായി നിന്നുപോയ രാഘവൻ മാഷിന്റെ ജീവിതം വരച്ചിടുന്ന രാഘവന്റെ ആടുകൾ, യാഥാർത്ഥ്യവും കൽപ്പനയും തമ്മിലുള്ള വിഭ്രമാത്മക ബന്ധത്തിലൂടെ മുന്നേറുന്ന ഒമ്പതാംവളവ് രാജ്യം, കാറൽ മാർക്സിന്റെ താടി, ഡൈല്യൂട്ടഡ് സീ, ലാ കാലേ, കിക്കിരിക എന്നിങ്ങനെ മനുഷ്യാനുഭവങ്ങളുടെ സങ്കീർണ്ണത വെളിപ്പെടുത്തുന്ന ഒമ്പതു കഥകളാണിതിൽ. അതിലെ 'നിർമലാനിലയം' എന്ന കഥ ഇവിടെ വായിക്കാം.
പഴയ ഇരുമ്പുരുപ്പടികൾ വിൽക്കുന്ന കടകളിൽ പലയാവർത്തി കയറിയിറങ്ങിയിട്ടാണ് നിർമല പുരാതനമായ ആ ഗെയ്റ്റ് തിരഞ്ഞുപിടിച്ചത്. വീടുപണിയുമ്പോൾ അടുക്കളയും കിടപ്പുമുറികളും വരാന്തയും തുടങ്ങി എല്ലാ സംഗതികളും ഏറ്റവും മോഡേൺ ആയി തന്നെ വേണമെന്ന് വാശിപിടിച്ചെങ്കിലും, ചുറ്റുമതിൽ കെട്ടി ഗെയ്റ്റ് വക്കേണ്ട സമയമെത്തിയപ്പോൾ മാത്രമാണ്, എന്റെ വിചാരങ്ങൾക്ക് വിരുദ്ധമായി പൗരാണികമായൊരു പ്രവേശനകവാടമാണ് നമുക്ക് വേണ്ടത് എന്ന, ദുരൂഹമായ തീരുമാനത്തിലേക്ക് നിർമല വന്നു നിന്നത്. ആ ഗെയ്റ്റിന് ചുരുങ്ങിയത് മൂന്നു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടായിരുന്നു. പക്ഷെ അങ്ങനെ തോന്നാൻ തക്കവണ്ണം അതൊട്ടും തുരുമ്പെടുത്തിട്ടുണ്ടായിരുന്നില്ല. സിങ്ക് തകിടുകൾ മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ട ശേഷം പരസ്പരം ബന്ധിപ്പിച്ച്, ഇരുമ്പുരുപ്പടികൾ തുരുമ്പു പിടിക്കാതെ രക്ഷിച്ചെടുക്കുന്ന വിദ്യ ആയിരിക്കാം അതിനു പിന്നിലെന്ന് ഞാൻ ഊഹിച്ചു. സിങ്ക് തകിടുകൾ ഇരുമ്പിനു വേണ്ടി വർഷങ്ങളോളം സ്വന്തം ശരീരം ത്യജിക്കുന്നു! മനുഷ്യർ അങ്ങനെ അൽഭുതമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന ധാരാളം സംഗതികൾ കണ്ടെത്തിയിട്ടുണ്ട്. അവർ ചെയ്യുന്ന വിചിത്രമായ കാര്യങ്ങൾക്ക് പിന്നിലെ രഹസ്യമെന്തെന്ന് ആദ്യ കാഴ്ച്ചയിൽ ആർക്കും പിടികിട്ടിക്കോളണമെന്നില്ല. പതിയെ ആണ് രഹസ്യങ്ങൾ ചുരുൾനിവരുക. അപ്പോൾ ഇതിത്ര ലളിതമായിരുന്നോ എന്ന് നമ്മൾ അൽഭുതം കൂറും. ഒരു മജീഷ്യൻ അയാളുടെ മാജിക്കിന്റെ രഹസ്യം വെളിപ്പെടുത്തുന്നതുപോലെ നമ്മളെ ജിജ്ഞാസപ്പെടുത്തുന്ന ഒരു സംഗതി ആയിരിക്കുമത്.
വളരെ ഭാരിച്ച ഒരു ഉരുക്ക് വസ്തുവായിരുന്നു ആ ഗെയ്റ്റ്. അതിനു മുൻഭാഗത്തായി, തപാലുകളും വർത്തമാന പത്രങ്ങളും ഇട്ടുവക്കാവുന്ന കള്ളറകളും, ഇരുതലക്കലുമായി എണ്ണയിട്ട് കത്തിക്കാവുന്ന സ്ഫടികവിളക്കുകളുമുണ്ടായിരുന്നു. ഹൃദയഭാഗത്ത്, അകത്ത് താമസിക്കുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്ന, സ്ഫടികച്ചുറ്റുള്ള ഒരു ചതുരപോക്കറ്റ്. അകത്താളുണ്ടോ പുറത്തുപോയതാണോ എന്നൊക്കെ അറിയാൻ സാധിക്കുന്ന ഇൻ ഏന്റ് ഔട്ട് സംവിധാനം. അങ്ങനെ ഒറ്റനോട്ടത്തിൽ പ്രൗഢമായൊരു ബംഗ്ലാവിന്റെ ഇരുമ്പുകവാടമായി സേവനം അനുഷ്ഠിച്ചതിന്റെ ലക്ഷണങ്ങൾ ആ പുരാവസ്തുവിലുണ്ടായിരുന്നു.
ഞാൻ അതിന്റെ ഒരു ഫോട്ടോ എടുത്ത് ഗൂഗിൾ ലെൻസിലിട്ട് പരിശോധിച്ചു. അതേ മാതൃകയിലുള്ള ചുരുക്കം ചിത്രങ്ങൾ മാത്രമാണ് സെർച്ച് റിസൽട്ടായി വന്നത്. പക്ഷെ വായിച്ചു വന്നപ്പോഴാണ് പോർച്ചുഗീസ് വാസ്തുമാതൃക പിൻപറ്റുന്ന ഒരു നിർമ്മിതിയാണതെന്ന് മനസ്സിലായത്. ഉരുക്കിവിളക്കിയെടുത്ത കമനീയമായ അഴികളിൽ പറങ്കിച്ചൂരുണ്ടോ എന്ന് ഞാൻ മണപ്പിച്ചു നോക്കി. പച്ചയും മഞ്ഞയും കലർന്ന സ്ഫടികജാലകങ്ങൾക്കപ്പുറത്ത് മറ്റൊരു കാലം ജീവിക്കുന്നതുപോലൊരു ഉൾപ്പെരുക്കം ആ നിമിഷം എനിക്കനുഭവപ്പെട്ടു! വളരെ പണിപ്പെട്ടാണ്, ഞങ്ങളുടെ കോൺട്രാക്റ്റർ ഏർപ്പാടാക്കിയ ജോലിക്കാർ, ആ ഗെയ്റ്റ് യഥാസ്ഥാനത്ത് സ്ഥാപിച്ചത്. നിർമല നിർന്നിമേഷയായി ആ പണികളെല്ലാം നോക്കി നിന്നു. എന്തെങ്കിലുമൊരു ദുരൂഹത അവളിൽ ആരോപിക്കാൻ എനിക്ക് പേടി തോന്നി. അവളുടെ അനേകം ഉച്ചക്കിറുക്കുകളിൽ ഒന്നായിരിക്കാം അതെന്ന് ഞാൻ സമാധാനിക്കാൻ ശ്രമിച്ചു.
ഹാരീപ്പോട്ടർ നോവലിൽ ഹൊഗാഡിലേക്കുള്ള ട്രെയ്ൻ വരുന്ന ഒമ്പതേമുക്കാൽ പ്ലാറ്റ്ഫോം പോലെ, ആ പുരാതന കവാടം ഞങ്ങളുടെ പുതിയവീടിനു മുന്നിൽ, അനൗചിത്യം പൂണ്ട് നിലകൊണ്ടു. പാലുകാച്ചലിന് വന്ന സുഹൃത്തുക്കളെല്ലാം ആ തെരഞ്ഞെടുപ്പിന് നിർമലയെ പ്രശംസിക്കാൻ പിശുക്ക് കാട്ടിയില്ല. ആണുങ്ങളുടെ സഹജമായ അത്തരം ചോദനകളെ, നിരുൽസാഹപ്പെടുത്താത്തവിധം ചിരികൾ പകർന്ന് നിർമല ഉദാരമതിയായി. അവളുടെ ഏതെങ്കിലും ആൺസുഹൃത്തുക്കൾ ആ പൗരാണിക നിർമ്മിതി കണ്ട് അസ്വസ്ഥരാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയായിരുന്നു ഞാൻ. അതിഥികൾ പോയി കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ആകാശം ഇരുണ്ടുതുടങ്ങിയിരുന്നു. നിർമല ഗെയ്റ്റിന്റെ മുകളിൽ അള്ളിപ്പിടിച്ചുകയറി. സ്ഫടികവിളക്കുകളിലെ തിരികളിലേക്ക് തീ പകർന്ന്, നീട്ടി ജ്വലിപ്പിച്ചു. നോക്കി നിൽക്കെ ആ തീക്കൂടുകൾക്ക് ചുറ്റിലും പൊടുന്നനെ പാറ്റകളുടെ പ്രപഞ്ചം നിറഞ്ഞുവന്നു.
പുതിയ വീടും പരിസരവും ഏതാണ്ട് വിജനമായൊരു പ്രദേശത്തായിരുന്നു. നഗരത്തിൽ നിന്ന് വിട്ട് ശാന്തമായിരിക്കാൻ പറ്റുന്നൊരിടമാകണമെന്നായിരുന്നു നിർമലയുടെ ആഗ്രഹം. വീടിന്റെ മുന്നൂറുമീറ്റർ ചുറ്റളവിൽ ഞങ്ങൾക്ക് അയൽക്കാർ ഉണ്ടായിരുന്നില്ല. സാധനങ്ങളും മറ്റും വാങ്ങുന്നതിനായി വളരെ ദൂരം എനിക്ക് നടക്കേണ്ടി വന്നു. ഒരേക്കറോളം വരുന്ന പുരയിടത്തിൽ വീട് പണിയും മുമ്പേ പലജാതി വൃക്ഷത്തൈകൾ വച്ച് പരിപാലിച്ചു പോന്നിരുന്നു അവൾ. നിർമലാനിലയം എന്ന് ഗെയ്റ്റിലെ പോക്കറ്റിൽ അവൾ കാലിഗ്രാഫി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ ചിരിച്ചു. പക്ഷെ അടുത്ത ഞൊടിയിൽ തന്നെ നിർമലാനിലയം അന്വേഷിച്ച് വരുന്ന ഒരപരിചിതൻ വഴിതെറ്റി എന്റെ ഓർമയിലേക്ക് കയറി. നിർമല അപ്പോഴാണ് ചിരിച്ചത്.
ചുറ്റുമതിലിനുമുകളിൽ കുപ്പിച്ചില്ലുകൾ തറയ്ക്കണമെന്ന് രാത്രിയിൽ നിർമല പറഞ്ഞു.
'ആരാണിവിടെ ഇപ്പോൾ മതിലുചാടാൻ ?'
ഞാൻ ആശ്ചര്യപ്പെട്ടു.
'ആ ഗെയ്റ്റ് എടുത്തുചാടാൻ കെൽപ്പുള്ളവർ മാത്രം ഇങ്ങോട്ട് കടന്നാൽ മതി. അല്ലാത്തവരൊക്കെ കുറച്ചു ചോര കാണട്ടെ..'
നിർമല ചിരിച്ചുകൊണ്ടാണത് പറഞ്ഞത്. അവളുടെ ചിരിയുടെ മൂർച്ച തട്ടി മുറിഞ്ഞ കാലങ്ങളെ അപ്പോൾ ഞാനോർത്തു. പക്ഷെ, നിർമല കാര്യമായിട്ടായിരുന്നു. പിറ്റേന്ന് തന്നെ പണിക്കാർ വന്നു. കിങ്ഫിഷർ ബോട്ടിലുകൾ ചാക്കുകളിലിട്ട് ചില്ലുടച്ചെടുത്ത്, അവർ ചാന്ത് പൂശിയ മതിൽക്കെട്ടിനുമുകളിൽ നിരത്തി. അതിർത്തികളിലെ ഈ സുരക്ഷ അകാരണമായ അശാന്തികളുടെ വിന്യാസമാണെന്ന് ഞാൻ ചൊടിച്ചു. നിർമല പക്ഷെ അതൊന്നും ചെവിക്കൊണ്ടില്ല.
'ഒരുമിച്ച് ആസ്വദിച്ച ലഹരികളുടെ ഓർമകളെന്ന് സമാധാനിക്കു..'
അവൾ തോളിൽ കൈവച്ച് പറഞ്ഞു. മതിലുകൾ കവച്ചുചാടിയ പ്രണയപ്പാതിരകൾ അപ്പോൾ അവളുടെ കണ്ണുകളിറങ്ങി വന്നു. അവ ഓരോന്നും ഒരപരിചിതനെയെന്ന പോലെ എന്നെ നോക്കി. കുപ്പിച്ചില്ലുകൾക്കിടയിൽ പായലുകൾ വളരുന്ന കാലത്തോളം നിർമലാനിലയത്തിലെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം നീണ്ടുപോയി.
നിർമല ഗെയ്റ്റിനിരുവശത്തും മണിപ്ലാന്റുകൾ നട്ടു. അതിന്റെ ഇളംപച്ച നാമ്പുകളെ അവൾ ഗെയ്റ്റിന്റെ അഴികളിലേക്ക് ആകർഷിച്ച് പടർത്തി. കറുത്ത ഉരുളൻ അഴികളെ ആശ്ലേഷിച്ചുപടരുന്ന മണിപ്ലാന്റ് വള്ളികൾക്കിടയിൽ തെരുപ്പിടിപ്പിച്ച് നിർമല മണിക്കൂറുകൾ നിന്നു. അപ്പോഴാ വള്ളികളെല്ലാം അവളുടെ രക്തം വഹിക്കുന്നതുപോലെ തുടിച്ചു. അവളെന്തിനാണ് ഇങ്ങനെ വിചിത്രമായൊരു ദിനചര്യയിൽ മുഴുകുന്നതെന്ന് ഞാൻ ആലോചിച്ചു. വീടിനെയും ഭർത്താവിനെയും പരിപാലിക്കുന്നതിനേക്കാൾ ഒരു പുരാതനമായ ഇരുമ്പുപടിവാതിലിനെ തൊട്ടുംതലോടിയും ദിവസങ്ങൾ കഴിക്കുന്ന നിർമല എന്ന പരവേശപ്പെടുത്തിക്കൊണ്ടിരുന്നു . അവൾ അതിന്റെ ആഴികളിലും പൊഴികളിലും എണ്ണയിട്ട് മിനുക്കി. സ്ഫടികക്കിളിവാതിലുകൾ തുടച്ചുവെടിപ്പാക്കി. വിളക്കുകളിലെ പരുത്തിത്തിരികൾ മാറ്റി പുതിയവ വച്ചു. അതിനുള്ളിലെ എണ്ണക്കരി ഒപ്പിയെടുത്ത് കണ്ണെഴുതി!
'' എന്താണ് ഗെയ്റ്റിനോടിത്രയും പ്രേമം തോന്നാൻ ?''
ഒരു പ്രാതലിനിടയിൽ ഞാൻ ചോദിച്ചു. നിർമല ദോശയിലേക്ക് ചട്ടിണി വിളമ്പി എന്നെ നോക്കി.
'നിങ്ങൾക്ക് ആസൂയ തോന്നുന്നുണ്ടോ ?''
അവളുടെ മറുചോദ്യം എന്നെ അസ്വസ്ഥനാക്കി.
'' സമാധാനപ്പെടു.. എനിക്ക് നിങ്ങളോട് മാത്രമേ പ്രേമമുള്ളു ''

അവൾ ദോശക്കഷ്ണം ചട്ടിണിയിൽ കുഴച്ച് എനിക്ക് നേരെ നീട്ടി.
പുതിയ വീട്ടിൽ ഞങ്ങൾക്ക് സന്ദർശകർ കുറവായിരുന്നു. പക്ഷെ ഓരോ തവണയും ഗെയിറ്റിനടുത്തുള്ള മണിമുഴങ്ങുമ്പോൾ നിർമല ആകാംഷയോടെ പുറത്തേക്കോടി. നിരാശയോടെയായിരുന്നു അവളെപ്പോഴും മടങ്ങി വന്നിരുന്നത്. ആരെയായിരിക്കും നിർമല പ്രതീക്ഷിക്കുന്നത്? ഞാൻ പടിവാതിലുകളോടുള്ള പ്രേമത്തെ പറ്റി അൽപം ഗവേഷണം നടത്തി. അടച്ചിട്ട വാതിലുകളോടുള്ള ഭയത്തെ കുറിച്ചല്ലാതെ പ്രേമത്തെ സംബന്ധിച്ച യാതൊന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ആരായിരിക്കാം പൗരാണികമായ ഈ പടിവാതിൽ തുറന്ന് നിർമലയെ കാണാൻ വരുന്നത്?
നിർമല ഒരു ചാരുകസേരയിട്ട് ഗെയിറ്റിന് മുന്നിൽ തന്നെയിരുന്നു. അവളുടെ മടിയിൽ ബംഗാളിനോവലുകൾ വന്നുപോയിക്കൊണ്ടിരുന്നു. വെയിലിന്റെ ചീളുകളും കാറ്റിന്റെ സുഗന്ധങ്ങളും അവളെ സന്ദർശിച്ച് മടങ്ങിപ്പോയി.
''എന്തിനാണ് ഇവിടെ തന്നെയിരിക്കുന്നത് ?''
''ഞാനൊരു കാവൽക്കാരന്റെ പണി കൂടി ചെയ്യുകയാണെന്ന് സമാധാനിക്കു..''
അവൾ പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ പിറുപിറുത്തു.
ഞാൻ അവൾക്ക് പിന്നിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻപടിവാതിലിലേക്ക് നോക്കി. അതിന്റെ ഗതകാലപ്രൗഢി എന്നെ അലോസരപ്പെടുത്തി. ആരുടെയോ കാലൊച്ചകൾ അടുത്തടുത്ത് വരുന്നത് പോലെ എനിക്കനുഭവപ്പെട്ടു.
''ആരാണ് വരുന്നത് ?''
ഞാൻ നിർമലയെ നോക്കി. അവളവിടെ ഉണ്ടായിരുന്നില്ല!
നേരം പാതിരാത്രി പിന്നിട്ടിരുന്നു. നിർമല ഉറക്കത്തിൽ നിന്ന് എന്നെ തട്ടിവിളിച്ചു. എഴുന്നേൽക്കും മുമ്പേ.. അവളെന്നെ ആഴത്തിലുള്ളൊരു ചുംബനത്തിൽ കോർത്തു കഴിഞ്ഞിരുന്നു. ഞങ്ങൾ കിതപ്പിന്റെ കട്ടിൽപ്പടികൾ താണ്ടി..
''പുറത്ത്.. പുറത്ത്..''
എന്നവൾ കിതക്കുന്നുണ്ടായിരുന്നു. ചുംബനത്തിന്റെ ദൈർഘ്യത്തിൽ കാലുകൾ ചലിക്കുന്നത് എനിക്കറിയാൻ സാധിച്ചില്ല. കണ്ണുതുറക്കുമ്പോൾ അവൾ ഗെയ്റ്റിനോട് മുഖം ചേർത്ത് നിൽക്കുകയാണ്. നിർമലയുടെ സമൃദ്ധമായ പിൻഭാഗം എന്നെ മാടിവിളിക്കുന്നതുപോലെ തോന്നി. ഞങ്ങളുടെ ആകാശം വിളറിയ പ്രകാശം പൊഴിച്ചു. നിർമല അഴികളിൽ മുറുകെ പിടിച്ച് കിതച്ചു. ഗെയ്റ്റിലെ അലങ്കാരമണികൾ വിചിത്രസ്വരങ്ങളിൽ കിലുങ്ങി. രാത്രിയും രതിയും അവസാനിക്കാത്തതെന്തെന്ന് ഞാൻ പരിഭ്രമിച്ചു. പെട്ടന്ന് പുറത്ത് മണിശബ്ദം മുഴങ്ങി .
'' ആരാണ് ?''
എന്റെ ശബ്ദം അവളുടെ ചെവിയിൽ കിതച്ചുവീണു. ''
''സമാധാനിക്കു.''
നിർമലയുടെ നഗ്നശരീരം എന്നിൽ നിന്ന് വേർപെട്ട് മണിപ്ലാന്റ് വള്ളികളിൽ വിരിഞ്ഞു!
നിർമലയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ഗെയ്റ്റിനു മുന്നിലെ ചാരുകസേരയിൽ ശാന്തമായി ഉറങ്ങുന്ന മട്ടിൽ അവൾ മരിച്ചുകിടന്നു. ഉറക്കത്തിൽ മരിച്ചുപോകാൻ മാത്രം ദുർബലമായിരുന്നില്ല അവളുടെ ഹൃദയമെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. അദേഹം എന്നെ സമാധാനിപ്പിച്ചു. വീട്ടിൽ തിരിച്ചെത്തുമ്പോൾ ഉച്ച പിന്നിട്ടിരുന്നു. ശരീരം ദഹിപ്പിച്ചു കളയരുതെന്ന് അവൾ പറഞ്ഞ രാത്രി മരണവീട് തേടിവന്നവർക്കൊപ്പം ഓർമയിലേക്ക് വന്നു. അന്നാണ് ഞങ്ങളുടെ വീടിന്റെ പടിവാതിൽ ഏറ്റവും കൂടുതൽ സമയം തുറന്നുകിടന്നതെന്ന് ഞാനോർത്തു. അവളുടെയും എന്റെയും സുഹൃത്തുക്കൾ മാത്രമാണ് വന്നത്. ആ കൂട്ടത്തിൽ അവൾ പ്രതീക്ഷിച്ചിരുന്ന ആൾ ഉണ്ടാകുമോ? വന്നുപോയ മനുഷ്യരിലെല്ലാം ഒരു അപരിചിത മുഖം ഞാൻ തിരഞ്ഞു. മരിച്ചിട്ടും നിർമല ഒളിപ്പിക്കുന്ന രഹസ്യം ഈ പുരയിടത്തിലെവിടെയോ എന്നെ നിരീക്ഷിച്ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഇനിയുള്ള ജീവിതം മുഴുവൻ അതെന്നെ അലോസരപ്പെടുത്താൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. ജീവിതത്തിൽ ആദ്യമായി എനിക്കവളോട് വെറുപ്പുതോന്നി.
എന്റെ കൂട്ടുകാരികളാണ് അവളെ കുളിപ്പിച്ചത്. അവരവളെ എന്നത്തേതിലും സുന്ദരിയായി ഒരുക്കി. കരിനീല നിറമുള്ള പട്ട് സാരി ഉടുപ്പിച്ചു. അവസാനത്തെ ചുംബനത്തിന് ചുണ്ടടുപ്പിച്ചപ്പോൾ അവൾ ഇളകിയതു പോലെ എനിക്കനുഭവപ്പെട്ടു. നിർമല നട്ടുവളർത്തിയ അശോകത്തിന്റെ ചുവട്ടിൽ തന്നെയാണ് കുഴിയെടുത്തത്. അവളുടെ ആൺസുഹൃത്തുക്കൾ ഏറ്റവും അരുമയോടെ അവളെ അതിനുള്ളിൽ കിടത്തി. മണ്ണിന്റെ അടരുകൾ നിർമലയുടെ മുകളിൽ നിറഞ്ഞു. അപ്പോഴും അപരിചിതമായ ഒരു കരം ഒരു പിടി മണ്ണുമായി നീണ്ടുവരുന്നത് കാണാൻ ഞാൻ നിറഞ്ഞ കണ്ണുകൾ തുറന്നുപിടിച്ചു.
നിർമലയുടെ മരണശേഷം ആ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കേണ്ടെന്ന് സുഹൃത്തുക്കൾ എന്നെ ഉപദേശിച്ചു. പക്ഷെ ആരോ ഇവിടേക്ക് വരാനുണ്ടെന്നൊരു ചിന്ത എന്റെയുള്ളിൽ അതിനോടകം വളർന്നു തുടങ്ങിയിരുന്നു. നിർമലയുടെ മണിപ്ലാന്റ് വള്ളികൾ പോലെ അതെന്റെയുള്ളിൽ പടർന്ന്, ചലിക്കാൻ സാധിക്കാത്ത വിധം എന്നെ പിടിച്ചുവച്ചു. നിർമലാനിലയത്തിന്റെ അടഞ്ഞ ഗെയ്റ്റിനു പിന്നിലെ ചാരുകസേരയിൽ, ഞാൻ ദിവസങ്ങളെണ്ണി ഇരുന്നു. വീട് മാറാലയും ചിതലും കയറി ദ്രവിക്കുന്നത് ഞാൻ ശ്രദ്ധിച്ചതേയില്ല. എന്റെ തൊലിപ്പുറത്തു നിന്ന് ശൽക്കങ്ങൾ അടർന്നുപോകാൻ ആരംഭിച്ചു. രാത്രിയിൽ ഗെയ്റ്റിനുമുകളിലെ സ്ഫടികവിളക്കുകൾ സ്വയം പ്രകാശിക്കുന്നത് നോക്കി ഞാനിരുന്നു. അതെന്നെ ഭയപ്പെടുത്തിയതേയില്ല. ഞാനും ഈ വീടും മണ്ണടിഞ്ഞാലും, ഈ വൃക്ഷങ്ങളും ആകാശവും മറഞ്ഞുപോയാലും, ലോകം തന്നെ അവസാനിച്ചാലും ഈ പടിവാതിൽ അനേകകാലത്തേക്ക് ഇവിടത്തന്നെ നിലകൊള്ളാൻ നിശ്ചയിച്ചിട്ടുള്ളതാണെന്ന് എനിക്ക് തോന്നി. കാറ്റടിച്ചില്ലെങ്കിലും അതിലെ അലങ്കാരമണികൾ എന്നോട് സംസാരിച്ചു. എനിക്കത് മനസ്സിലായതേ ഇല്ല. ഞാൻ പ്രതീക്ഷ കൈവിട്ടില്ല. നിർമല പ്രതീക്ഷിക്കുന്ന ആൾ വരാറായിരിക്കുന്നെന്ന് മനസ്സ് പറയാൻ തുടങ്ങി. തൊലിപ്പുറത്തു നിന്നും പാറുന്ന ശൽക്കങ്ങൾ ആശോകത്തെച്ചിയുടെ മണമുള്ള കാറ്റിൽ ലയിച്ചു.
അന്നു രാത്രിയിൽ നായ്ക്കൾ ഗെയ്റ്റിന് സമീപം നിന്ന് വല്ലാതെ കുരയ്ക്കുകയും, നിലം മണപ്പിക്കുകയും, മണ്ണ് മാന്തുകയും ചെയ്തപ്പോൾ ഞാൻ ഉറക്കം വിട്ടെഴുന്നേറ്റു. പൗർണമിയുടെ വെളിച്ചത്തിൽ ഒഴുകുന്ന ഒരു കെട്ടുവള്ളം പോലെ, പുരാതനമായ ആ പടിവാതിൽ. അതിനു ചുവട്ടിൽ നാലുവേദങ്ങൾ എന്നപോലെ നാല് നായ്ക്കൾ. ഞാൻ നിലാവിലേക്കിറങ്ങി, വെളിച്ചത്തിലേക്ക് തുഴകൾ കണക്കെ കൈകളെറിഞ്ഞ് നടന്നു. നായ്ക്കൾ അനങ്ങിയില്ല. ഒരഞ്ചാമനെ കൂട്ടുകിട്ടിയ മട്ടിൽ അവ എന്നെ മണപ്പിച്ചു. ഞാൻ അവരോടൊപ്പം മണ്ണുതുരന്നു. മണിപ്ലാന്റ് വള്ളികളുടെ വേരുകളും കടന്ന് ആഴം തിരഞ്ഞ് വിരലുകൾ നീന്തി. നായ്ക്കളുടെ അണപ്പും ഭീതിനിറഞ്ഞ കണ്ണുകളും എന്നെ വട്ടംചുറ്റി. അവ കുരച്ചപ്പോഴും, പിന്നോട്ട് പകച്ചു മാറിയപ്പോഴും ഞാൻ നിർത്തിയില്ല. ഭ്രാന്തമായ പ്രതീക്ഷയോടെ, ആകാംഷയോടെ ഞാൻ മണ്ണിനുള്ളിലേക്ക് കടന്നു. കരിനീലപട്ടുസാരിയാണ് ആദ്യം തെളിഞ്ഞത്. പരിചിതമായ കൈകളും ഉടലും മുടിയിഴകളും വിരലുകളിൽ തടഞ്ഞു. നിർമലയുടെ ശരീരം ദ്രവിച്ചു തുടങ്ങിയിരുന്നു. ഗെയ്റ്റിന്റെ അഴികളിൽ നിന്നിറങ്ങിവന്ന മണിപ്ലാന്റ് വള്ളികളുടെ വേരുകൾ അവളുടെ ഉടലിലേക്കിറങ്ങിയിരിക്കുന്നു. ആ കിടപ്പിലും അവൾ ആരെയോ പ്രതീക്ഷിക്കുന്നതു പോലെ എനിക്ക് തോന്നി.
'' ആരാണ് വരാനുള്ളത്..? നിർമലേ..? ''
ഞാൻ അവളെ പിടിച്ചു കുലുക്കിക്കൊണ്ട് ആക്രോശിച്ചു. അപ്പോൾ ഗെയ്റ്റിന് മറുപ്പുറം മണി മുഴങ്ങി! ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അത്രയും കാലം കാത്തിരുന്ന ആൾ വന്നു കഴിഞ്ഞിരിക്കുന്നു. സ്ഫടിക വിളക്കുകളുടെ പ്രകാശം ഉച്ചസ്ഥായിലെത്തി. ഞാൻ തഴുതുകൾ മാറ്റി. രണ്ടു പൊളികളും വലിച്ചകറ്റി! എന്റെ നിരാശയെ കവച്ച് നായ്ക്കൾ ശൂന്യതയിലേക്ക് ഓരിയിട്ടു കൊണ്ട് ഓടിപ്പോയി! ഞാൻ തിരിഞ്ഞു കുഴിയിലേക്ക് നോക്കി. നിർമല അവിടെ ഇല്ലായിരുന്നു! ഗെയ്റ്റിന്റെ തപാലുകൾ സൂക്ഷിക്കുന്ന അറയിൽ നിന്ന് ഒരു കടലാസുകഷ്ണം പുറത്തേക്ക് തള്ളിനിന്നു. വിറപൂണ്ട കൈകളോടെ മടക്കുകൾ നിവർത്തി ഞാൻ കണ്ണോടിച്ചു. കറുത്ത നിറത്തിൽ കാലിഗ്രാഫി ചെയ്ത അക്ഷരങ്ങൾ!
''എത്രകാലമായി ഞാൻ കാത്തിരിക്കുന്നു. ഇനി സമാധാനത്തോടെ ഈ പടിവാതിൽ തുറന്ന് അകത്തേക്ക് വരൂ..''
Published: 18 Aug 2026, 01:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented