ന്ത്യക്കകത്തും വിദേശത്തും വിവിധ സർവകലാശാലകളിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചിരുന്ന, ഒട്ടേറെ ഗ്രന്ഥങ്ങളെഴുതിയ ഡോ. വി. സുകുമാരൻ മലയാളത്തിലെ ഒരു ആഴ്ച്ചപ്പതിപ്പിൽ 'ഓപ്പൺ വിൻഡോ' എന്ന പേരിൽ ഒരു കോളം ചെയ്തിരുന്നു. ആ തുറന്ന ജാലകത്തിലൂടെയാണ് ഞാൻ ലിഡിയ ഡേവിസിനെ ആദ്യം കാണുന്നത്.

To advertise here,

2013-ലാണ് ലിഡിയ ഡേവിസിനു മാൻ ബുക്കർ പ്രൈസ് ലഭിക്കുന്നത്. ഈ വലിയ പുരസ്‌കാരം ഏറ്റവും കുറിയ കഥകളെഴുതി വായനക്കാരെ വിസ്മയിപ്പിച്ച ലിഡിയ ഡേവിസിന് ലഭിച്ചപ്പോൾ ഓപ്പൺ വിന്റോ എന്ന കോളത്തിൽ വി. സുകുമാരൻ എഴുതിയ ലേഖനത്തിൽ ഇങ്ങനെയൊരു വാചകമുണ്ടായിരുന്നു. 'ലിഡിയയുടെ കഥകൾ വായിക്കുമ്പോൾ നാം ബൻഫൂലിനെ ഓർക്കും. ചിലപ്പോൾ പി.കെ. പാറക്കടവിനെയും.' (ഒറ്റവരിക്കഥ -ഓപ്പൺ വിന്റോ -ദേശാഭിമാനി വാരിക 2013 ജൂൺ 16) അതിനു ശേഷമാണ് The Collected Stories of Lidiya Davis ഞാൻ സ്വന്തമാക്കുന്നത്. ചെറുത് വലുതാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഈ എഴുത്തുകാരിയുടെ ഈ വലിയ സമാഹാരം നാല് പുസ്തകങ്ങൾ ഒറ്റ പുസ്തകമാക്കിയതാണ് (Break it down, Almost no memory, Samuel Johnson is indignant, Varieties of disturbance എന്നിവ).

ചെറിയ ചെറുകഥ എത്ര ചെറുതാണ് (How short is the short-short stories?) എന്ന് ചോദിക്കുന്നവരോട് ഈ അമേരിക്കൻ എഴുത്തുകാരി പറയും. ഒറ്റ വരി. ലിഡിയയുടെ ഏറ്റവും നീണ്ട കഥകൾ പോലും രണ്ടോ മൂന്നോ പേജിൽ അധികം വരില്ല. വിവർത്തന മേഖലയിലും ഏറെ ശ്രദ്ധ നേടിയ എഴുത്തുകാരിയാണ് ഇപ്പോൾ ന്യൂയോർക്കിൽ താമസിക്കുന്ന എഴുപത്തിയെഴ് വയസ്സുള്ള ലിഡിയ ഡേവിസ്. ദാർശനികാത്മകവും ആക്ഷേപ ഹാസ്യവും മാനുഷികവുമായ രചനകളാണ് ലിഡിയ ഡേവിസിന്റെതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ലിഡിയ ഡേവിസിന്റെ 'വസന്ത വിഷാദം'എന്ന കഥ ഇങ്ങനെ:

'വളരെ വേഗത്തിൽ ഇലകൾ വളർന്ന് വലുതാകുന്നതിൽ ഞാൻ ആഹ്ലാദവതിയാണ്. പെട്ടെന്ന് അവ അയൽവാസിയെയും അവളുടെ കരയുന്ന കുഞ്ഞിനേയും മറച്ചു വെക്കും.'
ഇലകൾക്കപ്പുറം മനസ്സിന്റെ ഒരു ലോകം ഇവിടെ നാം കാണുന്നു.
'ബസിന്റെ പുറകിൽ,
കുളിമുറിക്കുള്ളിൽ,
ഈ ചെറിയ നിയമവിരുദ്ധ യാത്രക്കാരൻ
ബോസ്റ്റനിലേക്കുള്ള വഴിയിൽ.' ഈച്ച എന്ന കഥയും

'അവൻ പറയുന്നു:
'ഞാൻ നിന്നെ ആദ്യമായി കണ്ടപ്പോൾ നീ ഇത്രയും വിചിത്രമായി മാറുമെന്ന് ഞാൻ കരുതിയതേയില്ല 'എന്ന്' ഏതാണ്ട് കഴിഞ്ഞു, എന്താണ് വഴി' എന്ന കഥയും നാം വായിക്കുമ്പോൾ കഥ ഇങ്ങനെയോ എന്ന് ചില വായനക്കാർ അമ്പരന്ന് കൂടെന്നില്ല. ലിഡിയ ഡേവിസിന്റെ ചില കഥകളൊക്കെ തലക്കെട്ടുകളേക്കാൾ ചെറുതാണെന്നത് നമ്മുടെ യാഥാസ്ഥിതിക വായനക്കാരെ അത്ഭുതപരതന്ത്രരാക്കും.

'ഉപരോധിച്ച വീട്ടിൽ' എന്ന മറ്റൊരു കഥ ഇങ്ങനെ:
'ഉപരോധിച്ച ഒരു വീട്ടിൽ പുരുഷനും സ്ത്രീയും താമസിച്ചിരുന്നു. അടുക്കളയിൽ പേടിച്ച് നിന്ന പുരുഷനും സ്ത്രീയും ചെറിയ ഒരു സ്‌ഫോടന ശബ്ദം കേട്ടു.
'കാറ്റാണ് ' സ്ത്രീ പറഞ്ഞു.
'വേട്ടക്കാർ 'പുരുഷൻ പറഞ്ഞു.
'മഴ' സ്ത്രീ പറഞ്ഞു.
'സൈന്യം 'പുരുഷൻ പറഞ്ഞു.
സ്ത്രീക്ക് വീട്ടിൽ പോകണം എന്നുണ്ടായിരുന്നു. എന്നാൽ അവൾ ഇതിനകം വീട്ടിലായിരുന്നു. രാജ്യത്തിന്റെ നടുവിൽ ഉപരോധിച്ച ഒരു വീട്ടിൽ.'

ഫിക്ഷന്റെ ശേഷിക്കുന്ന സാധ്യതകളുടെ യഥാർത്ഥ വെളിപ്പെടുത്തലാണ് ലിഡിയ ഡേവിസിന്റ രചനകൾ എന്ന് ഫിലിപ്പ് ഹെൻഷർ (Philip Hensher)നിരീക്ഷിച്ചിട്ടുണ്ട്. ലിഡിയ ഡേവിസിനെപ്പോലുള്ളവരുടെ രചനകൾ വായിക്കുമ്പോൾ അവർ വാക്കുൾക്കിടയിൽ പൂരിപ്പിക്കാതെ വിട്ടയിടങ്ങൾ പൂരിപ്പിക്കാൻ നിർബന്ധിതരാവുകയാണ് വായനക്കാർ. വായനയും സർഗാത്മകമാവുന്നത് ഇങ്ങനെയാണ്.

ഒറ്റ വായനയിൽ വിരസമെന്നു തോന്നാവുന്ന കഥകൾ വീണ്ടും വായിക്കുമ്പോൾ പുതിയ അർത്ഥതലങ്ങളിൽ എത്തിച്ചേർന്ന അനുഭവം നമുക്കുണ്ടാകുന്നു. ദൈനംദിന ജീവിതത്തിലെ ചില വിരുദ്ധ ഭാവങ്ങൾ അവർ വരച്ചിടുകയാണ്.

'വാക്കുകളുടെ മിതവ്യയത്തിൽ സ്വാതന്ത്ര്യവും വിശാലതയും ഉണ്ടാകാം, കാരണം വളരെക്കുറച്ചു പറയുമ്പോൾ ഒരാൾ പറഞ്ഞ കാര്യങ്ങൾ വലുതാക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന് ലഭിക്കുന്നു.' ഒരഭിമുഖത്തിൽ ലിഡിയ ഡേവിസ് പറയുന്നുണ്ട്. 'ഒരൊറ്റ വാക്കിൽ അടങ്ങിയിരിക്കുന്ന അർത്ഥത്തിൽ സ്‌ഫോടനാത്മകതയുണ്ടെന്നു ഞാൻ കണ്ടെത്തുന്നു.' ലിഡിയയുടെ ഈ കുഞ്ഞുകഥകളെ കവിതകളെന്നു വിളിക്കുന്നവരുണ്ട്.

പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച 734 പേജുകളുള്ള ലിഡിയ ഡേവിസിന്റെ ഈ ചെറിയ വലിയ കഥാലോകത്തിലൂടെ സഞ്ചരിച്ചപ്പോൾ ബോധ്യം വന്നത് ചട്ടികളിൽ വളർത്തുന്ന ബോൺസായി ചെടിയല്ല ചെറിയ കഥ എന്നാണ്. കഥയും കവിതയുമല്ലാത്ത മറ്റെന്തോ ഒന്ന്. ജീവിതത്തോട് അടുത്ത് നിൽക്കുന്നത്.