എന്റെ അഭിപ്രായത്തില്‍ 
എനിക്കു ഭ്രാന്തു വന്നത്...

To advertise here,

എന്റെ അഭിപ്രായത്തില്‍ എനിക്ക് ഭ്രാന്തു വന്നത് അപ്പച്ചന്റെ, അതായത് മമ്മയുടെ അപ്പച്ചന്റെ കടന്നുപോവലോടെയാണ്. അപ്പച്ചന്‍ മരിക്കുകയായിരുന്നില്ല, കടന്നുപോവുകയായിരുന്നു.
തുടക്കം ഇങ്ങനെയായിരുന്നു.
രണ്ടു കാര്യങ്ങള്‍ക്കായി എനിക്ക് എന്നെത്തന്നെ ഒരുക്കേണ്ടതുണ്ടായിരുന്നു.

1. അപ്പച്ചന്റെ കടന്നുപോകല്‍
2. എന്റെ ഒറ്റപ്പെടല്‍.

 

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സന്ധ്യാമേരിയുടെ പ്രഥമനോവല്‍ 'മരിയ വെറും മരിയ' ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ജയശ്രീ കളത്തില്‍ ആണ്. മരിയ ജസ്റ്റ് മരിയ എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോവല്‍ ജെസിബി പുരസ്‌കാരപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. ആഖ്യാനം കൊണ്ടും പ്രമേയം കൊണ്ടും തികച്ചും വ്യത്യസ്തത പുലര്‍ത്തിയ നോവലില്‍ നിന്നുള്ള ഒരു അധ്യായം.
 

'ഇക്കാലമത്രയും ഒന്നിച്ചാണെങ്കിലും അല്ലെങ്കിലും അപ്പച്ചന്റെ ആത്മാവ് എന്റെകൂടെയുണ്ടായിരുന്നു. എനിക്കുവേണ്ടി വലിയ അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചില്ലെങ്കിലും ഞാന്‍ ഒറ്റയ്ക്കല്ലെന്ന് അപ്പച്ചന്‍ എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാവരെയുംപോലെ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ 
എനിക്കും ഉണ്ടായിരുന്നെങ്കിലും അപ്പച്ചനായിരുന്നു എന്റെ ജീവിതത്തിന്റെ ആണിക്കല്ല്. സത്യം പറഞ്ഞാല്‍ അപ്പച്ചന്റെ മരണത്തെക്കാളുപരി അടുത്തുവന്നുകൊണ്ടിരുന്ന എന്റെ അനാഥത്വമാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തിയത്. എന്റെ സ്വാര്‍ഥതയെപ്രതി കുറ്റബോധം തോന്നിയെങ്കിലും, അറിയാമല്ലോ, ഇത്തരം തോന്നലുകളൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. എന്റെ മുഖത്തെ ഭീകരത കണ്ടിട്ടാവണം അപ്പച്ചന്‍ പറഞ്ഞു, 'വിഷമിക്കണ്ട, ഞാന്‍ നിന്റെ കൂടെ എപ്പോഴും ഉണ്ടാവും, മരണശേഷവും.'

പ്രശ്‌നമെന്താണെന്നുവെച്ചാല്‍ ഞാന്‍ മരണാനന്തര ആത്മാക്കളെ കാര്യമായി എടുത്തിരുന്നില്ല. എന്നെ സംബന്ധിച്ച് അപ്പച്ചന്റെ ആത്മാവ് എന്നാല്‍ അപ്പച്ചന്റെ ഭൗതികശരീരത്തിനൊപ്പമുള്ളതുതന്നെയായിരുന്നു. മരണാനന്തര ആത്മാക്കളില്‍ വിശ്വസിച്ചിരുന്നുവെങ്കിലും അവയെ കുന്തത്തിനു പുറത്തു സഞ്ചരിക്കുന്ന തമാശജീവികളായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. കുന്തമുള്ളതുകൊണ്ട് അവയില്‍ എന്തെങ്കിലും ക്രൂരവികാരങ്ങളുള്ളതായിട്ടൊന്നും ഞാന്‍ കരുതിയിട്ടില്ല. വഴിയറിയാനുള്ള ഒരുപകരണം, അത്രേ ഞാന്‍ കുന്തത്തെപ്പറ്റി കരുതിയിട്ടുള്ളൂ. മാത്രവുമല്ല, മാത്തിരിവല്യമ്മച്ചിയുടെയും കുഞ്ചെറിയവല്യപ്പച്ചന്റെയും അന്നവല്യമ്മയുടെയും ആത്മാക്കള്‍ക്കൊന്നും സ്‌നേഹം, അനുകമ്പ തുടങ്ങിയ സദ്ഗുണങ്ങള്‍ ഉണ്ടാവില്ല എന്നതായിരുന്നു എന്റെ വിശ്വാസം. എന്നെ സംബന്ധിച്ച് അവര്‍ എന്നും തമാശജീവികളായിരുന്നു. പിന്നെ അപ്പച്ചന്‍ മാത്രം എങ്ങനെ വ്യത്യസ്തനാകും?

അപ്പച്ചന്‍ എന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു, 'നോക്ക് മരിയാ, ഞാന്‍ നിന്നെ വലിയൊരു ഉത്തരവാദിത്വമാണ് ഏല്പിക്കുന്നത്. നീ എന്നെ സുരക്ഷിതമായി അങ്ങേ ലോകത്തെത്തിക്കണം. നമ്മുടെ കുടുംബത്തില്‍പ്പെട്ട പലരെയും നീ കണ്ടെന്നിരിക്കും. അവരെയൊക്കെ വിട്ടേക്ക്. മാത്തിരിവല്യമ്മച്ചിയുടെ കൈയില്‍ മാത്രമേ നീയെന്നെ ഏല്പിക്കാവൂ. മനസ്സിലായോ?'
'ഉവ്വ് അപ്പച്ചാ.'
'എങ്കില്‍ മുറുക്കെ പിടിച്ചോ. നമ്മുടെ യാത്ര തുടങ്ങുകയായി.'
മരണസമയത്തുമുള്ള അപ്പച്ചന്റെ നാടകീയത എനിക്കിഷ്ടപ്പെട്ടു.

ആദ്യത്തെ ദിവസം ഞാന്‍ പ്രത്യേകിച്ചാരെയും കണ്ടില്ല. ഒരുപക്ഷേ ഞാന്‍ അങ്ങേ ലോകത്തിന്റെ ഗുരുത്വാകര്‍ഷണവലയത്തിനുള്ളില്‍ എത്തിപ്പെടാഞ്ഞതാകും കാരണം. അതുമല്ലെങ്കില്‍ അങ്ങേ ലോകത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തിട്ടുണ്ടാവില്ല.

മുഴുവന്‍ സമയവും അപ്പച്ചന്റെ കൈയില്‍ പിടിച്ചുകൊണ്ടിരുന്നതുകൊണ്ട് എനിക്ക് ഒന്നും ശരിക്കും കഴിക്കാന്‍ പറ്റിയിരുന്നില്ല. അമ്മച്ചി ഇടയ്ക്കിടയ്ക്ക് തന്നുകൊണ്ടിരുന്ന പലഹാരങ്ങള്‍ മാത്രമായിരുന്നു എന്റെ ഒരേയൊരാശ്വാസം. തികഞ്ഞ പ്രായോഗികവാദിയായ അമ്മച്ചി വീട്ടിലെ കാര്യങ്ങളൊക്കെ പതിവുപോലെ നടത്തിക്കൊണ്ടിരുന്നു, ഒരുപക്ഷേ പതിവിലും കാര്യക്ഷമമായി. കാരണം അപ്പച്ചന്റെ മരണം പ്രമാണിച്ച് മക്കളും കൊച്ചുമക്കളുമൊക്കെയായി ഒത്തിരിപ്പേര്‍ വീട്ടിലെത്തിയിട്ടുണ്ടായിരുന്നു. തന്റെ ഇത്രയും കാലത്തെ ജീവിതംകൊണ്ട് മരണം എന്നത് കുടുംബത്തില്‍ വല്ലപ്പോഴുമൊക്കെ സംഭവിക്കുന്ന സാധാരണകാര്യം മാത്രമാണെന്ന് അമ്മച്ചി മനസ്സിലാക്കിയിരുന്നു. നമുക്കു ചെയ്യാനുള്ളത് ഇത്രമാത്രമാണ്, മരിക്കുന്നവര്‍ക്ക് സമാധാനമായി മരിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക.

ഞാന്‍ ഫ്രീയായിട്ടുള്ള മറ്റേ കൈകൊണ്ട് അമ്മച്ചി തന്ന ഒരു നെയ്യപ്പം തിന്നുകയായിരുന്നു. അപ്പച്ചന്‍ കണ്ണു തുറന്നു നോക്കി തികച്ചും ഗൗരവമാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു, 'മരിയാ, ചെയ്യുന്ന ജോലിയോട് കുറച്ചുകൂടി ആത്മാര്‍ഥത കാണിക്കൂ.' കൈയിലിരുന്ന പകുതി കടിച്ച നെയ്യപ്പം എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ അപ്പച്ചനെയും നെയ്യപ്പത്തെയും മാറി മാറി നോക്കി. 'നീയത് തിന്നുതീര്‍ക്ക്. അല്ലെങ്കില്‍ നിന്റെ മനസ്സില്‍ എപ്പോഴും ആ നെയ്യപ്പമായിരിക്കും.' അതായിരുന്നു അപ്പച്ചന്റെ അവസാനവാക്കുകള്‍.

മാത്തിരിവല്യമ്മച്ചിയെ എനിക്കു കെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എന്റെ സങ്കല്പത്തിലുള്ള ആ കുസൃതിക്കാരിവല്യമ്മച്ചിക്കു പകരം ഞാന്‍ കണ്ടത് തികഞ്ഞ ഗൗരവക്കാരിയായ തീരേ അടുപ്പം തോന്നിക്കാത്ത ഒരു വൃദ്ധയെയായിരുന്നു.

മാത്തിരിവല്യമ്മച്ചിയെ കാണാന്‍ ഒരു രസവുമുണ്ടായിരുന്നില്ല. ശരിക്കും മാത്തിരിവല്യമ്മച്ചിയെ കാണാന്‍ രസമുണ്ടോ എന്നെനിക്കറിയില്ല. കാരണം ഞാന്‍ മാത്തിരിവല്യമ്മച്ചിയുടെ ഒരു പടംപോലും കണ്ടിട്ടുണ്ടായിരുന്നില്ല. തീര്‍ത്തും മനുഷ്യരൂപമായിരുന്നുവെങ്കിലും മാത്തിരിവല്യമ്മച്ചി എന്റെ ഓര്‍മയില്‍ ആദ്യം ഉണര്‍ത്തിയത് ETയിലെ ഏലിയന്‍ജീവിയുടെ മുഖമായിരുന്നു. പക്ഷേ ET ഏലിയന്റെ മുഖത്തുള്ള സോഫ്റ്റ്‌നെസ്സിനു പകരം മാത്തിരിവല്യമ്മച്ചിയുടെ മുഖത്ത് വല്ലാത്ത ഊഷരതയാണ് ഉണ്ടായിരുന്നത്. ഒപ്പം ഒരുമാതിരി പുകക്കാറ്റുപോലത്തെ മുഖഭാവവും.

ഞാന്‍ അപ്പച്ചന്റെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അവര്‍ ഇടപെട്ടു:
'എനിക്കറിയാം.'
'ഞാന്‍ വല്യമ്മച്ചിയുടെ കൊച്ചുമോളാ. അതായത് ഗീവര്‍ഗീസ് അപ്പച്ചന്റെ കൊച്ചുമോള്‍ മരിയ.'
'സാധനം ഇവിടെ വെച്ചിട്ടു പൊക്കോ.'
'എന്തു സാധനം?'
'നീ കൊണ്ടുവന്നിരിക്കുന്ന സാധനം.'
'അയ്യോ! അത് സാധനമല്ല, അതപ്പച്ചനാ!'
'അതേ, അതിവിടെ വെച്ചിട്ടു പൊക്കോളാനാ പറഞ്ഞത്.'
'പക്ഷേ, അപ്പച്ചന്‍ അതല്ല, അപ്പച്ചന്‍ അപ്പച്ചനാ!'
'മറ്റൊരാളുടെ സ്ഥലത്തു വരുമ്പോ അവര്‍ പറയുന്നത് മാനിക്കാന്‍ പഠിക്കണം. അതവിടെ വെക്കാന്‍ ഞാന്‍ പറഞ്ഞാല്‍ അതവിടെ വെച്ചാല്‍ മതി, മനസ്സിലായോ?'
'ഉവ്വ്, ദാ, അത്.'
ഉവ്വ് വല്യമ്മച്ചീ എന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും വീണ്ടും വല്ല നിയമവും തെറ്റിച്ചെങ്കിലോ എന്നു പേടിച്ച് ഞാന്‍ ഉവ്വ് എന്നുമാത്രമേ പറഞ്ഞുള്ളൂ.
വല്ലാത്ത കാറ്റു വീശിക്കൊണ്ടിരുന്ന മരുഭൂമിപോലുള്ളൊരു പ്രദേശമായിരുന്നു അത്. ഞാന്‍ അവിടെ കണ്ട കാഴ്ചകളൊക്കെയും ദ്വിമാനങ്ങളായിരുന്നു. കാഴ്ചകള്‍ അഥവാ ഇമേജുകളാണെങ്കില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കാള്‍ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും പുതിയ ഇമേജുകള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്തു. ആകാംക്ഷ അടക്കാന്‍വയ്യാതെ ഞാന്‍ മാത്തിരിവല്യമ്മച്ചിയോടു ചോദിച്ചു,
'എന്താ ഇവിടെയെല്ലാം ദ്വിമാനങ്ങള്‍ ആയിരിക്കുന്നത്?'
'ഇവിടെ കാര്യങ്ങളൊക്കെ യഥാര്‍ഥങ്ങളാണ്. യാഥാര്‍ഥ്യങ്ങള്‍ക്ക് അത്ര ഭംഗിയുണ്ടാവില്ല. പക്ഷേ ദ്വിമാനത്തിന്റെ വ്യക്തത ഒരിക്കലും ത്രിമാനത്തിന് ഉണ്ടാവില്ല.'
സംഗതി സത്യമായിരുന്നു. കാര്യങ്ങള്‍ക്ക് വല്ലാത്തൊരു ക്ലാരിറ്റി ഉണ്ടായിരുന്നു. പക്ഷേ, ക്ലാരിറ്റിയുടെ കൂടുതല്‍കൊണ്ട് പലപ്പോഴും ഇമേജുകള്‍ കൃത്രിമമാണെന്ന തോന്നല്‍ ഉളവായി.

ആകാംക്ഷ വല്ലാതെ കൂടിയപ്പോള്‍ അറിയാതെ ഞാന്‍ അടുത്ത ചോദ്യവും ചോദിച്ചുപോയി,
'മാത്തിരിവല്യമ്മച്ചി പണ്ടേ ഇങ്ങനാണോ ഇരിക്കുന്നത്?'
പുകക്കണ്ണുകള്‍കൊണ്ട് എന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് വല്യമ്മച്ചി പറഞ്ഞു,
'ഞാന്‍ പറഞ്ഞല്ലോ, ഇവിടെ കാണുന്നതു മാത്രമാണ് യാഥാര്‍ഥ്യം. പണ്ടെങ്ങനെയായിരുന്നു എന്നതു പ്രശ്‌നമേയല്ല.'
മാത്തിരിവല്യമ്മച്ചി ഒരു പുകപോലെ തന്നെ മാഞ്ഞുപോയി. എനിക്ക് അപ്പച്ചനെ ഓര്‍ത്ത് സങ്കടം തോന്നി. അങ്ങേ ലോകം ഒരു ഗംഭീര സ്ഥലമാണെന്ന് ഉറപ്പായി വിശ്വസിച്ചിരുന്ന എന്റെ പാവം അപ്പച്ചന്‍. അതിലുപരി എനിക്ക് എന്നെയോര്‍ത്ത് സങ്കടം തോന്നി. ഞാന്‍ ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും വലിയ നിരാശ അതായിരുന്നിരിക്കണം.

ഇല്ലാതായ ഒരു മനോഹരസ്വപ്‌നമോര്‍ത്തു കരയുക എന്നതു മാത്രമായിരുന്നു എനിക്കു ചെയ്യാനുണ്ടായിരുന്നത്. ഇതിനോടകം അപ്പച്ചന്‍ എന്റെയുള്ളില്‍ 
അപ്പച്ചന്‍ എന്നതു മാറി ഒരു ചാക്കുകെട്ടുപോലെ എന്തോ ഒന്നായി മാറിക്കഴിഞ്ഞിരുന്നു. മാത്തിരിവല്യമ്മച്ചി പറഞ്ഞതുപോലെ ഒരു 'അത്.' ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ പോലെ വല്ലാതെ വ്യക്തതയുള്ള ആ സ്ഥലത്തിരുന്ന് ഞാന്‍ കരയാന്‍ തുടങ്ങി. പെട്ടെന്ന് മരണത്തിന്റെ സാന്നിധ്യം ഓര്‍മിപ്പിക്കുന്ന ചന്ദനത്തിരിയും കുന്തിരിക്കവും ഒക്കെ ചേര്‍ന്നുള്ള ആ വല്ലാത്ത മണം എന്റെ മൂക്കിലേക്കടിച്ചു കയറി. സാധാരണ ആ മണമടിക്കുമ്പോഴൊക്കെ എനിക്ക് 
തലകറക്കവും ബോധക്കേടും വരാറുണ്ട്. തീര്‍ത്തും അപരിചിതമായ ആ സ്ഥലത്തുവെച്ച് ബോധക്കേടു വരുന്നതോര്‍ത്ത് കരച്ചിലിനിടയിലും എനിക്ക് ഒരുമാതിരി കുണ്ഠിതവും അരക്ഷിതത്വവും തോന്നി.

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങയുടെ മുന്നില്‍ എത്തുമാറാകട്ടെ;
എന്റെ നിലവിളിക്കു ചെവി ചായ്‌ക്കേണമേ;
എന്റെ ആത്മാവ് ദുഃഖപൂര്‍ണമാണ്;
എന്റെ ജീവന്‍ പാതാളത്തിന്റെ വക്കിലെത്തിയിരിക്കുന്നു;
പാതാളത്തില്‍ പതിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നു;
എന്റെ ശക്തി ചോര്‍ന്നുപോയിരിക്കുന്നു;
മരിച്ചവരുടെയിടയില്‍ പരിത്യജിക്കപ്പെട്ടവനെപ്പോലെയും ശവകുടീരത്തില്‍ക്കിടക്കുന്ന വധിക്കപ്പെട്ടവനെപ്പോലെയും അങ്ങ് ഇനിയൊരിക്കലും ഓര്‍ക്കാത്തവനെപ്പോലെയും ഞാന്‍ അങ്ങില്‍നിന്നും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു;
അങ്ങ് എന്നെ പാതാളത്തിന്റെ അടിത്തട്ടില്‍ അന്ധകാരപൂര്‍ണവും അഗാധവുമായ തലത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു;
അങ്ങയുടെ ക്രോധം എന്നെ ഞെരിക്കുന്നു;
അങ്ങയുടെ തിരമാലകള്‍ എന്നെ മൂടുന്നു;
ദുഃഖംകൊണ്ട് എന്റെ കണ്ണു മങ്ങിപ്പോകുന്നു;
കര്‍ത്താവേ, എന്നും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
അങ്ങയുടെ സന്നിധിയിലേക്ക് ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നു;
മരിച്ചവര്‍ക്കുവേണ്ടി അങ്ങ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു;
നിഴലുകള്‍ അങ്ങയെ പുകഴ്ത്താന്‍ ഉണര്‍ന്നെഴുന്നേല്ക്കുമോ;
ശവകുടീരത്തില്‍ അങ്ങയുടെ സ്‌നേഹവും വിനാശത്തില്‍ അങ്ങയുടെ വിശ്വസ്തതയും പ്രഘോഷിക്കുന്നു;
മാത്തച്ചന്‍ കൊച്ചപ്പന്റെ കൊച്ചുമകള്‍ സിനി ഏറെ താളാത്മകമായി ബൈബിള്‍ വായിക്കുന്ന ശബ്ദമാണ് ഞാന്‍ ആദ്യം കേട്ടത്. ചന്ദനത്തിരിയും കുന്തിരിക്കവും മെഴുകുതിരിയുമൊക്കെ ഒന്നിച്ചു കത്തി വല്ലാത്ത പുക നിറഞ്ഞ അന്തരീക്ഷമായിരുന്നു അത്. അതെന്നില്‍ മനംപിരട്ടലുണ്ടാക്കി. പുകയ്ക്കിടയിലൂടെ ആളുകള്‍ തിരക്കുപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. ഏറെ കൊത്തുപണികളും അലങ്കാരങ്ങളുമുള്ള, പള്ളിയില്‍നിന്നും പ്രത്യേകമായി 
കൊണ്ടുവന്ന വലിയ ലോഹക്കുരിശുകള്‍ക്കിടയില്‍നിന്ന് മെഴുകുതിരികള്‍ വാശിയോടെ കത്തിക്കൊണ്ടിരുന്നു.

ഇതിനൊക്കെയിടയില്‍ പുകക്കാറ്റുപോലത്തെ മുഖഭാവവുമായി വെള്ള പുതച്ച് എന്റെ അപ്പച്ചന്‍ കിടന്നു. അപ്പച്ചനുവേണ്ടി ചെയ്യാന്‍ ഇനി യുദ്ധങ്ങളൊന്നും ബാക്കിയില്ലായിരുന്നു. അപ്പച്ചന്റെ ജീവിതം അവസാനിച്ചിരുന്നു, എന്റെയും.

'ഈ ലോകം യഥാര്‍ഥമല്ല. പക്ഷേ, യഥാര്‍ഥമായ ആ അങ്ങേ ലോകമുണ്ടല്ലോ, അതൊരു നശിച്ച ലോകമാ,' ഞാന്‍ അമ്മച്ചിയോടു വിളിച്ചുപറഞ്ഞു. പിന്നെ മുറ്റത്തേക്കോടി ആത്മാവ് വെളിയില്‍ വരുംവരെ ഓക്കാനിച്ചു. അപ്പോഴെനിക്ക് അസഹ്യമായ വിശപ്പു തോന്നി. ഞാന്‍ നേരേ അടുക്കളയിലേക്കോടി, കണ്ണില്‍ക്കണ്ടതെല്ലാം വലിച്ചുവാരിത്തിന്നു. ആ നിമിഷംമുതലാണ് മരിയയുടെ മനസ്സ് പൂര്‍ണമായും കൈവിട്ടുപോയി എന്ന് തനിക്ക് മനസ്സിലായതെന്ന് അമ്മച്ചി പറയുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി- ആ നശിച്ച നെയ്യപ്പത്തിനുശേഷം- ഞാന്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല എന്ന കാര്യം ഓര്‍ത്തിരുന്നെങ്കില്‍ എന്റെ ആര്‍ത്തി സ്വാഭാവികം മാത്രം എന്നമ്മച്ചി കണക്കാക്കിയിരുന്നേനേ. തിരിച്ചുവന്നപ്പോഴും പുകക്കാറ്റുപോലത്തെ മുഖഭാവവുമായി അപ്പച്ചന്‍ അവിടെ കിടപ്പുണ്ടായിരുന്നു. ഞാന്‍ ഭ്രാന്തുപിടിച്ചതുപോലെ അപ്പച്ചാ എന്നു വിളിച്ചുകൊണ്ട് ഓടിച്ചെന്ന് അപ്പച്ചനെ കെട്ടിപ്പിടിച്ചു. ആരും അത് കാര്യമായെടുത്തില്ല. മരണവീട്ടില്‍ കുറച്ചൊക്കെ നാടകീയത അനുവദനീയമാണല്ലോ.

അതിനുശേഷം ഞാന്‍ അപ്പച്ചനെ തൊട്ടതേയില്ല. കാരണം, അപ്പച്ചന്‍ അതായി മാറിക്കഴിഞ്ഞിരുന്നു. എനിക്കു തൊടാനോ അറിയാനോ പറ്റാത്തത്ര ദൂരത്തിലുള്ള ഒരു 'അത്.' ഞാന്‍ അപ്പച്ചനു ചുറ്റും ഇട്ടിരിക്കുന്ന കസേരകളിലൊന്നില്‍ അല്പം അകന്നുമാറി ഇരുന്നു. അമ്മച്ചിയുടെ അപ്പുറത്തും ഇപ്പുറത്തും കുടുംബത്തിലെ അകന്ന ബന്ധത്തില്‍പ്പെട്ട രണ്ടു വല്യമ്മമാര്‍ ഇരിപ്പുണ്ടായിരുന്നു. മരിച്ചത് ബന്ധുക്കളല്ലെങ്കില്‍ക്കൂടി കുടുംബാംഗങ്ങളോടൊപ്പം മുന്‍നിരയില്‍ ഇരിക്കുന്നത് ഒരു ശീലമാക്കി അല്ലെങ്കില്‍ ആചാരമാക്കി മാറ്റിയവരായിരുന്നു അവര്‍. എന്റെ മമ്മയും അപ്പച്ചന്റെ മറ്റു മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ഇരിക്കുന്നതും നടക്കുന്നതും ഞാന്‍ പുകപോലെ കണ്ടുകൊണ്ടിരുന്നു. പെട്ടെന്നാണ് സൂസന്നാന്റിക്കു പിറകിലായി അന്നവല്യമ്മ പരുങ്ങിനില്ക്കുന്നത് ഞാന്‍ കണ്ടത്. എന്നെ കണ്ടയുടനെ അന്നവല്യമ്മ എന്റെയടുത്തു വന്നിരുന്നു.

'ഏതാ ആ കൊച്ച്?' സിനിയെ ചൂണ്ടി അന്നവല്യമ്മ ചോദിച്ചു. 'സിനി. മാത്തച്ചന്‍ വല്യപ്പന്റെ കൊച്ചുമോള്,' ഞാന്‍ മറുപടി പറഞ്ഞു. അന്നവല്യമ്മ എന്നേ 
മരിച്ചുപോയിരുന്നു എന്ന് ഞാനും അന്നവല്യമ്മയും ഓര്‍ത്തതേയില്ല.

'അപ്പോ നീയേതാ?' അന്നവല്യമ്മ ചിന്നന്‍കാലത്ത് സ്ഥിരം എന്നോടു ചോദിച്ചുകൊണ്ടിരുന്ന ചോദ്യം വീണ്ടും ചോദിച്ചു. 'ഞാന്‍ മരിയ. അന്നയുടെ മോളാ.' അന്നവല്യമ്മ അതു വിശ്വസിച്ചതുപോലെ തോന്നി. കാരണം, 'ഞാനല്ലേ അന്ന, എനിക്കു മക്കളില്ലല്ലോ' എന്ന ചിന്നന്‍കാലത്തെ മറുചോദ്യം അന്നവല്യമ്മ തിരിച്ചുചോദിച്ചില്ല. 'പാവം ചേട്ടന്‍! ഈ ഭൂമീലെ ജീവിതംവെച്ച് എന്തായാലും സ്വര്‍ഗത്തില്‍ പോകണ്ടതാണ്. എന്നാലും മരിച്ചുകഴിഞ്ഞുള്ള കാര്യങ്ങള്‍ എന്തെന്നും ഏതെന്നും ആര്‍ക്കറിയാം!' മരിച്ചുകിടക്കുന്നത് അപ്പച്ചനല്ല, അപ്പച്ചന്റെ അപ്പന്‍ കുഞ്ചെറിയവല്യപ്പച്ചനാണ് എന്നാണ് അന്നവല്യമ്മ കരുതിയിരിക്കുന്നത് എന്നെനിക്കു മനസ്സിലായി. അന്നവല്യമ്മയുടെ ചിന്നന് ഒരു കുറവുമില്ല! 'നീ പോയി അടുക്കളയില്‍നിന്ന് എനിക്കിത്തിരി കഞ്ഞാളം എടുത്തോണ്ടു വാ,' കഞ്ഞാളംവല്യമ്മ എന്നു നാടുനീളെ അറിയപ്പെട്ടിരുന്ന അന്നവല്യമ്മ എന്നോടു പറഞ്ഞു. അതൊരു മരണവീടായതുകൊണ്ട് ചോറുണ്ടാക്കുകയില്ലെന്നും അതുകൊണ്ടുതന്നെ കഞ്ഞിവെള്ളം ഉണ്ടാവില്ലെന്നും ഞാന്‍ അന്നവല്യമ്മയോടു പറഞ്ഞു. അതു കേട്ടപ്പോള്‍ അന്നവല്യമ്മയ്ക്ക് വലിയ വിഷമമായി. 'കഞ്ഞാളം കുടിക്കാതെ എനിക്കു ജീവിക്കാന്‍ കഴിയില്ലെന്ന് നിനക്കറിയില്ലേ?' അന്നവല്യമ്മ ആവശ്യത്തില്‍ക്കൂടുതല്‍ കടുപ്പത്തോടെ എന്നോടു ചോദിച്ചു. ഞങ്ങളുടെ വര്‍ത്തമാനത്തിനിടയ്ക്ക് അമ്മച്ചി എന്റെയടുത്തു വന്ന് ആരോടാണു സംസാരിക്കുന്നതെന്നു ചോദിച്ചു. അന്നവല്യമ്മയോട് എന്നു പറഞ്ഞപ്പോള്‍ താന്‍ മരിച്ചുകിടക്കുന്ന ഭര്‍ത്താവിനൊപ്പം ഇരിക്കേണ്ടതാണെന്നുകൂടി മറന്ന് എന്നെ കൂട്ടി അമ്മച്ചി സ്വന്തം മുറിയിലേക്കു പോയി. പോകുന്ന വഴിക്ക് ആളുകളൊക്കെ അപ്പച്ചനെക്കാള്‍ കൂടുതല്‍ എന്നെ ശ്രദ്ധിക്കുന്നതായി എനിക്കു തോന്നി. അമ്മച്ചി എന്നെ കിടത്തിയുറക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഞാന്‍ വകവെച്ചില്ല. ഞാന്‍ റബ്ബര്‍ത്തോട്ടത്തിലേക്കു പോയി ചെറുതായിരിക്കുമ്പോള്‍ കുട്ടപ്പായിയെ കാത്തിരിക്കാറുള്ള കശുമാവില്‍ കയറിയിരുന്നു. അപ്പച്ചനെ കാണാനായി വഴിയില്‍ക്കൂടി പോയവരെല്ലാം അദ്ഭുതത്തോടെ എന്നെ തിരിഞ്ഞുതിരിഞ്ഞു നോക്കിക്കൊണ്ടു നടന്നു.

ജീവിതത്തില്‍ മറ്റൊരിക്കലും ഞാനൊരാളുടെ സ്പര്‍ശത്തിനായി അത്ര കൊതിച്ചിട്ടില്ല. ആരെങ്കിലുമെന്നെയൊന്ന് ചേര്‍ത്തുപിടിച്ചെങ്കിലെന്ന് ഞാന്‍ അതിയായി മോഹിച്ചു. ഞാന്‍ അരവിന്ദിനെ ഓര്‍ത്തു.

അരവിന്ദിന്റെ അഭിപ്രായത്തില്‍ എനിക്കു ഭ്രാന്തു വന്നത്...
ഒറ്റനോട്ടത്തില്‍ത്തന്നെ എനിക്ക് മനസ്സിലായി മരിയയ്ക്ക് ഉണ്ടായിരുന്ന ബോധംകൂടി പോയെന്ന്. 'അരവിന്ദ്, നമുക്ക് അപ്പച്ചനെ ആ നശിച്ച അങ്ങേ ലോകത്തില്‍നിന്നും രക്ഷിക്കണം' എന്നു പറഞ്ഞ് അവള്‍ എന്റെ കൈകളിലേക്കു വീണു. ഞാനവളെ മുറുക്കെ കെട്ടിപ്പിടിച്ചു, മുടിയില്‍ തലോടി, കണ്ണുകളില്‍ ചുംബിച്ചു. ചുറ്റുമുണ്ടായിരുന്നവരെപ്പറ്റി ബോധവാനായിരുന്നെങ്കിലും അവളെ ആശ്വസിപ്പിക്കാന്‍ പറ്റുന്നതെല്ലാം ഞാന്‍ ചെയ്തു. എന്റെ അച്ഛനമ്മമാരും സഹോദരിയും എന്നെയും അര്‍ധരാത്രി എന്നെ അന്വേഷിച്ചു വന്ന ആ ഭ്രാന്തിപ്പെണ്ണിനെയും മാറി മാറി നോക്കി. തീര്‍ത്തും സ്തബ്ധരായിപ്പോയതുകൊണ്ട് ആരും ഒന്നും പറഞ്ഞില്ല.

എന്നെ സംബന്ധിച്ച് ന്യായവിധിനിമിഷങ്ങളായിരുന്നു അവ. അവളെ ഞാന്‍ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് എന്നെയും അവള്‍ക്കു മനസ്സിലാകുമെങ്കില്‍ അവളെയും ബോധ്യപ്പെടുത്തേണ്ടിയിരുന്ന നിമിഷങ്ങള്‍... അവള്‍ക്കു മനസ്സിലാകുന്ന സമയത്ത് അവളോടു പറയേണ്ടിയിരുന്നതും എന്നാല്‍ മനഃപൂര്‍വം പറയാതിരുന്നതുമായ എല്ലാ കാര്യങ്ങളും ഞാനവളോടു പറഞ്ഞു... ആ രാത്രി മുഴുവന്‍ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഞാനവള്‍ക്കു കൂട്ടിരുന്നു. ആ നിമിഷങ്ങളില്‍ അവളുടെ സ്‌നേഹത്തിനു യോഗ്യനാണെന്ന് ഞാന്‍ തെളിയിച്ചു.

മാത്യുവിന്റെ അഭിപ്രായം...
ഞാന്‍ കഴിച്ചു മതിയാക്കി മുറ്റത്തേക്കെറിഞ്ഞുകളഞ്ഞ ഒരു കഷണം ലഡ്ഡുവില്‍നിന്നും മണ്ണും പൊടിയും തട്ടിക്കളഞ്ഞ് ധൃതിയില്‍ ആര്‍ത്തിയോടെ വായിലാക്കുന്ന ഒരാറുവയസ്സുകാരി...കഴിക്കുന്നതിനിടയിലും ആരെങ്കിലും കാണുന്നുണ്ടോ എന്നവള്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ദുരഭിമാനത്തോളം എത്തുന്നത്ര അഭിമാനിയായ അവളുടെ മുഖത്തപ്പോള്‍ മറ്റാരും കാണുന്നില്ലെങ്കില്‍ക്കൂടി താന്‍ സ്വയം ഏല്പിക്കുന്ന ആ കൊടും അപമാനത്തിന്റെ വേദന ഒരു കരച്ചിലായി നിന്നിരുന്നു... എന്റെ അനിയത്തിയായിരുന്നു അവള്‍! ഈ വാക്കുകള്‍ക്ക് ഒരുപക്ഷേ നിങ്ങള്‍ക്ക് അനാവശ്യം എന്നു തോന്നുന്നത്ര നാടകീയതയും അതിഭാവുകത്വവും ഉണ്ടെന്നെനിക്കറിയാം. പക്ഷേ, ആ കാഴ്ച അങ്ങനെതന്നെയായിരുന്നു. ജീവിതാവസാനംവരെ നീണ്ടുനില്ക്കുന്ന വിങ്ങുന്നൊരു വേദനയായി എന്റെയുള്ളില്‍ മരിയ ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത് അങ്ങനെയാണ്.

മരിയയോട് എന്റെ ഉള്ളിലുണ്ടായിരുന്ന മുഴുവന്‍ വെറുപ്പും ആ കാഴ്ചയോടെ അവളെപ്രതിയുള്ള വല്ലാത്തൊരു നനവായി മാറ്റപ്പെട്ടു. ഏതാനും നിമിഷങ്ങള്‍കൊണ്ട് ഒരാളുടെയുള്ളില്‍ അതിലുപരി ഏഴുവയസ്സുള്ള ഒരു കുട്ടിയുടെയുള്ളില്‍ അത്രമാത്രം വലിയ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നെനിക്കറിയില്ല. പക്ഷേ എന്നില്‍ അതു സംഭവിച്ചു.

എന്റെ വീട്ടില്‍ മരിയ എന്നും ഒരു ഔട്ട്‌സൈഡര്‍ ആയിരുന്നു. ഞങ്ങള്‍ എല്ലാവരെയുംപോലെ അവളും ആ വീട്ടിലെ അംഗമായിരുന്നിട്ടും. അഞ്ചാറു വയസ്സുവരെ അവള്‍ അപ്പച്ചന്റെ വീട്ടിലായിരുന്നു വളര്‍ന്നത്. ഞാനും ആനും ലിസയും പപ്പയോടും മമ്മയോടുമൊപ്പം ഞങ്ങളുടെ വീട്ടിലും. അപ്പച്ചന്റെ കൂടെ അവളുടേത് ഒരുമാതിരി തോന്നിയവാസം ജീവിതമായിരുന്നു. ഒരു ഊരുതെണ്ടി നടത്തം. അപ്പച്ചന്റെ കൂടെ ജീവിച്ചതുകൊണ്ടാണോ അവള്‍ അങ്ങനെയായി മാറിയതെന്നുചോദിച്ചാല്‍ എനിക്കറിയില്ല. മരിയയുടെ രീതിവെച്ചു നോക്കുമ്പോള്‍ അവള്‍ ഞങ്ങളുടെ കൂടെയായിരുന്നു വളര്‍ന്നതെങ്കിലും ഇങ്ങനെയൊക്കെത്തന്നെ ആകുമായിരുന്നു എന്നാണെനിക്കു തോന്നുന്നത്.

ആ സംഭവത്തിനുശേഷം ഞാന്‍ മരിയയ്ക്കു കഴിക്കാനായി പലഹാരങ്ങള്‍ എടുത്ത് അല്പം കഴിച്ചെന്നു വരുത്തിയതിനുശേഷം അവിടവിടെ ബാക്കിവെക്കാന്‍ തുടങ്ങി. അപ്പച്ചന്റെ വീടാണ് അവളുടെ സ്വന്തം വീടെന്ന വിചാരം വല്ലാതെ മനസ്സില്‍ ഉറച്ചുപോയതുകൊണ്ടാവണം ഇന്നും അവള്‍ ഞങ്ങളുടെ വീട്ടില്‍നിന്നും ഒന്നും സ്വയം എടുത്തുകഴിക്കാറില്ല. എന്തായാലും ഞാനതിനെപ്പറ്റി ഒന്നും ഇതുവരെ അവളോടു ചോദിച്ചിട്ടില്ല.

വലുതായപ്പോഴും അവളും ലിസയും തമ്മിലുള്ള ശത്രുത ബാക്കിനിന്നു. ആനുമായിട്ടും അവള്‍ക്ക് അടുപ്പമുണ്ടായിരുന്നില്ല. ഞാനാണെങ്കില്‍ മെഡിസിന്‍പഠനത്തിന്റെ തിരക്കുകളുമായി ദൂരെയും. പക്ഷേ, വീട്ടില്‍ ഒറ്റപ്പെട്ടതുകൊണ്ടാണ് മരിയ പുറപ്പെട്ടുപോയത് എന്നു ഞാന്‍ കരുതുന്നില്ല. എന്തായാലും അവള്‍ പോകുമായിരുന്നു. ആ സമയത്ത് ഞാന്‍ അവളുടെ കാര്യങ്ങളൊന്നും അങ്ങനെ അന്വേഷിച്ചിരുന്നുമില്ല. കാരണം മെഡിസിന്‍ പഠിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. കുഞ്ഞിലേ, ഒരിക്കല്‍ അപ്പച്ചന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഷാജന്‍ചാച്ചന്റെ സ്‌റ്റെതസ്‌കോപ്പെടുത്ത് ഉറങ്ങിക്കിടന്നിരുന്ന ചാണ്ടിപ്പട്ടിയുടെ ഹൃദയമിടിപ്പു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയ ഹരമായിരുന്നു അത്. അന്ന് മരിയയെ ഒരു പാഠം പഠിപ്പിക്കാനായി ചാണ്ടിപ്പട്ടിയെ കൊല്ലാന്‍പോലും ഞാന്‍ പ്ലാനിട്ടിരുന്നതാണ്. ഒരിക്കല്‍ ഫ്യൂരിഡാന്‍- അന്നത്തെ ഭാഷയില്‍ കുരുടാന്‍ - ഇട്ട ചോറും ഇറച്ചിക്കറിയും കൊണ്ടുപോയി കൊടുക്കുകയും ചെയ്തു. പക്ഷേ, ചാണ്ടി അതു മറിച്ചിട്ടിട്ട് എന്നെ തുറിച്ചൊരു നോട്ടം. ഞാന്‍ നിക്കറേല്‍ മുള്ളിപ്പോയി. പിന്നെ എപ്പോഴൊക്കെ എന്നെ കണ്ടാലും ചാണ്ടി ഒരു പ്രത്യേക രീതിയില്‍ തുറിച്ചുനോക്കും. എന്താ പറയുക, മേലാല്‍ തന്തയില്ലായ്ക കാണിച്ചാലുണ്ടല്ലോ എന്നു പറയുംപോലെ. ചാണ്ടി ഒരു പ്രത്യേക പട്ടിയായിരുന്നു എന്ന മരിയയുടെ അഭിപ്രായത്തോട് എല്ലാവര്‍ക്കും വിയോജിപ്പാണെങ്കിലും അതിലെന്തൊക്കെയോ ശരിയുണ്ടെന്നാണ് എന്റെയൊരു തോന്നല്‍. ഒരു ഡോക്ടറായ ഞാന്‍ സയന്‍സൊഴിച്ച് മറ്റൊന്നിലും വിശ്വസിക്കുന്നില്ലെങ്കില്‍പ്പോലും.

മരിയയുടെ കല്യാണത്തെപ്പറ്റി അറിഞ്ഞപ്പോള്‍ വല്ലാത്തൊരു പ്രണയക്കുടുക്കില്‍ പെട്ടുകിടക്കുകയായിരുന്ന എനിക്ക് ഒന്ന് അമ്പരക്കാനല്ലാതെ മറ്റൊന്നിനും സമയമുണ്ടായിരുന്നില്ല. തന്നേയുമല്ല, അവളെന്നോടൊന്നും പറഞ്ഞില്ലല്ലോ എന്ന പരിഭവം പുറമേയും. മരിയയുടെ സ്വഭാവത്തെപ്പറ്റിയും അവസ്ഥകളെപ്പറ്റിയും ഓര്‍ത്തിരുന്നെങ്കില്‍ അതെനിക്ക് ക്ഷമിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അന്ന് പ്രായം അതല്ലേ. പിന്നെ ഞാന്‍ ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയി. അവിടെത്തന്നെയങ്ങു കൂടി. അവധിക്കു വരുമ്പോഴൊക്കെ മരിയയെ ഞാന്‍ നിര്‍ബന്ധിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരാന്‍ ശ്രമിച്ചു...പക്ഷേ അവള്‍ അകന്നകന്നു പൊയ്‌ക്കൊണ്ടിരുന്നു...ഈ ലോകത്തുനിന്നുതന്നെ...
ഡോക്ടറുടെ അഭിപ്രായത്തില്‍ എനിക്കു ഭ്രാന്തു വന്നത്...

ഡോക്ടര്‍ അഭിപ്രായം പറഞ്ഞത് അരവിന്ദിനോടാണ്. മഴയില്ലെങ്കില്‍പ്പോലും വല്ലാതെ നനഞ്ഞുനിന്ന ഒരു സായാഹ്നത്തില്‍ രോഗിയാണോ എന്ന സംശയം തോന്നിപ്പിക്കുംവിധം സങ്കടത്തോടെ കടന്നുവന്ന അരവിന്ദിനോട്.

അരവിന്ദ് മരിയയെ കാണാന്‍ വരാറില്ലായിരുന്നു. കാരണം തന്നെ അറിയാത്ത മരിയയെ അരവിന്ദിനു കാണാന്‍ കഴിയുമായിരുന്നില്ല. മരിയ ആശുപത്രിയിലായതിനുശേഷം ആ ദേശത്തുനിന്നുതന്നെ അരവിന്ദ് ദൂരെദൂരേക്കുപോയി. പക്ഷേ എവിടെയായിരുന്നിട്ടും അരവിന്ദിന്റെ നെഞ്ചു വിങ്ങി. മരിച്ചുപോയ ഹരി... ഭ്രാന്തനായിപ്പോയ വിനായകന്‍...ഭ്രാന്തിയായിപ്പോയ മരിയ... അരവിന്ദിനെ അറിയാത്ത അരവിന്ദിന്റെ പ്രണയം, കലങ്ങിയ നെഞ്ചോടെ ഒറ്റയ്ക്കായിപ്പോയ അരവിന്ദ്...മുന്നിലിരിക്കുന്ന ഭ്രാന്തിന്റെ ഡോക്ടര്‍ക്കുപോലും തന്നെ മനസ്സിലാവില്ല എന്ന് അരവിന്ദിനു തോന്നി.

വിദേശത്തുപോയി അനവധി ബിരുദങ്ങള്‍ എടുത്തിട്ടും നല്ല മണിമണിയായി 'ഒവ്വ ഒവ്വ' എന്നു തൊടുപുഴഭാഷയില്‍ സംസാരിക്കുന്ന ഡോക്ടര്‍ ഡോക്ടറാണോ എന്നുപോലും അരവിന്ദ് സംശയിച്ചു. പിന്നെ സ്വയം പറഞ്ഞു, 'എന്തായാലും ഭ്രാന്തിന്റെ ഡോക്ടറല്ലേ?'
'മിണ്ടാട്ടമില്ല എന്നുപറഞ്ഞാ അതിനെയിവിടെ കൊണ്ടുവന്നത്. കാലങ്ങളോളം എത്ര ശ്രമിച്ചിട്ടും അതൊരക്ഷരം മിണ്ടിയില്ല. പിന്നെ പെട്ടെന്നൊരുദിവസം ഭക്ഷണം കൊണ്ടുകൊടുത്ത ചിന്നമ്മയോടു പറഞ്ഞു,
'അതേ, വേണ്ടാന്നുവെച്ചതുകൊണ്ടാ ഞാന്‍ മിണ്ടാത്തത്. അല്ലാതെ എനിക്കു സംസാരിക്കാന്‍ പറ്റാത്തതുകൊണ്ടല്ല.' ഒന്നുനിര്‍ത്തിയിട്ട് അതു തുടര്‍ന്നു, 'അമ്മിണിയെപ്പോലെ.'

'ആരാ അമ്മിണി' എന്ന് ഡോക്ടര്‍ ചോദിച്ചപ്പോ അരവിന്ദ് അമ്മിണിയെ ഓര്‍ത്തു, അമ്മിണി മിണ്ടാതായതോര്‍ത്തു, വീണ്ടും മിണ്ടിത്തുടങ്ങിയതോര്‍ത്തു. എന്നിട്ടും പറഞ്ഞു,
'അറിയില്ല.'
'പിന്നെയങ്ങെഴുത്തായിരുന്നു. ഒരുമാതിരി ഭ്രാന്തുപിടിച്ചപോലൊരു എഴുത്ത്. അതെന്നാ പറച്ചിലാ അല്ലേ? ഭ്രാന്തുപിടിച്ചവര്‍ പിന്നെ ഭ്രാന്തുപിടിച്ചപോലെയല്ലേ എഴുതൂ! ഒരു ദിവസം റൗണ്ട്‌സിനു ചെന്നപ്പോ ഒരരമണിക്കൂറോളം എന്റെ കൈയില്‍ പിടിച്ച് ഒരേ കരച്ചിലായിരുന്നു. പെട്ടെന്ന് സ്വിച്ചിട്ടപോലെ കരച്ചില്‍ നിര്‍ത്തി. ദുഃഖത്തിന്റെ ലാഞ്ഛനപോലുമില്ലാത്ത നിര്‍വികാരമായ ശബ്ദത്തില്‍ അതു പറഞ്ഞു,
'ഇന്നലെ എന്റെ കാലിനടിയില്‍പ്പെട്ട് ഒരാന ചത്തു. ഇങ്ങനെ ചതഞ്ഞരഞ്ഞ്... ചലമൊക്കെ വന്ന്... കഷ്ടമെന്താന്നുവെച്ചാ, ഞാന്‍ പുന്നാരിച്ചുവളര്‍ത്തിയിരുന്ന ആനയാ അത്.'

സത്യത്തില്‍ ഞാനാദ്യമതങ്ങു വിശ്വസിച്ചു. ഒരൊച്ചോ വണ്ടോ ഒക്കെ കാലിനിടയില്‍പ്പെട്ടു ചത്തതുപോലെ. അതിനു പുതിയൊരു ആനയെ വാങ്ങിച്ചുകൊടുക്കണമെന്നുവരെ എനിക്കു തോന്നി. മരിയ നോര്‍മലായെന്നു തോന്നിയപ്പോ ഒരുദിവസം ഞാനീ ആനയുടെ കഥ അവളോടു പറഞ്ഞു. കഥ മുഴുവന്‍ കേട്ടതിനുശേഷം അതേ നിര്‍വികാരതയോടെ അവള്‍ പറഞ്ഞു,
'വണ്ടോ ഒച്ചോ പോലെയല്ല, ചതഞ്ഞരഞ്ഞ ആന ഒരു കല്ലുമ്മക്കായ് പോലെയാണിരുന്നത്. പൊട്ടി ചലം വരുന്ന ഒരു കല്ലുമ്മക്കായ്.'
എനിക്കു തോന്നുന്നത്, 'അത് എല്ലാക്കാലത്തും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും, ആയിരുന്നു എന്നാണ്.'

എപ്പോഴും പകര്‍ത്തണമെന്നാഗ്രഹിച്ചിട്ടും ഒരിക്കലും വരയ്ക്കാന്‍ കഴിയാതിരുന്ന ചിത്രമായിരുന്നു അരവിന്ദിന് മരിയ. അതുകൊണ്ട് അരവിന്ദ് ചോദിച്ചു,
'ഡോക്ടര്‍, അവള്‍ കുത്തിക്കുറിച്ചുവെന്ന് പറഞ്ഞത്... അതെവിടുണ്ട്?'
'ഒരിക്കല്‍ മുറിയില്‍ ചെന്നപ്പോ വേസ്റ്റ്ബിന്നില്‍ നിറയേ കടലാസ്. എന്താന്നു ചോദിച്ചപ്പോ വേസ്റ്റാന്നു പറഞ്ഞു. ഒരു സൈക്യാട്രിസ്റ്റിന്റെ കൗതുകംകൊണ്ടോ എന്തോ ഞാനതിങ്ങെടുത്തോണ്ടു പോന്നു.'

മറുപടി പറയുന്നതിനിടയില്‍ത്തന്നെ ഡോക്ടര്‍ അലമാര തുറന്ന് അടുക്കും ചിട്ടയുമില്ലാത്ത ഒരുകുന്നു പേപ്പറെടുത്ത് അരവിന്ദിനുകൊടുത്തു.